സ്‌ട്രെച്ചറിൽ കിടന്നു മലകയറ്റം,വൈറലായ കുറിപ്പിന് പിന്നിലെ കഥ

Raees-Hidaya-trip
SHARE

ചില്ലുകുപ്പിയിലെ നാരങ്ങാ മിഠായി പോലെയാണു ചില ജീവിതങ്ങള്‍. തന്നിലേക്കെത്തുന്നവര്‍ക്കെല്ലാം മധുരം മാത്രം സമ്മാനിക്കുന്ന എപ്പോഴും ചിരിക്കുന്നൊരു നാരങ്ങാമിഠായി. നാളെയെന്താകും എന്നതിനെ കുറിച്ചതിനു ആവലാതികളില്ല. അങ്ങനെയാണു ചില മനുഷ്യരും. മലയിറങ്ങി വന്നു എങ്ങോട്ടെന്നില്ലാതെ അകന്നു പോകുന്ന മഞ്ഞു പോലെ ഒരുപാട് ജീവിതങ്ങളിലേക്ക് അവര്‍ അത്രമേല്‍ നിര്‍മലതയോടെ കടന്നുപോകുന്നു...ഇച്ചിരി സിമ്പിളായി പറഞ്ഞാല്‍ നമ്മളെ വല്ലാതെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന മനുഷ്യര്‍. റയീസ് ഹിദായ എന്ന മനുഷ്യനെ നമുക്ക് അങ്ങനെയുള്ളവരെ കുറിച്ചുള്ള പുസ്തകങ്ങളിലേക്ക് എഴുത്തുകളിലേക്ക് ചിത്രങ്ങളിലേക്ക് ചേര്‍ത്തു വയ്ക്കാം. 

Raees-Hidaya-trip5

പതിനാലു വര്‍ഷമായി റയീസ് സ്‌ട്രെച്ചറിലേക്കു വീണു പോയിട്ട്. ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ഓ മടുത്തു...എന്നു പറഞ്ഞ് ജീവിതത്തെ തന്നെ മടുപ്പിച്ചു കളയുന്ന, അനേകം സന്തോഷങ്ങള്‍ക്ക് നിത്യവിരാമമിടുന്ന മനുഷ്യരോട് ദാ എന്നെ നോക്കൂ...എന്ന് നിത്യവും അതിമനോഹരമായ പുഞ്ചിരിയോടെ പതിഞ്ഞ സംസാരത്തോടെ റയീസ് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ജീവിതത്തെ കൂടുതല്‍ പരിചിതമാക്കിയത് സോഷ്യല്‍ മീഡിയയിലെ ഒരു കുറിപ്പാണ്. കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്കു ചങ്ങായിമാര്‍ക്കൊപ്പം യാത്ര പോയതിനെ കുറിച്ച് റയീസ് എഴുതിയ കുറിപ്പ് എത്ര വായിച്ചിട്ടും മതിവരാതങ്ങു പാറിപ്പോകുകയാണ്. ജീവിതം ധൂര്‍ത്തടിക്കുന്ന പുറപ്പെട്ടു പോന്നവന്‍...എന്നാണ് സമൂഹമാധ്യമത്തിലെ പേജില്‍ റയീസ് തന്നെക്കുറിച്ചു വിശേഷിപ്പിക്കുന്നത്. 

മഴവില്ലു പോലെ...

മലപ്പുറം, വെളിമുക്ക് തലപ്പാറയിലാണ് റയീസ് ഹിദായയുടെ വീട്. വീട്ടില്‍ ഉപ്പ അബ്ദു റഹിമാനും ഉമ്മ ഫാത്തിമയും പിന്നെ രണ്ട് അനുജന്‍മാരും മൂന്ന് അനുജത്തിമാരുമുണ്ട്. വീട്ടിനുള്ളിലുള്ള അനുജന്‍മാരും അനിയത്തിമാരും അടങ്ങുന്ന അഞ്ചംഗ സംഘത്തെ ബൈ ബെര്‍ത്ത് എന്ന് എടുത്ത് പറയണം എന്ന് റയീസ് പ്രത്യേകം പറഞ്ഞിരുന്നു. കാരണം പുറത്തെ ലോകത്ത് വേറെയുമുണ്ട് ഒരുപാട് സഹോദരങ്ങള്‍. അവര്‍ പിണങ്ങില്ലേ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍...പിന്നെ സ്‌കൂളില്‍ നിന്നും അല്ലാതെയും കിട്ടിയ ചങ്ങാതിമാരുടെ ഒരു വലിയ കൂട്ടം ആകാശത്ത് ചിന്നിച്ചിതറി പോകുന്ന മഴവില്ലു പോലെ ചുറ്റുമുണ്ട്.

Raees-Hidaya-trip3

കൂട്ടുകാരുമൊത്തുള്ള വര്‍ത്തമാനം പറച്ചലിനിടയിലാണ് കൊടികുത്തിമലയെന്ന ഇടം കയറി വന്നത്. എവിടെ പോകാം എന്ന് ദീര്‍ഘമായി ആലോചിച്ചിരുന്നപ്പോള്‍ ഫെയ്‌സ്ബുക്ക് കമന്റ് വഴിയാണീ പേരു വന്നത്. പിന്നെ താമസിച്ചില്ല, റയീസിനേയും കൊണ്ട് കൊടികുത്തിമലയിലേക്ക് അഞ്ചു കൂട്ടുകാരും കൂടി യാത്ര തിരിച്ചു. ഒട്ടും പ്ലാനിങ്ങില്ലാത്തൊരു യാത്ര. റയീസ് എഴുതിയതു പോലെ ഉയിര്‍ പോലെ ഉള്‍ചേര്‍ന്ന അഞ്ചു കൂട്ടുകാരും ചേര്‍ന്ന് റയീസിനെ എടുത്തുയര്‍ത്തി മലകയറി. ആ കാഴ്ചകാണാനെന്നോളം മലയിലേക്കു മേഘമാലകളും മഞ്ഞിന്‍ കൂട്ടവും പാറിവന്നു. അങ്ങകലെയുള്ള കരിമലക്കൂട്ടങ്ങള്‍ നീലിച്ചു ശോഭിച്ചു. കുന്നിന്‍മുകളിലെ ഒറ്റയാന്‍ മരങ്ങളും അതിന്‍ തണലിലുള്ള കുഞ്ഞിച്ചെടികളും അതുനോക്കി നിന്നു...

Raees-Hidaya-trip6

ശരീരമോ..അതെന്താണ്

സോഷ്യല്‍ മീഡിയയില്‍ എഴുതിയപ്പോള്‍ സംഗതി വൈറലായെങ്കിലും റയീസിന് അത് വലിയ കാര്യമൊന്നുമല്ല. എപ്പോഴത്തേയും പോലെ എഴുതി അത്രയേയുള്ളൂ. പിന്നെയീ മലകയറ്റം വലിയ കാര്യമൊന്നുമല്ല. ആര്‍ക്കും പോകാവുന്നൊരിടം. പക്ഷേ ആ യാത്രയിലൂടെ റയീസ് സംവദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഒരു തിരുത്തിയെഴുതലിനുള്ള ചെറിയ ശ്രമം. ശരീരത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചാണത്.സിക്‌സ് പാക്ക് ബോഡിയും നല്ല പൊക്കവും നല്ല നിറവുമുള്ള മനുഷ്യരാണ് വേണ്ടതെന്ന ശരീരബോധമാണ് നമുക്കുള്ളത്. കുറിയ മനുഷ്യരോട് നമുക്ക് പ്രശ്‌നമാണ്, കുംഭയുണ്ടെങ്കില്‍ കാണിക്കാന്‍ മടിയാണ്...അങ്ങനെയുള്ളതാണ് നമുക്ക് ശരീരത്തെ കുറിച്ചുള്ള കാഴ്ചപ്പാട്, നമ്മള്‍ അതിനെ അങ്ങനെയാണ് നിര്‍മിച്ചു വച്ചിരിക്കുന്നത്. എന്റെ ശരീരത്തിന്റെ തൊണ്ണൂറു ശതമാനവും തളര്‍ന്നതാണ്. എനിക്ക് തല മാത്രമാണ് ചലിപ്പിക്കാനാകുന്നത്. ശരീരത്തിലെവിടെയും ഉറച്ച മസിലുകളില്ല. എന്റേത് തടിച്ച ശരീരമാണ്. നല്ല കുംഭയുമുണ്ട്...ആ ഞാനാണ് ഈ മലകയറിയത്. 

മടക്കിവച്ച പുസ്തകങ്ങളാണ് ദുംഖങ്ങള്‍

ജീവിതത്തിലെ ദുംഖങ്ങളെയെല്ലാം അത് കണ്ട ഇടത്ത്, അനുഭവിച്ച ഇടത്തു മടക്കി വച്ചിട്ടാണ് മുന്നോട്ടു പോകുന്നത്. അതെല്ലാം മനസ്സില്‍ പേറുന്നതു കൊണ്ട് ഇടംകേറുകളേ ഉണ്ടാകുകയുള്ളൂവെന്നാണ് എന്റെ ചിന്ത. അതുകൊണ്ട് കരയാറില്ല. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. അടുത്ത നിമിഷം എന്താകും എന്നറിയാന്‍ അകമഴിഞ്ഞ ആകാംക്ഷയാണ്. ഒരുപാട് സന്തോഷങ്ങളും ചിരികളും നമ്മളെ കാത്ത് ഇരിപ്പുണ്ടെന്നാണ് എന്റെ വിശ്വാസം. അത് ഇന്നോളം തെറ്റിയിട്ടില്ല.

പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസൊക്കെ കട്ട് ചെയ്ത് യാത്ര പോകുമായിരുന്നു. ഒരു പകല്‍ ദൂരം മാത്രമുള്ള യാത്രകള്‍. വൈകുന്നേരത്തിനു മുന്‍പ് സ്‌കൂളില്‍ പോയി വരികയാണെന്ന് വീട്ടുകാരെ ബോധിപ്പിക്കുന്ന രീതിയിലുള്ള യാത്രകള്‍. പക്ഷേ ഇപ്പോള്‍ അങ്ങനെയൊന്നില്ല. പക്ഷേ ഇപ്പോള്‍ രാപ്പകലുകള്‍ നീണ്ട യാത്രകളാണ്..കൊതിതീരാത്ത യാത്രകള്‍. സ്‌കൂളില്‍ നിന്നു കിട്ടിയ കൂട്ടുകാരെ കൂടെ ഈ യാത്രകളില്‍ നിന്നും കിട്ടിയ കേരളത്തിലെ പലയിടങ്ങളില്‍ നിന്നുള്ള കൂട്ടുകാരുണ്ട്. അവരാണ് ജീവിതത്തിലിപ്പോള്‍ നിറംപകരുന്നത്. ആക്‌സിഡന്റിനു ശേഷം ദൂരയാത്ര പോയത് കോട്ടയത്തെ മുണ്ടക്കയത്തേയ്ക്കാണ്. ഈ യാത്രയും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 

അതിനോളം കൊതിപ്പിക്കുന്നത് മറ്റൊന്നുമില്ല

മനുഷ്യരോളം എന്നെ കൊതിപ്പിച്ച മറ്റൊന്ന് ഈ ലോകത്തിലില്ല. ആ ആകാംക്ഷയാണ് ഏറ്റവും വലിയ ഊര്‍ജ്ജം. അത് പ്രശസ്തരായ മനുഷ്യരോടല്ല കേട്ടോ...നമ്മള്‍ നടന്നു പോകുന്ന വഴികളിലെ സാധാരണക്കാരായ മനുഷ്യര്‍. ചെറിയ കച്ചവടം ചെയ്തു ജീവിക്കുന്നവര്‍, ചെരുപ്പു കുത്തികള്‍, കുടകളും പൂച്ചെടികളും പുതപ്പുകളും വിറ്റു നടക്കുന്ന നാടോടികള്‍...അങ്ങനെ പലരുമുണ്ടാകും. പണ്ട് ഒറ്റയ്ക്ക് യാത്ര പോകും നേരവും കാഴ്ചകള്‍ കാണുന്നതിലും കൂടുതല്‍ സംസാരമാണ്. ഇന്നും അങ്ങനെ തന്നെ. ചിലപ്പോള്‍ വെറുതെ ഒരിടത്തേയ്ക്കു ട്രെയിനോ ബസോ കയറി പോകും. അതുപോലെ തിരിച്ചു വരും. പക്ഷേ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ക്കിടയില്‍ മുന്‍പൊരിക്കലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത, അപൂര്‍വ ജെനുസുകളില്‍ പെട്ട മനുഷ്യരെ കണ്ടിട്ടുണ്ട്. നിങ്ങള്‍ ചാര്‍ലി സിനിമയിലൊക്കെ കണ്ടതുപോലുള്ള മനുഷ്യര്‍, ജിന്നുകളെന്നൊക്കെ വിളിക്കാവുന്നവര്‍. അങ്ങനെയുള്ളവരെയാണ് ഞാന്‍ കാത്തിരിക്കുന്നത്.

Raees-Hidaya-trip1

ഇനിയേതു ജന്‍മത്തിലും..

ഓരോ ജീവിതത്തിനും ഓരോ നിയോഗമുണ്ടെന്നാണ് എന്റെ വിശ്വാസം. ആ നിയോഗം നടപ്പിലാക്കാന്‍ പാകത്തിലുള്ള ബുദ്ധിയും ആയുസും സൗന്ദരവ്യം കഴിവുമാണ് ഓരോരുത്തര്‍ക്കും കിട്ടുക. അതുപോലെ എന്റെ ജീവിതത്തിനുമുണ്ട്. ഒരുപക്ഷേ അത് നടപ്പിലാക്കാന്‍ എനിക്ക് ഈ ശരീരത്തിന്റെ ആവശ്യമേ കാണൂ. അതുകൊണ്ട് ഒരിക്കലും അതോര്‍ത്ത് ഞാന്‍ സങ്കടപ്പെടാറില്ല. എന്നെ കൊതിപ്പിച്ച ഒരുപാട് ജീവിതങ്ങളുണ്ട്. പക്ഷേ ഇനിയെത്ര ജന്മങ്ങള്‍ കിട്ടിയാലും എനിക്കിതു പോലെ തന്നെ ആയാല്‍ മതിയെന്നു ആഗ്രഹിക്കുന്ന അത്രയും ഞാനെന്റെ ജീവിതത്തെ ഇഷ്ടപ്പെടുന്നു...

വല്യുപ്പ

വല്യുപ്പയാണ് ജീവിതത്തിലെ റോള്‍ മോഡല്‍ എന്നൊക്കെ പറയാം. മനുഷ്യരോട് ഇടപഴകാന്‍ പഠിപ്പിച്ചത് വല്യുപ്പയാണ്. മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേട്ടിരുന്ന്, അത് മായ്ച്ച് അവരില്‍ ചിരി പടര്‍ത്തുന്നതിനോളം പുണ്യ പ്രവര്‍ത്തി മറ്റൊന്നില്ലെന്ന് അദ്ദേഹമാണു പഠിപ്പിച്ചത്. ഇങ്ങനെയാണെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍ ഫാദര്‍. ബോബിയാണ്. അച്ചന്റെ പ്രസംഗങ്ങളൊക്കെ വലിയ ഇഷ്ടമാണെനിക്ക്.

ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന എന്തു പ്രവൃത്തികളോടും എനിക്ക് വലിയ ആത്മവിശ്വാസമാണ്. പക്ഷേ എഴുത്തിന്‌റെ കാര്യത്തില്‍ മാത്രം അതില്ല. ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് എത്രമാത്രം മനസ്സിലാകും എന്നറിയില്ലല്ലോ. മുമ്പ് ഒരു ബ്ലോഗ് എഴുതിയിരുന്നു. ഇപ്പോള്‍ അതില്‍ ആക്ടീവ് അല്ല. വായനയോടാണ് എനിക്ക് ഏറെ പ്രിയം. ബാല്യകാലസഖിയില്‍ തുടങ്ങിയ വായന ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള പുസ്തകം ഏതെന്ന് പറയാന്‍ ഈ ലേഖനം തന്നെ മതിവരില്ല. 

ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ ശരീരം എന്നന്നേക്കുമായി പിണങ്ങിക്കിടന്നപ്പോള്‍ മനസ്സിനോട് റയീസ് ഇങ്ങനെ പറഞ്ഞു, ദേ...നീ എങ്ങോട്ടെന്നു വച്ചാല്‍ പൊയ്‌ക്കോ...ഇഷ്ടമുള്ളതൊക്കെ ചെയ്‌തോ...ഒരുപാട് വര്‍ത്തമാനം പറയ്...നിറയെ മിഠായി കഴിച്ചോ...കടലു കണ്ടും കാട് കയറിയും ഒറ്റയാന്‍ യാത്രകള്‍ ചെയ്തും മഴപ്പെയ്ത്തില്‍ ആറാടിയും ഇരുട്ട് ഇരട്ടപ്പിറവിയെടുക്കുന്ന രാത്രികളില്‍ തീപ്പന്തത്തിന്‍ വെളിച്ചത്തില്‍ നാടകം കണ്ടും നടക്കെന്ന്...മനസ്സ് അതേപടി അത് അനുസരിച്ചു. ആ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു...മനസ്സുകളില്‍ നിന്നു മനസ്സുകളിലേക്ക്...എഴുത്തുകളില്‍ നിന്നു പുസ്തകങ്ങളിലേക്ക്...താഴ്#വാരങ്ങളില്‍ നിന്നു മനസ്സിന്‍ അടിപ്പാതകളിലേക്ക്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA