sections
MORE

സമൂഹമാധ്യമത്തിൽ ഹിറ്റാണ് ഇൗ ഷാപ്പ്

1535107567090
SHARE

പകുതിയും മഴ കൊണ്ടുപോയ ചിങ്ങത്തിന്റെ മുറ്റത്തായിരുന്നു ഇക്കുറി തിരുവോണം. ആയിരക്കണക്കിനു വീടുകളുടെ പൂമുഖത്ത് കണ്ണീരിന്റെ നനവുണങ്ങിയിട്ടില്ല. നല്ല കഥയിലെ മാവേലി തമ്പുരാന്റെ മനസ്സോടെ ഒത്തു പിടിച്ച് ജീവിതങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരട്ടെ. 

ഓണത്തിനു സദ്യ പഥ്യമായി കരുതാത്ത യാത്രികർക്ക് അൽപ്പം എരിവും നുരയുമുള്ള പുതിയൊരു വഴി ചൂണ്ടിക്കാണിക്കുകയാണ്. പമ്പയാറിന്റെ കനത്ത പ്രഹരം ഏറ്റു വാങ്ങിയ തിരുവല്ലയ്ക്കിപ്പുറം ചങ്ങനാശേരിക്കടുത്ത് നാലുകോടിയാണ് സ്ഥലം. പേര് – വെണ്ടക്കാലാ ഷാപ്പ്. വെളുത്ത ബോർഡിൽ കറുത്ത അക്ഷരത്തിൽ ‘ഷാപ്പ്’ എഴുതുമ്പോൾ മുന്നറിയിപ്പു വേണമെന്നാണല്ലോ ചട്ടം. ആയതിനാൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’.

1535107649245

വാട്സാപ്പിലും ഫേസ്ബുക്കിലും യുട്യൂബിലും ഹിറ്റാണ് വെണ്ടക്കാലാ. ചെരുവച്ചട്ടിയിൽ പൊങ്ങിക്കിടക്കുന്ന തലക്കറിയുടെ വിഡിയോ കണ്ട് ദൂരദേശങ്ങളിലുള്ളവർ പോലും ടാക്സി വിളിച്ച് ഷാപ്പിലേക്കു വരുന്നു. നീളത്തിലുള്ള ഓട്ടുപുരയുടെ കോൺചെരിവുകളിലും മരപ്പാളി നിരത്തിയ ചെറുമുറികളിലും അവർ സ്വാദിന്റെ സുഖം നുകരുന്നു. ഉച്ചവെയിലിനു ചൂടുകൂടുമ്പോൾ ചിലർ പാട്ടു പാടും. മറ്റു ചിലർ കഥ പറയും. ഓട്ടുരുളിയുടെ വാവട്ടത്തോളം വലുപ്പമുള്ള കരിമീൻ പാഴ്സൽ വാങ്ങി അന്തിമയങ്ങുമ്പോഴേ വീട്ടിലേക്കു മടങ്ങാറുള്ളൂ.

1535107617855

മൂന്നു നിരയായി കെട്ടിയ നീളമുള്ള ഓട്ടുപുരയും ചാർത്തുകളുമാണ് വെണ്ടക്കാലാ. കുട്ടികളും കുടുംബവുമായി വരുന്നവർക്ക് സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലമുണ്ട്. റസ്റ്ററന്റുകളിലെ ഫാമിലി റൂമിന്റെ പകർപ്പാണിത്. ചങ്ങനാശേരിയിലൂടെ തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുന്നവരാണ് ഇവിടുത്തെ അതിഥികൾ. നേരംപോക്കിനു വട്ടം ചേർന്നിരിക്കുന്നവരുടെ ഏരിയയിലെ കസ്റ്റമേഴ്സ് പരസ്പരം പരിചയക്കാരാണ്.

1535107674007എണ്ണയിൽ കുറുകിയ ചേരുവയിൽ മുങ്ങിക്കിടക്കുന്ന താറാവിന്റെ കഷണത്തിനു മപ്പാസിന്റെ രുചിയാണ്. കൂന്തൽ ഫ്രൈയാണ് നാവിൽ സുഖം പടർത്തുന്ന രണ്ടാമൻ. പോർക്ക് ഉലർത്തിയതിനെക്കാൾ അൽപ്പം എരിവു കുറവുണ്ടെന്ന കാര്യം ഒഴിവാക്കിയാൽ രണ്ട് ഐറ്റത്തിനും ‘സ്മൂത്തി ഫീൽ’. കരിമീൻ പൊള്ളിച്ചത്, കണവ വറുത്തത്, കാരി പൊരിച്ചത്, താറാവ് മപ്പാസ്, പന്നിയിറച്ചി ഉലർത്തിയത്, ബീഫ് ഫ്രൈ, പൊടിമീൻ ഫ്രൈ, ഞണ്ടു കറി, വറ്റമീൻ തലക്കറി തുടങ്ങി വിഭവങ്ങളുടെ നിര നീണ്ടു കിടക്കുന്നു.

1535107594349

പണ്ടേതോ കള്ളു ഷാപ്പിൽ വച്ച് കപ്പയെ ചേർത്തു പിടിച്ച് മീൻകറി ‘മെയ്ഡ് ഫോർ ഈച്ച് അദർ’ എന്നു പറഞ്ഞത്രെ. ബുദ്ധിജീവിയെ പോലെ ദീക്ഷ വളർത്തിയ മെലി‍ഞ്ഞ ചേട്ടനാണ് ഇക്കാര്യം പറഞ്ഞത്. ബെഞ്ചിന്റെ അറ്റത്തിരുന്ന് കപ്പയും മീനും കൂട്ടിക്കുഴക്കുന്നതിനിടെ ആരോടെന്നില്ലാതെ അദ്ദേഹം പിറുപിറുക്കുകയായിരുന്നു. കപ്പപ്പുഴുക്കുമായി ഇഴചേർന്നു നിൽക്കുന്ന തലക്കറിയോട് അസൂയ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1535107749217സാധാരണ കള്ളു ഷാപ്പിൽ ചിരട്ടപ്പുട്ടിനും കടലക്കറിക്കും വലിയ റോളൊന്നുമില്ല. പക്ഷേ, വെണ്ടക്കാലായിൽ അതൊക്കെ വലിയ വിഷയമാണ്. വെണ്ടക്കാലായിൽ നിന്നു പ്രഭാത ഭക്ഷണം കഴിക്കാമെന്നുറപ്പിച്ച് വീട്ടിൽ നിന്നിറങ്ങുന്നവരുണ്ട്. 

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA