ഭയപ്പെടുത്തിയ യാത്രയായിരുന്നു: എലീന

alina-trip1
SHARE

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ മിനിസ്‌ക്രീനിലൂടെ മലയാളികൾക്കു പരിചിത, 2005 ൽ ഏറ്റവും മികച്ച അവതാരകയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാര ജേത്രി, പ്രായം 23 ലേക്ക് എത്തിയതേയുള്ളുവെങ്കിലും അനുഭവസമ്പത്തിലും വര്‍ഷങ്ങളുടെ അവതരണ പരിചയത്തിലും എലീന പടിക്കൽ മലയാളത്തിലെ അവതാരകരുടെ ഒന്നാം നിരയിലാണ്. കുസൃതി നിറഞ്ഞ വാചകമടിയാൽ  ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുറച്ചേറെ ആരാധകരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എലീന. അവതാരക വേഷത്തിൽനിന്നു സീരിയൽ നടിയായ, ജീവിതത്തിൽ തിരക്കേറിയെങ്കിലും യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന, എപ്പോഴും യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്ന മിനിസ്‌ക്രീനിലെ പ്രിയതാരം തന്റെ യാത്രാവിശേഷങ്ങളും യാത്രകളിൽ തനിക്കുണ്ടായ അനുഭവങ്ങളുമെല്ലാം  മനോരമ ഓണ്‍ലൈനിൽ പങ്കുവെയ്ക്കുന്നു.

ദൂരയാത്രകൾ ഇപ്പോൾ വളരെ കുറവാണ്. പഠനവും അതിനിടയിലുള്ള ഷൂട്ടുമൊക്കെയായി കുറച്ചേറെ തിരക്കുകളിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. എങ്കിലും എല്ലാ വർഷവും ഒരു ദൂരയാത്രയെങ്കിലും ചെയ്യാറുണ്ട്. തിരക്കുകൾ എത്രതന്നെയുണ്ടായാലും കുറച്ചു ദിവസങ്ങൾ അതിനായി മാറ്റിവെയ്ക്കാൻ ശ്രമിയ്‌ക്കും . ഒരു സ്ഥലം കണ്ടെത്തി, അവിടുത്തെ കാഴ്ചകളെല്ലാം ആസ്വദിച്ചു മടങ്ങാൻ എനിക്ക് വല്ലാത്തൊരിഷ്ടമാണ്. യാത്രകളോടുള്ള ഈ പ്രിയം, എനിക്കെന്റെ അപ്പനമ്മമാരിൽനിന്നു ലഭിച്ചതാണ്. അവരോളം യാത്രകളിഷ്ടപ്പെടുന്നവരെ ഞാൻ കണ്ടിട്ടില്ല എന്നുതന്നെ പറയാം. മിക്കവാറും എല്ലാ ഞായറാഴ്ചകളിലും രണ്ടുപേരും കൂടി ചെറുതെങ്കിലും ഒരു യാത്ര പോകും. ആ ട്രിപ്പിൽനിന്ന് ചിലപ്പോൾ എന്നെ ഒഴിവാക്കാറുണ്ട്. രണ്ടുപേരും ബൈക്കിൽ കയറി ഓടിച്ചു പോകുന്നത് സന്തോഷത്തോടെ ഞാൻ ഇപ്പോഴും നോക്കിനിൽക്കാറുണ്ട്. ആ യാത്രാപ്രേമം രക്തത്തിൽ അലിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു എനിക്കും യാത്രകളോടിത്രയധികം കമ്പം. 

alina-trip3

കേരളത്തിൽ ഒട്ടുമിക്കയിടങ്ങളിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഷൂട്ടിന്റെ ഭാഗമായാണ്. അവയിൽ എനിക്കേറ്റവും പ്രിയം തോന്നിയിട്ടുള്ളത് കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖലയോടാണ്. ഏറെ മനോഹരമാണ് അവിടെയുള്ള സ്ഥലങ്ങൾ. അതുപോലെ തന്നെയാണ് അവിടെയുള്ള ജനങ്ങളും. ആത്മാർഥമായ സ്നേഹം പ്രകടിപ്പിക്കുന്ന, നിഷ്കളങ്കരായ മനുഷ്യർ.  രുചികരമായ ഭക്ഷണവും അകമഴിഞ്ഞു സ്നേഹിക്കുന്ന കുറേയാളുകളെയും കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ കാണാൻ സാധിച്ചിട്ടുണ്ട്. കണ്ണൂരിൽ ഒരു ഷൂട്ടിന്റെ ഭാഗമായി, മുഴുപ്പിലങ്ങാട് ബീച്ചിലൂടെ ഒരു റൈഡ് നടത്തി. വളരെ രസകരമായിരുന്നു ആ  അനുഭവം. ബൈക്കിൽ റൈഡ് പോകാൻ എനിക്കേറെ ഇഷ്ടമാണ്. ഞാനേറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് ബൈക്ക് റൈഡിങ്. ഷൂട്ടിങ്ങിനല്ലാതെ ഒരു തവണ കൂടി മുഴുപ്പിലങ്ങാട് ബീച്ചിൽ പോയിട്ടുണ്ട്. ആ യാത്രയിൽ ഒരുപാടു സമയം ബീച്ചിൽ ചെലവഴിക്കുകയും ബീച്ചിലൂടെ കാർ ഡ്രൈവ് ചെയ്യുകയും ചെയ്തു.

alina-trip5

ഭയപ്പെടുത്തിയ യാത്ര

ഇത്രയും കാലത്തെ യാത്രകളിൽ എനിക്കൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച യാത്രയും സ്ഥലവുമാണ് സെന്തുരുണി. ഇത്രയധികം എന്നെ  ഭയപ്പെടുത്തുകയും ഉത്കണ്ഠ ജനിപ്പിക്കുകയും ചെയ്ത മറ്റൊരു യാത്ര പിന്നീട് ഇതുവരെയുണ്ടായിട്ടില്ല. ഒരു ഷൂട്ടിന്റെ ഭാഗമായുള്ള യാത്രയായിരുന്നു അത്. കാലിനു ചെറിയൊരു പരുക്കു പറ്റിയ സമയം കൂടിയായിരുന്നു. ഒഴിവാക്കാനാകാത്ത ഷൂട്ട് ആയതുകൊണ്ടാണു പുറപ്പെട്ടത്. കൂടെ അമ്മയുമുണ്ടായിരുന്നു. കാടിനുള്ളിലാണ് ഷൂട്ട്.

Alina-Padikkal-trip

അനുമതി തരുന്നതിനൊപ്പം തന്നെ  ഫോറസ്റ്റ്  ഓഫിസറുടെ കർശനനിർദേശവുമുണ്ടായിരുന്നു, ഇരുട്ടുന്നതിനു മുൻപുതന്നെ കാടുകടക്കണമെന്ന്. പക്ഷേ, ആ ദിവസം ഷൂട്ടിങ് തീർന്നുമില്ല, ഞങ്ങളേറെ വൈകിപ്പോകുകയും ചെയ്തു. രാത്രിയായതോടെ ചുറ്റും ഇരുട്ടു മാത്രം. ഞങ്ങളുടെ കൂടെയുള്ള ഓഫിസർ, മൃഗങ്ങളെ കാണുമ്പോൾ ഒരു കാരണവശാലും ഭയത്താൽ ഒച്ചയുണ്ടാക്കരുതെന്നും അതു ചിലപ്പോൾ അപകടം ക്ഷണിച്ചു വരുത്തുമെന്നും മ്യഗങ്ങൾക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കരുതെന്നും ഇടയ്ക്കിടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. മിന്നാമിനുങ്ങുകളെ കണ്ടാൽപോലും ആ രാത്രിയിൽ ഭയം തോന്നിയിരുന്നു. 

കാടിനുള്ളിൽ ഫോണിന് റേഞ്ച് ഉണ്ടായിരുന്നില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ രണ്ടു മുറിയുള്ള ഒരു ടെന്റിലായിരുന്നു ആ രാത്രി താമസം. കുഴി പോലെയുള്ള ഒരു പ്രതലത്തിലായിരുന്നു ടെന്റ്. അതിനോടു ചേർന്ന് വെള്ളം നിറഞ്ഞ ഒരു കുളമുണ്ട്. കാട്ടാനകൾ സ്ഥിരമായി വെള്ളം കുടിക്കാനെത്തുന്ന കുളമാണ്. നല്ലതുപോലെ ഭയന്നാണെങ്കിലും ആ രാത്രി ധൈര്യം സംഭരിച്ച് അവിടെ കഴിഞ്ഞു. പിറ്റേന്നു കാലത്ത് ഉറങ്ങിയെഴുന്നേറ്റപ്പോഴാണു ശരിക്കും ഞെട്ടിയത്. ടെന്റിനു പുറത്ത് പുലിയുടെയും പുലിക്കുട്ടികളുടെയും കാൽപാടുകൾ. ആളനക്കമുള്ളതുകൊണ്ടു ഇനി അവ വരാൻ സാധ്യതയില്ലെന്നു കൂടെയുള്ള ഫോറസ്റ്റ് ഓഫിസർ ധൈര്യം പകരാണെന്നവണ്ണം പറയുന്നുണ്ടായിരുന്നു. കാല് വയ്യാത്തതു കൊണ്ട് എങ്ങനെ ഓടി രക്ഷപ്പെടുമെന്നായിരുന്നു ആ ദിവസം മുഴുവൻ ഞാൻ ചിന്തിച്ചത്. എന്തായാലും അപകടമൊന്നും കൂടാതെ തിരികെ നാട്ടിലെത്താൻ സാധിച്ചു. 

അമ്മയ്ക്ക് എന്നെയോർത്ത് എപ്പോഴും ടെൻഷൻ ആണ്. ഞാൻ ചിലപ്പോൾ ഒറ്റയ്ക്കു വണ്ടിയോടിച്ചു കുറെ ദൂരമൊക്കെ യാത്ര പോകും. വാഹനങ്ങളോടിക്കാൻ എനിക്കേറെയിഷ്ടമാണ്. ഒരു തവണ ഞാനോടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടിട്ടുണ്ട്. അന്നു കഷ്ടിച്ചാണ് ജീവൻ തിരിച്ചുകിട്ടിയത്. സത്യത്തിൽ എന്നെയൊന്നു നന്നാക്കാനും തുടർ പഠനത്തിനും വേണ്ടിയാണ് ബെംഗളൂരുവിലേക്ക് അയച്ചത്. ഇത്രയധികം ഞാൻ ആസ്വദിച്ച മറ്റൊരു സ്ഥലമില്ല എന്നുതന്നെ പറയാം. ഏറ്റവുമിഷ്ടപ്പെട്ട സ്ഥലമേതെന്നു ചോദിച്ചാൽ എനിക്ക് അന്നുമിന്നുമെന്നും ഒരു ഉത്തരമേയുള്ളൂ... അത് ബെംഗളൂരു ആണ്. അവിടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്. അവിടുത്തെ മിക്ക സ്ഥലങ്ങളും എനിക്കേറെ പരിചിതമാണ്. അവിടുത്തെ ഭക്ഷണവും ഫാഷനുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്. ബെംഗളൂരു ക്രൈസ്റ്റ്  കോളജിൽ എംബിഎ വിദ്യാർഥിനിയാണ് ഞാനിപ്പോൾ.

alina-trip2

കാറിലാണ് യാത്ര

യാത്രകൾക്കു മിക്കവരും തിരഞ്ഞെടുക്കുന്നത് ബസോ ഫ്ലൈറ്റോ ട്രെയിനോ ആയിരിക്കും. ലക്ഷ്യസ്ഥാനം എത്തുന്നതുവരെ വാഹനത്തിലിരുന്ന് ഉറങ്ങുന്നവരാണ് ഭൂരിപക്ഷവും. അത്തരം യാത്രകൾ എനിക്കു മുഷിപ്പാണ്. സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്രയാണെങ്കിൽ  ഓരോ സ്ഥലത്തെക്കുറിച്ചും അറിഞ്ഞും വഴി മനസ്സിലാക്കിയും കാഴ്ചകൾ കണ്ടുമൊക്കെ യാത്ര ചെയ്യാം. 

രസകരമായ  നിരവധി അനുഭവങ്ങൾ ഓരോ യാത്രയും എനിക്കു സമ്മാനിച്ചിട്ടുണ്ട്. ഒരിക്കൽ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അപ്പനും അമ്മയും നാട്ടിലേക്കു പോയ സമയം.  സ്പെഷൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞു ഞാൻ ബെംഗളൂരുവിൽത്തന്നെ തങ്ങി. രാവിലെ  കാറിൽ കയറി ബെംഗളൂരുനിന്നു ചെന്നൈയ്ക്കു തിരിച്ചു. വഴിയൊന്നും കൃത്യമായി അറിയില്ല. അന്ന് ഗൂഗിൾ മാപ്പൊന്നും ഫോണിലില്ല. കുറെ ദൂരം പിന്നിട്ട് ഒരു ടോൾ ബൂത്ത് എത്തിയപ്പോൾ ചെന്നൈയ്ക്കുള്ള വഴിയിതു തന്നെയല്ലേ എന്ന് അവരോടു ചോദിച്ചു. അതു കോയമ്പത്തൂരിലേക്കുള്ള വഴിയായിരുന്നു. അവിടെനിന്നു തിരിച്ചുപോന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ്  മനസ്സിലായത് വീണ്ടും വഴിതെറ്റി, അത് ഹൈദരാബാദിലേക്കുള്ള വഴിയാണെന്ന്. അപ്പോഴാണ് ഒരു തമിഴ്‌നാട് റജിസ്ട്രേഷൻ വണ്ടി മുമ്പിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. അവരോടു ചോദിച്ചപ്പോൾ അവർ ചെന്നൈയ്ക്കാണെന്നു പറഞ്ഞു. പിന്നെ അവരുടെ പുറകെ ചെന്നൈ വരെ പോയി. അതൊരു പുതിയ അനുഭവമായിരുന്നു. വീട്ടിലറിഞ്ഞപ്പോൾ അമ്മയൊരുപാടു വഴക്കുപറഞ്ഞു. എങ്കിലും ഇപ്പോഴോർക്കുമ്പോൾ അതൊരു രസകരമായ യാത്രയായിരുന്നു.

എല്ലാ വർഷവുമുള്ള യാത്രകളിൽ പല പല  സ്ഥലങ്ങളും  പല പല കാഴ്ചകളും കണ്ടുകഴിഞ്ഞു. ഗോകർണ, പോണ്ടിച്ചേരി, ഡൽഹി, കുവൈത്ത്, ബഹ്‌റൈൻ, ദുബായ് എന്നിങ്ങനെ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി യാത്രകൾ നടത്തി. ഇനി യാത്ര ലേ യും ലഡാക്കും കാണാനാണ്. ആ സ്വപ്നദൂരം ബൈക്കിൽ താണ്ടണമെന്നാണ് ആഗ്രഹം. പക്ഷേ, ആ യാത്ര ഈ വർഷമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു കസിന്റെ വിവാഹമുണ്ട്. കസിൻസ് എല്ലാവരും കൂടെ ഗോവയ്ക്കു യാത്ര പോകാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. അടുത്തവർഷം എന്തായാലും ലേ-ലഡാക്ക് പോകണം, അതും ബൈക്കിൽ. - തന്റെ സ്വപ്നയാത്രയെക്കുറിച്ചും ആ ദൂരങ്ങളത്രയും ബൈക്കിൽ താണ്ടുന്നതിനെക്കുറിച്ചും വിവരിച്ചുകൊണ്ട് എലീന തന്റെ യാത്രാവിശേഷങ്ങൾ പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA