മീൻരുചിയിൽ പെടപെടയ്ക്കണ 'ചീനവല'

cheenavala9
SHARE

കൊച്ചിയുടെ സിഗ്‌നേച്ചർ കാഴ്ചയാണ് ചീനവല. വലയുയരുമ്പോൾ പെരുമീനുകൾ നിറയുന്ന മറ്റൊരു ചീനവലയിലേക്കാണ് ഈ യാത്ര. മീൻരുചിയുടെ ചീനവലയിലേക്ക്..

ഞങ്ങളുടെ അപ്പനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, നിങ്ങൾ വിളമ്പിയ ഭക്ഷണം കഴിച്ചപ്പോൾ അവരെ ഓർമവന്നു. അവരുടെ പാചകം ഓർമവന്നു. ഹൃദ്യമായ ഈ രുചിക്കും പെരുമാറ്റത്തിനും നന്ദി.’

cheenavala

ചീനവലയിലെ ഭക്ഷണം കഴിച്ച് ഉള്ള് നിറഞ്ഞ ഒരു അമേരിക്കൻ മലയാളി കുടുംബം അവിടത്തെ ഗസ്റ്റ്ബുക്കിൽ എഴുതിയ വരികളാണിത്. ഇതു വായിച്ചപ്പോൾ ‘ഉസ്‌താദ് ഹോട്ടലി’ലെ കരീമിക്ക കൊച്ചുമകൻ ഫൈസിയോടു പറഞ്ഞ ഡയലോഗ് ഓർത്തുപോയി: ‘മോനേ, വയറുനിറയ്‌ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസ്സ് നിറയണം. അതാണ് ശരിയായ കൈപ്പുണ്യം.’ ചുരുങ്ങിയ കാലം കൊണ്ട് കൈപ്പുണ്യത്തിനു പേരെടുത്ത ഒരിടത്തേക്കാണ് ഇത്തവണത്തെ രുചിയാത്ര. കടൽരുചി തേടുന്ന കരക്കാരെയും കടൽ കടന്നെത്തുന്ന സഞ്ചാരികളെയും ഒരുപോലെ വലയിലാക്കുന്ന കൊച്ചിയുടെ സ്വന്തം ചീനവല സീഫുഡ് റസ്റ്ററന്റിലേക്ക്.

കടലിലുള്ളതെല്ലാം ചീനവലയിൽ!

ഭീമൻ തിമിംഗലങ്ങളും വമ്പൻ സ്രാവുകളും തൊട്ട് പരൽമീനുകൾ വരെ നീന്തിത്തിമിർക്കണ കടൽപ്പരപ്പായി എറണാകുളം നഗരത്തെ സങ്കൽപിച്ചാൽ മീൻപെരുക്കമേറണ കടൽഹൃദയം പോലെയാണ് ഇടപ്പള്ളി ജംക്‌ഷൻ. അവിടന്ന് ഒറ്റമുങ്ങിനെത്തുന്ന ദൂരമേയുള്ളൂ ചീനവലയിലേക്ക്.

cheenavala7

ഇടപ്പള്ളിയിൽനിന്ന് വൈറ്റിലയിലേക്കുള്ള ബൈപ്പാസിനോടുചേർന്ന സർവീസ് റോഡിൽ കഷ്ടിച്ചൊരു 100 മീറ്റർ പിന്നിട്ടാൽ ഇടതുവശത്ത് കടൽനീലയിലെഴുതിയ ആ ബോർഡ് കാണാം. ഊണു നേരത്താണ് യാത്രയെങ്കിൽ പുറത്തെ തിരക്കുമാത്രം മതി ഹോട്ടൽ തിരിച്ചറിയാൻ. പെടയ്‌ക്കണ മീനുമായി ജലപ്പരപ്പിനു മേലേക്കുയരുന്ന ഒറിജിനൽ ചീനവലയ്‌ക്കു സമീപമെന്നപോലെ ഈ ചീനവലയ്‌ക്കു ചുറ്റിനും ആളുകളങ്ങനെ തിങ്ങിക്കൂടി നിൽക്കും. എങ്ങനെയെങ്കിലും അകത്തുകയറാനും സീറ്റ് കിട്ടാനും വേറിട്ട മീൻരുചി ആസ്വദിക്കാനുമാണീ തിരക്ക്.

cheenavala2

ഹോട്ടലിനോടു ചേർന്ന വിശാലമായ പാർക്കിങ് ഏരിയയിൽ കാറിട്ട്, വിശപ്പ് തിരയടിച്ചുതുടങ്ങിയ വയറോടെ ചീനവലയിലേക്കു കയറി. കടലിന്റെ പശ്ചാത്തലത്തിൽ ഇന്റീരിയർ ചെയ്ത വിശാലമായ ഉൾഭാഗം. ചുമരിൽ കക്കയും ചിപ്പിയുമൊക്കെ പതിച്ച് മനോഹരമാക്കിയിരിക്കുന്നു. ഉച്ചനേരമായതിനാൽ എല്ലാ ടേബിളും ഫുള്ളാണ്. പത്തുകൂട്ടം മീൻവിഭവങ്ങൾക്കൊപ്പമുള്ള താലി മീൽസും ആവിപറക്കുന്ന പലതരം ചട്ടിക്കറികളും കടലിലെ ‘താരങ്ങൾ’ അണിനിരക്കുന്ന സീഫുഡ് പ്ലാറ്ററുമൊക്കെ ആസ്വദിച്ചുകഴിക്കുന്ന ആളുകൾ. അകത്തിരിക്കുന്ന ഏതാണ്ട് അത്രതന്നെ ആളുകൾ പുറത്ത് ‘വെയ്റ്റിങ്ങി’ലാണ്.

cheenavala5

‘കോണ്ടിനെന്റൽ, ചൈനീസ്, തായ്, നോർത്ത് ഇന്ത്യൻ തുടങ്ങി എല്ലാത്തരം ഭക്ഷണവും ഇവിടെയുണ്ടെങ്കിലും നാടൻ ചട്ടിക്കറികളും വിവിധ രുചിക്കൂട്ടിലുള്ള ഗ്രിൽ ഫിഷുമാണ് ഞങ്ങളുടെ സ്‌പെഷ്യൽറ്റി. ആളുകൾ ഏറ്റവുമധികം ആവശ്യപ്പെടുന്നതും അതുതന്നെ.’ ചീനവലയുടെ മാനേജിങ് ഡയറക്‌ടർ ഷാജൻ ആന്റണി പറയുന്നു. ‘മെനു’ നോക്കിയാലറിയാം കടൽവിഭവങ്ങളുടെ ഈ വേലിയേറ്റം. സൂപ്പിലും സാലഡിലും സ്റ്റാർട്ടേഴ്‌സിലും തുടങ്ങി പ്ലാറ്ററുകളിലും ചട്ടിക്കറികളിലും പാസ്‌തയിലും വരെ മീനുകളങ്ങനെ നിറഞ്ഞുനിൽക്കുന്നു. ‘കടലിലുള്ളതെല്ലാം ചീനവലയിലുണ്ട്’ എന്നതാണ് ഈ ഹോട്ടലിന്റെ പരസ്യവാചകം. അതു ശരിയാണെന്നുതോന്നും അവിടത്തെ മെനു കണ്ടാൽ.

തൈക്കൂടം ബ്രിജിന്റെ ‘ഫിഷ് റോക്ക്’ പാട്ടുപോലെ മീനുകൾ തുള്ളുന്ന ‘മെനുക്കടലിൽ’ മുങ്ങി പകച്ചിരുന്നപ്പോൾ ചീനവലയുടെ എക്‌സിക്യൂട്ടീവ് ഷെഫ് ശ്രീകുമാർ സഹായത്തിനെത്തി. ഹോട്ടലിന്റെ മറ്റൊരു ഭാഗത്തേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. ചീനവലയുടെ ‘മോസ്റ്റ് ഹാപ്പനിങ് പ്ലേസിലേക്ക്’!

cheenavala3

വെൽക്കം ടു ലൈവ് കിച്ചൺ

അടുക്കളയോടു ചേർന്നൊരുക്കിയ ലൈവ് ഫിഷ്, ലൈവ് കിച്ചൺ കൗണ്ടറുകൾ പേരുപോലെ എപ്പോഴും ‘ലൈവാ’ണ്. ഒരുഭാഗത്ത്, നല്ല വൃത്തിയുള്ള ഗ്ലാസ് ഷെൽഫിൽ ഭംഗിയായടുക്കിയ തികച്ചും ഫ്രഷായ ‘കടൽ വിഐപി’കൾ. ചെമ്പല്ലിയിൽ തുടങ്ങി അമൂർ, കൊഞ്ച്, ഏരി, കാളാഞ്ചി എന്നിവരിലൂടെ ആവോലിയിൽ കണ്ണെത്തിയപ്പോഴേക്കും ‘ഞങ്ങളുമിവിടുണ്ടേ’ എന്ന മട്ടിൽ കൈകൾ നീട്ടുന്ന ജീവനുള്ള ഞണ്ടുകൾ! ഇഷ്ടമുള്ള മീനുകൾ ചൂണ്ടിക്കാട്ടുക, ശേഷം കൊതിയോടെ കാത്തിരിക്കുക. ഗ്രിൽ, കറി, പ്ലാറ്റർ തുടങ്ങി ആവശ്യപ്പെടുന്ന ഏതു രൂപത്തിലും അത് മുന്നിലെത്തും.

cheenavala1

‘മീനുകൾ തൂക്കിനോക്കി 100 ഗ്രാം കണക്കിൽ വിലയിട്ട് അതിഥികൾക്ക് ഇഷ്ടമുള്ള രുചിയിൽ പാചകം ചെയ്ത് അരമണിക്കൂറിനകം വിളമ്പുന്നതാണ് ചീനവലയുടെ രീതി.’ ഷെഫ് ശ്രീകുമാർ പറയുന്നു. സിഗ്‌നേച്ചർ സ്പൈസി ഫ്ലേവർ, റെഡ് ചില്ലി, ഗ്രീൻ സ്പൈസ് മസാല, തെരിയാകി എന്നിങ്ങനെ നാല് മസാലക്കൂട്ടിൽ ഗ്രിൽ ചെയ്തെടുക്കുന്ന ഫിഷിന്  ചീനവലയിൽ ആവശ്യക്കാരേറെയാണ്..

cheenavala8

തൊട്ടപ്പുറത്ത് ചക്ക മാങ്ങ മീൻകറിയും ചെമ്മീൻ കപ്പ കുഴയും ഉണ്ടാക്കുന്ന തിരക്കിലാണ് ലൈവ് കിച്ചണിന്റെ അമരക്കാരനായ വേണു. പാചകത്തിൽ നാല് ദശകങ്ങളുടെ പാരമ്പര്യമുള്ള ഈ ആലപ്പുഴക്കാരന്റെ ൈകയൊപ്പ് പതിഞ്ഞ ചട്ടിക്കറികളാണ് ചീനവലയുടെ അടുത്ത ഹൈലൈറ്റ്. വിവിധ മസാലക്കൂട്ടുകൾക്കും ചട്ടികൾക്കും നടുവിൽ കൈയടക്കത്തോടെ രുചിയുടെ മായാജാലം തീർക്കുന്ന വേണുച്ചേട്ടനെ നോക്കിനിൽക്കുമ്പോൾ സ്വന്തം വീട്ടിലെ അടുക്കളയിൽ കയറാത്തവർ പോലും തിരിച്ചറിയും, പാചകം എത്ര വിസ്മയകരമായ അനുഭവമാണെന്ന്.

അപ്പോഴേക്കും ചീനവലയുടെ സിഗ്‌നേച്ചർ ഐറ്റമായ ‘ഫുൾനെറ്റ് താലി മീൽസ്’ മുന്നിലെത്തി. കുത്തരിച്ചോറിനു ചുറ്റും നിരന്ന 10 തരം മീൻവിഭവങ്ങൾ. ചെമ്മീൻ പച്ചടി, കക്കത്തോരൻ, കൂന്തൽ തീയൽ, ചൂര അച്ചാർ, ചെമ്മീൻ ചമ്മന്തി, മീനവിയൽ, ഞണ്ട് രസം, നെയ്മീന്‍ കറി, മീൻ വറ്റിച്ചത്, നെയ്മീൻ തവ ഫ്രൈ. ഇതിനൊക്കെ പുറമേ കപ്പ, ചക്ക പുഴുക്കും പായസവും ഫ്രൂട്ട് സാലഡും. മീൻവിഭവങ്ങളുടെ രുചിത്തുരുത്തുകളിൽ വിരലോടിച്ച് നാക്കിൽ തൊടുമ്പോൾ, കൈപ്പുണ്യമുള്ള അമ്മച്ചിമാർ അടുക്കള വാഴുന്ന പല വീടുകളിൽ ഒരേസമയം വിരുന്നിനെത്തിയ പ്രതീതി. അതിനിടെ വലിയൊരു പാത്രത്തിൽ ഗ്രിൽ ഫിഷെത്തി. തെരിയാകി മസാലതേച്ച് ചുട്ടെടുത്ത ഒന്നാന്തരം ചെമ്പല്ലി. പച്ചക്കുരുമുളകും കാന്താരിയും ചെറിയുള്ളിയുമൊക്കെ അരച്ചു ചേർത്ത ചെമ്പല്ലിയെ തൊട്ടപ്പോൾ രുചിയുടെ നിറവിൽ നാവ് തരിച്ചുപോയി.

ചെമ്പുമാങ്ങാ മീൻകറി, കുമരകം മീൻകറി, മലബാർ മീൻകറി, നാടൻ ഞണ്ടുകറി, ഞണ്ട് മപ്പാസ്, നാടൻ ഞണ്ട് വറുത്തത്, കപ്പച്ചെമ്മീൻ തോരൻ, മീൻ ചെമ്പ് തോരൻ, ചട്ടിമീൻ മപ്പാസ് എന്നുതുടങ്ങി നാടൻ മീൻവിഭവങ്ങൾ ഇനിയും ഒട്ടേറെയുണ്ട് ചീനവലയിൽ. കഴിക്കാൻ പക്ഷേ വയർ ഒന്നല്ലേയുള്ളൂ!

യാത്ര പറഞ്ഞിറങ്ങുമ്പോൾ ഫൊട്ടോഗ്രഫർ സരുണിന്റെ ആത്മഗതം അൽപം ഉറക്കെയായി, ‘ഒരു വരവുകൂടി വരേണ്ടിവരും.’ ! .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA