മലമുകളില്‍ ടെന്റുകെട്ടി താമസിക്കാം

kozhikode-sunset
SHARE

മലമുകളിൽ കൂടാരങ്ങളിൽ രാപാർക്കാനൊരിടം. കോടഞ്ചേരി ടൗണിനു സമീപത്തുള്ള തേവർമലയിലെ ഉയരം കൂടിയ കുന്നിൻ മുകളിൽ വനാന്തരീക്ഷത്തിൽ ഉല്ലസിക്കാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുമായി ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു വിനോദകേന്ദ്രം.

 ഉയരം കൂടിയ തേവർമലയിൽ നിന്നുള്ള ദൃശ്യം സഞ്ചാരികൾക്ക് നവ്യാനുഭവമാണ്. തേവർമലയ്ക്കു താഴെ അങ്ങകലെ പച്ചവിരിച്ചു നിൽക്കുന്ന മലമടക്കുകളും താഴ്‌വാരങ്ങളും കൗതുകക്കാഴ്ചയാണ്. മലയുടെ മുകളിൽ നിന്നു സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും മനോഹാരിത നുകരാൻ മാത്രമായി സഞ്ചാരികളെത്തുന്നുണ്ട്.

kozhikode-para-cave

തേവർമലയുടെ മുകൾഭാഗത്ത് പാറമടകൾ നിറഞ്ഞ പ്രദേശമാണ്. കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പാറപ്രദേശത്തുകൂടിയുള്ള സാഹസികത നിറഞ്ഞ ട്രക്കിങ് യുവാക്കൾക്ക് ഏറെ പ്രിയങ്കരമാണ്. വനമായിരുന്ന കാലത്ത് കടുവകൾ താമസിച്ചിരുന്ന തേവർമല പാറയിലെ വലിയ ഗുഹയും അദ്ഭുതക്കാഴ്ചയാണ്. പാറഗുഹയിലിരുന്ന് അങ്ങകലെയുള്ള മലമുകളിൽ സൂര്യനുദിച്ചു വരുന്നത് കാണുന്നത് അനിർവചനീയമായ അനുഭവമാണെന്നു സഞ്ചാരികൾ പറയുന്നു. 

.

kozhikode-tend

3 കിലോമീറ്ററോളം ദൂരത്തിൽ ട്രക്കിങ്ങിനുള്ള സൗകര്യം ഇവിടെയുണ്ട്. എത്ര വലിയ വേനലിലും ഉറവ വറ്റാത്ത കുളവും മലമുകളിലുണ്ട്. പക്ഷി-ചിത്രശലഭ നിരീക്ഷണത്തിനും പറ്റിയ പ്രദേശമാണ് ഇവിടം.ഫറോക്ക് ആസ്ഥാനമായുള്ള ട്രൈബ്സ് ഓഫ് സംസാര ട്രാവൽ കമ്പനിയിലെ അനസ് റഹ്മാന്റെ നേതൃത്വത്തിൽ പത്തോളം യുവാക്കൾ ചേർന്നാണ് ഇവിടെ പ്രകൃതിക്ക് യോജ്യമായ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയത്.

ഈ ടൂറിസം ഉദ്യമത്തിന് ‘ബോധി ക്യാംപ്സൈറ്റ്’ എന്നാണ് പേര്. മലമുകളിൽ മനോഹരങ്ങളായ കൊച്ചുകൊച്ചു ടെന്റുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. സൂര്യാസ്തമയം കാണാൻ മരങ്ങളിൽ ഏറുമാടങ്ങളും നിർമിച്ചിട്ടുണ്ട്. സായാഹ്നങ്ങളിൽ ഊഞ്ഞാലിലാടി അസ്തമയം ആസ്വാദിക്കാനും അവസരമുണ്ട്. തേവർമലയിലെ പാറയ്ക്കൽ ജോർജിന്റെ കൃഷി ഭൂമിയിലാണ് ബോധി ‌ക്യാംപിങ് സെന്റർ പ്രവർത്തിക്കുന്നത്. 

kozhikode-erumadam

ഭക്ഷണവും താമസവുമടക്കമുള്ള ടൂർ പാക്കേജാണ് ബോധി ക്യാംപ്‌സൈറ്റ് ഇപ്പോൾ നടത്തിവരുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം, അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങൾ ജീപ്പിൽ പോയി കണ്ടുവരാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തേവർമലയിലേക്കു കോടഞ്ചേരി ടൗണിൽ നിന്നു 2 കിലോമീറ്റർ ദൂരമുണ്ട്. ഒരു ദിവസം പൂർണമായും തേവർമലയിൽ താമസിക്കാം. വൈകിട്ട് 3.30 എത്തി പിറ്റേന്ന് വൈകിട്ട് 3.30 ന് ക്യാംപ് അവസാനിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെയുള്ളത്. നാടൻ ഭക്ഷണമാണ് നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA