കരിമ്പിൻപൂവിനക്കരെ രാവുറങ്ങാൻ പോകാം മറയൂരിലേക്ക്, അവധി അടിച്ചുപൊളിക്കാം

marayoor-trip5
SHARE

നീലമലകൾക്കു താഴെ കരിമ്പിൻപാടങ്ങൾ. തേയിലക്കാടു കഴിഞ്ഞു വളഞ്ഞുപുളഞ്ഞുപോകുന്ന പാതയ്ക്കിരുവശവും ചന്ദനമരങ്ങൾ. ചരിത്രത്തെ ഉള്ളിലൊതുക്കുന്ന മുനിയറകൾ. ഇതൊക്കെയാണു മറയൂർ. മൂന്നാറിന്റെ മറ്റൊരു മുഖം. മറയൂരിലേക്കാണ് ഇത്തവണ അവധി ചെലവിടാൻ ചെല്ലുന്നതെങ്കിലോ? അറിയാം മറയൂരിന്റെ പ്രധാന സവിശേഷതകൾ. 

വഴികൾ

രണ്ടു വഴികളാണു മറയൂരിലേക്കുള്ളത്. ഒന്ന് മൂന്നാറിലൂടെ. എറണാകുളം തൊട്ടു തെക്കോട്ടുള്ളവർക്ക് നല്ലത് ഈ വഴിയാണ്. രണ്ടാമത് തമിഴ്നാട്ടിൽനിന്നു കയറിവരുന്നത്. ഉഡുമൽപേട്ട്- ചിന്നാർ- മറയൂർ. പാലക്കാടുനിന്ന് എളുപ്പം ഈ വഴിയാണ്. തണുപ്പു കൂടുതൽ മൂന്നാർ വഴിയിലാണ്. തേയിലത്തോട്ടങ്ങൾ കണ്ട് യാത്ര ചെയ്യാം. മൂന്നാറിൽനിന്നു നാൽപതു കിലോമീറ്റർ ദൂരമുണ്ട് മറയൂരിലേക്ക്. 

marayoor-trip1

ചിന്നാറിലൂടെയുള്ളത് കാട്ടുവഴിയാണ്. തമിഴ്നാടിന്റെ ആനമലൈ കടുവാസങ്കേതത്തിലൂടെയും ചിന്നാർ എന്ന മഴനിഴൽ കാട്ടിലൂടെയും രസകരമായി വണ്ടിയോടിക്കാം. ഈ റൂട്ടിൽ ഉഡുമൽപേട്ട് കഴിഞ്ഞാൽപിന്നെ പ്രധാനപട്ടണം മറയൂരാണ്. ഇടയ്ക്ക് ചിന്നാർ ചെക്പോസ്റ്റുണ്ട്. സന്ധ്യമയങ്ങിയാൽ ഈ വഴി തിരഞ്ഞെടുക്കരുത്. ആനകൾ ഏറെയുണ്ട് ആനമലയിൽ. മാത്രമല്ല പലയിടത്തും ഫോണിനു റേഞ്ച് കിട്ടാറില്ല. വാഹനത്തിന് എന്തെങ്കിലും പറ്റിയാൽ രാത്രിയിൽ അധികമാരും സഹായത്തിനു വരില്ല എന്നോർക്കണം. 

ഇനി മറയൂരിലെ കാഴ്ചകൾ 

മൂന്നാർ മലനിരകൾക്കപ്പുറത്താണു മറയൂർ ഗ്രാമം. സത്യത്തിൽ ഇതൊരു തമിഴ്ശൈലിയിലുള്ള കുഞ്ഞുപട്ടണമാണ്. മറയൂർ ശർക്കര പ്രസിദ്ധമാണെന്നറിയാമല്ലോ. ആ ശർക്കര നിർമാണത്തിനുള്ള കരിമ്പുകൾ വിളഞ്ഞുനിൽക്കുന്ന പാടങ്ങൾക്കിടയിലൂടെ ചുമ്മാ വണ്ടിയോടിക്കണം. തനി ഗ്രാമീണക്കാഴ്ചകൾ കാണാം. ആൾപ്പൊക്കത്തിൽ നിൽക്കുന്ന കരിമ്പിൻ തലപ്പുകളിൽ വെള്ളപ്പൂക്കൾ നിൽക്കുന്നത് രസകരം. ഈ കരിമ്പുകോലുകൾ ശർക്കരശാലകളിലെത്തുന്നതും ശർക്കര നിർമിക്കുന്നതും കൂടി കാണണം. ചിലയിടങ്ങളിൽനിന്നു ശർക്കര വാങ്ങാം. 

marayoor-trip7

ഇനി ചന്ദനക്കാടുകൾക്കിടയിലൂടെ വണ്ടിയോടിക്കാം

മറയൂർ അങ്ങാടിയിലെത്തുംമുൻപ് വനംവകുപ്പിന്റെ ഓഫിസ് ഇടത്തുകാണാം. അവിടെനിന്നു വലത്തോട്ടൊരു ചെറുവഴിയുണ്ട്. ചന്ദനക്കാട്ടിലൂടെ ഒരു ചെറുഡ്രൈവ് നടത്തണമെങ്കിൽ സ്റ്റീയറിങ് തിരിക്കാം. അതിസുന്ദരമായ വഴിയാണിത്. വണ്ടി നിർത്തിയിട്ടാൽ വനംവകുപ്പിന്റെ വാച്ചർമാർ ഉടൻ അവിടെയെത്താറുണ്ട്. കാട്ടിലേക്ക് ഒരു കാരണവശാലും കയറരുത്. ആ വഴി നേരെ പോകുന്നത് കീഴാന്തൂർ ഗ്രാമത്തിലേക്കാണ്. നല്ല ആഹാരം കിട്ടുന്ന ചെറുകടകളുണ്ട് ഇവിടെ. ചെറുവഴിയാണെന്ന ഓർമയിൽ ഡ്രൈവ് ചെയ്യുക. കീഴാന്തൂരിൽ ആപ്പിളും ഓറഞ്ചും വിളയുന്ന ചെറുഫാമുകളുണ്ട്. ചെറുഫീസ് നൽകിയാൽ കയറിക്കാണാം. ആനമുടിച്ചോലയിലേക്കുള്ള, ഗതാഗതം നിരോധിച്ച പഴയ വഴിയിലേക്കാണ് പിന്നെയും പാത ചെല്ലുന്നത്. 

marayoor-trip6

അൻപേ ശിവത്തിലെ ആക്സിഡന്റ് ലൊക്കേഷൻ

കീഴാന്തൂരിലേക്കു കയറുമ്പോൾ പാറമുകളിലൂടെയുള്ള അതിമനോഹരമായ വഴിയിലാണ് കമലഹാസന്റെ അൻപേ ശിവത്തിലെ ബസ് മറിയുന്ന സീൻ ഷൂട്ട് ചെയ്തത്. ഇവിടെനിന്നാൽ ചുറ്റിനും മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളെ സാക്ഷിയാക്കി ഒരു സെൽഫിയെടുക്കാം. പുരാതന മനുഷ്യന്റെ സംസ്കാരശേഷിപ്പുകളായി ആ പാറമുകളിൽ മുനിയറകളുണ്ട്. തീർച്ചയായും അവ കാണാൻ മറക്കരുത്. ടിക്കറ്റെടുത്തു പാറമുകളിലേക്കു സകുടുംബം നടന്നു കയറാം. ആദിമമനുഷ്യരുടെ ആത്മാവിനെ കുടിയിരുത്തിയതെന്നു വിശ്വസിക്കപ്പെടുന്ന ഇടങ്ങളാണ് മുനിയറകൾ എന്നൊരു വാച്ചർ പറഞ്ഞുതന്നു. നമ്മുടെ മാർബിൾ പോലെ കരിങ്കല്ലു ചെത്തിയെടുത്താണ് മുനിയറകൾ ഒരുക്കിയിട്ടുള്ളത്. രണ്ടു കൽപലകകൾ ഭിത്തികൾ. ഒന്നു മേൽക്കൂരയിൽ. അന്നെങ്ങനെയാണു പാറകൾ കൃത്യമായി കീറിയെടുത്തത് എന്നു സംശയം തോന്നാം. 

marayoor-trip8

ചിന്നാറിലേക്ക്

കേരളത്തിന്റെ മഴനിഴൽക്കാടാണു ചിന്നാർ വന്യജീവി സങ്കേതം. ആനകളും പുലികളുമടക്കം ചിന്നാറിലുണ്ട്. നക്ഷത്രആമകൾ, ചാമ്പൽ മലയണ്ണാൻ എന്നിവ ചിന്നാറിന്റെ സവിശേഷകാഴ്ചകളാണ്. പക്ഷേ അങ്ങനെയൊന്നും അവയെ കാണാൻ കിട്ടാറില്ലെന്നു മാത്രം. വരണ്ട കാടുകളിൽ ഹനുമാൻ കുരങ്ങുകൾ ഇഷ്ടം പോലെയുണ്ട്. 

marayoor-trip2

ചിന്നാറിലെ താമസസൗകര്യങ്ങൾ രസകരമാണ്. കാട്ടിനുള്ളിൽ മരവീടുകളിലെ താമസം നിങ്ങൾക്ക് ഇഷ്ടമാകും. ചിന്നാറിലേക്കുള്ള യാത്രാമധ്യേ വലതുവശത്ത് അങ്ങുതാഴെ ഒരു വെള്ളച്ചാട്ടം കാണാം. അതാണു തൂവാനം. വനംവകുപ്പിന്റെ അനുമതിയോടെ തൂവാനത്തേക്കു ട്രെക്കിങ് നടത്താം. ഇനി അവിടെ താമസിക്കണമെങ്കിലോ,

marayoor-trip

വെള്ളച്ചാട്ടത്തിനടുത്ത് ഒരു മരവീടുമുണ്ട്. 

വിവരങ്ങൾക്ക് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനുമായി ബന്ധപ്പെടാം. http://munnarwildlife.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA