പച്ചപ്പിനിടയിലെ സ്വർഗവീട്

homestay5
SHARE

ഗ്രാമീണ ജീവിതത്തിന്റെ ശാന്തത ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക്, അവർ ആഗ്രഹിക്കുന്ന അന്തരീക്ഷം ഒരുക്കിക്കൊടുക്കാൻ കഴിയുന്നിടത്താണ് ഓരോ ഹോംസ്റ്റേയും വിജയിക്കുന്നത്. മാരാരിക്കുളം കടലോര ഗ്രാമങ്ങളിലെ വിനോ ദസഞ്ചാര സാധ്യത മനസ്സിലാക്കിയാണ് ആറാട്ടുകുളം ഹെവൻ ഹോംസ്റ്റേയുടെ തുടക്കം. പച്ചപ്പ് നിറഞ്ഞ ഈ സ്വർഗം തേടി രണ്ടു വർഷത്തിനിടെ വിരുന്നെത്തിയത് 30ൽ പരം രാജ്യങ്ങളിൽ നിന്നുള്ളവർ. കേരളതനിമയുള്ള രുചികൾ ആസ്വദിച്ച് പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചയിലലിഞ്ഞ് ഒഴിവുദിനങ്ങൾ ആഘോഷമാക്കാൻ എത്തുന്ന സഞ്ചാരികളെ ഹൃദയത്തോട് ചേർത്തുനിർത്തുകയാണ്  ആറാട്ടുകുളം ഹെവൻ ഹോംസ്റ്റേയിലെ ആതിഥേയർ. ഹോംസ്റ്റേ വിശേഷങ്ങളിലേക്ക്...

homestay1 - Copy
ആറാട്ടുകുളം ഹോം സ്റ്റേ

  അതിഥി ദേവോ ഭവ

‘മാരാരിക്കുളം കടലോരത്തേക്ക് ആറാട്ടുകുളം ഹെവൻ ഹോംസ്റ്റേയിൽ നിന്ന് മുക്കാൽ കിലോമീറ്ററോളം അകലമുണ്ട്. കായലും തൊട്ടടുത്തല്ല. കടലും കായലും അടുത്തില്ലാതെ ഒരു ഹോംസ്റ്റേ തുടങ്ങിട്ട് എന്തുകാര്യം? പലപ്പോഴായി വന്ന ഈ ആലോചന  എത്രയോ വർഷം ഹോംസ്റ്റേ എന്ന സ്വപ്നത്തിന് വിലങ്ങുതടിയായി നിന്നു. 2007 ലാണ് ഈ വീട് വയ്ക്കുന്നത്. മക്കളൊക്കെ ജോലിയും ജീവിതവുമായി ഓരോ വഴിക്കായപ്പോൾ റിട്ടയർമെന്റ് ലൈഫ് ബോറാകാൻ തുടങ്ങി. തനിക്കും ഭാര്യയ്ക്കും താമസിക്കാൻ എന്തിനാണ് ഇത്ര വലിയ വീട്? ഇതിന്റെ മുകൾ നില ഹോംസ്റ്റേ ആക്കിക്കൂടെ എന്ന സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നാണ് പണ്ടെന്നോ ഉപേക്ഷിച്ച ആ ആശയം വീണ്ടും തളിർത്തത്. എന്തായാലും വീട്ടിൽ സ്ഥലമുണ്ട്.

സഞ്ചാരികൾ വരുമോ എന്നൊരു പരീക്ഷണം നടത്താമെന്ന് ഞാനും കരുതി. ഹോംസ്റ്റേ തുടങ്ങാനുള്ള റജിസ്ട്രേഷൻ പരിപാടികളൊക്കെ പെട്ടെന്ന് കഴിഞ്ഞു. മക്കളെല്ലാവരും തന്നെ പുതിയ സംരംഭത്തിന് പൂർണ പിന്തുണയുമായി നിന്നു. ആരായിരിക്കും ആദ്യത്തെ വിരുന്നുകാർ? പിന്നീട് കുറച്ചുദിവസം ആകാംഷയോടെയുള്ള കാത്തിരിപ്പായിരുന്നു.’ ആറാട്ടുകുളം ഹോംസ്റ്റേ തുടങ്ങിയ കാലം മുതലുള്ള കഥകൾ പങ്കുവയ്ക്കുമ്പോൾ ആതിഥേയർ ആൻഡ്രൂവിന്റെയും എൽസമ്മയുടെയും കണ്ണിൽ വിജയത്തിന്റെ തിളക്കം.

homestay - Copy
അതിഥികൾക്കൊപ്പം

‘അപ്രതീക്ഷിതമായിരുന്നു ആ വരവ്. ഒരാഴ്ചത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറാട്ടുകുളം ഹെവൻ ഹോംസ്റ്റേ തേടിയെത്തിയ ആദ്യത്തെ അതിഥികൾ അമേരിക്കക്കാരായിരുന്നു. ഞങ്ങൾക്ക് അവരെ എങ്ങനെ സ്വീകരിക്കണം എന്നതിൽ മുൻ പരിചയം ഇല്ലായിരുന്നല്ലോ. നമ്മുടെ വീട്ടിൽ വിരുന്നുവന്നവരുടെ മനസ്സും വയറും നിറയ്ക്കാൻ ആകുന്ന പോലെ എല്ലാം ചെയ്തു. വിരുന്നുകാർ പെട്ടെന്ന് വീട്ടുകാരായി മാറി. തിരിച്ച് പോകുമ്പോൾ ഞങ്ങൾക്കും വലിയ വിഷമമായിരുന്നു. അവർ നൽകിയ നല്ല റിവ്യൂ കാരണം വിവിധ രാജ്യങ്ങളിൽ നിന്നായി കുറേ അതിഥികൾ വരാൻ തുടങ്ങി. ഇപ്പോൾ രണ്ട് ജർമൻ ഗസ്റ്റ് ഉണ്ട്.’ വർത്തമാനത്തിന്റെ കൂടെ ജർമൻ സഞ്ചാരികൾക്ക് പ്രഭാതഭക്ഷണം വിളമ്പുന്ന തിരക്കിനിടയിലാണ് എൽസമ്മ.

homestay2 - Copy
ആതിഥേയർ ആഡ്രൂ & എൽസമ്മ

കവാടം കടന്നു, വിരുന്നുകാരായി

homestay4 - Copy
മുകൾ നിലയിലേക്കുള്ള കവാടം

ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര – പൊഴിക്കൽ റൂട്ടിലാണ് ആറാട്ടുകുളം വീട്. കവാടം കടന്ന് മുറ്റത്തെത്തിയാൽ പാഷൻ ഫ്രൂട്ടിന്റെ വലിയ പന്തൽ. ചുറ്റും പൂന്തോട്ടം. മീൻ വളർ‌ത്തുന്ന കുളം. പറമ്പിൽ വിവിധ ഇനം ഫലവൃക്ഷങ്ങൾ. പച്ചപ്പുമൂടിയ പറമ്പിലേക്ക് സൂര്യപ്രകാശം പോലും അരിച്ചിറങ്ങാത്ത പോലെ... വീടിന്റെ മുകൾഭാഗമാണ് ഹോംസ്റ്റേയായി മാറ്റിയത്. താഴെയാണ് ആതിഥേയരുടെ താമസം. ‘ഞങ്ങളുടെ വീടിനുള്ളിൽ ഹോംസ്റ്റേ സെറ്റ് ചെയ്താൽ അതിഥികളുടെ സ്വകാര്യതയെ ബാധിക്കുമോ എന്നൊരു സംശയം നിലനിന്നിരുന്നു. പക്ഷേ, ഇതുവരെ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിയപ്പോൾ പുറത്ത് ഒരു കോട്ടേജ് കൂടി പണിതു.

രണ്ടു ബെഡ് റൂമാണ് കോട്ടേജിനുള്ളത്. സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് റൂം തിരഞ്ഞെടുക്കാം. പ്രഭാതഭക്ഷണം പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നു. പൊതുവെ വരുന്ന അതിഥികളെല്ലാം വെജിറ്റേറിയൻ ഭക്ഷണമാണ് ചോദിക്കുന്നത്. നോർത്തിന്ത്യക്കാരൊക്കെ വരുമ്പോൾ മീനും ഇറച്ചിയും നിർബന്ധമാണ്. കുക്കിങ് പൂർണമായും എൽസമ്മയുടെ നേതൃത്വത്തിലാണ്. വീട്ടിലുണ്ടാക്കുന്നതിന്റെ നാടൻ രുചി എല്ലാവർക്കും ഇഷ്ടമാണ്. ആൻഡ്രൂ പറയുന്നു.

homestay3 - Copy
സഞ്ചാരികൾക്കായി ഒരുക്കിയ ബെഡ്റൂം

പണി തന്നു പോയ ബെൽജിയം സഞ്ചാരികൾ

homestay9 - Copy
നാടൻ രുചികൾ

ഹോംസ്റ്റേ നടത്തുക എന്നത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കൽ കൂടിയാണ്. സ‍ഞ്ചാരികൾ ഓരോരുത്തരും ഓരോ രാജ്യക്കാരാണ്. വിവിധ സംസ്കാരത്തിലുള്ളവർ. കാഴ്ചകൾ കാണാനെത്തുന്ന അവർക്ക് പലപ്പോഴും ചെറിയകാര്യം പോലും ഇ ഷ്ടക്കേടാകും. അത്തരം ഒരു അനുഭവമായിരുന്നു ബെൽജിയത്തിൽ നിന്നുവന്ന സഞ്ചാരികളിൽ നിന്ന് നേരിടേണ്ടി വന്നത്. ഇവിടെയൊരു വളർത്തുനായയുണ്ട്. അപകടകാരിയായതിനാൽ മിക്കപ്പോഴും കെട്ടിയിടും. പകൽ സമയം കൂട്ടിലാണ് കിടപ്പ്. രാത്രി അഴിച്ച് വിടും. നമ്മുടെ നാട്ടിെല ആളുകളെല്ലാം നായയെ വളർത്തുന്നത് ഇങ്ങനെയല്ലേ? എന്നാൽ, ഇതുകണ്ട ബെൽജിയം സഞ്ചാരികൾക്ക് സഹിച്ചില്ല. നായയെ കെട്ടിയ തൊടലിന് വലുപ്പം കുറവാണെന്നും കൂട് വിസ്താരമില്ലെന്നും അവരെന്നോട് പറഞ്ഞു. വർത്തമാനത്തിനിടയിലെ ആ സംസാരത്തിന് അത്ര പ്രാധാന്യമേ ഞങ്ങളും കൽപിച്ചുള്ളൂ.

അന്ന് ഹോം സ്റ്റേയുടെ വിസിറ്റിങ് കാർഡും മറ്റ് വിവരങ്ങളും അവർ ചോദിച്ചു. നാട്ടിലെത്തി സുഹൃത്തുക്കള്‍ക്ക് ഹോം സ്റ്റേ വിവരങ്ങൾ നൽകാനാകും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പിന്നീടാണ് അറിഞ്ഞത് മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നതിന്റെ പേരിൽ അവർ ഹോംസ്റ്റേയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും മനേകാ ഗാന്ധിക്ക് വരെ ആ പരാതി ലഭിച്ചിട്ടുണ്ടെന്നും. എന്തുചെയ്യണമെന്ന് അറിയാതെ ശരിക്കും പരിഭ്രമിച്ചു. വക്കീലായ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് പിന്നീട് പ്രശ്നം പരിഹരിച്ചത്. എന്തായാലും അതിനു ശേഷം നായയുടെ കഴുത്തിെലെ തൊടലിന്റെ വലുപ്പം രണ്ടിരട്ടിയാക്കിയിട്ടുണ്ട്’. ഒരു പൊട്ടിച്ചിരിയോടെ ആൻഡ്രൂ നേരിടേണ്ടി വന്ന അനുഭവകഥയുടെ കെട്ടഴിച്ചു.

homestay6 - Copy
നാടൻ രുചികൾ

മുളകിട്ട് വറ്റിച്ച് വച്ച ചെമ്മീൻ കറിയും പച്ചക്കുരുമുളകിന്റെ മണം പരത്തുന്ന താറാവ് റോസ്റ്റും സാമ്പാറും തീയലും തോരനും മീൻ വിഭവങ്ങളും മേശയിൽ നിരന്നു. ഉച്ചയൂണിന്റെ വിളിയെത്തി. വിളമ്പി വിളമ്പി അതിഥികളെ സൽക്കരിക്കുകയാണ് എൽസമ്മ. വിരുന്നെത്തുന്ന സഞ്ചാരികളെ വീട്ടുകാരാക്കി മാറ്റുന്ന മാന്ത്രികത ആ വിളമ്പലിലുണ്ട്..

homestay7 - Copy
നാടൻ രുചികൾ

ചിത്രങ്ങൾ: റ്റിബിൻ അഗസ്റ്റിൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA