പേടിപ്പെടുത്തിയ യാത്രയായിരുന്നു, നടി മുക്ത

Muktha
SHARE

2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് മുക്ത ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച അഭിനയം കാഴ്ചവച്ച താരസുന്ദരി തമിഴ്ചലച്ചിത്രരംഗത്തും സ്റ്റാറായി. വിവാഹശേഷം വീട്ടുകാര്യങ്ങളുമായി തിരക്കിലായിരുന്നു മുക്ത. പൊന്നോമനയുടെ വരവോടെ തിരക്കു കൂടി. കുഞ്ഞിന്റെയും ഭർത്താവിന്റെയും കാര്യങ്ങള്‍ ശ്രദ്ധയോടെ നോക്കുമ്പോഴും വീട്ടുകാര്യങ്ങള്‍ക്കും ഫുൾമാർക്കാണ് താരത്തിന്. ഏറ്റെടുക്കുന്ന ഏതു കാര്യവും ഭംഗിയോടെ ചെയ്തു തീർക്കാൻ മിടുക്കിയാണ് മുക്ത. അതിന് ഏറ്റവും വലിയ തെളിവാണ് മറ്റു തിരക്കുകൾക്കിടയിലും സ്വന്തമായി നടത്തുന്ന ബ്യൂട്ടിപാർലർ. വല്ലാതെ ടെൻഷനാകുമ്പോൾ ചെറുയാത്രകളാണ് ശരീരത്തിനും മനസ്സിനും പുത്തനുണർവു നല്‍കുന്നത്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങൾ മുക്ത മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

muktha--trip

ആദ്യംതന്നെ പറയാം, യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. എന്നുകരുതി യാത്രകൾ പോകാതിരിക്കില്ല. മുന്‍കൂട്ടി പ്ലാൻ ചെയ്യുന്ന യാത്രകളോടാണ് പ്രിയം. ഒഴിവുസമയം കൂടുതലും വീട്ടിൽ ചെലവഴിക്കാനാണ് ഇഷ്ടം. ഇപ്പോൾ മകളുടെ വരവോടെ ഒന്നിനും സമയം പോരാ എന്ന മട്ടാണ്. ഒഴിവു ദിവസം കിട്ടിയാൽ വീട്ടില്‍ ഒരുപാടു ജോലി ചെയ്തുതീർക്കാനുണ്ടാവും. വീട് എപ്പോഴും പുതുതായി മിനുക്കിയെടുക്കലാണ് എന്റെ ഹോബി. അതുകൊണ്ടുതന്നെ മറ്റൊന്നിനും സമയം കണ്ടെത്താറില്ല. ഇപ്പോൾ തമിഴിൽ ഞാനൊരു സീരിയൽ ചെയ്യുന്നുണ്ട്. മാസത്തിൽ പതിനഞ്ച് ദിവസം ചെന്നെയിലാണ്. ഷൂട്ട് കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ബാക്കിയുള്ള ദിവസങ്ങൾ എന്റെ കൺമണിയുമായി അടിച്ചുപൊളിക്കും. തിരക്കിട്ട ജീവിതത്തിൽ ആശ്വാസം നൽകുന്നത് യാത്രകളാണ്. ഞാനും റിങ്കുവും മകളോടൊപ്പം ചെറുയാത്രകൾ നടത്താറുണ്ട്. കൂടുതലും അടുത്തുള്ള സ്ഥലങ്ങളിലേക്കാണ്. ഹില്‍സ്റ്റേഷനാണ് എനിക്ക് ഏറ്റവും ഇഷ്ടം. മൂന്നാറിൽ പലതവണ പോയിട്ടുണ്ടെങ്കിലും അവിടുത്തെ കാലാവസ്ഥയും കാഴ്ചകളും പിന്നെയും അവിടേക്ക് അടുപ്പിക്കും. 

muktha-trip5

ആദ്യത്തെ മൂന്നാർ യാത്ര

മണ്ണിനോടും മഴയോടും മഞ്ഞിനോടും ചേർന്നിരുന്നു കുറേ ദിനങ്ങൾ ചെലവഴിക്കാൻ പറ്റിയയിടമാണ് മൂന്നാർ. തണുപ്പിന്റെ പുതപ്പണിഞ്ഞ മൂന്നാറിനെ ആദ്യം അറിയുന്നതും കാണുന്നതും അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ്. ഷൂട്ടിങ് കുട്ടിക്കാനത്തായിരുന്നു. ഞാൻ അഭിനയിച്ച മിക്ക ചിത്രങ്ങളിലും മൂന്നാർ ലൊക്കേഷനായി എത്തിയിട്ടുണ്ട്. തമിഴിൽ താമരഭരണി എന്ന ചിത്രത്തിന്റെ ചിലഭാഗ‌ങ്ങൾ ഷൂട്ട് ചെയ്തത് മൂന്നാറിൽ വച്ചായിരുന്നു.

muktha-trip1

വാഗമൺ, കുട്ടിക്കാനം മൂന്നാർ എന്നിവിടങ്ങളിലെ കാഴ്ചകളൊക്കെ ഇഷ്ടമാണ്. ഞങ്ങളുടെ ചെറിയൊരു പിക്നിക് സ്പോട്ടാണ് മൂന്നാർ. രാപകൽ വ്യത്യാസമില്ലാതെ എവിടേക്കു കണ്ണോടിച്ചാലും ചന്തമുള്ള കാഴ്ചകളാണ് അവിടെ. മൂന്നാറിനെ അനുഭവിച്ചു തന്നെയറിയണം. മൂന്നാറിൽ രണ്ടു ദിവസം തങ്ങിയതിനു ശേഷമേ ഞങ്ങൾ മടങ്ങാറുള്ളൂ.

ഹണിമൂൺ യാത്ര

പണ്ടു മുതല്‍ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞുകേട്ടിട്ടുള്ളതാണ് ഗോവ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന്. ഞങ്ങളുടെ ഹണിമൂൺ ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തതു ഗോവ തന്നെയായിരുന്നു. കുട്ടിക്കാലം മുതല്‍ ബീച്ചുകളോട് വല്ലാത്ത അടുപ്പമാണ് എനിക്ക്. ഗോവയിലെ ബീച്ചും സീ ഫൂ‍‍‍ഡുമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ‘ഹാപ്പി ഹസ്ബന്റ്സ്’ എന്ന ചിത്രത്തിനായി ഗോവയിലെത്തിയ ഭാമ ഒരിക്കൽ പറഞ്ഞിരുന്നു അവിടുത്തെ ഫൂഡിനെപ്പറ്റി. ഞങ്ങളും അവിടെ കയറി നാവിനെ ത്രസിപ്പിക്കുന്ന വിഭവങ്ങളായിരുന്നു ആ റസ്റ്ററന്റില്‍. 

muktha-trip3

വൃത്തിയും വെടിപ്പുമുള്ള മനോഹരമായ ബീച്ചുകൾ തന്നെയാണ് ഗോവയിലെ മുഖ്യ ആകർഷണം. രാജ്യാന്തര പ്രശസ്തമായ ടൂറിസം സ്പോട്ടുകളിലൊന്നാണ് ഗോവയും. മെഡിറ്ററേനിയൻ, കോണ്ടിനെന്റൽ ഡിഷുകൾ ഇവിടെ ലഭിക്കും. കണ്ടോലിം ബീച്ച്, കാളഗുഡെ ബീച്ച്, ബാഗ ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രസ്തമായ ബീച്ചുകൾ. ഉച്ച കഴിയുമ്പോഴേക്കും ഇവിടെ ആളു നിറഞ്ഞു തുടങ്ങും. രാത്രികളിലും ഉണർന്നിരിക്കുന്ന നഗരമാണ് ഗോവ.രാത്രിക്കാഴ്ചയും മനോഹരമാണ്.

muktha-trip4

പേടിപ്പെടുത്തിയ യാത്ര

ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരുപാടു യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഫാമിലിയുമായി അടിച്ചുപൊളിച്ച യാത്രയാണ് കൂടുതൽ ഇഷ്ടം. ഒരിക്കല്‍ ഞങ്ങൾ എല്ലാവരും ഉൗട്ടിയാത്രയ്ക്കുപ്ലാനിട്ടു. എന്റെ മകളും ഒപ്പമുണ്ടായിരുന്നു. കോടവാരിവിതറിയ മലകളും പച്ചപ്പിന്റെ മേലാപ്പണിഞ്ഞ കുന്നുകളും നിറഞ്ഞ ഉൗട്ടി ആരെയും മോഹിപ്പിക്കും. കാഴ്ചകളൊക്കെ ആസ്വദിച്ച് തിരിച്ചുള്ള യാത്രയിലായിരുന്നു ഞങ്ങളെ പേടിപ്പെടുത്തുന്ന സംഭവം ഉണ്ടായത്. കാടിനടുത്ത് ഞങ്ങളെത്തിയപ്പേൾ വഴിയരികിൽ ജീപ്പുമായി കുറച്ചുപേർ നിൽപ്പുണ്ടായിരുന്നു.

muktha-trip6

500 രൂപയ്ക്ക് കാടിന്റെ ഉള്ളിലേക്ക് സഫാരി പോകാം, കാട്ടുമൃഗങ്ങളെയും കാണാം എന്നതായിരുന്നു ഓഫർ. എന്തായാലും വന്നതല്ലേ, കാടിന്റെ ഭംഗികൂടി ആസ്വദിച്ചിട്ടാകാം മടക്കം എന്നു ഞങ്ങളും കരുതി. ജീപ്പിലേറി യാത്ര തുടർന്നു. എത്രദൂരം ചെന്നിട്ടും ഒരു മൃഗത്തെയും കാണാൻ സാധിച്ചില്ല. കാടിന്റെ ഉള്ളിലേക്കു യാത്ര തുടർന്നു. ഞങ്ങൾ ആകെ പേടിച്ചു. കുട്ടികളും ഒപ്പമുണ്ടായിരുന്നു. തിരിച്ചുപോകാമെന്നു ഞങ്ങൾ പറഞ്ഞു. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ആന, കാട്ടുപോത്ത്, മാനുകൾ ഇവയൊക്കെ അടുത്ത്. ആദ്യം ഭയന്നെങ്കിലും സുന്ദരകാഴ്ചകൾ സമ്മാനിച്ച യാത്രയായിരുന്നു അത്.

muktha-trip7

മനസ്സ് കുളിർപ്പിക്കാൻ മണൽത്തീരം

തിരക്കിട്ട ജീവിത്തിൽ നിന്നു മനസ്സിനെയും ശരീരത്തെയും സ്വസ്ഥമാക്കാൻ എപ്പോഴും തിരഞ്ഞടുക്കുന്നത് തിരുവനന്തപുരത്തെ മണൽത്തീരം ആയുർവേദ ബീച്ച് റിസോർട്ടാണ്. ഞാനും ചേച്ചിയും മിക്കപ്പോഴും അവിടെ പോയി രണ്ടു ദിവസമെങ്കിലും തങ്ങാറുണ്ട്. സമാധാനം നിറഞ്ഞ അന്തരീക്ഷമാണ്. മനസ്സിനു വല്ലാത്ത കുളിർമയാണ് അവിടെയെത്തിയാൽ. കടൽതീരത്തോടു ചേർന്ന് പ്രക‍ൃതിയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയയിടം.

സന്ദർശകർക്കായി ചെറിയ കുടിലുകളുണ്ട്. അവിടുത്തെ താമസവും വല്ലാത്തൊരു അനുഭൂതിയാണ്. ശരീരത്തിനും മനസ്സിനും പുത്തനുണർവ് പകരുവാനായി യോഗയും മെ‍ഡിറ്റേഷനുമൊക്കെയുണ്ട്. തിരുവനന്തപുരം ടൗണിൽനിന്ന് ഇരുപത്തിയൊന്നു കിലോമീറ്റർ ദൂരം മാത്രം. മകൾ കാഴ്ചകള്‍ മനസ്സിലാക്കുവാനും ആസ്വദിക്കുവാനും തുടങ്ങിരിക്കുന്നു. തിരക്കുകളിൽനിന്നു മാറി ഒഴിവുസമയം മകളും ഭർത്താവുമൊത്ത് പുത്തൻകാഴ്ചകളിലേക്കു യാത്രചെയ്യണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA