ഫോർട്ടുകൊച്ചിയിൽ ഡച്ചുരുചികളുടെ കപ്പലോട്ടം

SHARE

തനതു രുചികൾ തേടിയുള്ള യാത്രകൾ പോലെ രസകരമാണ് രുചികളുടെ ഉത്ഭവം തേടിയുള്ള യാത്രകൾ. ചില രുചികൾ നമ്മെ സഞ്ചാരികളാക്കും. അത്തരമൊരു സഞ്ചാരമാണ് ഫോർട്ടുകൊച്ചി സമ്മാനിക്കുന്നത്. നൂറ്റാണ്ടുകളുടെ രുചിയോർമകളുണ്ട് ഫോർട്ടുകൊച്ചിക്ക്. അവയിൽ ഡച്ചുകാർ കൊണ്ടുവന്നതും അവശേഷിപ്പിച്ചു പോയതുമായ രുചികളിലൂടെയുള്ള ഒരു കപ്പൽയാത്രയാണ് ഫോർട്ടുകൊച്ചിയിലെ ഈസ്റ്റ് ഇൻഡീസ് റസ്റ്റോറന്റ് പങ്കു വയ്ക്കുന്നത്.

പേരിനു പിന്നിൽ

സിജിഎച്ച് എർത്തിനു കീഴിലുള്ള എയ്റ്റ്ത്ത് ബാസ്റ്റ്യൺ ഹോട്ടലിലാണ് ഈസ്റ്റ് ഇൻഡീസ് റസ്റ്റോറൻറ്.

4East-Indies
ഈസ്റ്റ് ഇൻഡീസ് റസ്റ്റോറന്റ്

ഫോർട്ടുകൊച്ചിയിലെ ഡച്ച് സെമിത്തേരിയ്ക്ക് എതിർവശത്തായാണ് ഇത്. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന ഇന്തോനേഷ്യയിൽ നിന്ന് ഡച്ചുകാർ നടത്തിയ വാണിജ്യയാത്രകളിലെ രുചികളെ അടിസ്ഥാനമാക്കിയാണ് ഈ റസ്റ്റോറൻറിലെ വിഭവങ്ങൾ. പേരിനു പിന്നിലെ രുചിക്കഥ ഇതാണ്. ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ആന്ധ്ര, കൊൽക്കത്ത എന്നീ ഇടങ്ങളിലെ രുചിവൈവിധ്യങ്ങൾ ഇവിടെ പരിചയപ്പെടാം.

ചരിത്രത്തിൽ രേഖപ്പെടുത്താത്ത രുചികൾ 

ഇന്തോനേഷ്യയിൽ നിന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ഡച്ചു കപ്പലുകൾ നടത്തിയ വാണിജ്യയാത്രകളും പടയോട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ചിലതുണ്ട്. ഡച്ചുകാരുടെ കപ്പൽയാത്രയിലൂടെ കടൽ കടന്നെത്തിയ രുചി വൈവിധ്യങ്ങളുടെ കഥകൾ. നമ്മുടെ വീടുകളിലുക്കുന്ന ചെമ്മീൻ ചമ്മന്തിയും നാടൻ മീൻകറിയിൽ ചേർക്കുന്ന തേങ്ങാ അരപ്പും ഡച്ചു വിഭവങ്ങളിൽ കാണുമ്പോൾ അത്ഭുതപ്പെടേണ്ട. സ്വാദുള്ള ഭക്ഷണം ഡച്ചുകാരുടെ മാത്രമല്ല, എല്ലാവരുടെയും ദൗർബല്യമാണ്. 

7Stuffed-Kalamari
സ്റ്റഫ്ഡ് കലമാരി

എന്തുണ്ട് കഴിയ്ക്കാൻ?

ഹോട്ടലിൽ കേറിച്ചെന്നു കഴിയ്ക്കാനെന്തുണ്ട് എന്നു ചോദിച്ചാൽ കേൾക്കുന്ന പേരുകളിൽ തുടങ്ങുന്നു ഡച്ചു കൗതുകങ്ങൾ. ചിങ്കിരി മാച്ചർ, ചിക്കൻ സാത്തേ എന്നിങ്ങനെയുള്ള പേരുകൾ കേട്ട് ഞെട്ടണ്ട. മലയാളികൾക്ക് ഇഷ്ടം തോന്നുന്ന ഡച്ചു രുചികളാണ് ഇവ രണ്ടും. നാരൻ ചെമ്മീൻ (Tiger Prawns) ഉപയോഗിച്ചുള്ള ചിങ്കിരി മാച്ചർ എന്ന കറി ബംഗാളിൽ ഏറെ പ്രശസ്തമാണ്.

6Seafood-Udon-Noodles
സീഫുഡ് ഉഡോൺ ന്യൂഡിൽസ്

അവരുടെ തനത് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവം. മലേഷ്യൻ വേരുകളുള്ള ഈ വിഭവം ബംഗാളിൽ എത്തിച്ചത് ഡച്ചുകാരാണ്. നൂറ്റാണ്ടുകൾക്കിപ്പുറം ആ വിഭവം ബംഗാളികളുടെ തീൻമേശയിലെ ഒഴിവാക്കാനാകാത്ത ഒന്നായി. മസാല പുരട്ടി വറുത്തെടുത്ത ചെമ്മീൻ, നാളികേര അരപ്പിൽ വീണ്ടും വേവിച്ചു വറ്റിച്ചെടുത്തു തയാറാക്കുന്ന ഈ വിഭവം ഒരു അഡാറ് ഐറ്റമാണ്. ചോറിന്റെ കൂടെ ചിങ്കിരി മാച്ചർ കൂട്ടി കഴിയ്ക്കുമ്പോൾ ഇതു നമ്മുടെ രുചി തന്നെയല്ലേ എന്നു തോന്നിപ്പോകുന്നത് സ്വാഭാവികം. 

ചിക്കൻ സാത്തേ ഇവിടുണ്ട്

തനി തായ് വിഭവമാണ് ചിക്കൻ സാത്തേ. സഞ്ചാരസാഹിത്യകാരനായ എസ്.കെ പൊറ്റക്കാടിന്റെ ബാലിദ്വീപ് എന്ന പുസ്തകത്തിൽ ചിക്കൻ സാത്തേയെക്കുറിച്ച് പറയുന്നുണ്ട്. ഡച്ചുകാരുടെ മനം കവർന്ന ചിക്കൻ സാത്തേക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

2Chingri-Macher
ചിങ്കിരി മാച്ചർ

ഈസ്റ്റ് ഇൻഡീസ് റസ്റ്റോറന്റിലും ഏറ്റവുമധികം ആളുകൾ തേടി വരുന്ന വിഭവം ഇതാണ്. എല്ലില്ലാത്ത ചിക്കൻ മസാല പുരട്ടി കമ്പിൽ കോർത്തു പൊള്ളിച്ചെടുക്കുന്നതാണ് ഇത്. മുന്നിൽ കൊണ്ടു വച്ചാൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല. അതുകൊണ്ട് ജാഗ്രതൈ! ഒരെണ്ണത്തിലെങ്കിലും കൈവച്ചിട്ടു വേണം കൂട്ടുകാരുമായുള്ള കത്തി തുടങ്ങാൻ. അല്ലെങ്കിൽ കോലുകൾ മാത്രമായിരിക്കും പ്ലേറ്റിൽ അവശേഷിക്കുക. 

കടൽവിഭവങ്ങളുടെ കപ്പലോട്ടം

3creme-brulee-french-toast

നമ്മുടെ നാടൻ കൂന്തൾ ഫ്രൈയുടെ ഗംഭീരൻ മെയ്ക്കോവർ ഇവിടെ കിട്ടും. സ്റ്റഫ്ഡ് കലമാരി എന്നാണ് വിഭവത്തിന്റെ പേര്. കൂന്തളിനുള്ളിൽ നല്ല ദശയുള്ള മീൻ സ്റ്റഫ് ചെയ്ത്, മസാല പുരട്ടി പൊള്ളിച്ചെടുക്കും.

മൊരിഞ്ഞ മീനിന്റെയും കൂന്തളിന്റെയും മണം മാത്രം മതി നാവിൽ കപ്പലോടാൻ. ഒരു തരി പോലും ബാക്കിയാക്കാതെ എല്ലാം വയറിനുള്ളിലാക്കാൻ വെറും നിമിഷങ്ങൾ മതിയാകും. മീൻരുചികൾ ഇഷ്ടപ്പെടുന്നുവർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു ഐറ്റമാണ് സീഫുഡ് ഉഡോൺ ന്യൂഡിൽസ്. ഇതിലും താരം കൂന്തൾ തന്നെ.  

രുചിവഴിയിലെ ചരിത്രം

ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിയുടെ ഓഫീസ് ക്വാർട്ടേഴ്സാണ് ഹോട്ടലാക്കി പരിവർത്തനം ചെയ്തിരിക്കുന്നത്. ഇവിടെയുള്ള കസേരകളിൽ കമ്പനിയുടെ ചുരുക്കപ്പേരായ വിഒസി എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. യൂണൈറ്റഡ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നതിന്റെ ഡച്ച് ഭാഷയിലുള്ള ചുരുക്കപ്പേരാണ് വിഒസി. റസ്റ്റോറന്റിന്റെ പ്രധാന ഹാളിന്റെ ചുവരിൽ ഫോർട്ടുകൊച്ചിയിലെ അതിപുരാതന പള്ളിയായ സെന്റ് ഫ്രാൻസിസ് ചർച്ചിന്റെ പഴയ ചിത്രം പതിച്ചു വച്ചിരിക്കുന്നു. പള്ളിയുടെ മുറ്റത്തെ മരത്തണലിൽ ഇരുന്നു ഭക്ഷണം കഴിയ്ക്കുന്ന അനുഭവമാണ് ഇത് യാത്രികർക്കു നൽകുന്നത്. ഫോർട്ടുകൊച്ചിയിൽ ജോലിക്കായി വന്നുപോയ ഡച്ചുകാരുടെ ബന്ധുക്കൾ ഇടയ്ക്കൊരു ഓർമപുതുക്കലിനായും ഇവിടെ എത്തിച്ചേരാറുണ്ട്. 

5interior

നമ്മുടെ കണ്ണുകൾക്കും ഓർമകൾക്കും മുന്നേ കടന്നുപോയ കാലത്തിന്റെ രുചികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കാര്യം അഭിമാനത്തോടെ ഓർക്കാം, നമ്മുടെ ഫോർട്ടുകൊച്ചി... അവളൊരു വമ്പത്തി തന്നെ! രുചിയുടെ വമ്പത്തി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA