പിള്ളേച്ചന്റെ കടയിലെ ഊണും മീൻ അച്ചാറും!

pillechente-kada
SHARE

കാട്ടുമാങ്ങാ അച്ചാറിന്റെയും മീന്‍ അച്ചാറിന്റെയും രുചിയറിയണമെങ്കിൽ വണ്ടി ഇടുക്കിയിലേക്ക് വിടണം. അച്ചാറുകളുടെയും ഉൗണിന്റെയും കഥ പറയുന്ന പിള്ളേച്ചന്റെ കട ഭക്ഷണപ്രേമികൾക്ക് വിസ്മയമാണ്. ഇടുക്കിയിൽ കുളമാവ് മുത്തിയുരണ്ടിയാറിലാണ് ഇൗ രുചിശാല നിലകൊള്ളുന്നത്. 33 വർഷത്തെ പാരമ്പര്യം നിറഞ്ഞ പിള്ളേച്ചന്റെ കടയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടിയടക്കം നിരവധി സിനിമാക്കാരും എത്താറുണ്ട്.

സോമൻ പിള്ളയും ഭാര്യ രമാദേവിയുമാണ് ഹോട്ടൽ നടത്തിപ്പുകാർ. ഉൗണും കറികളും മാത്രമായി തുടങ്ങിയ ഹോട്ടലിനെ സ്റ്റാറാക്കിയത് അച്ചാറിന്റെ രുചിയാണ്. ഉൗണിനൊപ്പം വിളമ്പിയിരുന്ന അച്ചാറിന് ആവശ്യക്കാരേറെയായപ്പോൾ എന്തുകൊണ്ട് അച്ചാർ കമ്പനി തുടങ്ങിക്കൂടാ എന്ന ചിന്തയാണ് ഹോട്ടലിനൊപ്പം വളർന്ന അച്ചാർ കമ്പനി.

കാട്ടുമാങ്ങാ അച്ചാർ, പൈനാപ്പിൾ അച്ചാർ ഇൗന്തപ്പഴം അച്ചാർ, മീൻ അച്ചാർ എന്നുവേണ്ട വ്യത്യസ്ത അച്ചാറുകളാണ് വിൽപനക്ക് വച്ചിരിക്കുന്നത്. കാട്ടിൽ നിന്നും ആദിവാസികൾ പറിച്ചെടുക്കുന്ന നാടൻ‍ മാങ്ങയാണ് കാട്ടുമാങ്ങാ. കണ്ണിമാങ്ങയുടെ വലുപ്പമേ ഉള്ളുവെങ്കിലും നാടൻ രുചിയാണ് കാട്ടുമാങ്ങക്ക്. പിള്ളേച്ചന്റെ ഭാര്യ രമാദേവിയുടെ കൈപുണ്യത്തിലാണ് ഹോട്ടലിലെ വിഭവങ്ങൾ തയാറാക്കുന്നത്.

നാവിൽ വെള്ളമൂറിക്കുന്ന അച്ചാറിന്റെ രുചിയൊരുക്കുന്നതും രമാദേവിതന്നെയാണ്. പിള്ളേച്ചന്റെ കടയിൽ ഉൗണു കഴിക്കാനെത്തുന്നവർ അച്ചാറിന്റെ രുചിയറിഞ്ഞ് തിരികെ പോകുമ്പോൾ അച്ചാറ് വാങ്ങി കൊണ്ടുപോകുവാനും മറക്കാറില്ല. തനിനാടൻ രുചികൂട്ടിൽ പാകപ്പെടുത്തുന്ന അച്ചാറുകൾ കടൽകടന്നും പോയിട്ടുണ്ട്. അച്ചാറിന്റെ കച്ചവടം മുഴുവനായും ഏറ്റെടുത്തിയിരിക്കുന്നത് മകൻ രാഹുലാണ്. ചെറിയ രീതിയാൽ തുടങ്ങിയതാണെങ്കിലും രുചിയറിഞ്ഞ ഭക്ഷണപ്രേമികൾ അച്ചാറു ചോദിച്ചു വാങ്ങാറുമുണ്ട്. മീൻ അച്ചാറാണ് ഹൈലൈറ്റ്. ഇപ്പോൾ ഇടുക്കിയിലും കോട്ടയത്തും എറണാകുളത്തും വിതരണം ചെയ്യുന്നുണ്ട്.

ഉൗണിന് അമ്പതുരൂപ

മുത്തശ്ശൻ തുടങ്ങി വച്ച ഹോട്ടൽ കാലശേഷം പിള്ളേച്ചനു സ്വന്തമായി. മുത്തശ്ശന്റെ കൈപുണ്യത്തിനും പെരുമയ്ക്കും കോട്ടം വരുത്താതെ നല്ലരീതിയിലാണ് ഹോട്ടൽ  മുന്നോട്ടുപോകുന്നത്. അവിയലും സാമ്പാറും തോരനും അച്ചാറുമടക്കം ഉൗണിന് മൂന്നുകൂട്ടം കറി ഒഴിക്കാനുമുണ്ടാകും എല്ലാകൂടി അമ്പത‌ുരൂപയാണ് ഇൗടാക്കുന്നത്. സ്പെഷ്യലുകളുമുണ്ട്. ആവശ്യക്കാർക്ക് മീൻ അച്ചാറും മീൻ ഫ്രൈയും ഒാര്‍ഡർ ചെയ്യാം. കൃത്രിമ രുചികൂട്ടുകൾ ചേർക്കാത്ത തനിനാടൻ രുചി എന്നു തന്നെ പറയാം. മല്ലി, മുളക് മസാലകൾ എല്ലാം സ്വന്തമായി വറുത്തുപൊടിച്ചെടുക്കുന്ന രീതിയാണ് ഇവിടുത്തെ വിഭവങ്ങളെ സൂപ്പർഹിറ്റാക്കുന്നത്.

ഉൗണുമാത്രമല്ല രാവിലത്തെ പലഹാരങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. രാവിലെ കപ്പയും മീൻകറിയും മസ്റ്റാണ്. കപ്പ കഴിക്കാനായി എത്തുന്ന ഭക്ഷണപ്രേമികളുമുണ്ട്. കൂടാതെ അപ്പം, പൊറോട്ട, പുട്ട്, ചപ്പാത്തി, ദോശ തുടങ്ങിയവയും ഉണ്ടാവും. 12 മണി മുതൽ 3.30 വരെ ഉൗണ് വിളമ്പും ശേഷം നാലുമണി ചായയും കടിയും ഉണ്ടാക്കുന്ന തിരക്കിലാകും രമാദേവിയും സഹായികളും. ചൂടുചായക്ക് രുചി പകരുവാനായി പഴംപൊരിയും പരിപ്പുവടയും ഉഴുന്നുവടയുമൊക്കെയുണ്ടാവും.

പിള്ളേച്ചന്റെ സ്പെഷൽ 'അമ്മച്ചി പുഴുക്ക്'

ഒാർഡർ അനുസരിച്ചാണ് അമ്മച്ചി പുഴുക്ക് തയാറാക്കുന്നത്. കപ്പയും ചേമ്പും പയറുംമൊക്കെ ഒരുമിക്കുന്ന രുചിയാണ് അമ്മച്ചി പുഴുക്ക്. ആവശ്യക്കാരുടെ ഒാർ‍ഡർ അനുസരിച്ച് കാച്ചിൽ പുഴുങ്ങിയതും തയാറാക്കാറുണ്ട്.

കുറഞ്ഞ ചെലവിൽ രുചികരമായ ഭക്ഷണം കഴിക്കാൻ പറ്റിയ രുചിയിടമാണിത്. ഇടുക്കിയിലേക്കുള്ള യാത്രയിൽ പിള്ളേച്ചന്റെ കടയിൽ കയറാൻ മറക്കേണ്ട ഒപ്പം മീൻ അച്ചാറും വാങ്ങിക്കോളൂ.

കൂടുതൽ വിവരങ്ങൾക്ക്: 8129274080

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA