മൂന്നാറിന്റെ സൈലന്റ് വാലി

21224
SHARE

അറിയപ്പെടാത്ത മൂന്നാറിലേക്കാണ് യാത്ര. പാമ്പുകൾ നൃത്തമാടുന്ന കാടായ പാമ്പാടും ചോല, പിന്നെ മനുഷ്യരുണ്ടെങ്കിലും  മൗനത്തിന്റെ  മഞ്ഞിലൊളിച്ചു നില്‍ക്കുന്ന മൂന്നാറിന്റെ സ്വന്തം സൈലന്‍റ് വാലി. ഇത്രയുമാണിത്തവണ ട്രാവലോഗില്‍. ഈ കാണുന്ന ചിത്രം സൈലന്റ് വാലിയുടേതാണ്. ആ പുൽമേട്ടിൽ കാൽമുട്ടു കുത്തി കൈ ആകാശത്തേക്കു വിടർത്തിയാൽ മീശപ്പുലിമല നമ്മുടെ കയ്യിലൊതുങ്ങും. ഇരട്ടത്തട്ടുള്ള ആ ജലപാതം സഞ്ചാരികളുടെ യാത്രാദാഹം തീർക്കും. ഈ താഴവാരത്തിലെത്തിയപ്പോൾ കഴിഞ്ഞ രാത്രി കനത്ത മൂടൽ മഞ്ഞിൽ, ചോലക്കാടിനരുകിലെ മരവീട്ടിൽ കിടന്നുറങ്ങിയതിന്റെ അനുഭവം കാഴ്ചയുടെ വിസ്മയത്തിനു വഴിമാറി. മൂന്നാറിൽ ഇങ്ങനെയും സ്ഥലങ്ങളോ?

അവിസ്മരണീയമായ ഒരു രാത്രിയും പകലും. അതെല്ലാം അറിഞ്ഞ്, അറിയാതെ കൂട്ടായി സെലേറിയോയും.

പാമ്പുകൾ നൃത്തമാടുന്ന ചോല

ചോലക്കാടുകൾ– സഹൃപർവതത്തിനു മാത്രം സ്വന്തമായ അത്യപൂർവ ആവാസവ്യവസ്ഥകളാണ്. മലമടക്കുകളിലും താഴവാരങ്ങളിലും ഇടതൂർന്നു വളരുന്ന നിത്യഹരിതവനം. കാപ്പിരികളുടെ ചുരുണ്ട മുടിയാണ് ചോലക്കാടുകള്‍ കാണുമ്പോൾ ഓർമ വരുക. ശരിക്കു നമ്മുടെ നദികളുടെയെല്ലാം പോറ്റമ്മയാണീ കുഞ്ഞുവനങ്ങൾ. പാമ്പുകൾ നൃത്തമാടുന്ന ഇടം എന്നർഥമുള്ള പാമ്പാടുംചോലയിലാണ് താമസം. കുറ്റിക്കാട്ട് ലോഗ് ഹൗസിൽ. മൂന്നാറിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് തമിഴ്നാട് അതിർത്തിയായ ടോപ് സ്റ്റേഷനിലെത്താം. അവിടന്ന് വട്ടവട–കോവിലൂർ റോഡിൽ ഇടത്തു തിരിഞ്ഞ്  അഞ്ചു കിലോമീറ്റർ യാത്ര ചെയ്താൽ പാമ്പാടുംചോലയായി. വഴിയിലെ  മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്ക്. പക്ഷേ, അടിമാലി മുതലുള്ള ആന സവാരി പാർക്കുകൾ നിർജീവമായി കിടക്കുന്നു. ഉത്തരേന്ത്യൻ ടൂറിസ്റ്റ് ആനയുടെ കാലടിയിൽപെട്ട് മരിച്ച സംഭവം തന്നെ കാരണം. 

മൂന്നു മണിക്ക് പാമ്പാടുംചോല ചെക്ക് പോസ്റ്റിലെത്തി റിപ്പോർട്ട് ചെയ്തു. െസലേറിയോ താഴ് വാരത്തിൽ പാർക്ക് ചെയ്ത്  മരവീട്ടിലേക്കു നടന്നു തുടങ്ങി. വഴിയിൽ കാട്ടു പോത്തുകൾ  നാടൻ പശുക്കളെപ്പോൽ മേയുന്നുണ്ട്. റോഡു കളിൽ വരെ ധാരാളം അട്ടകൾ. പക്ഷേ, ട്രക്കിങ് പാതയിൽ ഒരട്ട പോലും ചോര കുടിച്ചില്ല. റോഡിനു താഴെ പുൽമേട്. മുകളിൽ ചെറിയൊരു കുന്ന്. അവിടെയാണ് കുറ്റിക്കാട്ട് ലോഗ് ഹൗസ്. ലോഗ് ഹൗസിന്റെ  പിന്നിലായി ബന്തർമല തലയുയർത്തി നിൽക്കുന്നു. ആ മലയിൽ നിന്ന് ചോലക്കാട്  പുൽമേട്ടി ലേക്കു കാടിറങ്ങിയിരിക്കുന്നുണ്ട്. അവിടെയും കാട്ടുപോത്തുകൾ മേയുന്നു. ഇത്രയും റോഡിൽ നിന്നു കാണാം. ആ മരവീട്ടിൽ എത്തിയാലാണ് ശരിക്കുള്ള കാഴ്ച. അതിനു മുൻപ് പാമ്പാടുംചോലയെപ്പറ്റി ഒരു കുറിപ്പ് ഇടുക്കിയിൽ മൂന്നു ചോല ദേശീയോദ്യാനങ്ങളുണ്ട്– പാമ്പാടുംചോല, മതികെട്ടാൻ ചോല, ആനമുടിച്ചോല. കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക് ആണ് പാമ്പാടുംചോല.

31216

11.753 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കൊച്ചി– കൊടൈക്കനാൽ  ഹൈവേ ഈ ചോലക്കാടിനുള്ളിലൂടെ പോവുന്നുണ്ട്. ഈ വഴിയുള്ള ഡ്രൈവ് അവിസ്മരണീയമാണ്. നീലഗിരി മാർട്ടെൻ എന്ന അത്യപൂർവ ജീവിയെ കാണാൻ സാധ്യത കൂടുതലുള്ള ചോലക്കാടാണ് പാമ്പാടുംചോല. ഒട്ടുമിക്ക വന്യജീവികളും ഇവിടെയുണ്ട്. വനംവകുപ്പിന്റെ മൂന്നാർ ഓഫിസിൽ നിന്ന് അനുമതി വാങ്ങിയാൽ കാട്ടിൽ താമസിക്കാം–08301024187.

വിദ്യാലയങ്ങൾക്കു വനംവകുപ്പു വക പഠനക്ലാസുകൾ നടത്താറുണ്ട്. കുട്ടികളെ അത്യപൂർവ്വ കാടുകൾ കാണിക്കുക തന്നെ വേണം. 

5_1034

മഞ്ഞു പെയ്യുന്ന രാത്രിയിൽ

കുറ്റിക്കാട്ട് ലോഗ് ഹൗസിന്റെ പിന്നിൽ ചോലക്കാട്ടിൽ നിന്നു പക്ഷികളുടെ ഗാനമേള തന്നെ കേൾക്കാം. കുടിലിനു ചുറ്റും കിടങ്ങുള്ളതിനാൽ വന്യമൃഗങ്ങളെ പേടിക്കേണ്ട. സന്ധ്യ ഇവിടെ നേരത്തേ എത്തും. കുടിലിന്റെ ഉമ്മറത്തിരുന്നാൽ മഞ്ഞു വന്നു നമ്മെ മൂടും. താഴെ വനംവകുപ്പിന്റെ കെട്ടിടങ്ങൾ ചെറുതായി കാണാം അപ്പുറത്ത് വലിയൊരു മലയും. ഇതിനിടയിലാണ് ലോഗ് ഹൗസ്. അടുത്തടുത്ത് രണ്ടു കുടിലുകളുണ്ട്. മഞ്ഞുപെയ്ത രാത്രിയിൽ ഓര്‍മകളുടെ മൺചിരാതു കെടു ത്തി ഞങ്ങൾ ആ കാടിനു കാതോർത്തു. കൂട്ടിന് ഒരു മെഴുകു തിരി മാത്രം. അല്ലെങ്കിലും ഇവിടെയെന്തിനാ പ്രകാശം? മുറ്റത്തു ചൂരൽക്കസേരയിട്ട് ഇരിക്കുക. ഫെയ്സ് ബുക്കിലെ നോട്ടിഫി ക്കേഷൻസ്, വാട്ട്സ് ആപ്പിലെ മെസേജുകൾ ഇവ ശല്യപ്പെടുത്തില്ല. ഇടയ്ക്ക് മ്ലാവുകളും കേഴകളും കരയുന്നതോ കരിങ്കുരങ്ങുകളുടെ മൂളലോ മാത്രമേ നോട്ടിഫിക്കേഷനുകളായി ചെവിയിൽ എത്തുകയുള്ളൂ. ലോകത്ത് നിങ്ങളും കാടും കാടിന്റെ തണുപ്പും കാട്ടുമൃഗങ്ങളുടെ ശബ്ദവും പിന്നെ ചില കാടന്‍ ചിന്തകളും മാത്രം. 

11_1087

തൊട്ടുതാഴെ ആദിവാസികൾ പണിത മൺകുടിലുണ്ട്. കൂടെ വന്ന വാച്ചർമാർ അവിടെ താമസിച്ചു. ഭക്ഷണം പാകം ചെയ്തു തന്നു. രണ്ടു പേർക്ക് മൂവായിരം രൂപയാണു ചെലവ്. അതിരാവിലെ ട്രക്കിങ്ങിനിറങ്ങി. ചോലക്കാട്ടിലൂടെ ചെറിയൊരു നടത്തം. സൂര്യൻ ഈ കുഞ്ഞു കാടുകളിലേക്കെത്തി നോക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ, പകൽ പോലും നല്ല ഇരുട്ടാണിതിനുള്ളിൽ. എന്തെങ്കിലും വാങ്ങണമെ ന്നുണ്ടെങ്കിൽ തൊട്ടടുത്തുള്ള കാർഷിക ഗ്രാമമായ കോവിലൂരി ലെത്തണം. ശൈത്യകാല കൃഷിക്കു പ്രസിദ്ധമാണ് വട്ടവട വില്ലേജിലെ കോവിലൂർ കൃഷിയിടങ്ങൾ. ചെരിവുകളിലെ തട്ടുകളിൽ കാരറ്റ്, കാബേജ് കൃഷികളുണ്ട്. 

മൂന്നാറിലെ നിശ്ശബ്ദ താഴ്വര

പാമ്പാടുംചോലയിൽ നിന്നിറങ്ങി മാട്ടുപ്പെട്ടി ഡാമിലെത്തി. 

മീശപ്പുലിമലയുടെ താഴ് വാരമാണു സൈലന്റ് വാലി. പക്ഷേ, ഗൂഗിളിന് ആ സ്ഥലം ഇതുവരെ മനസ്സിലായിട്ടില്ല. മാട്ടുപ്പെട്ടി– മൂന്നാർ– സൂര്യനെല്ലി വഴി 45 കിലോമീറ്റർ ദൂരമാണു ഗൂഗിൾ കാണിക്കുക. മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ നിന്നു പാലാർ ചെക്ക് പോസ്റ്റിനടുത്തെത്തുമ്പോൾ വലത്തേക്കുള്ള റോഡാണ് സൈലന്റ് വാലിയിലേക്ക്. ഏകദേശം പതിനൊന്നു കിലോ മീറ്റർ. റോഡ് അത്ര നല്ലതല്ല. പക്ഷേ, സെലേറിയോയ്ക്ക് അതൊന്നു പ്രശ്നമല്ലായിരുന്നു. പ്ലാന്റേഷനുകളിലൂടെ യാത്ര ചെയ്തു ചെന്നെത്തിയത് ആ വിശാലമായ മൈതാനത്തിനു മുന്നില്‍. തൊട്ടടുത്ത് ഒരു ചായക്കടമാത്രമുണ്ട്.

സൈലന്റ് വാലിയെന്ന പേരുവന്നതെങ്ങനെയെന്നു നാട്ടുകാരോടു ചോദിച്ചു. അവരും സൈലന്റ്, പണ്ട് സായിപ്പ് പേരിട്ടതാണത്രേ, ഭാഗ്യം. ആദ്യമായിട്ടാണു പുരാണകഥകളിലെ കഥാപാത്രങ്ങൾ താമസിക്കാത്ത, വന്നു കുളിക്കാത്ത ഒരു സ്ഥലം കാണുന്നത്. ഒരു മിനി ഊട്ടിയെന്ന് വേണമെങ്കിൽ ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.  മീശപ്പുലിമലയിലേക്കുള്ള ട്രക്കിങ് പാത ഇതുവഴിയാണ്. 

കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷന്റെ ഗുഡാർലെ പ്ലാന്റേഷനിലാണ് സൈലന്റ് വാലി ഡിവിഷൻ. ഇവിടെ താമസിക്കുന്ന വർ എസ്റ്റേറ്റ് ജോലിക്കാരായ തമിഴ് വംശജരാണ്. വന്നു കാഴ്ചകൾ കാണാം, തിരിച്ചു പോവാം. അത്രമാത്രം. എന്തെങ്കിലും കഴിക്കണമെങ്കിൽ മാട്ടുപ്പെട്ടിയിലെത്തണം. മാടുകളുടെ ഗ്രാമം എന്നാണു മാട്ടുപ്പെട്ടിയെന്ന പേരിനർഥം. 1924 ലെ പ്രളയത്തിനു മുന്‍പ്  കണ്ണന്‍ ദേവൻ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സ് ആയിരുന്നു മാട്ടുപ്പെട്ടി. പ്രളയത്തിനു മുൻപ് മൂന്നാര്‍– ആലുവ റോഡുണ്ടായിരുന്നതും തകർന്നിരുന്നു. ഇപ്പോൾ മാങ്കുളം വരെ വഴി കഷ്ടിയുണ്ടെന്നു കേട്ടു. തിരികെ കോട്ടയത്തേക്കു പോവുന്നത് അതിലെയാവാം എന്നു തീരുമാനിച്ചു. 

മാട്ടുപ്പെട്ടിയിലേക്കിറങ്ങി അധികം പോയില്ല, ഒത്തിരി കാറുകൾ ഒരു പുൽമേടിനടുത്തു നിർത്തി സ്വദേശി, വിദേശി ടൂറിസ്റ്റു കൾ കാഴ്ചകൾ കാണുന്നു. സെലേറിയോ മെല്ലെയൊതുക്കി. മണിയൻപിള്ള രാജു ഏതോ സിനിമയിൽ പറഞ്ഞതു പോലെ പുൽമേട്ടിൽ ദേ അഞ്ച് ഒറ്റയാൻ....! ഒറ്റയാൻ ഇല്ലെങ്കിലും ഒരാനക്കുട്ടിയും നാലു പിടിയാനകളും  ആസ്വദിച്ച് പുല്ലു തിന്നു കൊണ്ടിരിക്കുന്നു. ക്യാമറ ഷട്ടറുകൾ ചറപറ ചലിച്ചു കൊണ്ടിരിക്കുന്നു.

Pampadum_Shola_National1

ഇതിനിടയിൽ ഒരു ടാക്സിക്കാരൻ മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നു. ‘ചേട്ടന് ആനകളെ കാണേണ്ടേ?’

‘ഓ ഞാൻ എല്ലാ പ്രാവശ്യവും ഞാൻ കാണുന്നതാ..... സാധാരണ ഒരു കൊമ്പൻ കൂട്ടിനുണ്ടാവാറുണ്ട്. ഇന്ന് അവനില്ല. അതുമാത്രമേ മാറ്റമുള്ളൂ.’

    

വെള്ളപ്പൊക്കം വിഴുങ്ങിയ വഴി

മൂന്നാറിലെ ബസ്സ്റ്റാൻഡും മൈതാനവും നില്‍ക്കുന്ന  സ്ഥലമാണ് ഓൾഡ് മൂന്നാർ. ഇവിടെ നിന്ന് ഇടത്തോട്ടു പോയാൽ ലക്ഷ്മി എസ്റ്റേറ്റിലൂടെ മാങ്കുളം. വീതി കുറഞ്ഞ  വഴിയാണിത്. തിരക്കുകളില്ലാതെ പ്രകൃതി ആസ്വദിച്ച് മൂന്നാറി ലെത്തണമെന്നുള്ളവർക്കു തിരഞ്ഞെടുക്കാം. ആഹാരസാധന ങ്ങൾ കയ്യിൽ കരുതണം. മാങ്കുളത്തു നിന്നു കാട്ടിലൂടെ തനി ഓഫ് റോഡിങ്  തട്ടേക്കാടുവരെ (ഇപ്പോൾ വഴിയില്ല, പോവാനുള്ള അനുമതിയും). അതിനാൽ വിരിപ്പാറ– കല്ലാർ– നേര്യമംഗലം വഴി തിരികെ കോട്ടയം. യാത്രയിലുടനീളം ഒരു പരാതിയുമില്ലാതെ ഞങ്ങൾക്കു കൂട്ടു വന്ന സെലേറിയയോടാണു നന്ദി പറയണം.

ലക്ഷ്മി എസ്റ്റേറ്റിലെ ഗട്ടർ റോഡുകളിലും സാധാരണ ഹൈവേകളിലും സെലേറിയോ നല്ല യാത്രാ സുഖം നൽകി. ഉയരത്തിലുള്ള സീറ്റുകളും കയറാനും ഇറങ്ങാനും പ്രയാസമുണ്ടാക്കാത്ത രൂപവും ആണു സെലേറിയോയുടെ പ്ലസ് പോയിന്റുകൾ. 

ലക്ഷ്മി എസ്റ്റേറ്റിലൂടെ വൈൻനിറമുള്ള സെലേറിയോയിൽ നീങ്ങുമ്പോൾ ചായയുടെ രുചി അറിയാൻ മാത്രം പ്രത്യേകം ഉദ്യോഗസ്ഥരുണ്ടെന്നു ആരോ പറഞ്ഞു. ഇവർ ടേസ്റ്റ് ചെയ്തു ഗുണമേന്മ ഉറപ്പാക്കിയ ചായപ്പൊടിയാണത്രേ നമ്മുടെ കപ്പുകളിൽ കൊടുങ്കാറ്റുയർത്തുന്നത്. ഫാസ്റ്റ്ട്രാ ക്കിന്റെ ട്രാവലോഗ് ടീം അതുപോലൊരു ‘ടേസ്റ്റേഴ്സ്’ അല്ലേ എന്നു തോന്നി. മൂന്നാറിലെ അധികം അറിയപ്പെടാത്ത സൈലന്റ് വാലിയും ആനമുടിച്ചോലയും ഇപ്പോൾ ‘ടെസ്റ്റ്’ ചെയ്ത് വായനക്കാർക്കു സമർപ്പിച്ചിരിക്കുന്നു. അവിടെപ്പോവുക, കാഴ്ചകൾ കണ്ടു മടങ്ങിപ്പോരുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA