ഒാട്ടോ ഒാടിച്ച് വിദേശീയർ, താണ്ടിയത് 3500 കിലോമീറ്റർ

fort-kochi-auto.jpg.image.784.410
SHARE

ഡി പി ഇ പി പഠന രീതിക്കും  ഉദാര സംഭാവനയായി മാർക്കുകൾ നൽകുന്നതിന് വളരെ മുൻപ് നന്നായി പഠിക്കാത്ത എല്ലാവരും തോൽക്കുന്ന ഒരു സ്കൂൾക്കാലമുണ്ടായിരുന്നു. അന്ന് പത്താംക്ലാസിൽ തോറ്റ ആൺകുട്ടികളിൽ കാശ് ഉള്ളവരൊഴിച്ച് ബാക്കിയെല്ലാവരും എന്തേലും കൈത്തൊഴിലും പഠിച്ച് ജീവിത പ്രാരാബ്ധങ്ങളിലേക്കു നീങ്ങും.  വണ്ടി ഓടിക്കാൻ പഠിച്ച്  ലൈസൻസ് എടുക്കുന്നവരെല്ലാം ആദ്യം വാങ്ങുന്നത്  ഓട്ടോറിക്ഷ ആയിരുന്നു. മൂന്നു ചക്രമുള്ള ആ വണ്ടി അക്കാലത്ത് എത്രയോ വീടുകളിലെ പട്ടിണിയെ ഇല്ലാതാക്കി...ഓട്ടോക്കാരൻ പിന്നെ ടാക്സിക്കാരനും അതിനു മുകളിലേക്കുമൊക്കെ വലുതായി.

ടാക്സികളും പേരു മാറ്റി യൂബറുമൊക്കെയായി. എങ്കിലും സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയുടെ പ്രതിഛായക്ക് ഇന്നും കോട്ടമൊന്നും തട്ടിയിട്ടില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ ദൂരം താണ്ടാൻ ഇപ്പോഴും എല്ലാവരും ഓട്ടോറിക്ഷയെ തന്നെയാണ് ആശ്രയിക്കാറ്. ദീർഘദൂര യാത്രകളിൽ നിന്നൊഴിവായി നിന്ന ഈ മുച്ചക്ര വാഹനത്തിൽ കൊച്ചിയിൽ നിന്നും ഷില്ലോങ്ങിലേക്കു 3500 കിലോമീറ്റർ താണ്ടി ഒരു യാത്ര. ആ യാത്രയിലെ സവാരിക്കാരായി വിദേശികളും. 

തെക്കേ ഇന്ത്യയിൽ നിന്ന് വടക്കേ ഇന്ത്യയിലേക്ക് നീളുന്ന ഈ യാത്രയിൽ ഓസ്ട്രേലിയ, ഫ്രാൻസ്, നെതർലൻഡ്‌സ്‌, ജർമ്മനി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 250 യാത്രികരാണുള്ളത്. അതിൽ 50 വനിതകളുമുണ്ട്. '' അഡ്‌വെഞ്ച്വർ ടൂറിസ്റ്സ് '' എന്നാണ് ഈ യാത്രാക്കൂട്ടത്തിന്റെ പേര്. ഏറെ രസകരമായിരുന്നു യാത്രയുടെ ആരംഭ ചടങ്ങുകൾ. വിദേശ വനിതകളെല്ലാം വിവിധ നിറത്തിലുള്ള സാരിയണിഞ്ഞാണ് ചടങ്ങിൽ എത്തിയത്. തങ്ങളുടെ വാഹനത്തിന്റെ മുമ്പിൽ നിന്ന് ഫോട്ടോ എടുത്തതിനു ശേഷമായിരുന്നു യാത്ര ആരംഭിച്ചത്.

അഡ്‌വെഞ്ച്വർ ടൂറിസ്റ്സ് ആയ ഇൗ യാത്രാസംഘം ഓട്ടോറിക്ഷ എന്ന മുച്ചക്ര വാഹനം ആദ്യമായി കാണുന്നത് തന്നെ കൊച്ചിയിൽ എത്തിയതിനു ശേഷമാണ്. ആ വണ്ടിയിൽ കൗതുകം ജനിച്ച അവർ കൊച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ വണ്ടി ഓടിക്കാൻ പഠിക്കുകയും കൊച്ചിയിൽ നിന്നും ഷില്ലോങ്ങിലേക്കുള്ള യാത്ര ഓട്ടോയിലാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ വിദേശ ഓട്ടോ ഡ്രൈവർമാരിൽ സ്ത്രീകളുമുണ്ടെന്നതാണ് ഏറെ കൗതുകകരമായ വസ്തുത. കൊച്ചിയിൽ നിന്നും തിരിക്കുന്ന  ഒരു വാഹനത്തിൽ മൂന്നു യാത്രികരാണുണ്ടാവുക. തങ്ങളുടെ ലക്ഷ്യസ്ഥാനമായ ഷില്ലോങിലെത്തിയതിനു ശേഷം ഈ സംഘം പിരിയുകയും അവരവരുടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. 

സാമൂഹിക പ്രവർത്തങ്ങൾക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA