മലമുകളിലെ മീൻ കഥകൾ...

‌fish-trail-idukkiTHEKKADY---CHOONDAKKAR003
SHARE

പച്ചമരത്തണലുള്ള ഹൈറേഞ്ച് പാതകളിലൂടെ ഇടുക്കിയുടെ മണ്ണിലേക്ക്.  മലമുകളിലെ മീൻ വിശേഷങ്ങൾ തേടി.

തേക്കടി, കൈക്കുമ്പിളിൽ കോരിയെടുത്ത ജലച്ചായം പോലെ മഞ്ഞും മലകളും ലോകത്തിനായി കരുതി വച്ച തടാകം. വെള്ളത്തിൽ ഉയർന്ന മരക്കുറ്റികളിൽ തഴുകിയൊഴുകുന്ന മോഹമഞ്ഞ് പരക്കുന്ന കാനന സൗന്ദര്യമല്ല ഇന്ന് തേക്കടിയുടെ യാഥാർഥ്യം. വേനലിൽ വറ്റിവരണ്ടൊരു കണ്ണീർ ചോല പോലെ കരളലിയിക്കുന്ന കാഴ്ചയാണ്...

‌fish-trail-idukki-SYNERGY-FARM-

മുളച്ചങ്ങാടത്തിൽ മീനുകളെത്തേടി കാടിന്റെയും ജലാശയത്തിന്റെയും ഓരം ചേർന്ന് മുണ്ടു മടക്കിക്കുത്തിയ ഒരു നിര ദൂരെയായി പോകുന്നു. അത് തേനെടുക്കാൻ പോകുന്ന സംഘമെന്ന് പെരിയാർ ടൈഗർ റിസർവിലെ ഗൈഡ് രാംകുമാർ.  അവർ കൺവെട്ടത്തു നിന്നു മറഞ്ഞപ്പോൾ രണ്ടാം സംഘമെത്തി, വനത്തിലേക്ക് അഞ്ച് കിലോ മീറ്റർ നടന്നു ചെന്ന് മുള കെട്ടിയുണ്ടാക്കിയ ചെറു ചങ്ങാടത്തിൽ തുഴഞ്ഞു പോയി  മീൻ പിടിക്കുന്ന മന്നാർന്മാരാണവർ. അവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പോകാൻ അനുമതിയില്ല.  മുല്ലപ്പെരിയാർ ഡാമിലെ മീനുകളെ പിടിക്കാൻ ഗോത്ര വിഭാഗങ്ങളായ മന്നാർ, പളിയൻ, ഉൗരൽ, സമുദായക്കാർക്ക് മാത്രമാണ് വനം വകുപ്പിന്റെ അനുമതിയുള്ളത്,  അതും ഉപയോഗിക്കേണ്ട വലയേതെന്ന കർശന നിബന്ധനയോടെ. 

37 തരം മീനുകളാണ് പെരിയാർ ടൈഗർ റിസർവിന്റെ സംഭരണിയിലുള്ളത്. ഇതിൽ 14 തരം ഇവിടെ നിന്നു കുടിയേറിയവരാണ്. ഗോൾഡ് ഫിഷ്, കുയിൽ, തിലോപ്പിയ, ഉൗരൽ, കാരി, കല്ലേമുട്ടി, ആരകൻ ഇവയാണ് പെരിയാറിന്റെ സ്വന്തം മീനുകൾ. പെരിയാറിലുടെ വേമ്പനാട്ട് കായലിലും പിന്നെ കൈത്തോടുകൾ വഴി വയലുകളിലേക്കും കുളങ്ങളിലേക്കും അവർ പലായനം ചെയ്തു, പിന്നെ നമ്മുടെ  തീൻമേശയിലേക്കും. വംശനാശം നേരിടുന്ന ഇനമായതിനാൽ കുയിൽ മത്സ്യത്തെ പിടിക്കരുതെന്ന് നിർദേശമുണ്ട്.

കാട്ടുവഴിയിലുടെ നാട്ടു വഴിയിലേക്ക് 

മന്നാർകുടിയിൽ രമേശൻ ഡാമിൽ നിന്നു കയറി കാട്ടു വഴിയിലൂടെ നടന്ന് നാട്ടുവഴിയുടെ വെളിച്ചത്തിലേക്ക് എത്തി. ഒൻപത് മണിയോടെ മീനുമായവർ തിരികെ നടന്നെത്തും. സൊസൈറ്റിയുടെ ആൾ വാഹനവുമായി കരയിലുണ്ടാകും. പളിയക്കുടി ഇക്കോ ഡവലപ്മെന്റ് കമ്മറ്റിയാണ് മീൻ വിപണനം നടത്തുന്നത്. കിലോയ്ക്ക് 180 രൂപയ്ക്ക് നമുക്ക് മീൻ വാങ്ങാം , ഐസ് തൊടാത്ത ഡാമിലെ പച്ചമീനീനായി ആളുകൾ ക്യുവാണ്. ഒരു കിലോയോളം പോന്നതാണ് ഇവിട നിന്നും ചുണ്ടയിൽ പിടിക്കുന്ന തിലോപ്പിയ. രണ്ടരക്കിലോ ഗോൾഡ് ഫിഷ് വാങ്ങി വണ്ടിയിൽ വച്ചു.

‌fish-trail-idukki1

രാവിലെ ആറ് മണിയോടെയാണ് തലേന്ന് കെട്ടിവെച്ച വല വലിക്കാനായി ചങ്ങാടത്തിൽ പോകുന്നത്. ടെന്റ് കെട്ടി തീയിട്ട് ഡാമിലെ തുരുത്തിൽ കിടന്നുറങ്ങി പുലർച്ചെ പോകും വലയെടുക്കാൻ. സാഹസികരാണ് ഇങ്ങനെ അകലേക്ക് പോയി വല വിരിക്കുന്നവർ. ചിലർ വൈകിട്ടു മടങ്ങി വലയിലെ ഭാഗ്യം തേടി പുലർച്ചെ വീണ്ടും പോകും. പളിയൻ വിഭാഗം ചൂണ്ടക്കാരാണ്. ചൂണ്ടക്കണ സ്ത്രീകളുടെ കയ്യിലായിരിക്കും. വീട്ടിലെ പുരുഷന്മാരൊക്കെ മറ്റ് ജോലികൾക്കായി പോകും. തലേന്ന് കെട്ടിവെച്ച വലയിൽ ഉടക്കുന്ന മീനുകളെ പിടിക്കുന്നവരാണ് മന്നാർന്മാർ. ഡാമിന്റെ മറുകരയിൽ ചുണ്ടയുമായി ഇറങ്ങുന്നവരാണ് ഉൗരാൾ വിഭാഗം.

നീളൻ ചൂണ്ടയുമായി പെൺകൂട്ടം

പളിയക്കുടിയിലെ മുതിർന്ന സ്ത്രീകളായ ചെൽവി, നീല, തങ്ക, വിജയമ്മ എന്നിവർ ജലാശയത്തിലേക്ക് നടക്കുകയാണ്. ഒരു കിലോമീറ്ററോളം നടന്ന് ഇവരെല്ലാം പൊടുന്നനെ കാട്ടിലേക്ക് കയറി. കാട്ടിലൊളിപ്പിച്ച ഇൗറ്റയുടെ നീളൻ ചൂണ്ടയെടുത്ത് ഓരോരുത്തർക്കും നിശ്ചയിച്ച കടവിലേക്ക് നീങ്ങി. അവിടെ അടയാള ചിഹ്നമായി ചൂണ്ടയെ താങ്ങുന്നൊരു കവരയുണ്ട്. ഇൗറ്റ ഉയർത്തി പിന്നിലേക്കാഞ്ഞ് മുന്നോട്ട് നീട്ടുമ്പോഴേക്കും ചൂണ്ട പരമാവധി ദൂരെ പോയി പതിച്ചിരിക്കും. പിന്നെ കവരയിലേക്ക്. അവിടെ വിശ്രമിക്കുന്ന ചൂണ്ട മീൻ കൊത്തിത്തുടങ്ങുമ്പോൾ മുതലാണ് അനങ്ങിത്തുടങ്ങുന്നത്. ഇരകൊത്തി ഓടാൻ തുടങ്ങുമ്പോഴേക്കും വലിച്ചെടുത്ത് കരയിലേക്കിടും. ചെറു മീനുകളാണ് തുടക്കത്തിൽ കൊത്തുന്നവരേറെയും.

‌fish-trail-idukki

ഞങ്ങൾക്കൊപ്പമെത്തിയ വഴികാട്ടി കടുവാ സങ്കേതത്തിലെ ഗൈഡ് വിനോദ് ആനച്ചുര് പിടിക്കുന്നു. മറുകരയിലായി കാട്ടുപോത്തും കുട്ടികളും മേയുന്നു, തല ഉയർത്തി നോക്കി സാന്നിധ്യം അറിഞ്ഞതിന്റെ സൂചന തരുന്നുണ്ട്. വഴിയിൽ ആനക്കുട്ടത്തിന്റെയും കാട്ടുപോത്തിന്റെയും കാലടികൾ പതിഞ്ഞ മണ്ണ്. അതിൽ ചവുട്ടാതെ ഞങ്ങൾ മാറി നടന്നു. അതിനു മുന്നേതന്നെ പെണ്ണുങ്ങളുടെ ചോദ്യമെത്തി ‘ആന പോയാ?’

ലൈവാക്കി നിർത്തും തീറ്റയിട്ട്

പതിവായി തീറ്റ കിട്ടുന്നിടത്ത് ചെറു മീനുകളുടെ കൂട്ടം എപ്പോഴും ഉണ്ടാകും. അതിനെ ചുറ്റിപ്പറ്റി വലിയ മീനുകളും ഉണ്ടാവുമെന്നാണിവർ പറയുന്നത്. അതാണ് തീറ്റയിട്ട് മീനുകളെ ലൈവാക്കി നിർത്തുന്നതിന്റെ ലോജിക്. തലേന്ന് തീറ്റ ഇട്ടാണ് പോകുന്നത്. കപ്പ തൊണ്ട് പൊളിച്ചതും പുഴുങ്ങിയും ഇവിടെ ഇട്ട് വയ്ക്കും. ഒരാളുടെ കടവിലേക്ക് മറ്റൊരാൾ കടക്കാത്തതിന്റെ കാരണവും അത് തന്നെ.

‌fish-trail-idukki-SYNERGY-FARM-

വിലയ്ക്കു വാങ്ങിയ രണ്ട് കിലോയോളം കപ്പയാണ് ഒരു ദിവസം തീറ്റയായി ഒരാൾ വെളളത്തിലേക്ക് ഇടുന്നത്. രാവിലെ ചായയ്ക്കൊപ്പം കഴിച്ച ബോണ്ടയുടെ തൊണ്ട് കീറിയെടുത്തത് ചുണ്ടയിൽ കൊളുത്തി ഇടുകയാണ് ശെൽവമ്മ. ഗോൾഡ് ഫിഷാണ് ഡാമിലെ താരം. ചുണ്ടയിൽ കപ്പയിട്ട് പൊക്കിയെടുക്കുന്ന മീനിൽ മൂന്ന് കിലോ വരെ തൂക്കമുള്ളവരുണ്ടാകും. മണ്ണിരയിട്ടാൽ തിലോപ്പിയയാണ് ആദ്യം കൊത്തുക.  പൊടി മീനുകളെ പൊക്കിയെടുക്കാൻ പാത്രത്തിൽ  ചോറിട്ട് വച്ചിരിക്കുകയാണ് മോഹന. കൂരിക്കൂട് എന്നു പേരുള്ള ഇടുക്കിയുടെ സ്വന്തം അക്ഷയ പാത്രം.

ത്രീ ഇൻ വൺ മണിയമ്മ

ഒരേ സമയം മൂന്നു ചൂണ്ടയാണ് മണിയമ്മയുടെ കൺട്രോളിലുള്ളത്. ആദ്യത്തേത് എറിഞ്ഞിട്ട് ഇടം കാൽവിരലുകളിൽ ഭദ്രമാക്കി ചവുട്ടിപ്പിടിക്കും. രണ്ടാമത്തെത് നീട്ടിയ ശേഷം വലതുവശത്തായൊരു കല്ലെടുത്ത് മുകളിലേക്ക് വച്ച് ഉറപ്പിക്കും. മൂന്നാമൻ കയ്യിൽ തന്നെ. എല്ലാത്തിനും കവരയുടെ താങ്ങ് വെള്ളത്തിനു മുകളിയായുണ്ട്.  അല്പ നേരം പോലും ചൂണ്ടയിൽ നിന്നും മാറി നിൽക്കില്ല, ജാഗ്രതയോടെ ചുണ്ടയുടെ അനക്കത്തിലേക്ക് കണ്ണും മനസ്സുംനട്ടിരിക്കുകയാണ്. 

‌fish-trail-idukki-MANIYAMMA-_1

‘‘ഇന്നലെ താഴെയിരുന്ന ചൂണ്ടയെ വലിയൊരു ഗോൾഡാണ് വലിച്ചു കൊണ്ട് പോയത്, ഉടനെ ചാടിയിറങ്ങിയെങ്കിലും അത് പോ യി, ബോട്ടുകാരാണ് ഒഴുകി നടന്ന ചൂണ്ടയെ പൊക്കിയെടുത്ത് തന്നത്. പക്ഷേ, അപ്പോഴേക്കും മീൻ പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു’’ തമിഴ് കലർന്ന ഭാഷയിൽ മണിയമ്മ. 

ചുണ്ടയൊക്കെ വെള്ളത്തിലേക്ക് ഇറക്കിക്കുത്തിയ കവരയിലേക്കാണ് വയ്ക്കുന്നത്. പിന്നെ ഒറ്റച്ചൂണ്ടക്കാരൊക്കെ താടിക്ക് കയ്യും കൊ ടുത്തൊരു ഇരിപ്പാണ്. ഇവരൊക്കെ കറിക്കുള്ള മീൻ പിടിക്കാനായി എത്തുന്നവരാണ് . ഇപ്പോൾ ഡാമിൽ വെള്ളമില്ല മീനും കുറവാണ്. പലപ്പോഴും കിട്ടുന്ന മീനുകൾ വീതിച്ചെടുക്കും. അല്ലെങ്കിൽ ഒരുമിച്ച് വിൽക്കും. 150 രൂപയ്ക്ക് കൊടുത്താൽ ആറ് പേരുടെ ചായ കുടി കഴിഞ്ഞാൽ പിന്നെ വണ്ടിക്കൂലിക്കാശ് വേറെ കണ്ടെത്തണം. 

മീനെന്നാൽ ഉപ്പു മീൻ

പണ്ട് നെടുങ്കണ്ടത്ത് വേനൽ അവധിക്കാലത്ത് നെടുങ്കണ്ടത്തും തൂക്കുപാലത്തുമുള്ള വല്യമ്മമാരുടെ വീട്ടിൽ പോയപ്പോൾ വൈകിട്ട് മീൻ വാങ്ങാൻ പോയൊരു ഓർമ. കറിക്ക് മീൻ വാങ്ങിവരാൻ വല്യമ്മയുടെ മകൾ സൂറബി അക്കാ പറഞ്ഞപ്പോൾ ഷുക്കൂർ എന്നെയും കൂട്ടി കുന്നിൻ മുകളിലെ വീട്ടിൽ നിന്നും താഴെ റോഡിലേക്കിറങ്ങി. മീൻ വാങ്ങാൻ പോയ ഞങ്ങൾ നേരെ ചെന്നു നിന്നത് ഒരു പലവ്യഞ്ജനക്കടയുടെ മുന്നിലും. മീനെന്നാൽ ഇടുക്കിക്ക്് ഉപ്പുമീൻ അഥവാ ഉണക്കമീൻ ആണ് എന്നറിഞ്ഞ ബാല്യത്തിൽ നിന്നും വളർത്തു മീനുകളുടെ വരവ് അല്പം മാറ്റം വരുത്തിയെങ്കിലും ഭംഗിയായി അടുക്കി വെച്ച ഉപ്പു മീൻ കടകൾ ഇന്നും ഓരോ അങ്ങാടിയിലും സജീവമാണ്.

തെക്കന്റെ മീൻകുളം

പതിരില്ലാത്ത ഇൗ ചെല്ല് നിറയെ വിളഞ്ഞ് കിടക്കുന്ന കാഴ്ചയാണ് കാഞ്ചിയാറിലെ തോമസ് തെക്കന്റെ വളപ്പിന്റെ ഐശ്വര്യം. ടി.ടി. തോമസ് എന്ന പെപ്പർ തെക്കൻ ദേശം ആദരിക്കുന്ന കർഷകനാണ്. തെക്കൻ എന്ന മുന്തിയ ഇനം കുരുമുളക് കണ്ടെത്തി വികസിപ്പിച്ചതിന് ദേശീയ അവാർഡുകൾ നാലെണ്ണമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ഇന്ന് വിയറ്റനാം, ഇന്തോനീഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കും തെക്കന്റെ മുളക് തൈകൾ കയറ്റിപ്പോകുന്നു.

തെക്കന്റെ ഫാമിലേക്ക് കടക്കുന്നത് തന്നെ മീൻ കുളത്തിന്റെ ഓരം ചേർന്നാണ്. വലിയൊരു ചേമ്പില കുളത്തിലേക്കെറിഞ്ഞാണ് നിറ ചിരിയോടെ തെക്കൻ ഞങ്ങളെ സ്വാഗതം ചെയ്തത്. വെള്ളത്തിൽ മഞ്ഞൾ പ്രസാദം പോലെ വട്ടമിട്ടിരുന്ന ഗൗരാമിയതാ പാഞ്ഞടുത്ത് ഇല കടിച്ചു വലിക്കുന്നു, പിന്നെ സംഘമായെത്തിയ മീനുകളുടെ ആക്രമണമായി . ഇതാണ് സമയമെന്ന് പറഞ്ഞ് തെക്കൻ വീശുവലയെടുത്ത് അല്പം താഴേക്കിറങ്ങി. ചെറുതായൊന്നു വിടർത്തി, പല തരത്തിലും വലുപ്പത്തിലുള്ള മീനുകളെയാണ് വലയിൽ പൊക്കിയെടുത്തത്.

‌fish-trail-idukki-SASEENDRA-BABU-

ഗൗരാമിയുടെ പ്രജനനം എല്ലാ മാസവും നടത്തി മുട്ടയിടുമെന്ന കണ്ടെത്തലും ഇദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ നിന്നും ഉണ്ടായതാണ്. ഏപ്രിൽ – മേയ് മാസത്തിൽ വർ‌ഷത്തിൽ ഒരിക്കലെന്ന പതിവിനെ അനുകൂല സാഹചര്യമൊരുക്കി എല്ലാ മാസവുമെന്ന രീതിയിലേക്ക് എത്തിച്ചു. ചൂട് കാലത്ത് പ്രജനന സാഹചര്യം വർധിക്കുമെന്ന നാട്ടറിവിന്റെ പ്രയോഗം. കുളത്തിന്റെ ആഴം അഞ്ചടിയാക്കി കുറച്ച് അടിത്തട്ടിലേക്കും ചുടെത്തുന്ന വിധത്തിലാക്കി. പാറക്കുളത്തിൽ മഴയത്ത് സംഭരിച്ച വെള്ളത്തിലേക്ക് ആൺ – പെൺ മത്സ്യങ്ങളെ ഇറക്കി. മുട്ടയിടാൻ സൗകര്യത്തിനായി ഒരു വശം തുറന്ന തകരക്കുറ്റികൾ വെച്ച് കൂടുകൂട്ടാൻ പുല്ലും ചാക്ക് കഷണങ്ങളും വച്ചു. അത് ഏറ്റു, പാറക്കുളത്തിൽ മീനുകൾ നിറഞ്ഞു. റെഡ് ബെല്ലി നട്ടർ, ഗോൾഡ്, ഗിഫ്റ്റ് തിലോപ്പിയ ഇങ്ങനെ വളർച്ചയിലും രുചിയിലും മുന്നിലുള്ള മീനുകളൊക്കെ കുളത്തിലുണ്ട്. കറിയാവശ്യത്തിനു മാത്രമാണ് മീനുകളൊക്കെ. കരിമീനിനെ വെല്ലുന്ന രുചിയാണ് ഗൗരാമിക്ക്. ആകോലിയുടെ ഷേപ്പുള്ള നട്ടർ ഡാമിലെ ആകോലി എന്ന പേരിലാവും റസ്റ്ററന്റുകളിലെ തീൻ മേശയിലെത്തുക. ഒന്നരക്കിലോയുള്ള നട്ടറിനെ കറിയാക്കാമെന്നു പറഞ്ഞ് കരയിലേക്കെടുത്തു.  

ആപ്പിളും ഓറഞ്ചും വീശുവലയും

വൈരുധ്യങ്ങളുടെ ഇൗ കോമ്പിനേഷൻ കാണാൻ കുമളി അണക്കര പാർവണത്തിൽ ശശീന്ദ്രബാബുവിന്റെ വളപ്പിലേക്ക് കയറണം. ഓറഞ്ചിനും ആപ്പിളിനും പുറമെ പീസ്തയും ബട്ടർ ഫ്രൂട്ടും കശുമാവും വരെയുണ്ടീ കുട്ടനാട്ടുകാരന്റെ പരിചരണത്തിൽ. വീട്ടുമുറ്റത്തെ സ്വിമ്മിങ് പൂളിൽ നീന്തുന്നത്തു പക്ഷേ മീനുകൾ. ഗിഫ്റ്റ്, നൈലോട്ടിക്ക തുടങ്ങിയ രുചിയുള്ള തിലോപ്പിയ മീനുകളാണ് വളർത്തിയത്.‘‘ അവർക്ക് ടോളറൻസ് കൂടുതലാണ്, ഏത് സാഹചര്യവുമായും പൊരുത്തപ്പെടും.’’ ശശീന്ദ്രബാബു പറഞ്ഞു.

‘‘നാട്ടിൽ നിന്നും കരിമീൻ കൊണ്ടുവന്ന് പരീക്ഷിച്ചെങ്കിലും വളർച്ച തീരെക്കുറവ് അതോടെ ആ ശ്രമം ഉപേക്ഷിച്ചു. എൻജനീയറിങ് കഴിഞ്ഞ മകൻ ആർഎഎസ് മാത‍ൃകയിൽ കുറഞ്ഞ സ്ഥലത്ത് ഹൈ ഡെൻസിറ്റിയിൽ മത്സ്യം വളർത്തുന്ന സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുന്നു.’’ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ശശീന്ദ്രബാബു ചെറിയ വീശുവല എടുത്തു. വലയൊന്നു വിടർത്തിയാൽ പിടയ്ക്കുന്ന തിലോപ്പിയതാ കരയിൽ. ഇടുക്കിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ചൊരു മലയുടെ മടിത്തട്ടിലാണീ മീൻ കുളം. കട്‌ളയും ഗ്രാസ് കാർപ്പും അനാബസും നട്ടറുമാണ് സിനർജി ഫാമിലെ പല കുളങ്ങളിലായി വ ളർത്തുന്നത്. രാജേഷും കാളിരാജുമാണ് നീളൻ വല കോരി മീൻ പിടിക്കുന്നത്. 

കടപ്പന കാഞ്ചിയാറിൽ സുഹൃത്ത് എ.ആർ. ജോസിന്റെ വീട്ടിലേക്കാണ് മുല്ലപ്പെരിയാറിൽ നിന്നു പിടിച്ച ഗോൾഡ് ഫിഷുമായി കയറിച്ചെന്നത്. പുള്ളോംപറമ്പിൽ ജോമോന്റെ ഭാര്യ ബിൻസിയാണ് ഷെഫ്. പീരക്കറിയായും മുളകും കുടം പുളിയിട്ടും തേങ്ങാ അരച്ചുമാണ് ഇ ടുക്കിയുടെ മീൻ വയ്പ്പ്. എല്ലാത്തിലും മുന്നിൽ നിൽക്കാൻ ഒരാളേ ഉണ്ടാവു –എരിവ്!. എന്നാലേ ഇവിടെ കറി കറിയാകൂ! അപ്പോഴാണ് ലീലാമ്മ ടീച്ചർ കാര്യം പറയുന്നത് ‘ഇത് കഴിക്കേണ്ടത് ഇന്നല്ല! ഒരു രാത്രി ഇരുന്ന് നാളെ രാവിലെയാണ് ഇത് കഴിക്കേണ്ടത്. എരിവു നന്നായി പിടിച്ച ചുവന്ന മീൻ കറി ആസ്വദിക്കണമെങ്കിൽ ഒരു രാത്രി ഇരിക്കണം.’ പറഞ്ഞത് മീൻ കറിയുടെ എരിവു പോലെ സത്യമായിരുന്നു. •

ചുവന്ന മീൻ കറി

‌fish-trail-idukki-GOLD-FISH-CURRY

മുളക് പൊടി : 3 വലിയ സ്പൂൺ

മഞ്ഞൾപ്പൊടി : ഒരു ചെറിയ സ്പൂൺ

ഉപ്പ് : പാകത്തിന്

വെളിച്ചെണ്ണ : അഞ്ച് വലിയ സ്പൂൺ

കടുക് : ആവശ്യത്തിന്

ഉലുവ : ആവശ്യത്തിന്

വെളുത്തുള്ളി : 2 കുടം

കുടമ്പുളി : 5 ഇതൾ

കറിവേപ്പില : 5 തണ്ട്.

പാകം ചെയ്യുന്ന വിധം

കഴുകി മുറിച്ചെടുത്ത  മീൻ മഞ്ഞളും മുളക് പൊടിയും ഉപ്പും അല്പം പച്ച വെളിച്ചെണ്ണയും ചേർത്ത് കറിച്ചട്ടിയിൽ ഇട്ട് നന്നായി തിരുമ്മി മാറ്റി വയ്ക്കണം. പത്ത് മിനിറ്റ് അതവിടെ ഇരിക്കട്ടെ. അഞ്ച് ഇതൾ പുളി വെള്ളത്തിലിട്ട് വയ്ക്കണം. പാനിൽ ചൂടായ  വെളിച്ചെണ്ണയിലേക്ക് കടുകു പൊട്ടിച്ച് ഉലുവ താളിക്കും. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, മുളക് പൊടി, പുളിവെള്ളം എന്നിവ ചേർത്തിട്ട് ആവശ്യത്തിന് വെള്ളവും ചേർക്കണം. നന്നായി തിളയ്ക്കുമ്പോൾ മീൻ കഷണങ്ങൾ ഇടണം. ഒടുവിലായി നാല് തണ്ട്  കറിവേപ്പില കൂടി വിരിച്ചാൽ മൂടി വയ്ക്കാം. *(ബിൻസി ജോമോൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA