സനൂഷയ്ക്ക് ഇഷ്ടമാണ് ഇൗ യാത്രകൾ

sanusha-travel
SHARE

സനൂഷയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയുടെ ചേച്ചിയായും മാമ്പഴക്കാലത്തിലെ മാളുവായും കുസൃതി നിറഞ്ഞ അഭിനയം കാഴ്ചവെച്ചുകൊണ്ട് മനസു കവർന്ന സനൂഷ, നായികയായി എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ സ്വീകരിച്ചത്. ഒരിടക്കാലത്ത് പഠനത്തിനായി സിനിമയിൽ നിന്നും വിട്ടുനിന്ന സനൂഷ മികച്ചൊരു തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന ഈ നായിക, താൻ നടത്തിയ മനോഹരയാത്രകളെക്കുറിച്ചു മനോരമ ഓൺലൈനിനോട് മനസുതുറന്നു.

കുടുംബത്തോടൊപ്പമുള്ള യാത്രകൾ, അതാണ് എനിക്കെപ്പോഴുമിഷ്ടം. ശാന്തമായ സ്ഥലങ്ങളും കാടും കിളികളും പ്രകൃതിയുമൊക്കെ കാണാനാണ് എല്ലായ്‌പ്പോഴും താല്പര്യം. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള യാത്രകളാണ് കൂടുതലും തെരെഞ്ഞെടുക്കാറ്. എനിക്കേറെ ഇഷ്ടംതോന്നിയ ഒരു യാത്രയായിരുന്നു ഒരു തെലുങ്കു ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുകൊണ്ടു ലഡാക്കിലേക്കു പോയത്. 'അതിമനോഹരം' എന്ന വർണയിലൊന്നും ഒതുങ്ങുന്നതല്ല ലഡാക്കിന്റെ സൗന്ദര്യം. അത്രയേറെ സുന്ദരമാണ് ആ ഭൂമി. ബാംഗ്ലൂർ നിന്നും ഡൽഹിയിൽ എത്തിയതിനു ശേഷം അവിടെ നിന്നും ഫ്ലൈറ്റിൽ ആയിരുന്നു ലഡാക്കിലേക്കു പോയത്. മലകൾക്കു മുകളിലൂടെ അവയെ തൊട്ടു, തൊട്ടില്ല എന്നതുപോലെയാണ് ഫ്ലൈറ്റ് നീങ്ങിയത്. ആ കാഴ്ച എന്നെ ശരിക്കും ഭയപ്പെടുത്തിയിരുന്നു. ഫ്ലൈറ്റിലിരുന്നു താഴേയ്ക്ക് നോക്കിയപ്പോൾ കണ്ട ലഡാക്കിന്റെ കാഴ്ച ശരിക്കും മനംമയക്കുന്നതായിരുന്നു.

എന്തൊരു ഭംഗിയാണ് ആ നാടിന്... ഇത്രയും മനോഹരമായ ഒരു ഭൂമിയിൽ ഞാൻ ആദ്യമായി പോകുകയായിരുന്നു. ലഡാക്കിന്റെ സൗന്ദര്യം എന്നെയേറെ സന്തോഷിപ്പിച്ചെങ്കിലും അവിടുത്തെ തണുപ്പ് അസഹനീയമായിരുന്നു. ലഡാക്കിലെ മനോഹരമായ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്. എന്റെ വേഷം സ്കർട്ടും ടോപ്പുമായിരുന്നു. തണുത്തുവിറച്ചായിരുന്നു ഓരോ രംഗങ്ങളും ചിത്രീകരിച്ചത്. അവിടുത്തെ ബുദ്ധക്ഷേത്രങ്ങളെല്ലാം വളരെ ആകര്ഷകങ്ങളാണ്. ഒരിക്കൽ കൂടി ലഡാക്കിലേക്കു പോകണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അന്നവിടുത്തെ എല്ലാ കാഴ്ചകളും ശരിക്കും കണ്ടാസ്വദിക്കണം എന്നതാണ് ഇപ്പോഴത്തെ വലിയ മോഹങ്ങളിലൊന്ന്. 

കുടുംബവുമൊന്നിച്ചുള്ള യാത്രകളിൽ എനിക്കേറ്റവുമിഷ്ടം കുടജാദ്രി-മൂകാംബിക യാത്രയായിരുന്നു. ആ യാത്രയും അതിസുന്ദരമായ ഒരനുഭവമായിരുന്നു. കുടജാദ്രിയുടെ മായിക സൗന്ദര്യം എത്രകണ്ടാലും മതിവരില്ല. അതുപോലെതന്നെയാണ് മൂകാംബികാദേവിയുടെ സന്നിധിയും.  കുടുംബവുമൊത്ത് നടത്തിയ കൂർഗിലേക്കുള്ള യാത്രയും ഏറെ രസകരമായിരുന്നു. ഒരുതരത്തിലുമുള്ള ചിന്തകളോ തിരക്കുകളോയില്ലാതെ.. വീട്ടുകാരുമൊത്തുള്ളതായിരുന്നു കൂർഗ് യാത്ര. കൂർഗിൽ ഒരു ദിവസം താമസിച്ചു, കുറെ നേരം ഉറങ്ങി..ഭക്ഷണം കഴിച്ചു, അടുത്തുള്ളൊരു വെള്ളച്ചാട്ടം കാണാൻ പോയി..അങ്ങനെയായിരുന്നു ആ ദിവസം കഴിച്ചുകൂട്ടിയത്. തനിച്ചിരിക്കുക എന്ന അനുഭവം നല്ലതുപോലെ ആസ്വദിക്കാൻ  കഴിഞ്ഞ ഒരു യാത്രയായിരുന്നുവത്. ‌അച്ഛനും അമ്മയുമൊന്നിച്ചുള്ള ആ യാത്രകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

എന്റെ നാട് കണ്ണൂർ

കാഴ്ചകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് എന്റെ നാടായ കണ്ണൂർ. കണ്ണൂരുള്ള മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ടെങ്കിലും ഈയടുത്താണ് ജാനകിപ്പാറ പോയത്. വളരെ സുന്ദരമായ സ്ഥലമാണത്. അവിടുത്തെ പ്രകൃതിയും കാഴ്ചകളുമൊക്കെ അതിസുന്ദരവുമാണ്. ഇപ്പോൾ നാട്ടിൽ ചെല്ലുമ്പോൾ കൂട്ടുകാരുമൊന്നിച്ചു ഞാൻ പോകാറുള്ളത് അവിടെയാണ്. 

sanusha-travel1

ഒരിക്കൽ മഴയത്ത് വർക്കല ബീച്ചിൽ പോയി. അന്നേരത്തെ കടലിനു ഒരു പ്രത്യേക ഭംഗിയാണ്. തിരയിങ്ങനെ അടിച്ചു കയറിവരുമ്പോൾ കണ്ടുനില്ക്കാൻ ബഹുരസമാണ്. തിരകളും കടലും കണ്ടുകൊണ്ട് ഏറെ നേരം അവിടെയങ്ങനെ ചെലവഴിച്ചു. സുനാമി എങ്ങാനും വരുമോ എന്നൊരു പേടിയൊക്കെ എനിക്കന്നേരം ഉണ്ടായി. 

ദുബായിൽ ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്. ദുബായ് യാത്രയിൽ എനിക്കേറെയിഷ്ടം ഡെസ്സേർട്ട് സഫാരിയാണ്. ഏറ്റവുമൊടുവിൽ പോയപ്പോഴാണ് ഞാൻ റെയിൻ ഫോറസ്റ്റ് സന്ദർശിച്ചത്. ഇതുവരെ കാണാത്ത ഒരു പുത്തൻ കാഴ്ച സമ്മാനിക്കാൻ ആ റെയിൻ ഫോറസ്റ്റിനു കഴിഞ്ഞു. ഒരു വലിയ കെട്ടിടത്തിനുള്ളിലാണ് മരങ്ങളും ചെടികളുമൊക്കെ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. കൂടാതെ അതിനകത്തു തന്നെ ഒരു വെള്ളച്ചാട്ടവുമൊക്കെയുണ്ട്. അതിമനോഹരമായ ആ കാഴ്ചകൾ ഏറെ വിസ്‍മയിപ്പിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

നടത്തിയ യാത്രകളെക്കുറിച്ചും ഇനി പോകാൻ ആഗ്രഹമുള്ള സ്ഥലങ്ങളെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച സനൂഷ, പഠനത്തിരക്കുകൾ തീർത്ത് സെപ്റ്റംബറോടെ സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA