തലസ്ഥാനത്ത് ഒരുദിനം ചെലവിടാൻ ഇതാ വ്യത്യസ്തമായൊരു റൂട്ട്

thiruvananthapuram-trip
SHARE

ഏറെയാത്ര ചെയ്തിട്ടുണ്ടാകും നിങ്ങൾ നമ്മുടെ തലസ്ഥാനനഗരിയിലൂടെ. തിരുവനന്തപുരത്തിന്റെ  നിത്യക്കാഴ്ചകൾ ഒട്ടും മടുപ്പിക്കില്ലെങ്കിലും ഒരു പുതുമയ്ക്കു വേണ്ടി നമുക്കു റൂട്ടൊന്നു മാറ്റിപ്പിടിച്ചാലോ

നഗരത്തിരക്കിൽ നിന്ന് മാറിയൊരു യാത്ര. ഒരു ദിവസം കൊണ്ട് കണ്ടുവരാവുന്ന സ്ഥലങ്ങൾ. അതിസുന്ദരമായ കാഴ്ചകളൊന്നുമല്ല ഈ റൂട്ടിന്റെ പ്രത്യേകത. മറിച്ച് തിരക്കുകളില്ലാതെ പോയിവരാം. സ്വസ്ഥമായി കാഴ്ചകൾ ആസ്വദിക്കാം എന്നിവയാണു സവിശേഷതകൾ. 

thiruvananthapuram-trip6

ആദ്യം കടലോരത്തേക്ക്

രാവിലെത്തന്നെ നഗരത്തിൽനിന്നു രക്ഷപ്പെട്ട് അഞ്ചുതെങ്ങ് കോട്ടയിലേക്കു പോകാം. മുൻപു നമ്മൾ പറഞ്ഞിട്ടുള്ളതാണ് ഈ ചതുരക്കോട്ടയെക്കുറിച്ച്. 1695 ൽ ബ്രിട്ടീഷുകാർ ആറ്റിങ്ങൾ രാജ്ഞിയിൽനിന്ന് അനുവാദം വാങ്ങി അഞ്ചുതെങ്ങിൽ കോട്ട നിർമിച്ചു. വലിയ കോട്ടയൊന്നുമല്ല. ഏറെ നടന്നു കാണാനുമില്ല. പക്ഷേ, അങ്ങോട്ടുള്ള വഴി അതീവരസകരമാണ്. കടലിനു സമാന്തരമായാണ് ആ ചെറുറോഡ്. ചിലയിടങ്ങളിൽ വേണമെങ്കിൽ കടലോരത്തേക്കു നടന്നിറങ്ങാം.  കോട്ടയൊന്നു കണ്ടശേഷം തൊട്ടപ്പുറത്തുള്ള ലൈറ്റ്ഹൗസിൽ കയറണം. മുകളിൽനിന്നു നോക്കുമ്പോൾ കോട്ടയുടെ  ചതുരാകൃതി അറിയാം. തൊട്ടടുത്തുള്ള നീലക്കടലും തെങ്ങിൻതോപ്പുകളും കായലും രസകരമായി കാണാൻ ലൈറ്റ് ഹൗസ് തന്നെ ശരണം.

thiruvananthapuram-trip4

അതിനാൽ ഒരു കാരണവശാലും ലൈറ്റ് ഹൗസിനു മുകളിൽ കയറാതെ പോരരുത്. രാവിലെ  തിരുവനന്തപുരത്തുനിന്ന് ഇറങ്ങാം. തുമ്പ വഴി കടലോരപാതയിലൂടെ തിരക്കുകളില്ലാതെ വണ്ടിയോടിക്കാം. ചെറിയ വഴിയാണ്. സൂക്ഷിച്ചുവണ്ടിയോടിക്കണം എന്നു പറയേണ്ടതില്ലല്ലോ… ആഹാരം നഗരത്തിൽനിന്നു കഴിക്കുന്നതാണു നല്ലത്. അഞ്ചുതെങ്ങിലോ അങ്ങോട്ടുള്ള വഴിയിലോ നല്ല ഹോട്ടലുകൾ ഒന്നുമില്ല. ഈ യാത്രയ്ക്ക് ചുരുങ്ങിയത് മൂന്നുമണിക്കൂർ എടുക്കും. കടലിൽ ഇറങ്ങുകയാണെങ്കിൽ പിന്നെയും സമയം കൂടും. മുതലപ്പൊഴിയിലെ കടൽഭിത്തിയിലേക്കു വണ്ടിയോടിച്ചു കയറ്റാം. ഉച്ചയോടെ നഗരത്തിലേക്കു തിരിച്ചെത്താം. ഊൺ കഴിച്ച് നഗരത്തിലെ മ്യൂസിയമോ മറ്റോ സന്ദർശിക്കാം. 

ഇനി കായലോരത്തേക്ക്

ഉച്ചകഴിഞ്ഞാൽ വെള്ളായണിക്കായലിനെ അറിയാൻ പോകാം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള താമരകൾ ഇവിടെനിന്നായിരുന്നത്രേ എടുത്തിരുന്നത്. കോവളം, വിഴിഞ്ഞം എന്നിടങ്ങളിലേക്കു പോകുമ്പോൾ ഇനി വെള്ളായണിക്കായലിനെക്കൂടി ഒന്നു പരിഗണിക്കാം. ചെരിഞ്ഞുനിൽക്കുന്ന തെങ്ങുകളും വിടർന്നുനിൽക്കുന്ന താമരകളും  വെള്ളായണിയുടെ ഭംഗി കൂട്ടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ  ശുദ്ധജലത്തടാകമാണിത്. കായലിനു കുറുകെയാണ് റോഡ്.

thiruvananthapuram-trip1

വണ്ടി റോഡിനിപ്പുറം നിർത്തിയശേഷം വെറുതെയൊന്നു നടന്നുവരുക.  ക്യാമറയും ടെലിലെൻസും കയ്യിൽ കരുതിയാൽ അൽപം ക്ഷമയോടെ കാത്തിരുന്നാൽ താമരമൊട്ടുകളിൽ ചെറുകിളികൾ ചേക്കേറുന്നതു ഫ്രെയിമിലാക്കാം.  ചെറുകടകളിൽനിന്നു ചൂടൻ കടികളോടൊപ്പം ചുടുചായയും ആസ്വദിച്ച് സമയം ചെലവിടാം. ഇനി കാറെടുത്ത് കായലോരത്തൂടെയുള്ള ചെറുഗ്രാമീണവഴികൾ താണ്ടിയാൽ വെള്ളായണികായലിന്റെ തിരക്കില്ലാത്ത മുഖങ്ങളും കാണാം. 

thiruvananthapuram-trip5

തിരുവനന്തപുരത്തുനിന്ന്  കോവളം ബൈപാസ് വഴി 18 കിലോമീറ്റർ ദൂരമുണ്ട് വെള്ളായണിയിലേക്ക്. 

വീണ്ടും കടലോരത്തേക്ക് 

വിഴിഞ്ഞം, കോവളം എന്നീ ലോകപ്രശസ്ത ബീച്ചുകൾ തൊട്ടടുത്തുണ്ട്. കോവളം  പിക്നിക് സ്പോട്ടിന്റെ കാഴ്ചകളാണ് നൽകുന്നതെങ്കിൽ  തൊട്ട് ഇപ്പുറത്തുള്ള വിഴിഞ്ഞം കടലോരജീവിതത്തിന്റെ നേർക്കാഴ്ചകൾ നിങ്ങൾക്കു പകരും. കരയ്ക്കുള്ളിലേക്കു കയറി പുലിമുട്ടുകളെയും കരിങ്കല്ലുകളെയും തല്ലിത്തോൽപ്പിക്കാൻ നോക്കുന്ന കടൽ. വിശ്രമിച്ചിരിക്കുന്ന ബഹുവർണ മത്സ്യയാനങ്ങൾ, മുഖത്തോടു മുഖം നോക്കിനിൽക്കുന്നതുപോലെ ആരാധനാലയങ്ങൾ.  ആകെ തിരക്കാണ് വിഴിഞ്ഞത്ത്. നാം ഈ ദിവസത്തിൽ അനുഭവിക്കുന്ന തിരക്കേറിയ ഇടം. പക്ഷേ, വാഹനം നിർത്തി ആ തോണികളുടെ അടുത്തേക്കൊന്നു നടന്നുനോക്കൂ.

thiruvananthapuram-trip3

പ്രാർഥനകളാൽ മുഖരിതമായ വേറൊരു മുഖം നിങ്ങൾക്കു വിഴിഞ്ഞത്തു കാണാം. വട്ടംകൂടിയിരിക്കുന്ന സാധാരണ മനുഷ്യരെക്കാണാം.  അതീവസുന്ദരമായ  കടൽക്കാഴ്ചകൾ കാണാൻ ഇവിടെ വരരുത്. മീൻപിടിത്തം കഴിഞ്ഞ് കരയ്ക്കെത്തിയവരുടെ ജീവിതത്തുടിപ്പുകളും ബഹളങ്ങളുമാണ് വിഴിഞ്ഞത്തെ സജീവമാക്കുന്നത്.  ആ കൂട്ടത്തിലൊരാളായി നിങ്ങൾക്കും ചേരാം. പ്രളയകേരളത്തെ താങ്ങിയെടുത്തു ബോട്ടിൽ കയറ്റിയ പലരും ഇക്കൂട്ടത്തിലുണ്ടെന്ന് ഓർമ വേണം. പുറമേ പരുക്കൻമാരാണെങ്കിലും ഒന്നു മിണ്ടിത്തുടങ്ങിയാൽ സൗഹൃദത്തിന്റെ വലക്കണ്ണികൾ നിങ്ങളെ മുറുക്കും. നേരം അധികം വൈകുന്നതിനുമുൻപ് തിരിച്ചുപോരാം. 

വെള്ളായണിയിൽനിന്ന്  9 കിലോമീറ്റർ ദൂരമുണ്ട് വിഴിഞ്ഞത്തേക്ക്. 

thiruvananthapuram-trip7

ഇനി മലമുകളിലേക്ക് 

വിഴിഞ്ഞത്തിനു പകരം  ഉച്ചയ്ക്കു മുൻപ്   പ്രസിദ്ധമായ പൊൻമുടിയിലേക്കു പോകാം. കല്ലാർ നദിയിലെ കുളിർജലത്തിൽ ഒന്നു നീരാടാം. മലമുകളിലെ സായാഹ്നം ആസ്വദിക്കാം. 58  കിലോമീറ്റർ ദൂരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA