കണ്ണൂരിലെ കാശ്മീർ കണ്ടിട്ടുണ്ടോ?

kannur1
SHARE

ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ് കൃഷിഭൂമിയായി. കൈകൊണ്ടു റോഡുകൾ വെട്ടി കവലയുണ്ടാക്കി. കടകൾ തുറന്നു. മെല്ലേ ഒരു ഗ്രാമം ജനിക്കുകയായിരുന്നു. ഏറിയ പേരുകളും ജോസും ജോസഫുമായതു കൊണ്ടു തന്നെ പതിയെ പതിയെ മുതുവള്ളിത്തട്ടെന്ന പേര് എല്ലാവരും മറന്നു. പകരം പുതിയൊരു പേരിട്ടു വിളിച്ചു – ജോസ് ഗിരി’’.

kannur2
കൊട്ടത്തലച്ചി മലയിലേക്ക്

നാട്ടു പേരിന്റെ വിശേഷങ്ങളെക്കുറിച്ചുള്ള ച ർച്ചയിൽ അപ്രതീക്ഷിതമായാണ് ജോസ് ഗിരിയെ കുറിച്ചു കേട്ടത്. അറിഞ്ഞതോടെ ഇരിപ്പുറയ്ക്കാതായി. മഞ്ഞിന്റെ തണുപ്പും മണ്ണിന്റെ ത നിമയുമുള്ള കുന്നിൻമുകളിലെ ഗ്രാമം തേടി പുറപ്പെട്ടു. കണ്ണൂരിന്റെ പട്ടണക്കാഴ്ചകൾ കടന്ന്, നാടുകാണിയും പിന്നിട്ട് ആലക്കോടെത്തിയപ്പോഴേക്കും മലയോരത്തിന്റെ മിടുക്കി കാറ്റ് വീശിത്തുടങ്ങിയിരുന്നു. നെല്ലില്ലാതെ അരി മാത്രം വിളഞ്ഞ ‘അരി വിളഞ്ഞ പൊയിൽ’ കഥകളിലൂടെ കുന്ന് കയറി ചെറിയൊരു കവലയിലെത്തി.

‘‘തിരുനെറ്റിമലയെ ചുറ്റിയൊഴുകുന്ന ആര്യങ്കോട് പുഴയുടെ മടിത്തട്ടിൽ മയങ്ങുന്ന ജോസ് ഗിരിയെന്ന കൊച്ചുഗ്രാമത്തിൽ...’’– ജീപ്പ് അനൗ ൺസ്മെന്റാണ് വരവേറ്റത്. കോടമഞ്ഞ് മറച്ചു പിടിച്ച കടയുടെ ബോർഡിന്റെ കോണിൽ ആ പേര് തെളിഞ്ഞു – ജോസ് ഗിരി.

തിരുനെറ്റി മലയിലെ ഗുഹ

കുടകുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിന്റെ കാഴ്ചകളിലേക്ക് നടന്നു തുടങ്ങുന്നതിനു മുൻപ് നാട്ടുകാരനോട് കുശലാന്വേഷണം നടത്തി. കാഴ്ചകൾ കാണാനെത്തിയതാണെന്നു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷം. ‘‘കണ്ണൂരിലെ ഏറ്റവും ഉയരും കൂടിയ ഗ്രാമങ്ങളിലൊന്നാണ് ജോസ് ഗിരി. ഉച്ചയായാലും ഇവിടുത്തെ കാറ്റിനു മഞ്ഞിന്റെ തണുപ്പാണ്. തൊട്ടപ്പുറത്ത് കർണാടക കാടും മനോഹര കാഴ്ചകളൊരുക്കുന്ന മലനിരകളും പുഴയും കൃഷിയിടങ്ങളും... നഗരത്തിൽ നിന്നു വരുന്നവർക്ക് പുതിയ അനുഭവമാവും. തീർച്ച’’ – ബെന്നി നാട്ടുവിശേഷങ്ങൾ പറയാൻ തുടങ്ങി. ‘‘ഞങ്ങളുടെ നാട് കാണാൻ വന്നിട്ട് കൂട്ടു വന്നില്ലെങ്കിൽ അതു ശരിയല്ലല്ലോ’’ – അയാൾ ഫോർ വീൽ ജീപ്പ് സ്റ്റാർട്ടാക്കി.

ചാഞ്ഞും ചരിഞ്ഞും കുന്ന് കയറുകയാണ് ജീപ്പ്. ജോസ് ഗിരിയുടെ പ്രധാന കാഴ്ചകളിലൊന്നായ തിരുനെറ്റിമലയാണ് ലക്ഷ്യം. വീതി കുറഞ്ഞ മൺവഴിയിലൂടെ ജീപ്പ് ഇരമ്പിക്കയറുമ്പോഴും ബെന്നിയുടെ കഥകൾ കുലുക്കമില്ലാതെ തുടർന്നു. രണ്ടു കിലോമീറ്റ ർ ദൂരത്തിനപ്പുറം കുന്നിൻമുകളിലെത്തി. രണ്ടു വലിയ കല്ലുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മുഖത്തോടു മുഖം നോക്കി നിൽക്കുന്ന കല്ലുകളുടെ മുകളിലേക്ക് വലിഞ്ഞുകയറി. ഏഴിമല, അറബിക്കടൽ, കർണാടകത്തിലെ തലക്കാവേരി, പച്ചവിരിച്ചു നിൽക്കുന്ന കണ്ണൂരിന്റെ നാട്ടുകാഴ്ചകൾ... വർണനകൾക്കപ്പുറത്താണ് കണ്ണിൽ വിരിയുന്ന ദൃശ്യങ്ങൾ. നേരം ഉച്ചയോടടുക്കുമ്പോഴും ഇടയ്ക്കിടെ വിരുന്നെത്തിയ കോടമഞ്ഞ് കാഴ്ചകളുടെ മാറ്റു കൂട്ടി.

kannur5
പൈതൽമല

മറ്റൊരു വഴിയിലൂടെയാണ് കുന്നിറങ്ങിയത്. മലഞ്ചെരിവിൽ ഇത്തിരി ദൂരമിറങ്ങിയപ്പോൾ പാറക്കെട്ടിനിടയിൽ ഒരു ഗുഹ. ‘‘മുപ്പതു വർഷം മുൻപ് വരെ ആൾതാമസമുണ്ടായിരുന്ന ഗുഹയാണിത്. ‘ആനക്കുഞ്ചിലോ’ എന്നു പേരുള്ള ഒരാളും കുടുംബവുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അകത്ത് രണ്ടു മുറിയും അടുക്കളയുമെല്ലാമുണ്ട്’’ – ബെന്നി പറഞ്ഞു. ‘‘ആനയുടെ കരുത്തായിരുന്നു കുഞ്ചിലോക്ക്. അഞ്ചു കവുങ്ങു വരെ ഒറ്റയടിക്ക് തോളിലെടുക്കും. അ തിനൊത്ത ഭക്ഷണരീതിയും. ഒരിക്കൽ മരത്തിനു മുകളിൽ നിന്ന് താഴേക്കു വീണ് അയാളുടെ തല പൊട്ടി. പക്ഷേ അത് തുന്നിക്കെട്ടി വീണ്ടും പത്തിരുപത് കൊല്ലം അയാൾ ജീവിച്ചു’’ – ഗുഹയുടെ വിശേഷങ്ങളിൽ നിന്ന് ബെന്നി കുഞ്ചിലോയുടെ കഥകളിലേക്കെത്തി.

ജൈവക്കാഴ്ചകളുടെ ‘പുകയൂണി’

ജോസ് ഗിരിയിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള കൊട്ടത്തലച്ചി മലയായിരുന്നു അടുത്ത ലക്ഷ്യം. ദുർഘടം പിടിച്ച വഴിയാണ് മുകളിലേക്ക്. പച്ചപ്പിന്റെയും കൃഷിയിടങ്ങളുടെയും കാഴ്ചകൾക്കിടയിൽ ഇടയ്ക്കിടെ കുരിശുകൾ പ്രത്യക്ഷപ്പെട്ടു. ‘മലബാറിന്റെ മലയാറ്റൂർ’ എന്ന പേരിലും ഈ മല അറിയപ്പെടുന്നുണ്ട്. തിരുനെറ്റി മലയുടെ വേറൊരു പതിപ്പാണ് കൊട്ടത്തലച്ചി. കുന്നിന്റെ തുഞ്ചത്തെ പാറപ്പുറത്തു നിന്നുള്ള കാഴ്ച മനോഹരമാണ്. വിജനമായ മലഞ്ചെരിവും താഴെ തെളിയുന്ന പുഴയും പാടങ്ങളുമെല്ലാം ചേർന്ന് ഒരു ആകാശക്കാഴ്ചയുടെ പ്രതീതിയുളവാക്കും. അറ്റമില്ലാത്ത ആകാശത്തിന്റെ കിസ്സകൾ കേട്ട് കൊട്ടത്തലച്ചി മലയിൽ അന്തിമയങ്ങാൻ മോഹം തോന്നിയെങ്കിലും പതിയെ കുന്നിറങ്ങി.

kannur
തിരുനെറ്റിമലയിലെ അസ്തമയകാഴ്ച

‘ഓല കെട്ടി വാണ മല’യായിരുന്നു അടുത്ത ലക്ഷ്യം. ‘‘സൂക്ഷിക്കണം. ഇടയ്ക്ക് വലിയ കുഴികളുണ്ട്. പണ്ട് ആനയെ വീഴ്ത്താനുണ്ടാക്കിയതാണ്’’ – ആളുയരമുള്ള പുല്ല് വകഞ്ഞു മാറ്റി കുന്നു കയറുമ്പോൾ ബെന്നി പറഞ്ഞു. പണ്ടു കാലത്ത് ജന്മിമാർ താമസിച്ചിരുന്ന കുന്നാണത്ര ഓല കെട്ടി വാണ മല. ഓല കൊണ്ടുള്ള വീട് കെട്ടി അവിടെ ജന്മിമാർ വാണിരുന്നു എന്നാണ് പേരിനു പിന്നിലെ കഥ. തിരുനെറ്റിയും കൊട്ടത്തലച്ചിയും പോലെ നാടിന്റെ വേറിട്ട ആകാശക്കാഴ്ചയാണ് ഈ കുന്നും സഞ്ചാരികൾക്കായി ഒരുക്കുന്നത്.

തിരികെ വരുമ്പോഴാണ് മലഞ്ചെരിവിലെ മരങ്ങൾ ശ്രദ്ധിച്ചത്. സപ്പോട്ടയും റംബൂട്ടാനും വിളഞ്ഞു നിൽക്കുന്നു. കാലിത്തൊഴുത്തും മൺവഴികളും. അതിനടുത്തായി രണ്ടു കോട്ടേജുകൾ. ‘‘അനിലിന്റെ ‘പുകയൂണി’ ഫാം ഹൗസാണ്’’ – ബെന്നി പറഞ്ഞു. ജൈവകൃഷിയുടെ അത്യപൂർവ കാഴ്ചകളാണ് പുകയൂണിയിൽ ഒരുങ്ങുന്നത്. എഴുപത്തി രണ്ടിനം പഴങ്ങളും സീസണുകൾക്കനുസരിച്ചുള്ള പച്ചക്കറികളും ഇവിടെയൊരുങ്ങുന്നു. ജോസ് ഗിരിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികൾക്കായി കോട്ടേജുകളും ഇവിടെയുണ്ട്.

‘‘പൂർണമായും ജൈവകൃഷിയാണ് ഇവിടെ പിന്തുടരുന്നത്. അതിനനുസരിച്ച് വിളവും കിട്ടുന്നുണ്ട്. കൃഷി അടുത്തറിയാനും ജോസ് ഗിരിയുടെ കാഴ്ചകളാസ്വദിക്കാനുമായി എത്തുന്നവർക്ക് രാപാർക്കാനായി രണ്ടു കോട്ടേജുകളുമൊരുക്കി’’ – അനിൽ പുകയൂണിയെ കുറിച്ചു പറഞ്ഞു.

തേജസ്വിനിയിലെ റാഫ്റ്റിങ്

മലഞ്ചെരിവുകളും മഞ്ഞു മൂടിയ കവലയും കാഴ്ചയൊരുക്കുന്ന ഗ്രാമത്തിനു മറ്റൊരു വിശേഷം കൂടിയുണ്ട് – തേജസ്വിനി പുഴ. ബ്രഹ്മഗിരി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന ഈ പുഴ കാര്യങ്കോട് പുഴ എന്ന പേരിലും അറിയപ്പെടുന്നു. കണ്ണൂരിന്റെയും കാസർകോടിന്റെയും അതിരു തീർത്ത് കിലോമീറ്ററുകളോളം ഒഴുകുന്ന പുഴയ്ക്ക് മഴക്കാലത്ത് വേറിട്ട ഭംഗിയാണ്.

kannur3

പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ പുഴയുടെ സൗന്ദര്യം നുകരാൻ അപ്പോൾ മറ്റൊരു കൂട്ടരെത്തും – സാഹസിക സ ഞ്ചാരികൾ. കുതിച്ചൊഴുകുന്ന പുഴയിൽ ബോട്ടുകളിറങ്ങും. വിദേശികളും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സാഹസികപ്രിയരും ജോസ് ഗിരിയിലും പരിസരങ്ങളിലും തമ്പടിക്കും. ശാന്തമായി ചിരിച്ചും രൗദ്രഭാവത്തിൽ ഉറഞ്ഞുതുള്ളിയും ഒഴുകുന്ന തേജസ്വിനിയിൽ ഇരുപതു കിലോമീറ്ററോളം റാഫ്റ്റിങ് നടക്കാറുണ്ട്.

തേജസ്വിനിയുടെയും വർഷകാലത്ത് മീൻ തുള്ളിച്ചാടുന്ന മീൻതുള്ളി പുഴയുടെയും വിശേഷങ്ങൾ കേട്ടു നടക്കുന്നതിനിടെ നേരം പോയതറിഞ്ഞില്ല. സൂര്യൻ ചെഞ്ചായമണിഞ്ഞ് മലനിരകൾക്കിടയിൽ മുഖമൊളിപ്പിക്കാനൊരുങ്ങുന്നു. ജോസ് ഗിരി കവലയിൽ തണുപ്പ് പടർന്നിട്ടുണ്ട്. ‘‘ഇപ്പോൾ കുന്നിറങ്ങിയില്ലെങ്കിൽ ഇന്നിനി നിങ്ങളിറങ്ങില്ല. ഈ തണുപ്പിന് അങ്ങനെയൊരു മായിക ശക്തിയുണ്ട്’’ – ബെന്നി പറഞ്ഞു. പുകയൂണിയിലെ ‘മിറാക്കിൾ ഫ്രൂട്ട്’ രുചിച്ച് ജോസ് ഗിരിയുടെ കോടയിൽ മുഖം കഴുകി അന്തിയുറങ്ങാൻ കൊതി തോന്നിയെങ്കിലും വണ്ടി റിവേഴ്സ് ഗിയറിട്ടു. അല്ലെങ്കിലും, മടങ്ങാനുള്ള ട്രെയിൻ ടിക്കറ്റ് പലപ്പോഴും നല്ല സ്വപ്നങ്ങളിൽ നിന്ന് നമ്മളെ മുറിച്ചു മാറ്റാറുണ്ടല്ലോ...!

kannur4



എത്തിച്ചേരാൻ :കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് – കൂർഗ് റോഡ് വഴി 60 കിലോമീറ്റർ ദൂരം. 

കണ്ണൂർ – തളിപ്പറമ്പ് – ആലക്കോട് – ഉദയഗിരി – അരിവിളഞ്ഞപൊയിൽ വഴി ജോസ് ഗിരിയിലെത്താം. പയ്യന്നൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് ചെറുപുഴ – കോഴിച്ചാൽ – രാജഗിരി വഴിയെത്താം. 50 കിലോമീറ്ററാണ് പയ്യന്നൂരിൽ നിന്ന് ജോസ് ഗിരിയിലേക്കുള്ള ദൂരം. 

താമസ സൗകര്യത്തിനും മറ്റു വിനോദയാത്രാ സൗകര്യങ്ങൾക്കുമായി ബന്ധപ്പെടുക 9446835631– അനിൽ, പുകയൂണി ഫാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA