കട്ടനും പുട്ടും, ഇതൊരു തനി നാടൻ രുചിക്കഥ

SHARE

തൃശൂരിലെ റൗണ്ടിൽ വട്ടം കറങ്ങി നടന്നിരുന്ന പെങ്കൊച്ച് ഒരു സുപ്രഭാതത്തിൽ കൊച്ചിയിൽ എത്തിപ്പെട്ടാൽ തൃശൂർ റൗണ്ടിന്റെ ഓർമയിൽ കലൂർ സ്റ്റേഡിയത്തെ പ്രദക്ഷിണം വയ്ക്കുന്നത് തെറ്റു പറയാനാകില്ലല്ലോ. പ്രത്യേകിച്ചും ആ കറക്കത്തിൽ ചില കിടിലോൽക്കിടിലൻ കണ്ടുപിടുത്തങ്ങൾ നടത്തിയാൽ! കൊതിയൂറുന്ന അത്തരമൊരു കണ്ടുപിടുത്തത്തെക്കുറിച്ചാണ് ഈ കുറിപ്പ്. 

puttum-kattanum2

ഇതെന്തുകൊണ്ട് നേരത്തെ കണ്ടില്ല? 

എവിടെ നിന്നോ ഒരു യാത്ര കഴിഞ്ഞ് നേരം തെറ്റിയൊരു നേരത്ത് ഭക്ഷണം തേടി അലഞ്ഞപ്പോഴാണ് മഞ്ഞവെളിച്ചം തൂകി നിൽക്കുന്ന 'കട്ടനും പുട്ടും' എന്ന രുചിയിടത്തിലേക്ക് എത്തിപ്പെട്ടത്. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ തുറന്നിരിക്കുന്ന കട ഇത്ര കാലം എന്തുകൊണ്ട് ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു ആദ്യകാഴ്ചയിൽ ഓർത്തത്. അതിൽ അതിശയിക്കാൻ കാര്യമില്ലെന്ന് പിന്നീട് മനസിലായി. കാരണം കട്ടനും പുട്ടും പ്രവർത്തനം തുടങ്ങിയിട്ട് അധികകാലം ആയില്ല. 

puttum-kattanum8

ഒരു ഗ്ലാസ് മൊഹബത്ത് എടുക്കട്ടെ?

മരം കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ ആശ്വാസത്തോടെ ചെന്നിരുന്നപ്പോൾ തന്നെ പുട്ട് വേവുന്ന കൊതിയൂറുന്ന മണമെത്തി. ഇല്ലാത്ത വിശപ്പ് പോലും താനേ ഉണ്ടായിപ്പോകുന്ന വേവിന്റെ മണം മൂക്കുവിടർത്തി ആസ്വദിച്ച് ഇരിക്കുന്നതിനിടയിൽ ആവി പറക്കുന്ന കട്ടനുമായി ഹിന്ദിക്കാരൻ ഭയ്യ എത്തി. 'കട്ടനെടുക്കട്ടെ' എന്ന് നല്ല മലയാളത്തിൽ ഒറ്റ ചോദ്യം.

puttum-kattanum10

ചില്ലു ഗ്ലാസിൽ കട്ടന്റെ കടുപ്പൻ കരയിട്ട തേൻനിറമുള്ള സുലൈമാനി പിടിച്ചുകൊണ്ടാണ് ചോദ്യം. ആദ്യമൊരു കട്ടൻ, ബാക്കിയൊക്കെ പിന്നെ എന്നു പ്രഖ്യാപിച്ച ഉടനെ തന്നെ കട്ടനൊന്ന് മേശപ്പുറത്ത് എത്തി. മൊഹബത്ത് പെരുക്കണ സുലൈമാനിയെന്ന് കടയുടെ ചുവരിൽ എഴുതി വച്ചിരിക്കുന്നത് വായിച്ച് അൽപാൽപമായി കട്ടൻ കുടിച്ചു. വെറുതെ ചായപ്പൊടിയിട്ട് വെള്ളം തിളപ്പിച്ച ചായയല്ല. തുളസിയും ഗ്രാമ്പൂവും ഏലക്കയുമെല്ലാമിട്ട 'അൽ സുലൈമാനി'യാണ് സംഭവം. നിമിഷങ്ങൾക്കകം ഗ്ലാസ് കാലി. യാത്രയുടെ ക്ഷീണവും പമ്പ കടന്നു. 

ഒരെണ്ണം കൂടി പോരട്ടെ

ആദ്യത്തെ കട്ടൻ കുടിച്ചു തീർത്തത് വേഗത്തിൽ ആയെന്നൊരു സംശയം. പിന്നെ അമാന്തിച്ചില്ല, അടുത്ത ഒരെണ്ണം കൂടി പറഞ്ഞു. രസമുള്ളത് ആസ്വദിച്ച് തന്നെ കഴിയ്ക്കണമല്ലോ. ഭയ്യ വീണ്ടുെമത്തി സുലൈമാനി ഒരെണ്ണം കൂടി മേശപ്പുറത്ത് വച്ചു. തൊട്ടുപിറകെ  ഓർഡർ എടുക്കാൻ ആളെത്തി. ഇവിടത്തെ സ്പെഷൽ തന്നെ പോരട്ടെയെന്ന് പറഞ്ഞപ്പോൾ അദ്ദേഹം രണ്ടാമതൊന്നു ആലോചിക്കാതെ ഐറ്റം വെളിപ്പെടുത്തി. പുട്ടും ബീഫ് റോസ്റ്റും പപ്പടവും. ആഹാ... ഇത് കിടുക്കും! എന്റെ ആത്മഗതം അൽപം ഉറക്കെ ആയെങ്കിലും ചുറ്റുമുണ്ടായിരുന്നവർ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ ആ ഡയലോഗ് ആരും കേട്ടില്ല. 

puttum-kattanum4

വായിൽ കപ്പലോടും ബീഫ് റോസ്റ്റ്

അധികം കാത്തിരിപ്പില്ലാതെ ഐറ്റം മേശപ്പുറത്തെത്തി. ആകാംക്ഷ മുഴുവൻ ബീഫ് റോസ്റ്റിലായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നല്ല കുരുമുളകിട്ട് വച്ച് സെറ്റായ അസൽ നാടൻ ബീഫ് റോസ്റ്റ്. വിരലുകൊണ്ടു പോലും മുറിക്കാവുന്നത്രയും സോഫ്റ്റായ ബീഫ് കഷണങ്ങളും കുരുമുളകിന്റെ നാടൻ രുചി നിറയുന്ന ഗ്രേവിയും.

puttum-kattanum5

പുട്ടും ബീഫ് റോസ്റ്റും പപ്പടവും കഴിച്ചു തീർന്നപ്പോൾ പാത്രത്തിൽ പുട്ടിന്റെയോ ബീഫിന്റെയോ പൊടി പോലുമില്ല കണ്ടുപിടിക്കാൻ! ഇത്രയും ക്ലീനായി ഭക്ഷണം കഴിയ്ക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യം ആ പ്ലേറ്റിൽ കാണാമായിരുന്നു. 

രുചിയിൽ നോ കോപ്രമൈസ്

നല്ല ഭക്ഷണം നല്ല രീതിയിൽ കൊടുക്കലാണ് കട്ടനും പുട്ടും എന്ന സ്ഥാപനത്തിന്റെ നയം. ഇത് പറഞ്ഞത് കടയുടെ പാർട്ണർമാരിലൊരാളായ റഫീഖ് ഇക്കയാണ്. വൈകീട്ട് അഞ്ചുമണിക്ക് കട തുറന്ന് രാത്രി പതിനൊന്നര പന്ത്രണ്ടിന് കട അടക്കും വരെ ഭക്ഷണം കഴിയ്ക്കാനെത്തുന്നവരോട് വിശേഷങ്ങൾ ചോദിച്ചും ഭക്ഷണത്തിന്റെ കാര്യങ്ങൾ അന്വേഷിച്ചും അദ്ദേഹം ഇവിടെ കാണും. നല്ല നാടൻ വെളിച്ചണ്ണയിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. കൂടാതെ ഹിമാലയൻ പിങ്ക് സോൾട്ടാണ് ഭക്ഷണത്തിൽ ചേർക്കുന്നത്, ഇക്ക കൂട്ടിച്ചേർത്തു. 

അപ്പമുണ്ട്, ചപ്പാത്തിയുണ്ട്, കപ്പയുണ്ട്

puttum-kattanum7

പേര് കേട്ട് ഇവിടെ പുട്ടും കട്ടനും മാത്രമേ കിട്ടുള്ളൂ എന്ന് തെറ്റിദ്ധരിക്കണ്ട. അപ്പം, കപ്പ, ചപ്പാത്തി എന്നിങ്ങനെയുള്ള വിഭവങ്ങളും ലഭിക്കും. കൂടാതെ മുളകിട്ട മീൻ കറി, മട്ടൺ റോസ്റ്റ്, മട്ടൺ ചാപ്സ്, ചിക്കൻ റോസ്റ്റ്, ചിക്കൻ ഫ്രൈ എന്നിങ്ങനെ രുചിയുടെ കൊതിമേളം ഒരുക്കുന്ന നാടൻ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

puttum-kattanum6

വെജിറ്റേറിയൻസിന് നല്ല നാടൻ പരിപ്പു കറിയും, പയറു കറിയും കടലക്കറിയും റെഡിയാണ്. ഭക്ഷണത്തിനൊപ്പം ഇഷ്ടം പോലെ കട്ടനും കുടിയ്ക്കാം. കടയുടെ പാർട്ണറും കൂടിയായ രമേശേട്ടന്റെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. എല്ലാ വിഭവങ്ങളിലും രമേശേട്ടന്റെ ഒരു കണ്ണെത്തിയിരിക്കും. 

മനസ് നിറയണ വഴിയോരക്കൂട്

puttum-kattanum1

ഭക്ഷണം കഴിച്ചു ബിൽ കൊടുക്കാറാവുമ്പോഴേക്കും കടയിലെ ആളുകളുമായി നമ്മളും കമ്പനി ആയിട്ടുണ്ടാകും. ചിലർക്കു അറിയേണ്ടത് ഇവിടത്തെ കട്ടന്റെ രഹസ്യച്ചേരുവകളെ കുറിച്ചാണ്. ബീഫ് റോസ്റ്റിൽ ചേർക്കുന്ന കുരുമുളക് മസാലയുടെ രുചിക്കണക്കുകൾ ചോദിക്കുന്നവരും കുറവല്ല. മറ്റു ചിലർക്ക് ചോദ്യങ്ങളേയില്ല. മനസ് നിറച്ചു കഴിച്ചതിന്റെ സന്തോഷം പുഞ്ചിരിയിൽ അവർ നിറയ്ക്കും. ഒരിക്കൽ ഇവിടെ നിന്നു കഴിച്ചാൽ വീണ്ടും ഇവിടേക്കു മടങ്ങിയെത്താനുള്ള ഒരു ഇഷ്ടം ഈ ഇടം അവശേഷിപ്പിക്കുന്നുണ്ട്. രുചി കൊണ്ടു വിളക്കിച്ചേർക്കുന്ന അത്തരം ബന്ധങ്ങളിലൂടെയാണ് കട്ടനും പുട്ടും ജനപ്രിയമാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA