മനുഷ്യരോട് ബഹുമാനം തോന്നിച്ച സ്ഥലം

anumol-222
SHARE

തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വൈവിധ്യവും, കാമ്പുള്ള കഥാപാത്രങ്ങളെ ധൈര്യത്തോടെ സ്വീകരിക്കാനുള്ള മനസും  ആ വേഷങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമുള്ളതു കൊണ്ട് അനുമോളെ വളരെ സ്നേഹത്തോടെ എല്ലാവരും വിശേഷിപ്പിക്കുന്നത് ആക്ടിങ് ജീനിയസ് എന്നാണ്. ലഭിച്ച വേഷങ്ങൾക്കെല്ലാം  തന്നാലാവുംവിധം പൂർണത നൽകിയ അനുമോൾക്കു യാത്രകളോട്  ഏറെ പ്രിയമാണ്. സിനിമ പോലെ, അത്രയും തന്നെ പ്രാധാന്യം യാത്രകൾക്കും നൽകാറുണ്ട് അനുമോൾ. തന്റെ ഇഷ്ടയാത്രകളെക്കുറിച്ചു പറയുമ്പോൾ അനുമോൾടെ മുഖം വിടരും.. മനോഹരമായ അനുഭവങ്ങളും അറിവുകളും സമ്മാനിച്ച ഓരോ യാത്രയെക്കുറിച്ചും ആ അഭിനേത്രി വാചാലയാകും.

ഇന്ത്യയ്ക്ക് പുറത്തു പോയിട്ടുള്ളതിൽ ഏറ്റവും മനോഹരം എന്ന് തോന്നിയത് കാനഡ യാത്രയായിരുന്നു. ഒരു മഞ്ഞുകാലത്തായിരുന്നു അങ്ങോട്ടേയ്‌ക്കുള്ള യാത്ര. നമ്മുടെ നാട്ടിൽ അത്തരം കാഴ്ചകൾക്ക് സാക്ഷിയാകാത്തതു കൊണ്ട് തന്നെയാകണം എനിക്കേറെ അദ്ഭുതം തോന്നിയിരുന്നു മഞ്ഞുപുതച്ചു നിൽക്കുന്ന ഓരോ കാഴ്ചകളും. പുൽത്തലപ്പുകളെ പോലും പച്ചനിറം കാണാൻ കഴിയില്ലാത്തവിധം മഞ്ഞുമൂടിയിരിക്കുന്ന കാഴ്ച അവര്‍ണനീയം തന്നെയാണ്. ആ തണുപ്പും കുളിരുമൊന്നും വകവെയ്ക്കാതെ കാനഡ മുഴുവൻ യാത്ര നടത്താൻ എനിക്ക് കഴിഞ്ഞു. വളരെ രസകരമായിരുന്നു ആ അനുഭവങ്ങൾ. 

anumol-trip

ദുബായിലേക്ക്

നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളും പ്രകൃതിയുമൊക്കെയാണ് ദുബായിലേത്. മനുഷ്യന്റെ അശ്രാന്തപരിശ്രമത്തിന്റെ വലിയ ഉദാഹരണങ്ങളാണ് ദുബായിലെ ഓരോ കാഴ്ചകളും. കെട്ടിപ്പൊക്കിയിരിക്കുന്ന സൗധങ്ങൾ മുതൽ മനുഷ്യനിർമിത തടാകങ്ങൾ വരെ, ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ മിറക്കിൾ ഗാർഡൻ, ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ തുടങ്ങി വിസ്മയം ജനിപ്പിക്കുന്ന പല കാഴ്ചകളും  ദുബായ്  യാത്ര സമ്മാനിച്ചു. മനുഷ്യരോട്‌ ഏറ്റവും ബഹുമാനം തോന്നുന്ന കാഴ്ചകൾ നൽകുന്ന നാടാണ് ദുബായ്. 

സുന്ദരിയാണ് കൂർഗ്

മൈസൂരും കൂർഗും എനിക്കേറ്റവും ഇഷ്ടപ്പെട്ട  രണ്ട് സ്ഥലങ്ങളാണ്. മനോഹരമായ പ്രകൃതിയും വശീകരിക്കുന്ന അവിടുത്തെ കാലാവസ്ഥയും ആസ്വദിക്കാൻ എനിക്കേറെ താല്പര്യമാണ്. എത്ര സുന്ദരമാണ് കൂർഗിലെ കാഴ്ചകൾ...കാപ്പിപ്പൂവിന്റെ ഹൃദയഹാരിയായ സുഗന്ധം, കോടമഞ്ഞിന്റെ ചെറിയാശ്ലേഷങ്ങൾ, ഓറഞ്ചിന്റെ മോഹിപ്പിക്കുന്ന മണം, നിത്യഹരിത വനങ്ങൾ, പച്ചയണിഞ്ഞ പ്രകൃതി എന്നുവേണ്ട നിരവധി മോഹനമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കൂർഗ്. സുഖകരമായ കാലാവസ്ഥയും ഇവിടുത്തെ  വലിയൊരാകര്‍ഷണമാണ്. കൂർഗ് എത്രമാത്രം സുന്ദരമാണെന്നത് ഇവിടെ വന്ന് അനുഭവിച്ചറിയേണ്ടതാണ്. കാരണം പറഞ്ഞറിയുന്നതിനേക്കാൾ എത്രയോ സുന്ദരമാണ് ആ സ്ഥലം. മൈസൂരും കാഴ്ചകൾ കൊണ്ട് മോഹിപ്പിക്കുന്ന നാടാണ്. 

anumol-trip1

 മനസിനേറ്റവും ഇഷ്ടപ്പെട്ട സ്ഥലം

എന്റെ ആഴ്ചാവസാനങ്ങളെ സുന്ദരമാക്കുന്നതു ക്രാൻഗനോർ എന്ന റിസോർട്ട് ആണ്. മനസിനേറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്ന ചോദ്യമുയരുമ്പോൾ തന്നെ എന്റെ മനസിലേക്കോടിയെത്തുന്നത് ആ  അവിടമാണ്. പെരിയാറിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് ക്രാൻഗനോറിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊച്ചിയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെ പുത്തൻവേലിക്കര എന്ന സ്ഥലത്താണ് ഈ റിസോർട്ടിന്റെ സ്ഥാനം. ഉദയാസ്തമയങ്ങളും പെരിയാറിന്റെ മനോഹാരിതയും ആസ്വദിക്കാം എന്നതാണ് തന്നെയാണ് എന്നെ അങ്ങോട്ട് വശീകരിക്കുന്നതിലെ പ്രധാന കാരണം. സുഖകരമാണ് അവിടുത്തെ താമസം. ആഴ്ചാവസാനങ്ങളിലെ ആ താമസം എന്റെ മനസിന് ശരിക്കുമൊരു വിശ്രമവും ആനന്ദവും നൽകാറുണ്ട്.

anumol-trip4

യാത്രകൾ, സിനിമകൾ പോലെ തന്നെ ഏറ്റവും നല്ല അനുഭവങ്ങൾ പങ്കുവെക്കുന്നവയാണെന്നാണ് അനുമോൾടെ പക്ഷം. അതുകൊണ്ടു തന്നെ സിനിമകൾക്കൊപ്പം യാത്രകളും തുടരാനുള്ള തയ്യാറെടുപ്പിലാണ് നല്ല സിനിമകളിലെ കാമ്പുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന ഈ അഭിനയപ്രതിഭ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA