കുട്ടനാട് എന്ന ലോകാദ്ഭുതം

kuttanad-trip
SHARE

മൺസൂൺ മഴ ജലാശയങ്ങൾ സൃഷ്ടിക്കുന്ന കായൽ നിലങ്ങൾക്കും വേമ്പനാട്ട് കായലിനും വീട്ടുവളപ്പിലെ കുളങ്ങൾക്കും പറയാൻ ഏറെ മീൻകഥകളുള്ള ആലപ്പുഴയിലൂടെ...

നീല വാനം വീശിയെറിഞ്ഞ മഴയുടെ വലമണി കിലുക്കത്തിലായിരുന്നു കുട്ടനാട്.  ആലപ്പുഴ നിന്നും കായിപ്പുറം ശ്രീമൂലം കായലിലേക്കാണ് യാത്ര. മങ്കൊമ്പിൽ നിന്ന് പുളിങ്കുന്നിലേക്ക് മഴയെ മുറിച്ച് സുനുവിന്റെ സാൻട്രോ പമ്പയാർ കടക്കാൻ ഒറ്റവരിപ്പാലത്തിലേക്ക്. തിരുവിതാംകുർ രാജാവിന് പണം കടം കൊടുത്തിരുന്നു എന്നു പറയപ്പെടുന്ന മങ്കൊമ്പ് കിഴക്കേമഠം  സ്വാമിയുടെ ഇല്ലം ആളൊഴിഞ്ഞിട്ടും പ്രതാപിയായി തലയുയർത്തി നിൽക്കുന്നു. പമ്പയാറും മണിമലയാറും ചേർന്ന് കായൽ നിലങ്ങളെ നിറച്ച് കൈനകരി കുപ്പപ്പുറത്ത് വേമ്പനാട്ട് കായലിൽ ചേരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മീനുകൾ വളരുന്നതും പിടിക്കുന്നതും ഇൗ ജലാശയത്തിൽ നിന്നുമാണ്.

മഴ നടത്തം

കാറ്റും മഴയും ഉന്മാദ ന‍ൃത്തം ചവിട്ടുന്നു, കുട വെറും കാണി മാത്രമായി. ഒരുപ്പൂ കൃഷി കഴിഞ്ഞ ശ്രീമൂലം കായൽ (‌പാടശേഖരം) വലിയൊരു തടാകം പോലെ കണ്ണെത്താ ദൂരം പരന്നു  കിടക്കുന്നു. ക‍ൃഷ്ണക്കുറുപ്പ് തെറ്റാലിയുമായി  കായൽക്കരയിലെവിെടയോ ഉന്നം പിടിക്കുന്നുണ്ട്. വഴി പറഞ്ഞ അടയാളം : റോഡ് അസാനിക്കുന്നിടത്ത് മൂന്നു വരിയായിട്ട കമുകിൻ പാലം കടക്കണം . ശ്രീമൂലം തോടിന്റെ ഒാരം ചേർന്ന് ചിറയിലൂടെ നടപ്പ് തുടങ്ങി.  ചെമ്പരത്തിയും ഒതളവും അതിരിട്ട വീടുകൾ . കുട്ടനാടിന്റെ സ്വന്തം ബ്രീ‍‍ഡായ ചാര ചെമ്പല്ലി താറാവുകൾ അപരിചിതരെ കണ്ട് കറുകത്തലപ്പുകളിലേക്ക് ഓടി മാറുന്നു. വിരിഞ്ഞിറങ്ങിയ ലക്ഷണമൊത്ത കുഞ്ഞുങ്ങൾ .

kuttanad-trip1

തോട് വളയുന്നിടത്തുണ്ടെന്നാണ് ഫോണി ൽ പറഞ്ഞത്. വളവു നിവർന്നിട്ടും ആരെയും കാണുന്നില്ല, മഴയിൽ തളിർത്ത പച്ചയൊഴികെ. സൂക്ഷിച്ച് നോക്കിയപ്പോൾ ഉണങ്ങി വീണ തെങ്ങോല കുത്തി നിർത്തിയതിനു പിന്നിൽ കുലച്ച വില്ലുമായി നിൽക്കുകയാണ് വടക്കൻ പാട്ടിലെ പടക്കുറുപ്പിനെപ്പോലെ ചതുർഥ്യാകരി കുറുപ്പശേരിയിൽ ക‍ൃഷ്ണക്കുറുപ്പ് . കരയിലുടെ നടന്നു വന്ന ഞങ്ങൾ അടുത്തെത്തും വരെ കണ്ടില്ല, പിന്നെ വെള്ളത്തിലെ മീനുകളുടെ കണ്ണിൽപെടുമോ !

തെറ്റാലിയെന്ന യന്ത്ര വില്ല്

പ്രഹര ശേഷിയിൽ ഒരു വള്ളപ്പാട് ദുരെയാണ് തെറ്റാലിയിൽ നിന്നും പായുന്ന അമ്പ്. തോക്കിന്റെയും വില്ലിന്റെയും സാങ്കേതികതയും കൃത്യതയും ഒരുമിച്ചതാണീ ഉപകരണം. തേക്കിലോ പൂവരശിലോ ആണ് അലക് (പിടി) ഒരുക്കുന്നത്. പാളികളാക്കിയെടുത്ത കമുകും ഒപ്പം ചേർത്തു കെട്ടി വില്ലൊരുക്കും.

പോത്തിന്റെ കൊമ്പ് രാകിയാണ് കാഞ്ചി ഒരുക്കുന്നത്, അത് തന്നെ ഒരു ദിവസത്തെ ജോലിയാണ്. കുറ്റമറ്റ തെറ്റാലി  ഒരുക്കിയെടുക്കാൻ ദിവസം മൂന്നു നാലെടുക്കും...  തോക്കിന്റെ പാത്തി പോലാണ് തെറ്റലിന്റെ പിടി. ഇടം കൈകൊണ്ട് പിടിയിലും തള്ളവിരൽ കൊണ്ട് ട്രിഗറിലും പിടിക്കും. മറു കൈ കൊണ്ടാണ് ഉന്നം പിടിക്കുന്നത്. രാത്രിയിൽ ഒ റ്റക്കൈ കൊണ്ടിതെല്ലാം ചെയ്യണം, കാരണം തെളിഞ്ഞ ടോർച്ച് മറുകയ്യിൽ ഉണ്ടാകും. കഴുന്നും കോൽ എന്നാണ് അമ്പിനെ പറയുന്നത്,  വലിയ മീനിനെ കുടുക്കാനായി  കുറു നാക്കുളള അമ്പ് ഉപയോഗിക്കും .

വില്ലിനോട് നൂൽ കൊണ്ട് അമ്പ് കെട്ടിയിരിക്കും. ഒരു കോലോളം പോന്ന അമ്പ് കമുകിലാണ് ഒരുക്കുന്നത്. മീനിന്റെ കുഞ്ചിക്കുഴി (നിറുക) ലക്ഷ്യമാക്കിയാണ് തെറ്റുന്നത്. വരാലും ചേറുമീനും  കരിമീനുമൊക്കെയാണ് തെറ്റിയെടുക്കുന്നത്.

കുട്ടനാട് എന്ന ലോകാദ്ഭുതം

ലോകത്തിനു മുന്നിൽ കുട്ടനാടൊരുക്കുന്ന അദ്ഭുതമാണ് സമുദ്ര നിരപ്പിനും താഴെയുള്ള നെൽക്ക‍ൃഷി. ഭൂമിയിൽ കുട്ടനാട്ടിലും ഹോളണ്ടിലും മാത്രമുള്ള പ്രതിഭാസം. ടുളിപ്, ഓർക്കിഡ് പൂക്കളാണ് അവിടെ വിരിയുന്നതെങ്കിൽ നെൽച്ചെടികളാണ് ഒരു ജനതയെ ആകെ ഉൗട്ടി വയർ നിറയ്ക്കുന്നത്. ബോട്ട് യാത്രയിൽ കാണാം കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ രണ്ടാൾ താഴ്ച്ചയിൽ നെല്ലു വിളയുന്നത്.

കൈനകരി പൊങ്ങ പൂപ്പള്ളി കായലിൽ നിന്നും പെട്ടിയും പറയും കൊണ്ട് വെള്ളം വറ്റിക്കുകയാണ്. ജിതിനും അഭിലാഷും. പെട്ടിയും പറയും ഉറപ്പിച്ച ചിറയിൽ നിന്ന് ഒരേ താളത്തിൽ വല വീശുകയാണ്. ഉൗത്ത പിടുത്തമാണ്, കരയിൽ പരലുകളും ചില്ലാനും മറ്റും പിടയ്ക്കുന്നു. പിന്നിലായി പന്ത്രണ്ടടിയോളം താഴ്ച്ചയിൽ വ യൽ, ഇരുപ്പു ക‍ൃഷിയാണ് പച്ച ഞാറുകൾ കിളിർത്തു പൊങ്ങിയിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടിയുടെ വീടു വഴിയുള്ള റോഡ്. നേരെ ചെന്നു കയറിയത് എ.സി. റോഡിൽ കൈനകരി കവലയിലേക്ക്.

കരിമീനുമായി മുഖാമുഖം

ആര്യാട് മണാപറമ്പിൽ കെ.സി. ശ്യാംലാൽ ഒരു അത്ഭുതമാണ്. സിംഹത്തെ മടയിൽപ്പോയി വേട്ടയാടുന്നു എന്നപോലെ കരിമീനിനെ തടത്തിൽ പോയി പിടിക്കുന്നതാണ് ശ്യാമിന്റെ ഹോബി.  അതും  തടം വച്ച മീനുകളെ മൂന്നാൾ താഴ്ച്ചയിൽ മുങ്ങാം കുഴിയിട്ട് കണ്ടെത്തി.

kuttanad-trip7

 ശ്യാമിന്റെ രീതി ഇതാ ഇങ്ങനെ:  നല്ല വെയിലു വേണം. പുന്നമടയിൽ കരിമീൻ മുട്ടയിട്ട് വിരിഞ്ഞ് നിൽക്കുന്ന തടത്തിലേക്ക് മുങ്ങിച്ചെല്ലും. ചെത്തുകാർ കുലയിൽ തേക്കുവാൻ എടുക്കുന്ന തരം ചെളിയുള്ള ഇടത്താണ് കരിമീനുകൾ തടം ഒരുക്കുന്നത്. കൈത്തണ്ടിൽ കെട്ടിയ ഒരടി ടങ്കീസും കൊളുത്തുമാണ് ആയുധം. ശ്യാമും കരിമീനുകളും നേർക്കു നേർ വരും.

മീനുകൾ കയ്യിലും ശരീരത്തിലുമൊക്കെ വന്ന് കൊത്തി അടുപ്പം സ്ഥാപിക്കും. കണ്ണിനു നേരെ വരുന്നതിനെ കൈ കൊണ്ട് അ ടിച്ചു മാറ്റും, അല്ലെങ്കിൽ കണ്ണ് തന്നെ കൊത്തിപ്പോകും! നടുവിരലിനും ചൂണ്ട് വിരലിനും ഇടയിലായി ഒളിപ്പിച്ച കൊളുത്തിട്ട് വായ് പൊളിച്ച് വരുന്ന മീനിനെ കുടുക്കും. ഇതിനെ അരയിൽ കെട്ടിയ കയറിലേക്ക് സൂചിയിൽ കോർക്കുന്നതോടെ ശ്വാസമെടുക്കാൻ ഒന്നു പൊങ്ങും. പത്തു മിനിറ്റിലേറെ നേരം വെള്ളത്തിനടിയിൽ കിടക്കാനാവുമെന്ന് ശ്യാം പറയുന്നു. കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് എണ്ണയുമായി ബാർജുകൾ പോകുന്ന  ദേശീയ ജല പാതയാണിത്.  മുകളിലൂടെ വഞ്ചി വീടുകളും ബോട്ടുകളും  പോകും അപ്പോഴും ജാഗ്രതയോടെ അടിത്തട്ടിൽ നിലയുറപ്പിക്കണം.

ആലപ്പുഴയുടെയും കോട്ടയത്തിന്റെയും ഉദരത്തിൽ ജനിച്ച പോലെ വേമ്പനാട്ട് കായൽ പതുങ്ങിക്കിടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ത‍ടാകം ഉൾനാടൻ മത്സ്യ ബന്ധന മേഖലയുടെ ജീവ നാ‍‍‍‌ഡിയാണ്. അച്ചൻ കോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ എന്നീ പ്രധാന നദികളൊക്കെ ഒഴുകിയെത്തുന്നത് വേമ്പനാടിന്റെ മടിയിലേക്കാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ തീര പ്രദേശങ്ങളെ ജല സമ‍ൃദ്ധമാക്കുന്നതൊപ്പം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധിയും നൽകുന്നു വേമ്പനാട്ട് കായൽ.

നടുക്കായലിലെ ഉൗന്നു വലക്കാർ

അരൂർ – കുമ്പളം പാലം കടക്കുമ്പോഴോ ബോട്ട് യാത്രയിലോ കായലിൽ നിരയായി നിശ്ചിത അകലത്തിൽ നിൽക്കുന്ന കുറ്റികൾ കണ്ടിട്ടുണ്ടോ? കമുകിലും തെങ്ങിലും കാണുന്ന ഉൗന്നി വല അഥവാ ഉൗന്നിക്കുറ്റികൾ പൈതൃകമായി കിട്ടുന്നതാണ്. വിൽക്കുകയും പാട്ടത്തിനെടുക്കുകയും ചെയ്യാവുന്ന ഒന്ന്. കായലിന്റെ അടിത്തട്ടിൽ താഴ്ത്തിയ കുറ്റികളാണിവ . 11 പാകം കയറിൽ കെട്ടുന്ന വലയാണിതിൽ  ഉറപ്പിക്കുന്നത്. ഇരു കൈകളും വിടർത്തിയാലെത്തുന്ന അകലമാണ് ഒരു പാകം. ഒത്ത ഒരാളുടെ ഉയരമാണിത്. വേലി ഇറക്കത്തിലാണ് വല കെട്ടുന്നത്. അഞ്ച് മീറ്ററാണ് വല കെട്ടുന്ന കുറ്റികളുടെ അകലം. ഇറക്കിൽ ഒഴുകിയിറങ്ങുന്ന ചെമ്മീനുകളെയാണ് ലക്ഷ്യമിടുന്നത്.

kuttanad-trip6

നാലു മണിക്കുറാണ് ഇറക്കം ശക്തമായി നിൽക്കുന്ന തക്കം. അതിനുള്ളിൽ വല കെട്ടുകയും അഴിക്കുകയും വേണം. പേമാരിയോ ഇടിവെട്ടോ മിന്നലോ എന്തായാലും അതിനൊരു മാറ്റമുണ്ടാവില്ല. തക്കത്തിന് വലയെടുത്താലെ കോളുണ്ടാവൂ. ഇല്ലെങ്കിൽ മീനുണ്ടാവില്ലെന്ന് മാത്രമല്ല ഒഴുക്ക് നിലച്ച് നിലത്ത് മുട്ടുന്ന വലയിലെ ചെറു മീനുകളെ തിന്നാനെത്തുന്ന ഞണ്ടുകൾ കടിച്ച് വല കേടാക്കും. വേമ്പനാട്ട് കായലിൽ അരൂക്കുറ്റി മുതൽ തണ്ണീർമുക്കം വരെയുള്ള ഭാഗത്ത് ആറ് മാസക്കാലമേ വല കെട്ടാനാവൂ . തണ്ണീർ മുക്കം ബണ്ട് തുറക്കുമ്പോഴാണ് അപ്പുറത്തുള്ള മീനുകളൊക്കെ ഇറക്കത്തിലിങ്ങ് പോരുന്നത്. പാണാവള്ളി അഞ്ചു തുരുത്ത് പ്രകാശ മന്ദിരത്തിൽ പ്രകാശനും പുതുവൽ സുബ്രമണ്യനെന്ന ഷാജിയും  വേമ്പനാട്ട് കായലിലെ ഉൗടുപുഴപ്പാടിലാണ് വല കെട്ടുന്നത്. പ്രകാശൻ  24 വർഷമായി വല കെട്ടുകാരാണ്. തെള്ളിച്ചെമ്മീനാണ് കൂടുതൽ വലയിൽ കയറുന്നത് .

കക്കാ ഇറച്ചിയെന്ന കാത്സ്യം ഗുളിക

പാണാവള്ളി പഞ്ചായത്തിലെ അഞ്ചു തുരുത്ത് പേരു പോലെ അഞ്ച് ചെറു ദ്വീപുകളാണ്.  അഞ്ചു തുരുത്ത് , കൊച്ചുകരി ,  മൈലം തുരുത്ത് , അഞ്ഞിലി തുരുത്ത് , കൊളത്തുരുത്ത് എന്നിവിടങ്ങളിലെ 108 വീടുകളിലെ എട്ട് വീട്ടുകാരൊഴികെ എല്ലാവരും ജീവിതോപാധി കണ്ടെത്തുന്നത് വേമ്പനാട്ട് കായലിൽ നിന്നാണ്,  കക്കാ വാരിയും മീനും  ഞണ്ടും പിടിച്ചുമൊക്കെ അവർ വേമ്പനാടിന്റെ മക്കളാവുന്നു. പുതുവൽ സുബ്രമണ്യൻ കൊല്ലി കൊണ്ട് കക്കാ വാരുകയാണ്. എഴ്– എട്ട് കോൽ നീളമുള്ള മുളയിലാണ് കൊല്ലി ഉറപ്പിക്കുന്നത്. രണ്ടടി നീളവും മുക്കാൽ അടി വീതിയുമുള്ള ഇരുമ്പ് ഫ്രെയിമാണ് കൊല്ലി. ഇതിന്റെ അടിയി ൽ താഴ്ന്നു നിൽക്കുന്ന പല്ലുകളുണ്ടാകും. പിന്നിലേക്ക് കൂട് പോലെ ഒരു മീറ്ററോളം വല കെട്ടിയിടും.

കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അമർത്തി വലിക്കുമ്പോൾ ചെളിയും കക്കയും വലയ്ക്കുളിലേക്ക് കയറും. പൊക്കിക്കൊണ്ടു വന്ന് വെള്ളത്തിൽ ഉലർത്തിയെടുത്ത് കക്കാ വള്ളത്തിലേക്ക് പകരും.  വെള്ളത്തിൽ മുങ്ങിപ്പോയി കക്കാ വാരുന്നവരുമുണ്ട്. കക്കാ വാരൽ ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന തൊഴിലാണ്. വെള്ളത്തിൽ വലിയ സഞ്ചാരമൊന്നുമില്ലൊതെ കിടക്കുന്നവരാണ് കക്കകൾ. ഒഴുക്കനുസരിച്ചാണ് കൊല്ലി വലിക്കുന്നത് .

വാരുന്ന കക്കാ പുഴുങ്ങിയെടുത്താൽ 400 രൂപയുടെ ഇറച്ചികിട്ടും , കുമ്മായം നീറ്റാനെടുക്കുന്ന കക്കാത്തോട് 300  രൂപയ്ക്കുണ്ടാകും. തോട് അധ്വാനത്തിനു കിട്ടുന്ന ബോണസാണിതെന്ന് ഷാജി.  തേങ്ങായും ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചതച്ച് വെളിച്ചെണ്ണയിൽ വയ്ക്കുന്ന കാത്സ്യ സമ്പുഷ്ടമായ കക്കാ ഇറച്ചിയുടെ രുചി ഇപ്പോഴും നാവിലുണ്ട്.

ഞെക്കുവിളക്കുമായി കോട്ടയംകാരൻ

കോട്ടയത്തു നിന്ന് പുഞ്ചിരി ബോട്ടിൽ 77 വർഷം മുമ്പൊരു മഴക്കാലത്ത് നിലാവു പോലൊരു വെളിച്ചവുമായി പനച്ചിമ്മൂട്ടിൽ അബു ഹനീഫ– എന്റെ മുത്തഛൻ, പൂച്ചാക്കൽ വന്നിറങ്ങി.. കോട്ടയത്തെ – കൊച്ചിയുമായി ബന്ധിപ്പിച്ചിരുന്ന പുഞ്ചിരി ബോട്ട് സർവീസാണ് അന്നത്തെ പ്രധാന യാത്രാ മാർഗം. മണ്ണെണ്ണ വിളക്ക് ഇരുട്ടകറ്റിയ നാട്ടിലേക്ക് ആദ്യമായി ഞെക്കുവിളക്കെന്ന ടോർച്ചുമായി വന്നയാൾ താരമായി.  നാട്ടുവഴിയിലെ ടോർച്ച് വെട്ടം ഗ്രാമത്തിലൊരു അത്ഭുതമായി.

kuttanad-trip-4

രാത്രിയിൽ കൊഞ്ചിനെ വീശാനും ഉൗത്ത പിടിക്കാനും പിന്നെ ആറു ബാറ്ററിയുടെ എവറെഡി ടോർച്ചായി വഴികാട്ടി. മമ്മിമേത്തറെന്ന ഭാര്യാ പിതാവിനും അബ്ദുൽ ഖാദറെന്ന അളിയനും പിന്നെ, ഷാഹുൽ ഹമീദെന്ന മകനുമൊപ്പം കോട്ടയംകാരൻ മഴയത്തു മീൻ പിടിക്കാനിറങ്ങി. കോടവേലിച്ചിറയിൽ മഴ നിറയുമ്പോൾ തോട്ടിൽ എത്തുന്ന മീനുകൾ പിടിക്കും, ആറവേലിച്ചിറ തൊട്ട് 10 മീറ്റർ ഇടവിട്ട് തേങ്ങാപ്പിണ്ണാക്ക് ഇട്ടു വച്ച് നടന്ന് തിരികെ വന്നു വീശുമ്പോൾ കൊഞ്ചും കരിമീനുമൊക്കെ വലയിൽ.

കുളം കലക്കി വരാൽ പിടുത്തം

വേനൽ അവധിക്കാലത്ത് പൂച്ചാക്കൽ ഓടമ്പള്ളിയിൽ ഞങ്ങളുടെ പ്രിയ വിനോദമായിരുന്നു കുളം വറ്റിക്കൽ. ഇതിനായി അവധിയെടുത്ത് വരാാാൽ... എന്നുനീട്ടി വിളിച്ചെത്തുന്ന എൻജിനീയറിങ് കോളജ് അധ്യാപകൻ രാജേഷും  ഹൈക്കോടതി ജീവനക്കാരനായ അനുജൻ റഫിയും എസി മെക്കാനിക്കായ സുനിൽകുമാറും ഇലക്ട്രീഷ്യൻ രാജനും എല്ലാം ‍ചേർന്നാണ് കുളം വറ്റിക്കുന്നത്.  ഇതിനായി അഞ്ച് എച്ച്പിയുടെ പമ്പ് സെറ്റും വാങ്ങി. ചെളി വറ്റിച്ചപ്പോൾ കിട്ടിയത് വരാലുകളും കാരിയും  മുഷിയും അണ്ടികള്ളിയെന്ന കല്ലടയും.

kuttanad-trip5

ഒരു ഉരുളി നിറയെ മീനായി. ജീവനുള്ള വരാലിന് കിലോ 700 രുപയാണ് ചേർത്തല മാർക്കറ്റിലെ വില. ആഹ്ലാദത്തോടെയാണ് വലിയ വരാലിനെ ഉയർത്തി വീട്ടിലേക്ക് ചെന്നത്, കണ്ടയുടനെ അമ്മച്ചിയുടെ ഓർഡർ, ‘വയറ്റിലുള്ളതാണ്, കുളത്തിലേക്കു വിട്ടേക്ക്!’, സങ്കടത്തോടെ അതിനെ വീട്ടുവളപ്പിലെ വരാലുകളെ മാത്രം വളർത്തുന്ന കുളത്തിലേക്ക് വിട്ടു. ബാക്കി വരാലുകളെ ബിരിയാണിയാക്കാനും കാരി അച്ചാറിടാനും തീരുമാനമായി. ഒാർക്കുക, അച്ചാറ് എടുക്കാനുപയോഗിക്കുന്ന പാത്രങ്ങളും സ്പൂണും ഇൗർപ്പമില്ലാത്തതാവണം. ചില്ല്, സിറാമിക് പാത്രങ്ങളിലാണ് അച്ചാർ സൂക്ഷിക്കേണ്ടത്. ഇൗർപ്പം തട്ടാതിരുന്നാൽ ഒരു വർഷത്തിനു മേൽ കേടാകില്ല. പക്ഷേ, നാവിലെ രുചിക്കുട് അതിനു സമ്മതിക്കുമോ...!!! •

കാരി അച്ചാർ

kuttanad-trip3

കാരി വെട്ടിക്കഴുകിയത് – 500 ഗ്രാം

വെളിച്ചെണ്ണ – 250 ഗ്രാം

അച്ചാർപ്പൊടി – 100 ഗ്രാം

വെളുത്തുള്ളി –100 ഗ്രാം

കാന്താരി – 50 ഗ്രാം

മുളക് പൊടി – 50 ഗ്രാം

മഞ്ഞൾപ്പൊടി – 50 ഗ്രാം

കടുക് – അര ടീ സ്പൂൺ

ഉലുവ – അര ടീ സ്പൂൺ

വിനാഗിരി – 50 മില്ലി

ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

കാരി വെട്ടിയത് കഴുകിയെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കണം. ഇത് ഉപ്പ് , മുളക് മഞ്ഞൾ –  പൊടികൾ പുരട്ടി അര മണിക്കൂർ വയ്ക്കണം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മീൻ വറുത്ത് കോരണം. ബാക്കി എണ്ണയിൽ കടുകും ഉലുവയും പൊട്ടിച്ച ശേഷം വെളുത്തുള്ളി അല്ലികളും കാന്താരിയും ഇട്ട് മൂപ്പിക്കണം. ഇതിലേക്ക് മീൻ ചേർത്ത ശേഷം വറുത്തു വെച്ച അച്ചാർപ്പൊടിയും ഉപ്പും ചേർത്തിളക്കണം. ചുടാറുമ്പോൾ വിനാഗിരി ചേർത്ത് ഉപയോഗിക്കാം.

പാചകക്കുറിപ്പ്

പി.എ. മറിയം ബീവി,

ഷാലിമാർ

പൂച്ചാക്കൽ ,

ചേർത്തല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA