മാടമ്പിള്ളിയിലെ ഗംഗയെ തേടി

hillpalace1
SHARE

സിനിമ ഇറങ്ങി 25  വർഷം ആയപ്പോൾ ഇവൾക്കിതെന്താ പെട്ടന്നൊരാഗ്രഹം. ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്തവളുടെ യാത്രാമോഹം പറഞ്ഞപ്പോൾ  ഞാനതത്ര കാര്യമാക്കിയില്ല.

''വേണ്ട, ഈ നട്ടുച്ചക്ക് ഇപ്പം അവിടെ പോകണ്ട''.........

വെറുതെ മറുപടി പറഞ്ഞതായിരുന്നു ഞാൻ.

''അതെന്താ പോയാല്''... എന്നും ചോദിച്ചു കഴിച്ചുകൊണ്ടിരുന്ന ഡൈനിംഗ് ടേബിളെടുത്ത് ഉയർത്തിയെപ്പോഴും, അവളിലെ ചിത്ത രോഗിയെ ഞാൻ സംശയിച്ചില്ല.    ''നീ എന്നെ എങ്കെയും പോകവിടമാട്ടേൻ''. എന്നു അട്ടഹസിച്ച ഗംഗയുടെ മാടമ്പിള്ളി തേടിയുള്ള യാത്രയായിരുന്നു പിന്നീട്. 

Hill-Palace4

അമ്പത്തിനാല് ഏക്കറിലായി പരന്നു കിടക്കുന്ന  കേരളത്തിന്റെ തനത് വാസ്തു ശിൽപ്പ കരവിരുതും ഒപ്പം പാശ്ചാത്യ ഭംഗിയും പ്രകടമാക്കുന്ന കൊട്ടാരവും  മനോഹരമായ ഉദ്യാനവും അനേകം ഔഷധ സസ്യങ്ങൾ നിറഞ്ഞ തൊടികളും, വലിയ കുളങ്ങളും, കാവുകളും കൊണ്ട് സമ്പന്നമാണ് ''കുന്നത്തെ കൊട്ടാരം'' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ തൃപ്പൂണിത്തുറ ഹിൽ-പാലസ്. മിക്ക സഞ്ചാരികളുടെയും ഇഷ്ടയിടമാണിവിടം.

Hill-Palace1

1856 ൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് അന്നത്തെ കൊച്ചി രാജാവ് ഇത് പണി കഴിപ്പിക്കുമ്പോൾ അറിഞ്ഞു കാണില്ല, നൂറ്റാണ്ടുകൾ കഴിഞ്ഞു വരുന്ന തലമുറയുടെ കണ്ണുകളെയല്ല മനസ്സിനെയാണ് ഇത് വിസ്മയിപ്പിക്കുന്നതെന്ന്.

Hill-Palace7

കഴിഞ്ഞ 25 വർഷമായി നമ്മുടെയൊക്കെ മനസ്സിൽ ഇത് വെറുമൊരു പൗരാണിക കൊട്ടാരവും ഉദ്യാനവും മാത്രമായിരുന്നില്ല.. ഗംഗയും നകുലനും അല്ലിയും ദാസപ്പൻ കുട്ടിയും സണ്ണിയും ഉണ്ണിത്താൻ ചേട്ടനും ശ്രീദേവിയും അവിടുത്തെ കാരണവരുമടക്കമുള്ള അനേകം മനുഷ്യർ ജീവിക്കുന്ന / ജീവിച്ചിരുന്ന, ഇടക്ക് വന്നും-പോയുമിരുന്ന തെക്കിനിയിലെ ആ തമിഴത്തിയുമൊക്കെ കുടിയേറിയിരുന്ന മാടമ്പിള്ളിയായിരുന്നുവല്ലോയെന്ന്്.  ഭയവും ആകാംക്ഷയും ഉദ്യോഗഭരിതമായ മുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞു രണ്ടരമണിക്കൂർ 'ഫാസിൽ' നമ്മെ കൊണ്ടെത്തിച്ചത് അന്നുവരെ നാം അനുഭവിക്കാത്ത മറ്റൊരു ലോകത്തേക്കായിരുന്നു.

Hill-Palace

ആ അടുപ്പമായിരിക്കാം,, ഒരുപക്ഷേ സിനിമ ഇറങ്ങിയതിന് ശേഷമുള്ള ഓർമ്മകളായിരിക്കാം, ഇവിടെയെത്തുന്ന ഓരോ മലയാളിക്കും ഈ കൊട്ടാരത്തിലേക്ക് ആകർഷിക്കുന്നത്. ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത മാർബിളുകളാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അന്ന് കൊട്ടാരത്തിലുപയോഗിച്ചിരുന്ന വിവിധ പാത്രങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ, രാജാവിന്റെ പല്ലക്ക്, കിരീടം തുടങ്ങിയ വസ്തുക്കളും ഇവിടെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

Hill-Palace5

കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമായ എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറക്കടുത്തുള്ള ഹിൽപാലസിലേക്ക് എത്തിച്ചേരാൻ, ഇടപ്പള്ളിയിൽ നിന്നും സീ-പോർട്ട് എയർ-പോർട്ട് റോഡിലൂടെ 12 കിലോമീറ്റർ യാത്ര ചെയ്യണം. പുരാവസ്തു ശേഖരങ്ങൾ കൂടാതെ കൊട്ടാരത്തിന്റെ ഇടതുവശത്തായി വലിയൊരു കുളവും പുറക് വശത്തായി വിശാലമായ മാൻ' പാർക്കും കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബവുമൊത്ത് ഒഴിവു ദിവസം ചിലവഴിക്കാൻ ഹിൽപാലസ് തെരഞ്ഞെടുക്കാം.

ഹിൽപാലസിൽ പ്രവേശന ഫീസ് - 30 രൂപ.

തിങ്കൾ - അവധി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA