ഇടുക്കിയിൽ നിന്നു മൂന്നാറിലേക്കുള്ള വഴി എങ്ങനെയുണ്ട്

idukki-trip8
SHARE

നീലക്കുറിഞ്ഞിവസന്തം മൂന്നാർ മലനിരകളെ പൂപ്പുതപ്പണിയിക്കുന്നതു കാണാൻ കൊതിയൊക്കെയുണ്ട്.  എന്നാൽ റോഡിന്റെ അവസ്ഥ എങ്ങനെയാണെന്നറിയില്ല. സുരക്ഷിതമോണോ… ?ഈ ചോദ്യമാണ് പലരിൽനിന്നും ഉയർന്നു വന്നത്. പ്രളയാനന്തരകേരളത്തിൽ അതിനൊരു പ്രസക്തിയുമുണ്ട്. അതുകൊണ്ട് കുറിഞ്ഞികാണാൻ ഉള്ള ഈ യാത്രയിൽ റോഡുകളുടെ അവസ്ഥയും ഒന്നു നോക്കാം. 

idukki-trip1

മൂന്നാറിലേക്കുള്ള മൂന്നു വഴികൾ പരിശോധിച്ചു. അതായത് ഒരു മാരുതി ബ്രെസ്സ ഓടിച്ചുതന്നെ മൂന്നാറിലെത്തി. ഇടുക്കി ജില്ലയിലാണു മൂന്നാർ എന്നറിയാമല്ലോ. അതുകൊണ്ട് അങ്ങോട്ട് ജില്ലാ ആസ്ഥാനമായ ഇടുക്കിയിലൂടെയാണ് ആദ്യ യാത്ര. 

തൊടുപുഴ-ഇടുക്കി-രാജാക്കാട്-ആനച്ചാൽ മൂന്നാർ

പ്രളയവും മഴയും കാരണം ഇടുക്കി ഒറ്റപ്പെട്ടു പോയിരുന്നു. റോഡുകളിലേക്കു മലയിടിഞ്ഞുവീണ് ഇടുക്കിയൊരു ദ്വീപ് പോലെയായിമാറിയിരുന്നു. ആ പാതകളെല്ലാം ഇപ്പോൾ എങ്ങനെയുണ്ട്? എറണാകുളത്തുനിന്ന് തൊടുപുഴ വരെ സാധാരണ വഴി. പ്രശ്നങ്ങളൊന്നുമില്ല. ഇടുക്കിയിലേക്കെത്തുമ്പോൾ ചിലയിടത്തൊക്കെ മലയിടിഞ്ഞുകിടക്കുന്ന കാഴ്ച കാണാം. റോഡൊക്കെ നന്നാക്കിയിട്ടിട്ടുണ്ട്. എങ്കിലും വലതുവശത്തേക്കു വണ്ടി ചേർക്കാൻ പേടിതോന്നും. 

idukki-trip7

ജലമെടുത്ത ചെറുതോണി

സത്യത്തിൽ ഒരു ചെറുതോണി പോലും ഇറക്കാൻ സ്ഥലമുണ്ടായിരുന്നില്ല ചെറുതോണിയിലെ നദിയിൽ. ചെറുതോണി  ഡാമിനോടു ചേർന്നാണ് കൊച്ചുപട്ടണം.  ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ  കലിപുരണ്ട ജലം കുത്തിയൊഴുകിവന്നെങ്കിലും ഒരു കുഞ്ഞുപാലം ആ ജലമൊഴുക്കിനെ പ്രതിരോധിച്ചുനിന്നു. പുഴയോരം കയ്യേറി നിർമിച്ച ചെറുതോണി ബസ്റ്റാന്റ്ഡ് മുതലുള്ള പ്രദേശങ്ങൾ തിരിച്ചെടുത്ത് ജലം തിരിച്ചടിച്ചതു നാമറിഞ്ഞതാണ്. ഇപ്പോൾ നദിയിൽ ഒരു കപ്പലിറക്കാം എന്ന അവസ്ഥയായിട്ടുണ്ട്. വമ്പൻ കല്ലുകൾ കൂടിക്കിടക്കുന്നു. ചിലയിടത്തൊക്കെ തെളിജലം കിടപ്പുണ്ട്. ചില കുടുംബങ്ങൾ ആ പാറക്കല്ലുകളിലൂടെ കയറിയിറങ്ങി നടക്കുന്നു. ചെറുതോണി പാലത്തിലൂടെ സൂക്ഷിച്ചുപോകണം. 

idukki-trip

മൂന്നാറിലേക്കുള്ള വഴികളുടെ വക്കിടിഞ്ഞിരിക്കുന്നു. ഫോട്ടോ എടുക്കാൻ അധികം അടുത്തേക്കു പോകേണ്ട എന്നു നാട്ടുകാരുടെ ഉപദേശം. വലതുവശത്താണ് ചെറുതോണിഡാമിൽ നിന്നു ജലമൊഴുകുന്ന ‘നദി’ യെന്നു വിളിക്കാവുന്ന ഇടം. ആഴം കൂടിയപോലെ. അപ്പുറത്തുള്ള മലകളിൽനിന്നും പേടിപ്പെടുത്തുംവിധത്തിൽ മണ്ണിടിഞ്ഞിരിക്കുന്നു. ഇത്രയും പറഞ്ഞതു ഭയപ്പെടുത്താനല്ല. ഇതാണ് ഇടുക്കി മൂന്നാർ വഴിയിലെ ഏറ്റവും ഭീകരത കൂടിയ സ്ഥലം എന്നോർമപ്പെടുത്താനാണ്. അതു താണ്ടിയാൽപ്പിന്നെ റോഡുകളിലെ കുഴികൾ മാത്രം നോക്കിപ്പോയാൽ മതി. 

ഡാം നിർമിച്ചവർ തന്നെയാണ് ആ പാലവും പണിതതെന്ന്  നാട്ടകാരൻ. അങ്ങനെയൊന്നും അതു തകരില്ലെന്നും മൂപ്പർക്ക് ആത്മവിശ്വാസം. എന്തായാലും ചെറുതോണി കണ്ട് മുന്നോട്ടുപോകുന്പോൾ നിങ്ങൾക്ക് ആത്മവിശ്വാസമാണു തോന്നുക. 

idukki-trip4

പിന്നെപ്പിന്നെ മണ്ണിടിച്ചിൽ ഉണ്ടെങ്കിലും നാം അതു ഗൌനിക്കാത്ത അവസ്ഥ വരും. ഹിമാലയൻ യാത്രകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകാറുണ്ട്. ഈ മഞ്ഞ് വെട്ടിപ്പൊളിച്ചൊക്കെയാണ് റോഡ് ഗതാഗതയോഗ്യമാക്കാറ്. റോഡിനിരുവശത്തും മഞ്ഞുമതിലുകളുണ്ടാകും. അതുപോലെ ചിലയിടത്തു മണ്ണുമതിലുകൾ രൂപപ്പെട്ടിരിക്കുന്നുണ്ട്. 

idukki-trip9

ഇടുക്കിയിൽനിന്ന് വെള്ളത്തൂവൽ-ആനച്ചാൽ വഴി മൂന്നാറിലേക്കെത്തുന്ന റോഡിൽ നല്ല ഗട്ടറുകളുണ്ട്. അതു കണക്കിലെടുക്കണം. മറ്റു സുരക്ഷാപ്രശ്നങ്ങൽ ഇല്ലെന്നുതന്നെ പറയാം. 

ഈ വഴിയിലെ കാഴ്ചകൾ

മുട്ടം കാഞ്ഞാർ- മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ അതിമനോഹരമായ തടാകം പോലെയുണ്ട്. വാഹനം നിർത്തി ആ ജനനീലിമ ആസ്വദിക്കാം. നല്ല നാടൻ കടകളിൽനിന്ന് ഊൺ കഴിക്കാം. വലത്തോട്ടുതിരിഞ്ഞാൽ വാഗമണ്ണിലേക്കും ഇലവീഴാപൂഞ്ചിറയിലേക്കും പോകാം. അത്യാവശ്യം ഉയരമുള്ള വാഹനമാണെങ്കിൽ ആ വഴി തിരഞ്ഞെടുത്താൽ മതി. റോഡ് മോശമാണ്. പക്ഷേ, കാഴ്ച അതിഗംഭീരമാണ്. ഇയ്യോബിന്റെ പുസ്തകത്തിലെ ചില സീനുകൾ ഇവിടെനിന്നാണ് ഷൂട്ട് ചെയ്തത്. ഓർഡിനറി എന്ന സിനിമയിലെ ബസ് ഓടുന്നരംഗങ്ങളും ഇവിടെയാണ്. 

idukki-trip5

ഇടുക്കി, ചെറുതോണി ഡാമുകൾ.  രണ്ടുഡാമുകളും കാണാം. 

കുളമാവ് ഡാമിനു മുകളിലൂടെ വണ്ടിയോടിക്കാം. ഇവിടെനിന്ന പടമെടുക്കരുത്. ഇടുക്കിയിലേക്കുള്ള കാട്ടുവഴി- ചിലയിടത്ത് നല്ല കാടിലൂടെയാണു വഴി പോകുന്നത്. ആനകൾ ഉണ്ടാകാം. ഇറങ്ങാതിരിക്കുന്നതാണു നല്ലത്. ആനച്ചാലിലേക്കെത്തുമ്പോൾ മൂന്നാറിന്റെ സ്വാഭാവിക കാഴ്ചകളിലൂടെ കണ്ണോടിക്കാം. ഇടത്തോട്ട് അടിമാലി. വലത്തോട്ട് മൂന്നാർ. പിന്നെ മലനിരകളും കണ്ട് തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് ആസ്വദിച്ച് മുന്നോട്ടുപോകാം. 

idukki-trip6

ചിത്രങ്ങളിൽ കാണുന്ന വഴികളെല്ലാം മോശമാണെന്നൊരു ചിന്ത ചിലപ്പോൾ വന്നേക്കാം. അല്ല തീർച്ചയായും അല്ല. ഏറ്റവും അപകടം പിടിച്ചതെന്നു യാത്രാസംഘം കണ്ട വഴികളിലെ ചിത്രങ്ങളാണിവ. 176 km ദൈർഘ്യമുള്ള വഴികളിൽ ഇത്തരം ചില ചെറുബുദ്ധിമുട്ടുകൾ മാത്രമേ ഉള്ളൂ എന്നർഥം.  കാഴ്ചകൾ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഓർമിക്കാനുള്ളതുണ്ടുതാനും. മടിക്കേണ്ട, നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കു തിരിക്കാം. 

ശ്രദ്ധിക്കാം: രാത്രിയാത്ര ഒഴിവാക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA