യുവതികൾക്കും പ്രവേശനം; ഇത് പത്തനംതിട്ടയിലെ പുത്തൻ ശബരിമല

DSDSDD
SHARE

പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ധിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം. 

സാദൃശ്യങ്ങളേറെ...

puthen-sabarimala

ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും. 

puthen-sabarimala3

യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു  അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.

കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും. 

പാദുകങ്ങൾ പ്രതിഷ്ഠിച്ച്...

പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ്  ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്. 

നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ഈ ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്. 

puthen-sabarimala2

തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

ചിത്രങ്ങൾക്ക് കടപ്പാട് : പുത്തൻ ശബരിമല നിവാസികൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA