മീശപ്പുലിമല പോകുന്നവർ ദുൽഖറിന്റെ കുറിപ്പ് മറക്കരുത്

dq-meesapulimala
SHARE

മീശപ്പുലിമലയെ പ്രശസ്തമാക്കിയതിൽ ദുൽഖറിന്റെ ചാർളിയ്ക്കുള്ള പങ്കുചെറുതല്ല, ആ ജിന്നിന്റെ വിളിക്കേട്ടു മഞ്ഞുകാണാൻ മലകയറിയവർ ധാരാളമാണ്. മലമുകളിലെ സൗന്ദര്യം ഓരോ സഞ്ചാരിയ്ക്കും മനസ്സുനിറയുന്ന കാഴ്ചകൾ സമ്മാനിച്ചു. ഒഴുകി നീങ്ങുന്ന മേഘങ്ങളും ഓടിവന്നു പൊതിയുന്ന മഞ്ഞും മഞ്ഞുമാറുമ്പോൾ തെളിഞ്ഞു വരുന്ന മലകളും പൂക്കളുംകൊണ്ട് അതിമനോഹരമായ ഇവിടം ട്രെക്കിങ് പ്രിയരുടെ ഇഷ്ടയിടമായി മാറാൻ അധികസമയം വേണ്ടി വന്നില്ല.

ചാർളിയുടെ വിളികേട്ടാണ് പലരും ഇപ്പോഴും മീശപ്പുലിമല കയറാൻ പോകുന്നത്. എന്നാൽ അവരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ, മനുഷ്യ വിസർജ്യത്തിന്റെ അസഹനീയ ദുർഗന്ധമുള്ള ഒരിടമാണ്. ഒരിക്കൽ പോയവർ പിന്നീട് ആ യാത്രയെക്കുറിച്ചു ഓർക്കാൻ പോലും താൽപര്യമില്ലാത്തവരായി മാറുന്ന സാഹചര്യം സംജാതമായപ്പോഴാണ് ദുൽഖർ സൽമാൻ തന്നെ പരിസ്ഥിതിയെ നശിപ്പിക്കരുതെന്ന ഒരു ട്വീറ്റുമായി നേരത്തെ രംഗത്തുവന്നത്. നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കുമായി അത്രയും മനോഹരമായ സ്ഥലത്തെ സംരക്ഷിക്കൂവെന്നും, പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞു ആ പ്രകൃതിയെ മലിനപ്പെടുത്തരുത് എന്നുമായിരുന്നു ആ അപേക്ഷ.

കേരള വനം വകുപ്പ് ഇത്തരം മലിനീകരണ പ്രവണതകളെ പാടെ നിരുത്സാഹപ്പെടുത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇപ്പോൾ താരതമ്യേനെ മാലിന്യനിക്ഷേപം കുറവാണ്. എങ്കിലും കൊളുക്കുമല കയറി, അനധികൃതമായി വരുന്നവർ ഈ പ്രവർത്തികൾ തുടരുന്നുണ്ട് എന്നതാണ് ഏറെ വിഷമകരമായ വസ്തുത. വരയാടുകളുടെ വാസസ്ഥലമാണ് ഇവിടം. മനുഷ്യവിസർജ്യങ്ങൾ ഭക്ഷിക്കുന്ന അവ ചത്തൊടുങ്ങുന്നു എന്ന ദൈന്യത നിറഞ്ഞ വാർത്തകളും  ഇടയ്ക്കിടെ കേൾക്കുന്നുണ്ട്.

ദുൽഖറിന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്. മീശപ്പുലിമല നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും കാണണമെങ്കിൽ ആ  ഭൂമിയെ പ്ലാസ്റ്റിക്കിൽ നിന്നും മറ്റുമാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കണം. അവിടം സന്ദർശിക്കാൻ പോകുന്ന ഓരോ സഞ്ചാരിയുടെയും കടമയാണത്. മാലിന്യങ്ങൾ നിക്ഷേപിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തോടെ ആ മല കയറാം. അവിടെ നിക്ഷേപിക്കപ്പെട്ടവ  നീക്കംചെയ്ത് ആ ഭൂമിയെ പരിപാലിക്കാമെന്ന ഉറപ്പുകൂടിയുണ്ടെങ്കിൽ അത്രയും നല്ലത്. മല കയറാൻ തുടങ്ങുമ്പോൾ  കയ്യിൽ ഒരു ചാക്കോ, ക്യാരി ബാഗോ കരുതാം. മനോഹരമായ മലകളും തൊട്ടുരുമ്മി പോകുന്ന മേഘങ്ങളെയും കാണാം, ഓടിവന്നു പുണരുന്ന മഞ്ഞിനേയും കണ്ടുകൊണ്ട് തിരിച്ചിറങ്ങുമ്പോൾ കാണുന്ന മാലിന്യങ്ങൾ ആ ബാഗുകളിൽ പെറുക്കിയിട്ടു കൊണ്ടിറങ്ങാം. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇനി വരുന്നവർക്കും മീശപ്പുലിമല  മനോഹരമായ കാഴ്ചകൾ സമ്മാനിക്കും.

അതിസുന്ദരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ മീശപ്പുലിമല കയറാൻ പോകുമ്പോൾ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് യാത്രയെ കൂടുതൽ മനോഹരമാക്കും. വനം വകുപ്പിന്റെ മീശപ്പുലിമല ട്രെക്കിങിന്റെ വിശദാംശങ്ങൾ അന്വേഷിച്ചറിഞ്ഞു അതുപ്രകാരം യാത്രയ്ക്ക് തയാറെടുക്കുന്നതാണ് ഉചിതം. കൊളുക്കുമല കയറിയുള്ള അനധികൃത ട്രെക്കിങ്ങ് ശിക്ഷാർഹമാണ് എന്ന കാര്യം ഓർമയിൽ സൂക്ഷിക്കുക. താമസവും ഭക്ഷണവുമുൾപ്പെടെ വളരെ കുറഞ്ഞ ചെലവിൽ മീശപ്പുലിമലയുടെ സൗന്ദര്യം ആസ്വദിക്കാൻ കേരള ഫോറെസ്റ് ഡവലപ്മെന്റ് കോർപറേഷന്റെ പാക്കേജുകളുണ്ട്.

തലേദിവസം ബേസ് ക്യാമ്പിൽ താമസിച്ചുകൊണ്ട് പിറ്റേന്ന് അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്നതാണ് നല്ലത്. സൂര്യോദയത്തിന്റെ മനോഹാരിത കണ്ടുകൊണ്ടു യാത്ര തുടങ്ങാം. മീശപ്പുലിമല അതീവ പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെട്ട ഒരിടമാണ്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ, മനുഷ്യ വിസർജ്യങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നത്  ആ പ്രകൃതിയുടെ മനോഹാരിതയെ എല്ലാ അർത്ഥത്തിലും നശിപ്പിക്കും. അങ്ങനെയുള്ള കാര്യങ്ങൾ പാടെ ഉപേക്ഷിക്കേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA