എലിവാലും ആനക്കല്ലും, മിസ് ചെയ്യല്ലേ മലമ്പുഴയിലെ ഈ കാഴ്ചകൾ

515451653
SHARE

സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ടൂർ പോകുന്ന സ്ഥിരം സ്ഥലങ്ങളിൽ ഒന്നാണ് മലമ്പുഴ മലയാളിയ്ക്ക് അത്ര സുപരിചിതമാണിയിടം. കുടുംബവുമൊത്തുള്ള യാത്രയെങ്കിൽ അതിൽ ഒരു ഓപ്‌ഷൻ മലമ്പുഴ ഡാം തന്നെയാകും.

Malampuzha-elival-
മലമ്പുഴ എലിവാൽ

പലരും മലമ്പുഴയെ തേടിയെത്തുന്നത് ഡാമിനെയും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളെയും ഉദ്ദേശിച്ചു മാത്രമാണ്. റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സ്നേക്ക് ഗാർഡൻ, ഇത്തിരി കൂടി സാഹസികത ഇഷ്ടമുള്ളവരാണെങ്കിൽ റോപ് വേ... അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് മലമ്പുഴയിലെ സ്ഥിരം കാഴ്ചകൾ. മലമ്പുഴ അവിടം കൊണ്ട് അവസാനിക്കുന്നുണ്ടോ? പതിവ് കാഴ്ചകൾക്കപ്പുറത്തേയ്ക്ക് മലമ്പുഴയെ തൊട്ടറിയാൻ എത്തുന്നവർ കുറവാണ്,  അറിയാൻ നിന്നാൽ ചങ്കിൽ ഒരു തണുത്ത ഐസ് കട്ട വീഴുന്ന പ്രതീതി അവശേഷിപ്പിച്ചു മലമ്പുഴ എന്നെന്നേയ്ക്കുമായി പ്രിയമുള്ള യാത്രാ ലിസ്റ്റിൽ ഇടം പിടിക്കും.

515452517

മഴ നനയണം എന്ന മോഹവുമായി പാലക്കാടേക്ക് നിധിയൊടൊപ്പം വണ്ടി കയറുമ്പോൾ എന്തൊക്കെയോ അശരീരികൾ കേട്ടിരുന്നു, നാട്ടിലെങ്ങും മഴ ഇല്ലാഞ്ഞിട്ടാണോ അങ്ങ് പാലക്കാട് പോയി മഴ നനയുന്നത്? ഒന്നുമല്ല, യാത്രകളാണ്, മഴക്കാലമാണ്, ഇഷ്ടമുള്ള ആളോടൊപ്പമാണ്... പഴയ യാത്രകളുടെ ഓർമ്മപുതുക്കലാണ്...

നിധിയുടെ സുഹൃത്ത് ഷിജു ഞങ്ങൾക്കൊപ്പം തന്നെ മലമ്പുഴയിൽ എത്തിയിരുന്നു. യാത്രയുമായി ബന്ധപ്പെട്ട കുറെ ചങ്ങാതിമാരുണ്ട് അല്ലെങ്കിലും നിധിയ്ക്ക്. നിധി ശോശ കുര്യൻ എന്ന പെൺ പുലി അല്ലെങ്കിലും അറിയപ്പെടുന്ന ട്രാവലറാണ്, സോളോ ബൈക്ക് റൈഡറും. നിധിയുടെയും ഷിജുവിന്റെ ഒപ്പം മലമ്പുഴ കണ്ടു തീർക്കുമ്പോൾ ഭക്ഷണത്തിനുള്ള വിളി വന്നു തുടങ്ങി. ഒരാൾ കൂടി ഞങ്ങൾക്കിടയിലേയ്ക്ക് വന്നു ചേരാനുണ്ട്, ശ്രീജിത്ത് കുട്ടൻ എന്ന കുട്ടേട്ടൻ, പാലക്കാടിന്റെ അകവഴികളെ കൈരേഖകൾ പോലെ തൊട്ടറിഞ്ഞ സഞ്ചാരി. ഒരു ഭ്രാന്തൻ പക്ഷി നിരീക്ഷകൻ, ഫോട്ടോഗ്രാഫർ. 

Malampuzha2
മലമ്പുഴ കാഴ്ചകൾ

വൈകാതെ ശ്രീജിത്ത് കുട്ടൻ എന്ന കുട്ടേട്ടനും വന്നു ചേർന്ന്, അതോടെ മലമ്പുഴ എന്ന യാത്രയിലേയ്ക്ക് പുതിയ കുറെ പേരുകൾ വന്നു ചേർന്നു, ഇതുവരെ കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത പേരുകൾ.

Malampuzha3

"നമുക്ക് നേരെ ആദ്യം എലിവാൽ പോകാം. അതുകഴിഞ്ഞു ആനക്കല്ല്. രണ്ടും പോകേണ്ട സ്ഥലങ്ങളാണ്. മഴക്കോളുണ്ട്, മഴ നനയാൻ തയ്യാറാണെങ്കിൽ പൊളിക്കാം", കുട്ടേട്ടന്റെ വാക്കുകൾ കേട്ട് രണ്ടും കല്പിച്ചിറങ്ങി. ഡാമിന്റെ പുറകിൽ റോപ് വെയിലേയ്ക്ക് കയറുന്ന വഴിയുടെ മുന്നിൽ കൂടി നീണ്ടു കിടക്കുന്ന റോഡിൽ കൂടി നാല് പേരുള്ള ബൊലേറോ പാഞ്ഞു. അപ്പോഴേയ്ക്കും മഴയ്ക്കുള്ള കലമ്പലുകൾ ആകാശം തുടങ്ങിയിരുന്നു. വിശപ്പിന്റെ വിളിയിലേയ്ക്ക് താഴ‍‍‍‍‍‍‍്‍‍വാരം എന്ന ചെറിയ വീട് കം ഹോട്ടലിലെ കപ്പയും കറിയുമെത്തി.  വീടിന്റെ മുറ്റത്തെന്ന പോലെ കഴിക്കുമ്പോൾ മുന്നിൽ നീളത്തിൽ പച്ചപ്പ്... ഇടയ്ക്ക് പേരറിയാത്ത പക്ഷികൾ, മയിലുകൾ...

എലിവാൽ -പേര് കേൾക്കുമ്പോൾ കൗതുകം തോന്നും. സംഭവം മലമ്പുഴയിൽ നിന്ന് മുപ്പതു കിലോമീറ്ററോളം അകലെയാണ്. രണ്ടു പുഴയുടെ മധ്യത്തിൽ എലിവാലു പോലെ കിടക്കുന്ന പ്രദേശമായതുകൊണ്ടാണ് അങ്ങനെ ഒരു പേര് വന്നതെന്നാണ് ഐതിഹ്യം പറയുന്നത്. റോഡിൽ നിന്നും വണ്ടി മെല്ലെ മണ്ണ് കൊണ്ട് വെട്ടിയ വഴിയിലേക്കിറങ്ങുമ്പോൾ ഇതെവിടേയ്ക്കാണ് എന്ന ചോദ്യം ബാക്കിയായി. ചെറിയൊരു തോട് മുറിച്ചു വണ്ടി കടന്നപ്പോൾ ചെന്നെത്തിയത് പരന്നു കിടക്കുന്ന പുൽത്തകിടിയിലേയ്ക്ക്. അപ്പോൾ അങ്ങ് ദൂരെ മഴ പെയ്തു തുടങ്ങിയിരുന്നു. അകലെ പെയ്യുന്ന മഴയുടെ ശബ്ദം കേട്ട് , കണ്ടു അത് ആസ്വദിച്ചു നിൽക്കുക... നേർത്ത ഒരു വെളുത്ത മറ പോലെ കാഴ്ചകളെ മറച്ചു കൊണ്ട് മഴ ഇങ്ങനെ പെയ്യുക! അതൊരു അനുഭൂതിയാണ്... 

നിറങ്ങളുടെ അപൂർവ്വമായ ചേർന്നിരിക്കൽ ഒരുക്കിയ പ്രകൃതി ക്യാമറക്കണ്ണുകളിലേയ്ക്കും ഹൃദയത്തിലേയ്ക്കും ആവാഹിച്ചു നേരെ യാത്ര ആനക്കല്ലിലേയ്ക്ക്. അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. പിന്നീടുള്ള യാത്രയിൽ മുഴുവൻ ജീപ്പിന്റെ സൈഡ് ഗ്ളാസ് പോലും ഉയർത്താതെ അലച്ചു വീഴുന്ന മഴ മുഴുവൻ ഉടലിലേയ്ക്ക് നനച്ചു പെയ്യാൻ അനുവദിച്ചു കൊണ്ടേയിരുന്നു!

Malampuzha4

വീണ്ടും മലമ്പുഴ ഡാമിന്റെ മുന്നിൽ എത്തിയിട്ട് വേണം, കവ ദ്വീപ് ഉൾപ്പെടെയുള്ള ആനക്കല്ല് ഭാഗത്തേയ്ക്ക് പോകാൻ. മലമ്പുഴ ഡാം കടന്നു പോകുന്തോറും ഇടയ്ക്ക് മഴ, ചാറ്റലായി മാറിയും നിലച്ചും വീണ്ടും ആർത്തു പെയ്തും ഭ്രമിപ്പിച്ചു കൊണ്ടിരുന്നു. കവയിൽ എത്തിയപ്പോൾ മഴയില്ല, പക്ഷെ മേഘങ്ങളിൽ നിന്നിറങ്ങി വരുന്ന അദ്‌ഭുത പ്രകാശം ഭൂമിയെ മെല്ലെ തൊടുന്നു. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. മഴ മേഘങ്ങൾ കവയുടെ ആകാശത്തിനു മീതെ പരന്നു കിടക്കുന്നു, മേഘങ്ങൾക്കിടയിലൂടെ വെള്ളി വെളിച്ചം ആകാശത്തെ കീറി താഴേയ്ക്ക് ഒഴുകിയെത്തുന്നു. മൊബൈലിലും ക്യാമറയിലും ദൃശ്യമെടുക്കാൻ സഞ്ചാരികൾ മത്സരിക്കുന്നതിൽ തെറ്റ് പറയാനാകില്. 

പോകുന്ന വഴിയിൽ മമ്മൂക്ക ചിത്രം മൃഗയ ഷൂട്ട് ചെയ്ത വീട് ഇപ്പോഴും നീല ടാർപ്പ കൊണ്ട് മൂടി ദൂരെ കാണാം. അവിടെ ഇപ്പോഴും പുലിയിരികുന്നുണ്ടാകുമോ?

"ഇവിടെ ഇപ്പോഴും പുലിയിറങ്ങാറുണ്ട്. ഇടയ്ക്ക് അതാ, അവിടെയുള്ള ആ മലയുടെ മുകളിൽ കാണാം. പക്ഷെ അത് ആരെയും ഒന്നും ചെയ്തതായി കേട്ടിട്ടില്ല", കുട്ടേട്ടൻ പുലി ചരിത്രം പറഞ്ഞതിന് ശേഷം മരങ്ങൾക്കിടയിലും വള്ളികൾക്കിടയിലും പാറകൾക്കപ്പുറവും വെറുതെ പുലിയെ തിരയാൻ തുടങ്ങി. പോകുന്ന വഴിയിൽ തന്നെയാണ് "കന്മദം" സിനിമയിലെ മഞ്ജു വാര്യരുടെയും മലയുടെയും വീട്. പക്ഷെ ആ രണ്ടു വീടുകളും അവിടെയില്ല, പാറയ്ക്കു മുകളിലേയ്ക്ക് ചൂണ്ടി അത് ഇവിടെയായിരുന്നു എന്നടയാളപ്പെടുത്താം, അത്രമാത്രം!

ആനക്കല്ലിലേക്കുള്ള വഴിയിൽ കുറെയേറെ ചെല്ലുമ്പോൾ വീണ്ടും പച്ചപ്പ്, മണൽ തിട്ടകൾ കടന്നു വണ്ടി മുകളിലേയ്ക്ക് കയറുമ്പോൾ താഴെ മലമ്പുഴ ഡാമിന്റെ വെള്ളം അതിന്റെ അതിർ തിട്ടകളിൽ വന്നിടിച്ചു നിൽക്കുന്നു. ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്ക് ഒരിടമുണ്ട്. ഓരോന്നിനും ഓരോ നിറങ്ങളായിരിക്കാം. പ്രത്യേകിച്ച് മഴ പെയ്യാൻ കാത്തു നിൽക്കുന്ന പ്രകൃതിയ്ക്ക് വരുന്നെങ്കിൽ വൈകുന്നേരത്തിനും സന്ധ്യയ്ക്കും ഇടയ്ക്കുള്ള സമയത്തു തന്നെ ഇവിടേയ്ക്ക് വരണം . ആകാശം നേരിട്ട് മനുഷ്യന്റെ കണ്ണുകൾക്ക് മുന്നിൽ നിറങ്ങളുടെ മാജിക്ക് കാണിക്കുന്നത് കാണാം . മണൽതിട്ടയിലിരുന്നു സൊറ പറയാനും പ്രണയം പങ്കു വയ്ക്കാനും തൊട്ടപ്പുറത്തു കുറെ മനുഷ്യരുണ്ടായിരുന്നു. അധികമൊന്നും മിണ്ടാനാകാതെ ,പ്രകൃതിയോടലിഞ്ഞു കുറെയേറെ നേരം ആ ദൃശ്യഭംഗിയിൽ നിന്ന് പോയി. 

ആനക്കല്ലും കവയും എലിവാലുമൊക്കെ എന്തെങ്കിലും കാഴ്ചകൾ  തിരഞ്ഞു വരുന്ന ടൂറിസ്റ്റുകൾക്കുള്ള ഇടങ്ങളല്ല . അവ അപാരമായ ഹൃദയാനന്ദം തരുന്ന, സഞ്ചാര ലക്ഷ്യം പൂർത്തിയാക്കുന്ന ഗ്രാമഭംഗികളാണ്. അവിടെ മറ്റൊന്നും നിങ്ങൾക്ക് ലഭിക്കില്ല,  ലഭിക്കുന്നതാകട്ടെ മറ്റെങ്ങു നിന്നും ലഭിക്കുന്നതുമല്ല. ശക്തിയായ കാറ്റാണ് ആനക്കല്ലിൽ സഞ്ചാരിയെ കാത്തിരിക്കുന്നത്. വെള്ളത്തിലേക്ക് ചീറിയടിക്കുന്ന കാറ്റിന്റെയും ഓളങ്ങളുതിർക്കുന്ന പുഴയുടെയും ശബ്ദങ്ങൾ ഒന്നിച്ചു വരുമ്പോൾ ഒരു മഹാ യുദ്ധം കോപ്പ് കൂട്ടുന്നത് പോലെ തോന്നും. ശംഖ് നാദം മുഴങ്ങുന്നു, കുതിരപ്പട അടുത്തെത്തുന്നു, ഉറുമി കൊണ്ട് വീശിയടിക്കുന്നു.

കണ്ണ് തുറക്കുമ്പോൾ പരന്നു കിടക്കുന്ന വെള്ളവും മണല്‍തരികളും പിന്നെ കാറ്റും. അത് ആസ്വദിക്കാൻ തന്നെ ആനക്കല്ലിൽ വരണം. തിരികെ വണ്ടിയെടുക്കുമ്പോൾ വട്ടമിട്ടു പറന്ന് നിലവിളിക്കുന്ന കിളിയെക്കണ്ടു, 

"അത് ഇവിടെ കള്ളിന്റെ ഒപ്പമാണ് മുട്ടയിടുക, കള്ളിന്റെ അത്ര തന്നെ വലിപ്പത്തിൽ. മുട്ട നശിപ്പിക്കുമോ എന്ന് ഭയന്നാണ് അതിങ്ങനെ വണ്ടിയുടെ ചുറ്റും ഒച്ചയിട്ട് പറക്കുന്നത്" , കുട്ടേട്ടൻ പക്ഷിയെ വിശദീകരിച്ചു. ഞങ്ങൾ വിട്ടു പോയപ്പോഴേക്കും ആ കുഞ്ഞു പക്ഷി ഒരിടത്തു വന്നിരുന്നു കൊക്കുരുമ്മുന്നത് കണ്ടു. കുട്ടേട്ടന്റെ ക്യാമറയിൽ എടുത്ത പക്ഷി കുഞ്ഞുങ്ങളുടെ പടം കണ്ടു. കള്ളിന്റെ അത്ര തന്നെ വലിപ്പമുള്ള പക്ഷി കുഞ്ഞുങ്ങൾ... അവയുടെ അമ്മപ്പക്ഷി... പ്രകൃതി എന്തൊക്കെയാണ് അവയിൽ ഒതുക്കി കൂട്ടി വച്ചിരിക്കുന്നത്!

Malampuzha2

തിരികെയുള്ള യാത്രയിലും അതുവരെ ഒതുങ്ങി നിന്ന മഴ പെയ്തു. തണുത്തുറഞ്ഞു പാലക്കാട് നഗരത്തിൽ തിരികെയെത്തുമ്പോൾ ഹൃദയം കാഴ്ചകളിൽ നിന്ന് വിട്ടു പോന്നിട്ടില്ലെന്ന് മനസ്സിലായി. കുട്ടേട്ടനും ഷിജുവും യാത്ര പറഞ്ഞു അവരവരുടെ വഴിയിലേക്ക് നഷ്ടമായി.  ഒരുപക്ഷെ പറഞ്ഞും എഴുതിയും മനസ്സിലാക്കുന്നതിനു ഇവിടെ മാത്രം പരിധികൾ വന്നു പോകുന്നു, പക്ഷെ കൊതിപ്പിച്ച കാഴ്ചകളോ പരിധിയ്ക്കപ്പുറവും! അല്ലെങ്കിലും ചില അനുഭവങ്ങൾ അങ്ങനെയാണല്ലോ, വാക്കുകൾ ഒതുങ്ങി നിൽക്കാതെ അവ ഹൃദയത്തിൽ ചൂളം മുഴക്കി കൊണ്ടേ ഇരിക്കും... രാത്രി ഏറെ വൈകിയിട്ടും ഞങ്ങളിരുവർ മാത്രമായി ഇത്രനാൾ അനുഭവിച്ചിട്ടില്ലാത്ത ആ കാഴ്ചയെ കുറിച്ചും കേൾവിയെ കുറിച്ചും സംസാരിച്ചു കൊണ്ടേയിരുന്നു! അപ്പോഴും പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA