നെയ്യാറിലെ വർണമൽസ്യങ്ങൾ

Neyyar-Dam-Aquarium1
SHARE

അഗസ്ത്യകൂടമലനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുന്ന നെയ്യാർ സഞ്ചാരികൾക്കായി ഒരുക്കുന്ന മനോഹര കാഴ്ചകൾ നിരവധിയാണ്. നെയ്യാറിലെ ജലം മുഴുവൻ സംഭരിച്ച അണക്കെട്ടും അതിനു ചുറ്റുമുള്ള പൂന്തോട്ടവും പശ്ചിമഘട്ട മലനിരകളും നീലതടാകവും തുടങ്ങി കാഴ്ചകളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. അതിൽ തന്നെ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന ഒന്നാണ് നക്ഷത്ര അക്വേറിയം. നീന്തി തുടിക്കുന്ന വർണമൽസ്യങ്ങളുടെ ലോകം ആരിലും കൗതുകമുണർത്തും.

നെയ്യാർ അണക്കെട്ടിന് സമീപത്തായാണ് ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലുള്ള ഒരു വലിയ കുളത്തിന്റെ രൂപത്തിലാണ് അക്വേറിയം. 75 സ്ഫടിക സംഭരണികളിലും മത്സ്യങ്ങളെ സൂക്ഷിച്ചിട്ടുണ്ട്. പല നിറങ്ങളിലുള്ള മൽസ്യങ്ങൾ സമ്മാനിക്കുന്ന സുന്ദര കാഴ്ചകൾ. വിവിധ മൽസ്യങ്ങളുടെ മാതൃകകളും ചെറു ജലധാരകളും ചുമരിനെ അലങ്കരിക്കുന്ന പെയിന്റിങ്ങുകളുമൊക്കെ അകകാഴ്ചകളെ ആകർഷണീയമാക്കുന്നു.

കേരളത്തിന്റെ സ്വന്തം അലങ്കാര മൽസ്യമെന്നറിയപ്പെടുന്ന, ലോക പ്രസിദ്ധി നേടിയ സുന്ദരി മിസ് കേരള, സൗഭാഗ്യവാഹക എന്നറിയപ്പെടുന്ന ഫ്ലവർഹോൺ, ദൈവത്തിന്റെ സ്വന്തം മൽസ്യമെന്നു പേരുള്ള അരോണ, ആത്മാക്കൾ വസിക്കുന്നുവെന്നു കരുതപ്പെടുന്ന ബ്ലാക്ക് ഗോസ്റ്റ്, ഏറെ പ്രത്യേകതകളുള്ള അലിഗേറ്റർഗാർ, സിൽവർ ഷാർക്‌, സിമിഡ്‌, ഷെവൽനോ ക്യാറ്റ്ഫിഷ് തുടങ്ങി വിവിധ വിഭാഗങ്ങളിൽലുൾപ്പെട്ട അമ്പതിലധികമിനം ശുദ്ധജല അലങ്കാര മൽസ്യങ്ങൾ സന്ദർശകർക്ക് വർണകാഴ്ചകളൊരുക്കി അക്വേറിയത്തിലുണ്ട്.

Neyyar-Dam-Aquarium

ധാരാളം മത്സ്യങ്ങളും മനോഹര കാഴ്ചകളുമുള്ളതുകൊണ്ടു തന്നെ ദിവസവും ഇരുനൂറിലധികംപേർ ഈ അക്വേറിയം സന്ദർശിക്കാനായി എത്തിച്ചേരാറുണ്ട്. അവധി ദിവസങ്ങളിൽ അത് ഇരട്ടിയിലധികമാകാറുണ്ട്. 2012 ലാണ് ഫിഷറീസ് വകുപ്പ് നെയ്യാർ അണക്കെട്ടിന് സമീപത്തായി ഇത്തരത്തിലൊരു അക്വേറിയം തുറന്നത്. രണ്ടു നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ഈ അക്വേറിയതിനു നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയാണ്. ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന ഏജൻസിയായ അഡാക്കിനാണ് അക്വേറിയം നടത്തിപ്പിനുള്ള പൂർണചുമതല.

ദിവസവും രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ് സന്ദർശകർക്ക് പ്രവേശനമനുവദിച്ചിട്ടുള്ളത്. ഒരു നിശ്ചിത ശതമാനം തുക പ്രവേശനത്തിനായി സന്ദർശകരിൽ നിന്നും ഈടാക്കുന്നുണ്ട്. അതിപ്രകാരമാണ്, മുതിർന്നവർക്ക് 25, കുട്ടികൾക്ക് 15 അതിൽ തന്നെ വിദ്യാലയങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഇളവുണ്ട്. പ്രീപ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് 5 രൂപയും ആറാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ഈടാക്കുന്നത്.

അലങ്കാര മത്സ്യങ്ങളെ കാണാനും വിവിധ വർണങ്ങളിലുള്ള അവയെ അടുത്തറിയാനും സന്ദർശകർക്ക് വലിയ അവസരമൊരുക്കുന്ന ഒരിടമാണ് ഫിഷറീസ് വകുപ്പിന്റെ നെയ്യാർ ഡാം അക്വേറിയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA