കാപ്പി ഗന്ധത്തിലലിഞ്ഞ് കൽപ്പാത്തി തെരുവിലൂടെ...

food-travel
SHARE

നല്ല ഫിൽറ്റർ കോഫിയുടെ മണമുള്ള തെരുവുകളിലൂടെ നടന്നിട്ടുണ്ടോ? കേരളത്തിന്റെ ഇങ്ങു വടക്കു പാലക്കാടു കൽപ്പാത്തി തെരുവിന്റെ അറ്റത്തു നിന്നും തുടങ്ങും ആ ഗന്ധം. പിന്നെയത് കാപ്പിയിൽ നിന്നും ഭസ്മത്തിലേക്കും കനകാംമ്പരത്തിലേക്കും ഒക്കെ മാറും.

രഥോത്സവത്തിനു പ്രശസ്തമാണ് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ നിറഞ്ഞ കൽപ്പാത്തി. തെരുവിന്റെ തുടക്കത്തിലുള്ള കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് സ്ഥിരമായി എല്ലാ വർഷവും രഥോത്സവം നടക്കാറ്. ക്ഷേത്രത്തിൽ തൊഴുതിറങ്ങുമ്പോൾ മുന്നിൽ നീണ്ടു കിടക്കുന്ന അഗ്രഹാര തെരുവ്. മുൻപിൽ ഫിൽറ്റർ കോഫിയുടെ ഗന്ധം പിടിച്ചു നിർത്തുന്നു.

food-travel2

"ചേട്ടാ രണ്ടു കോഫി"...

ചായയാണ് സ്ഥിരമായി കുടിക്കുന്നതെങ്കിലും  ലഹരിയായി മാറിയ കാപ്പിഗന്ധം സിരകളെ ഉലയ്ക്കുന്നു. രാവിലെ ഒരു ആവശ്യവുമില്ലെങ്കിലും വെറുതെ കാപ്പിപ്പൊടിയിടുന്ന പാത്രം തുറന്നു അതിന്റെ തീവ്ര ഗന്ധം ഉള്ളിലേക്ക് വലിച്ചെടുക്കുന്ന ഭ്രാന്തിനു അല്ലെങ്കിലും വല്ലപ്പോഴും കാപ്പി രുചിയാണ് പരിഹാരം.

സമോവറിൽ തിളയ്ക്കുന്ന പാലും വെള്ളം. ഫിൽറ്റർ കോഫിയുടെ ചെറിയ പാത്രത്തിലേക്ക് ഡിക്കോഷൻ കോഫി എടുത്തൊഴിച്ചു സമോവറിൽ നിന്ന് ചൂട് പാല് ഗ്ളാസിലേക്ക് പകർന്നു. ഇത്തിരി പഞ്ചസാര, പിന്നെ ലേശം കൂടി ഡിക്കോഷൻ. ആറ്റിയില്ല, നേരെ മുന്നിൽ ഫിൽറ്റർ കോഫി ഗ്ലാസിൽ. നല്ല ചൂട്, മെല്ലെയെടുത്തു ഗ്ലാസിലെ കാപ്പി പാത്രത്തിലാക്കി ആറ്റി. ഹോ, എന്തൊരു ഗന്ധം‌. രുചി മുകുളങ്ങൾ പൂക്കുന്നു. വെജിറ്റേറിയൻ ഹോട്ടലുകളിലെ ഡിക്കോഷൻ കോഫിയുടെ പേരുകൾ മാറ്റിയെഴുതപ്പെടേണ്ട കാലം എന്നേ അവസാനിച്ചുവെന്ന് ആ കാപ്പി പറഞ്ഞു തന്നു. ഒരു കാപ്പി വില പത്തു രൂപ.

food-travel3

കൽപ്പാത്തി അഗ്രഹാരത്തിൽ മനുഷ്യർ ദൈവങ്ങളാകുന്നത് കാണണമെങ്കിൽ അഞ്ചരയാകുമ്പോഴേക്കും എത്തണം. തെരുവിന്റെ ഇരു വശത്തായുമുള്ള വീടുകളുടെ മുന്നിൽ കോലങ്ങൾ വരയ്ക്കാൻ ആരംഭിക്കുന്നത് അപ്പോഴാണ്. പക്ഷേ സിനിമയിലെ പോലെ വലിയ മനോഹരമായ പൂക്കളം പോലെയുള്ള കോലങ്ങൾ പ്രതീക്ഷിച്ചു ഇപ്പോൾ ആരും അഗ്രഹാരത്തിലേക്ക് പോകേണ്ടതില്ല. കാലം മാറുമ്പോൾ, സമയമില്ലാതാവുകയും കോലം വരയ്ക്കൽ എന്നത് ആചാരത്തിന്റെ ഭാഗമായി ചടങ്ങായി മാത്രം നിലനിർത്തുകയും ചെയ്യുന്നു. അതുകൊണ്ട് വളരെ ചെറിയ കോലങ്ങളാണ് ഇപ്പോൾ വീടുകളുടെ മുന്നിലുണ്ടാവുക.

വളരെ നേർത്ത കോലങ്ങൾ കണ്ടു അമ്പരപ്പ് തോന്നും, ഇത്ര നേർമയായി എങ്ങനെ വിരലുകൾ കൊണ്ട് അരിപ്പൊടിയെ അലങ്കാരമാക്കും? കലയിൽ അതിശയം കാണിക്കുന്ന മനുഷ്യർ ദൈവങ്ങളല്ലെങ്കിൽ പിന്നെ മറ്റെന്താണ്? പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഈ പ്രക്രിയ നിത്യവും തുടർന്ന് പോരും. സ്ത്രീകളുടെ അലങ്കാരപ്പണികളാണ് ഇത്. മിക്ക വീടുകൾക്ക് മുന്നിലെ അര പ്ലെയിസിലും പ്രായം ചെന്ന തമിഴ് ബ്രാഹ്മണർ ഏതോ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളെ അയവിറക്കി മുന്നിലെ തെരുവിലേക്ക് നോട്ടമെറിഞ്ഞിരിക്കുന്നു. അടഞ്ഞു കിടക്കുന്ന വാതിലുകളുടെ ഉള്ളിൽ എത്ര അറകളുണ്ടാകും? സ്ത്രീകളെയൊന്നും അധികം പുറത്തു കാണാനുണ്ടായിരുന്നില്ല.

food-travel1

മിക്ക വീടുകളുടെയും മുന്നിൽ നീളൻ ബോർഡുകൾ തൂങ്ങുന്നുണ്ടായിരുന്നു. വിവിധ തരം കൊണ്ടാട്ടങ്ങളുടെയും പലഹാരങ്ങളുടെയും പേരുകൾ അതിൽ പല നിറങ്ങളിൽ അച്ചടിച്ച് വച്ചിരിക്കുന്നു. കൽപ്പാത്തി അഗ്രഹാര തെരുവ് പ്രശസ്തി കേൾക്കുന്നത് ഈ കൊണ്ടാട്ടങ്ങൾക്കും കൂടിയാണ്. പക്ഷേ തെരുവുകൾ ഉണർന്നു തുടങ്ങാൻ ഇനിയും സമയമേറെ എടുക്കും. വീടുകളിലെ വിൽപ്പന തുങ്ങിയിട്ടില്ല, അതുകൊണ്ടു തെരുവ് അവസാനിക്കുന്നിടത്തെ ചെറിയ കടയിൽ നിന്നും കൊണ്ടാട്ടങ്ങൾ തിരഞ്ഞു തുടങ്ങി. മുറുക്ക്, വേപ്പില കട്ടി, പല തരം കൊണ്ടാട്ടങ്ങൾ, ചമ്മന്തിപ്പൊടി, ഇഡ്ഡലിപ്പൊടി, തുടങ്ങിയ പൊടികൾ, പുളി സാദം പോലെയുള്ള ചോറ് സാദങ്ങൾ. ഓരോന്നും ഓരോ രുചികൾ! താമരവളയം കൽപ്പാത്തിയിലെ പ്രശസ്തമായ ഒരു കൊണ്ടാട്ടമാണ്.

"താമരത്തണ്ട് കൊണ്ട് വന്നു വേവിച്ചു ഉപ്പും പുളിയും തേയ്ച്, ഉണക്കി എടുക്കുന്നതാണ് താമരവളയം. ഇത് വെളിച്ചെണ്ണയിൽ വറുത്തെടുത്തു ചോറിനൊപ്പം കൂട്ടാം" അത്ര ദീർഘമല്ലാതെ താമര വളയത്തിന്റെ നിർമാണ രീതി കടക്കാരൻ ചേട്ടൻ പറഞ്ഞു തന്നു. കൽപ്പാത്തി കൊണ്ടാട്ടങ്ങൾ എന്ന് പറഞ്ഞു നാട്ടിൽ കൊണ്ടാട്ടങ്ങൾ വിൽക്കുന്ന കട എന്തുകൊണ്ടോ അപ്പോൾ മനസ്സിലേക്ക് വന്നു. 

രാമശ്ശേരിയുടെ സ്വന്തം ഇഡ്ഡലി 

എവിടെയാണ് ഈ രാമശ്ശേരി?

ചോദിച്ചത് ഓട്ടോക്കാരനോട്.

വഴി കൃത്യമായി അറിയില്ല, പക്ഷേ പോകാം, കയറിക്കോ . 

പുതുശ്ശേരി കഴിഞ്ഞു അകത്തെ വഴിയിലേക്ക് കയറിയതും അതുവരെ ഉണ്ടായിരുന്ന നല്ല റോഡിന്റെയും തിരക്കിന്റെയും രീതികൾ മാറി. തനി നാടൻ വഴികൾ.

തികഞ്ഞ ഗ്രാമത്തിന്റെ ഗന്ധം...

ചോദിച്ചും പറഞ്ഞും രാമശ്ശേരിയിലെ ശ്രീ സരസ്വതി ടീ സ്റ്റാളിൽ എത്തിയപ്പോൾ അമ്പരന്നു, കുട്ടിക്കാലത്തെങ്ങോ കണ്ടു മറന്ന ഒരു നാടൻ ചായക്കടയുടെ രൂപവും ശൈലിയും. കാഷ്യർ കസേരയിൽ ഇരിക്കുന്ന ചേച്ചിയും അവിടെയൊക്കെ ഓടി നടക്കുന്ന ഒരു ചേട്ടനുമല്ലാതെ കടയിലെങ്ങും ആരുമില്ല.

അകത്തെ മുറിയിലാണ് രാമശ്ശേരിയിലെ സ്വാദിഷ്ടമായ ഇഡ്ഡലി നിർമിക്കപ്പെടുന്നത്. പ്രത്യേകമായി തയാറാക്കിയ ഇഡ്ഡലിമാവ് അടുപ്പിലെ തീയിൽ തിളച്ചുകൊണ്ടിരിക്കുന്ന മൺപാത്രത്തിലെ വെള്ളത്തിന്റെ മുകളിലെ ആവിയിലേക്ക് മറ്റൊരു മൺ ചട്ടിയിൽ തുണി വിരിച്ചു ഒഴിച്ച് നിരത്തുന്നു. അതിന്റെ മുകളിൽ അടുത്തത്. അങ്ങനെ കുറെ ഇഡ്ഡലികൾ ഓരോ തട്ടിൽ. പാകമാകുമ്പോൾ തട്ട് കയ്യിലെടുത്തു അത് മുന്നിലിരിക്കുന്ന വാവട്ടമുള്ള പാത്രത്തിലേക്ക് തട്ടിയിടുന്നു. ചെറിയ വരാന്ത പോലെയുള്ള മുറിയിൽ അടുപ്പിന്റെ ചൂട്, പുറത്തെ ചെറിയ മുറിയിൽ അടുത്ത ദിവസത്തെ ഇടയ്ക്കുള്ള മാവ് ഗ്രൈൻഡറിൽ അരഞ്ഞു കൊണ്ടിരിക്കുന്നു.

"രാമശ്ശേരിയിൽ ഈ കുടുംബം മാത്രമേ ഈ ഇഡ്ഡലി ഉണ്ടാകുന്നുള്ളൂ, ബ്രാഞ്ച് ഉടനെ തുടങ്ങും, അത് കുടുംബക്കാർ തന്നെയാണ്. അല്ലാതെ പുറത്തു നിന്ന് ഇതേ പേരിൽ ഇറങ്ങുന്നത് ഇതല്ല", വലിയ മേശപ്പുറത്തു രണ്ടു ഇഡ്ഡലിയും ചട്ട്ണിയും പൊടിയും ഉള്ളി ചമ്മന്തിയും എടുത്തു വച്ചുകൊണ്ട് കൃഷ്ണേട്ടൻ പറഞ്ഞു. സത്യം പറഞ്ഞാൽ ദൊഡ്ഡലി എന്ന് വിളിക്കാവുന്ന ഇഡ്ഡലിയെക്കാൾ സ്വാദ് അതിന്റെ പുറത്തേക്കൊഴിച്ച വെളുത്ത, നാളികേരം പകുതിയരഞ്ഞ  ചട്ണിയ്ക്കായിരുന്നുവെന്ന് തോന്നുന്നു.  രണ്ടു സെറ്റിന് വില പതിനാലു രൂപ. ഇഡ്ഡലിയ്ക്കൊപ്പം തന്നെ നൽകുന്ന രാമശ്ശേരി പൊടിയും രുചികരമാണ് , അതുകൊണ്ടു തന്നെ പത്തെണ്ണം പ്റഴ്‌സൽ എടുക്കാൻ പറഞ്ഞപ്പോൾ കൃഷ്ണേട്ടൻ ചോദിക്കാതെ തന്നെ ഇഡ്ഡലിപ്പൊടിയും അതിൽ പൊതിഞ്ഞു വച്ചിരുന്നു.

ഇതിലേ വല്ലപ്പോഴുമേയുള്ളൂ ബസ്. തിരികെ നേരെ പാലക്കാട് ബസും ഇല്ല. പുതുശ്ശേരിയിൽ ചെന്നിറങ്ങിയിട്ടു വേണം പാലക്കാട് എത്താൻ. പക്ഷേ രാമശ്ശേരി ഇഡ്ഡലി എന്ന പേരിൽ പ്രശസ്തമായ ഈ ഇഡ്ഡലി പ്രസിദ്ധിയാർജിച്ചിരിക്കുന്നത് ഇതിന്റെ യൂണിക് ആയ നിർമാണ ശൈലി കൊണ്ട് തന്നെയാവണം. അപ്പോൾ പിന്നെ അതിന്റെ സ്വാദ് അറിയാൻ എത്ര ബുദ്ധിമുട്ടിയാലെന്ത്!

രുചികരമായ ഭക്ഷണത്തിനും പലഹാരങ്ങൾക്കും കേൾവി കേട്ടതാണ് പാലക്കാട് ജില്ലയെങ്കിലും കൽപ്പാത്തി കൊണ്ടാട്ടങ്ങളും രാമശ്ശേരി ഇഡ്ഡലിയും അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. അതുവഴി പോകുമ്പോൾ അല്ല, ഈ ഭക്ഷണത്തെ അറിയാൻ തന്നെ പാലക്കാട് പോകണം... എല്ലാം നാട്ടിൻപുറത്തിന്റെ സ്വാദുകളാണ്, അവിടുത്തെ നന്മയുള്ള മനുഷ്യന്റെ സ്നേഹത്തിന്റെ സ്വാദു കൂടി അതിൽ ചേർന്നിട്ടുണ്ടാവണം, ഉറപ്പ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA