പൊള്ളുന്ന വേനലിൽ കുളിരേകി പൊന്മുടി

11.jpg.image.784.410
SHARE

വിനോദ സഞ്ചാരികൾക്കു കുളിരുകോരുന്ന അനുഭൂതി സമ്മാനിച്ചു മഞ്ഞിറക്കത്തിന്റെ മനോഹാരിതയിലാണു വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി. കഴിഞ്ഞ ദിവസങ്ങളിൽ പരസ്പരം കാണാനാവാത്ത വിധമായിരുന്നു മഞ്ഞിറക്കം. ഇന്നലെയും ശക്തമായ കോടമഞ്ഞിന്റെ സാന്നിധ്യമുണ്ടായിരുന്നു. മഞ്ഞിനെ കീറിമുറിച്ചു ഹെയർപിൻ വളവുകൾ താണ്ടിയുള്ള കുന്നിൻ നെറുകയിലേക്കുള്ള സഞ്ചാരം ആകാശയാത്രയുടെ ത്രില്ല് സമ്മാനിക്കുന്നതാണ്. അവധിക്കാലമായതോടെ മഞ്ഞിൽ കുളിച്ച പൊൻമുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ നല്ല സാന്നിധ്യമുണ്ട്.

പേരിലുണ്ട് അല്പം കാര്യം

പേരു സൂചിപ്പിക്കുന്നതു പോലെ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി. അപ്പോൾ സ്വാഭാവികമായും പൊന്മുടിക്കും പൊന്നിനും തമ്മിൽ എന്തെങ്കിലും അഭേദ്യമായ ബന്ധം കാണണമല്ലോ? മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണു പൊൻമുടി എന്ന പേരു വന്നതെന്ന് ഇവിടുത്ത കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. എന്നാൽ ചരിത്രകാരന്മാർക്കു മറ്റൊരു അഭിപ്രായമാണുള്ളത്. ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നു വിളിച്ചിരുന്നെന്നും അവിടെ നിന്നാണ് ഈ മലയ്ക്ക് പൊൻമുടി എന്നു പേരു വന്നതെന്നുമാണ്‌ നിഗമനം.

07.jpg.image.784.410

പൊന്മുടിയുടെ സൗന്ദര്യം

തിരുവനന്തപുരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സഹ്യന്റെ മടിത്തട്ടിലാണ് പൊന്മുടിയെന്ന ഈ മനോഹര സ്ഥലം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ് ഊറിയെടുക്കാനും ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ലെന്നു തന്നെ പറയാം. സമുദ്രത്തീരത്തു നിന്നും വെറും 60 കിലോമീറ്റർ താണ്ടിയാൽ ഹൈറേഞ്ചിൽ എത്താവുന്ന ലോകത്തെ തന്നെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. ഇവിടെ മിക്കവാറും എല്ലാ കാലാവസ്ഥയിലും തണുപ്പു തന്നെയാണ്. കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണങ്ങൾ.

12.jpg.image.784.410

22 ഹെയർ പിൻ വളവുകൾ

വനസൗന്ദര്യം ആസ്വദിച്ച്, തേയിലത്തോട്ടങ്ങളും കാട്ടരുവികളും കടന്ന് കാഴ്ചകളുടെ സദ്യയുണ്ണാൻ പൊന്മുടി കുന്നിന്റെ മുകളിലെത്തണമെങ്കിൽ 22 ഹെയർ പിൻ വളവുകൾ കടക്കണം. ഇതിനിടെ ഇറങ്ങി വിശ്രമിക്കാവുന്ന ചെറിയ സ്ഥലങ്ങൾ നിരവധിയാണ്. കഷ്ടിച്ചു രണ്ട് വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാവുന്ന കുന്നിൻ ചെരുവുകളിലൂടെയുള്ള റോഡിലെ ഹെയർ പിൻ വളവുകൾ യാത്രയ്ക്ക് മറ്റൊരനുഭവം നൽകുന്നു. ഡ്രൈവ് ചെയ്ത് പോകുന്ന ഓരോ ഹെയർ പിൻ കഴിയുമ്പോഴും കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം നമുക്ക് അനുഭവിച്ചറിയാം. ഇത്രയും ഹെയർപിന്നിലൂടെ, ചെറു റോഡിലൂടെ വലിയ വാഹനങ്ങൾക്കു പോകാൻ ബുദ്ധിമുട്ടാണെന്ന നിഗമനത്തിലെത്താൻ വരട്ടെ. കേരള സർക്കാറിന്റെ വേണാട് ബസ് പൊന്മുടിയുടെ ഹൈറേഞ്ചിലേക്ക് സ്ഥിരം സർവീസ് നടത്തുന്നുണ്ട്.

13.jpg.image.784.410

പൊന്മുടിയിലെ താമസം

പൊന്‍മുടിയില്‍ വേനൽകാലത്തു വിശ്രമിക്കാൻ സങ്കേതങ്ങൾ ആദ്യം നിർമ്മിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. രാജകുടുബത്തിലുള്ളവർ വേട്ടയ്ക്കും മറ്റു വിനോദങ്ങൾക്കും വിശ്രമിക്കാനുമൊക്കെയെത്തിയിരുന്ന കൊട്ടാരം പോലൊരു കെട്ടിടം പൊന്മുടിയിൽ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഇന്ന് ആ കെട്ടിടത്തിൽ ശുഷ്കമായ ശേഷിപ്പുകൾ അവിടെ കാണുകയും ചെയ്യാം. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കും അവരുടെ അതിഥികൾക്കും മാത്രമേ അവിടെ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണിത്. അതിനാൽ തന്നെ സ്വകാര്യ ഹോട്ടലുകൾക്കും റിസോര്‍ട്ടുകൾക്കും പൊന്മുടിയിൽ പ്രവേശനമില്ല. പിന്നെ താമസിക്കാൻ കഴിയുന്ന ഏകസ്ഥലം കെടിഡിസിയുടെ ഗോൾഡൻ പീക്ക് എന്ന ഹിൽ റിസോർട്ട് മാത്രമാണ്.

06.jpg.image.784.410

പൊന്മുടിയുടെ ടോപ് സ്റ്റേഷൻ

രാവിലെ 8.30 മണിമുതലാണ് പൊന്മുടിയുടെ ടോപ് സ്റ്റേഷനിലേക്ക് പോകാൻ അനുമതിയുള്ളത്. ചെക്ക് പോസ്റ്റും കടന്നു പൊന്മുടിയുടെ അമരത്തേക്കെത്താൻ രണ്ടു കിലോമീറ്ററോളം ദൂരമാണുള്ളത്. മൂടൽമഞ്ഞു നിറഞ്ഞ വഴിയിലൂടെ റിസോർട്ടിൽ നിന്നും നടന്നെത്തുന്നവരും കുറവല്ല. പൊന്മുടിയുടെ ടോപ് സ്റ്റേഷനിൽ പുൽമേടുകളും മലഞ്ചെരിവുകളും ചോലവനങ്ങളും കാണാം. അവിടെയുമുണ്ട് ആളൊഴിഞ്ഞ ചെറിയൊരു ചെക്ക് പോസ്റ്റ്. ഇവിടെ വരെ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. ഈ ചെക്ക് പോസ്റ്റിനരികിലായി പൊന്മുടി ടൂറിസത്തിന്റെ ശിലാഫലകവും ശില്പങ്ങളും കാണാം. അവിടിവിടായി വിശ്രമിക്കാനുള്ള ഹട്ടുകൾ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട്. മഴയുള്ളപ്പോൾ ഈ ഹട്ടുകൾ മാത്രമാണ് സഞ്ചാരികൾക്ക് ഏക ആശ്രയം. ആ ചെക്ക് പോസ്റ്റും കടന്നു പൊന്മുടി കുന്നിന്റെ അരികിലേക്കെത്താം. അവിടെ നിന്നും ട്രക്കിങിനിറങ്ങുന്നതു പോലെ കുറച്ചു ദൂരം വരെ മലയിറങ്ങാനും കഴിയും. എന്നാൽ മൂടൽ മഞ്ഞു കൂടുതലുള്ളപ്പോൾ ഇത് അസാധ്യമാണ്.

08.jpg.image.784.410

പൊന്‍മുടിയില്‍നിന്നു തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട ട്രക്കിങ് കേന്ദ്രങ്ങളിലേക്കു പോകാൻ കഴിയും. ഏകദേശം മൂന്നു മണിക്കൂർ വേണം അവിടെയെത്താൻ . സാധാരണ കേരളത്തിലെ ടൂറിസം സീസണായ നവംമ്പർ മുതലാണ് ട്രക്കിങിന് അനുയോജ്യമായ സമയം. മേയ് വരെ ട്രക്കിങിനായി നിരവധി ആളുകളെത്താറുണ്ട്. പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാറും. മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കെത്താൻ 4 കിലോമീറ്റർ ട്രക്കിങ് ആവശ്യമാണ്. ഉരുളൻ കല്ലുകളും പച്ചമരങ്ങളും നല്ല തെളിഞ്ഞ തണുത്ത വെള്ളവും നിറഞ്ഞതാണ് കല്ലാർ. കല്ലാറിൽ മുങ്ങി കുളിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

കുടുംബത്തോടൊപ്പം എല്ലാം മറന്നു താമസിക്കാനും തണുപ്പും വനസൗന്ദര്യവും ആവോളം ആസ്വദിക്കാനും കേരളത്തിന്റെ തലസ്ഥാനത്ത് പൊന്മുടിയല്ലാതെ മറ്റൊരു സ്ഥലമില്ലെന്ന് ഉറപ്പിച്ചു പറയാം.

മറ്റ് ആകർഷണങ്ങൾ

2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടം അടുത്താണ്.

ബ്രൈമൂർ, ബോണക്കാട്, പേപ്പാറ വൈൽഡ് ലൈഫ് സാഞ്ച്വറി, കോയിക്കൽ കൊട്ടാരം (നെടുമങ്ങാട്)

ഗോൾഡൻ പീക്കിൽ താമസിക്കാൻ

വിളിക്കുക: +91-94000 08640

Phone: +91-472-2890225, 2890186

Email: goldenpeak@ktdc.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA