ചുവപ്പു ദൈവത്തിന്റെ നാട്ടിൽ

1Muzhappilangad_Drive
SHARE

കാക്കത്തുരുത്തെന്ന ദ്വീപ്, മണ്ണിലിറങ്ങുന്ന ദൈവങ്ങൾ, വടക്കിന്റെ വാഗമണ്‍–ഇങ്ങനെ കാഴ്ചകൾ ഒട്ടേറെയുണ്ട് ഈ ആയിരം കിലോമീറ്റർ ബൈക്ക് യാത്രയിൽ

ധർമടംതുരുത്തിനെ കറുപ്പിച്ച് കടലിലേക്കിറങ്ങിപ്പോയ ആ ചുവന്ന ദേവനാണോ രാത്രിയിൽ തെയ്യങ്ങളായി ജനിക്കുന്നത്? കണ്ണൂരിലെ ആ കടലോരത്ത് ചെറിയ കാറ്റേറ്റു വിശ്രമിക്കുന്ന മൂന്നു പേരുടെ മനസ്സിൽ വേലിയേറ്റത്തിരമാലയെന്ന പോൽ ഉയർന്ന ചോദ്യമതായിരുന്നു. ആരോടു ചോദിക്കാൻ ? കാക്കത്തുരുത്തെന്ന അദ്ഭുത ദ്വീപിലേക്കു ചേക്കേറുന്ന  കാക്കത്തൊള്ളായിരത്തൊന്നു കാക്കകളല്ലാതെ ഒന്നു മിണ്ടാൻ പോലും ആരുമില്ലീ തീരത്ത്. പിന്നെയുള്ളത്  രണ്ട് വട്ടക്കണ്ണൻ മാരായിരുന്നു. റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും തണ്ടർ ബെഡും. തെയ്യം കാണാനിറങ്ങിയതാണ്. കൂടെ കാസർഗോഡിന്റെ റാണിയെയും പാക്കണം. 

2Dharmadom_beach
ധർമടംതുരുത്ത്

കടൽ, കനൽ കണ്ട തീച്ചാമുണ്ഡിയായി തുള്ളാൻ തുടങ്ങിയ പ്പോൾ അവർ ബൈക്ക് കരയിലെ പാറയുടെ അടുത്തേക്കു മാറ്റി. എന്നിട്ടും രക്ഷയില്ല. മണ്ഡലകാലത്തു കല്ലിൽ വീണു പൊട്ടിച്ചിതറുന്ന നാളികേരം പോലെ ഒരു തിര തൊട്ടടുത്ത കല്ലിൽ തല തല്ലി രോഷം തീർത്തപ്പോൾ സംഭവം പന്തിയല്ലെന്നു മനസ്സിലായി. വട്ടക്കണ്ണൻമാർ സടകുടഞ്ഞെണീറ്റു യാത്രയായി. കാസർഗോഡിന്റെ റാണി മഞ്ഞു പുതപ്പിൽ ഉറങ്ങുകയാവും. നാളെ രാവിലെ അവിടെയെത്തണം. 

മധുരമെ......നിൻ മുഖം

ഓഡോമീറ്റർ പൂജ്യത്തിലാക്കി, പതിവു പോലെ അതിരാവിലെ കോട്ടയത്തു നിന്നു തുടക്കം. കൈ തൊട്ടാൽ കുതിക്കുന്ന ഇണക്കമുള്ള കുതിരയെപ്പോലെ കോണ്ടിനെന്റൽ ജിടി യാത്രയ്ക്കു  തയ്യാറായി. ദീര്‍ഘദൂര യാത്രയ്ക്കു സുഖപ്രദമായ രൂപമുള്ള തണ്ടർബേഡിന്റെ പിന്തുണ. പോരെ പൂരം. 

അതിരാവിലെ വിജനമായ റോഡുകളിൽ ഈ രണ്ടു ബൈക്കുകളുടെ ശബ്ദം മാത്രം. ഒറ്റയടിക്കു തൃശ്ശൂരെത്തിയപ്പോഴാണ് ഒന്നു വിശ്രമിക്കാൻ തോന്നിയത്. വെയിലുദിച്ചു വരുന്ന, മഞ്ഞുരുകിപ്പോകുന്ന പഴയൊരു നാട്ടുവഴിയിലേക്കു ഹൈവേയിൽ നിന്നു ഹാൻഡിൽ തിരിച്ചു. ഷൂ ഊരി നഗ്നപാദനായി രണ്ടു ചുവടു നടന്നപ്പോഴേക്കും കാലിൽ മഞ്ഞും പുല്ലും മുട്ടിയുരുമ്മി. തിരികെ ഹൈവേയിലെത്തുമ്പോൾ ഉമ്പായ്യുടെ ഗസലാണു ചുണ്ടിലെത്തിയത്. 

3Ranipuram-(1)
റാണിപുരം

മധുരമേ, നിൻ മുഖം മഞ്ഞുകാലത്തിലെ ഇളവെയിലിൽ കാട്ടു പൂ പോലെ..(കോണ്ടിനെന്റൽ ജിടിയുടെ രൂപം പക്ഷേ, ഒരു കാട്ടുപോത്തിന്റേതുപോലെ എന്നാണു നാട്ടുകാർ പറയുന്നത്) 

നീരാടുവാൻ.....നിളയിൽ നീരാടുവാൻ

അടുത്ത സ്റ്റോപ് നിളാ നദി. മലബാർ മാന്വൽ പ്രകാരം കേരളത്തിലെ ഏറ്റവും വലിയ പുഴ. കുറ്റിപ്പുറം പാലത്തിനു ചുവടിലൂടെ ഭാരതപ്പുഴയുടെ മാറിലേക്കിറങ്ങി. പത്തുമണി കഴിഞ്ഞതേയുള്ളൂ. പക്ഷേ ചൂട് കനക്കുന്നു. പൂഴിപ്പരപ്പിലൂടെ രണ്ടു ബൈക്കുകളും സുഗമമായി ജലത്തിനടുത്തെത്തി. അവരെ കരയിലിരുത്തി ചെറിയൊരു കുളി പാസാക്കി തിരിയുമ്പോഴാണ് ആ കരിവീരന്റെ വരവ്. 

തണ്ടർബേഡിന്റെ ഇടിവെട്ടു ശബ്ദം കേട്ടാൽ ആന ഇടയുമോ? ചെറിയൊരു സംശയം. പാപ്പാനൊന്നു ചിരിച്ചു. ചിറയ്ക്കൽ മാഹാദേവനെന്ന ആന  രൂക്ഷമായൊന്നു നോക്കി. ദിക്കുവിറക്കുന്ന വെടിക്കെട്ടുകൾ കേട്ട് ചുമ്മാ തലയാട്ടി നിൽക്കാറുള്ള എന്നെയാണോ പേടിപ്പിക്കുന്നത്. എന്നായിരുന്നു നോട്ടത്തിന്റെ അർത്ഥം. ഫോട്ടോഗ്രാ ൃഫർമാരുടെ ശ്രദ്ധയ്ക്ക്– നിളാ തീരത്ത് പക്ഷികളുടെ പടമെടുക്കാൻ പറ്റിയ സമയമാണിത്. പലതരം കൊറ്റികളും ദേശാടന ക്കിളികളും നദിയിലുണ്ട്. ഇതെല്ലാം മനസ്സിൽ പകർത്തി തിരികെ ഹൈവേയിലേക്കു കയറുമ്പോൾ സമയം ഉച്ച കഴിഞ്ഞ് ഉച്ചര. നല്ലൊരു ബിരിയാണി മനസ്സിൽ കണ്ട് കോഴി ക്കോട്ടേക്കു വച്ചു പിടിച്ചു. 

കരിയാതിരിക്കാൻ കരിക്കു വെള്ളം

വാഹനങ്ങളുടെ വളയം വളയാൻ മടിക്കുന്ന വട്ടപ്പാറ വളവു കഴിഞ്ഞപ്പോൾ വല്ലാത്ത ദാഹം. മലബാറിലേക്കു പോകുമ്പോൾ റോഡരികിൽ നല്ല നാടൻ സംഭാരവും കരിക്കും ലഭിക്കുന്ന  ധാരാളം കടകളുണ്ട്. അതിലൊന്നിനു മുന്നില്‍ ബൈക്ക് നിർത്തി. ദാഹം തീർത്തപ്പോഴാണ് ഒരു ഫ്ളക്സ് ബോർഡ് കണ്ടത്.  കോഴിക്കോടൻ കുലുക്കി സർബത്ത്.  സത്യത്തിൽ ഇതു തട്ടിപ്പാണെത്രേ. കോഴിക്കോട് ഇങ്ങനെയൊരു  ദാഹശമനിയില്ല. 

4Ranipuram
റാണിപുരം

ഏതോ ഫ്ളേവർ ചേർത്ത് ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാ ക്കുന്ന സർബത്ത് നല്ലതല്ലെന്ന് കരിക്കുകടക്കാർ. യാത്രികർ ക്കു നന്ന് കരിക്കു തന്നെ. 

കോഴിക്കോടു നിന്നു ബിരിയാണി കഴിക്കണമെന്ന മോഹം ബൈപ്പാസിലെ ആ കട ‘തീർത്തുതന്നു’. കോഴിക്കോടൻ ബിരിയാണിയുടെ പേരിൽ തനി തട്ടിപ്പ്. ഒട്ടും സുഖമായില്ല. ബിൽ കൊടുത്തപ്പോൾ തനി ഇന്നസെന്റ് ശൈലിയിലൊരു കാച്ച് കാച്ചിയാലോ എന്നു തോന്നി. രാമൻകുട്ടി, പലപ്രാവശ്യം ഈ മോനോട് ഞാൻ ചോദിച്ചതാ ഇതു കോഴിക്കോടൻ ബിരിയാണിയല്ലേ അല്ലേയെന്ന്.

കാക്കത്തുരുത്തെന്ന അദ്ഭുത ദ്വീപ്

തലശ്ശേരി കഴിഞ്ഞ് കാസർഗോഡ് റോഡിൽ പത്തു കിലോ മീറ്റർ യാത്ര ചെയ്താൽ ധർമടംതുരുത്തിൽ എത്താം. സായാഹ്നം ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. ആഴമില്ലാത്ത കടലിൽ കുളിക്കാം. സാഹസികരാണെങ്കിൽ വേലിയിറക്ക സമയത്ത് നടന്നു കാക്കത്തുരുത്തെന്ന ദ്വീപിലേക്കു നടക്കാം.  നാട്ടുകാരുടെ സഹായം വേണം കേട്ടോ. കാരണം ഒരു പ്രത്യേക വഴി മാത്രമേ ആഴമില്ലാത്തതുള്ളൂ. അറിയാതെ പോയാൽ കടലമ്മ കനിയില്ല. തീരത്തു നിന്നു നോക്കിയാൽ ചെറുതാണ്, പക്ഷേ, ആറേക്കറുണ്ട് ഈ തുരുത്തിന്റെ വിസ്തൃതി. ഇതിനു ള്ളിൽ ശുദ്ധജലം കിട്ടുന്ന ഒരു കിണറുണ്ട്. പിന്നെ ബ്രിട്ടീഷുകാരുടെ കാലത്തെ തകർന്ന കെട്ടിടങ്ങളും. താരതമ്യേന ചെറിയ തിരകളാണെങ്കിലും സന്ധ്യമയങ്ങുമ്പോൾ ചന്ദ്രേട്ടൻ മയക്കം വിട്ടുണരുമ്പോൾ ഇവയ്ക്കു ശക്തിയേറും. കുഞ്ഞുപാറകൾ ഈ കടൽത്തീരത്തിന്റെ ഭംഗിയാണ്. അകലെ മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചു കാണാം. 

റാണിപുരം
റാണിപുരം കാഴ്ചകൾ

ദ്വീപിലേക്കു പാലം പണിയാൻ സർക്കാർ ഉദ്ദേശിച്ചിരുന്നത്രേ. ആരുടെയോ ഭാഗ്യം കൊണ്ടു നടപ്പിലായില്ലെന്നു പുരുഷു എന്ന നാട്ടുകാരൻ പറഞ്ഞു. പൊന്നുചേട്ടാ, ഈ കടൽ നികത്താൻ പദ്ധതിയുണ്ടോ  എന്നു പോലും നമുക്കു പറയാനാവില്ല. തുരുത്തിന്റെ നിഗൂഢത അങ്ങിനെ തന്നെ നിലനിൽക്കണം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഭൂതപ്രേത പിശാചുക്കൾ നിലവിൽ ഇവിടെ വന്നു കുടിയിരിക്കട്ടെ. പട്ടയം ചോദിച്ചു സമരം  ചെയ്യരുതെന്നു മാത്രം. 

ദൈവവും റാണിയും ഇനിയും ചക്രപ്പാടകലെ. ഹോട്ടലിൽ യാത്രയുടെ ക്ഷീണമകറ്റാൻ കിടക്കുമ്പോൾ സമയം പത്തു മണി. ഓഡോമീറ്ററിൽ നാനൂറ്റമ്പതു കിലോമീറ്റർ. കേരള ത്തിന്റെ ‘പകുതി ദൂരം’ ഇതാ മറികടന്നിരിക്കുന്നു. ജിടിയും തണ്ടർബേഡും റെസ്റ്റെടുത്തു.  

വടക്കിന്റെ വാഗമൺ

കോടമഞ്ഞു കൊണ്ടു മൂടിയ റാണിപുരം
മഞ്ഞുമൂടിയ റാണിപുരം

കാസർഗോഡ് ജില്ലയിലെ ഹിൽ സ്റ്റേഷൻ ആണു റാണിപുരം. മടത്തുമല എന്നായിരുന്നു പഴയ പേര്. പക്ഷേ, കുടിയേറ്റക്കാർ ഈ പേര് റാണീപുരം എന്നാക്കി മാറ്റിയത്രേ. പക്ഷി, ശലഭ നിരീക്ഷകർക്ക് ഇവിടെ പറുദീസയാണ്. കർണാടകയി ലെ തലക്കാവേരി വന്യജീവി സങ്കേതമാണ് അതിര്. ലോക ത്തെ അത്യപൂർവമായ ചോലക്കാടു കടന്ന്  പ്രസരിപ്പിന്റെ പുൽമേട്ടിലേക്കുള്ള സാഹസികയാത്ര നുകരണമെങ്കിൽ റാണിപുരത്തേക്കു സ്വാഗതം. 

മഴ നാദമാണെങ്കിൽ

പുഴ ഗാനമാണ്

മരം ധ്യാനവും

റാണിപുരത്തെ ഉയര്‍ന്ന പാറക്കെട്ടിൽ കുടകിന്റെ തണുപ്പറിഞ്ഞ്, ചോലക്കാടിന്റെ മർമരം കേട്ടു വിശ്രമിക്കുമ്പോൾ മനസ്സിൽ വന്ന വരികളിതാണ്. റാണിപുരം–പുൽമേട്ടിൽ പെയ്യുന്ന മഴയെന്ന നാദത്തെ, ചോലക്കാടുകളിലെ മരമെന്ന ധ്യാനത്താൽ മനനം ചെയ്ത് താഴ് വാരത്തിലെ പുഴയെന്ന ഗാനത്തെ ചിട്ടപ്പെടുത്തുന്നയിടം. 

ഹോളിവുഡ് സിനിമകളിൽ കാണുന്നതരം യാത്രാ അനുഭവം.  നായകനും നായികയും അനേകം തടസ്സങ്ങൾ മാറ്റി, ഇരുണ്ട കാട്ടിലൂടെ  യാത്ര ചെയ്ത്, അവസാനം നല്ല സൂര്യപ്രകാശ മുള്ള തുറസ്സായ സ്ഥലത്തെത്തുന്നതു പോലെ, ചോലക്കാട്ടി ലൂടെ സാഹസികമായി നടന്ന് റാണിപുരം പുൽമേട്ടിലെത്താം. ആനകള്‍ വഴിമുടക്കിയില്ലെങ്കിൽ പച്ചപ്പുൽമേടിന്റെ കുടുമ പോലെ നിൽക്കുന്ന പാറക്കെട്ടിൽ പാദം തൊടാം. 

അതിരാവിലെ കാഞ്ഞങ്ങാട്ടു നിന്നു പുറപ്പെട്ടു. ഏതാണ്ട് നാൽപ്പത്താറ് കിലോമീറ്ററുണ്ട് റാണിപുരത്തേക്ക്. മലയുടെ താഴ‍‍‍‍വാരം വരെ വാഹനങ്ങളിലെത്താം. പിന്നീട് വനംവകു പ്പിന്റെ അനുമതി വാങ്ങി നടന്നു തുടങ്ങാം. ചെറിയ കൽപ്പടവുകൾ ഒരുക്കിയിട്ടുള്ളതിനാൽ വഴിതെറ്റില്ല. ഈ വഴിയിൽ നിന്നു മാറരുത്. കഴിഞ്ഞ വർഷം മൂന്നു പേർ വഴി തെറ്റി മൂന്നു ദിവസം കാട്ടിൽ അലഞ്ഞതു വാർത്തയായിരുന്നു.  കുടകിന്റെ  അതിർത്തി വനങ്ങൾ റാണിപുരത്തോടു ചേർന്നിട്ടുണ്ട്. അതിനാൽ കുന്നു കയറിയാൽപ്പിന്നെ കാണുന്നതെല്ലാം കാടാണ്, പല നിറത്തിൽ. രണ്ടു മണിക്കൂര്‍ നടത്തം കഴിഞ്ഞു താഴെയെ ത്തുമ്പോള്‍ കിട്ടുന്ന ഉന്മേഷം ഒന്നു വേറെത്തന്നെ. വനംവകു പ്പിന്റെ കാവലൊന്നുമില്ല ഇവിടം അതിനാല്‍‍ സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകൾ അനവധിയാണ്. ഈ ചോലവനം സംരക്ഷിക്കാൻ അടിയന്തിര നടപടികൾ വേണം.

റാണിപുരം ഷോലെ നാഷണൽ പാർക്ക് എന്ന ബോർഡ് ഇവിടെ ഉടൻ സ്ഥലം പിടിക്കുമെന്നാണു കേൾക്കുന്നത്. 

ചുവപ്പു ദൈവം കാൽകുത്തുന്നു

കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നു രണ്ടു കിലോമീറ്റർ മാറി യൊരു തറവാട്ടിലായിരുന്നു തെയ്യം. തെയ്യക്കോലത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ഞങ്ങൾ ചെന്നത്. വർണങ്ങളുടെ പെരുങ്കളിയാട്ടം തന്നെ തെയ്യം. കഴിഞ്ഞ വർഷം കുന്നത്തൂർ പാടിയെന്ന പുരാതന സ്ഥലത്തു തെയ്യം കണ്ടത് മനസ്സിൽ വന്നു. 

ഒരു പന, ചെറിയ പീഠം, ഓല കൊണ്ടു മറച്ച മഠപ്പുര, കാട്, കുന്ന് ഇത്രയുമാണു മുത്തപ്പന്റെ ആവശ്യം. തറവാടുകളിൽ അനുഷ്ഠാനത്തിന്റെ ഭാഗമായി തെയ്യം അരങ്ങേറുമെങ്കിലും സാക്ഷാൽ മുത്തപ്പന്റെ ജന്മസ്ഥലമായ കുന്നത്തൂർ പാടിയിൽ വച്ചു നടക്കുന്ന തെയ്യം പ്രത്യേകതയുള്ളതാണ്. അമ്പലമില്ല. നമ്മുടെ മിത്തുകൾ എത്രമാത്രം പ്രകൃതിയോടിണങ്ങിയതാണെന്ന് ഇവിടെ വന്നാൽ അറിയാം. തെയ്യം നടക്കുമ്പോൾ മാത്രം ചെത്തിക്കോരിയുണ്ടാക്കുന്ന ഒരു ചെറിയ മുറ്റം. ചുറ്റിനും കാട്, മൂന്നു വശവും നല്ല ചരിഞ്ഞു കിടക്കുന്ന വനഭൂമിയിൽ കാഴ്ചക്കാർ ഇരിക്കും. രാത്രിയിലാണു പലതരത്തിലുള്ള തെയ്യം അരങ്ങേറുക. തൊട്ടപ്പുറത്തെ കുടകു കാടുകളിൽ നിന്നു തണുത്ത കാറ്റ് കുന്നിനെത്തഴുകി, മരങ്ങളെത്തഴുകി കുന്നത്തൂർ പാടിയിലെത്തുമ്പോൾ തെയ്യം കലാകാരന്മാര്‍ ചമയങ്ങളഴിക്കും. അനേകം കുടകർ തെയ്യം കാണാനെത്താറുണ്ട്. ഒട്ടേറെതെയ്യങ്ങൾ ഇനിയുള്ള രണ്ടു മാസം വടക്കൻ ജില്ലകളിൽ അരങ്ങേറും. 

സ്വപ്നം റോഡിലാണുണ്ണീ

കോടമഞ്ഞിനേയും കാത്തുകിടക്കുന്ന പച്ചപ്പുൽ കുന്നുകൾ

തിരികെ യാത്രയും പുലർച്ചയ്ക്ക്. കോഴിക്കോട്ടു നിന്നു കട്ട നടിച്ച്, തെയ്യത്തിന്റെ ചുവപ്പ് ആവാഹിച്ച കോണ്ടിനെന്റൽ ജിടിയിലേറി. ഒരേയൊരു ലക്ഷ്യം കോട്ടയം. യാത്രയ്ക്കിടയിലെങ്ങോ, കണ്ണിനുചുറ്റും കറുപ്പു ചാർത്തിയ ചുവന്നൊരു രൂപം കൺമുന്നിൽ വന്നു. 

യാത്ര സുഖമായിരുന്നില്ലേ ഉണ്ണീ....

അതേ....

എന്നാൽ ഒന്നുറങ്ങിട്ടു പോയാൽ മതി കേട്ടോ......

ഡും, പിന്നെ പുക മാത്രം.

വ്യക്തത വന്നപ്പോൾ കണ്ണു ശരിക്കു മിഴിച്ചു. ഇടതു വശത്തോ ടിയിരുന്ന ബൈക്ക് വലത്തു ചേർന്ന് ഒരു കശുമാവിന്റെ താഴെ യെത്തിയിരിക്കുന്നു. തെയ്യത്തെ സ്വപ്നം കണ്ടതാണ്.....അതും ഓടുന്ന ബൈക്കിൽ വച്ച്....! ഭാഗ്യത്തിന് റോഡിൽ മറ്റു വാഹ നങ്ങൾ ഉണ്ടായിരുന്നില്ല. മുന്നിലോടുന്ന തണ്ടർബേഡും ഇതേ അവസ്ഥയിൽ. രണ്ടു പേരും തൊട്ടടുത്ത ബസ്റ്റോപ്പിലേക്കു ചെന്നു ക്ഷീണം മാറ്റിയതിനു ശേഷം പിന്നേയും യാത്ര തുടർ ന്നു. ആയിരം കിലോമീറ്റർ താണ്ടിയ മൂന്നു ദിവസത്തെ യാത്ര യ്ക്കൊടുവിൽ കോട്ടയത്തെത്തുമ്പോൾ ഒരു ചോദ്യം അവശേഷിച്ചു. ഏതു തെയ്യമാണു സ്വപ്നത്തിൽ വന്നത്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA