ഇടിയിറച്ചിയും കരിമീൻ മപ്പാസും കിട്ടും പടിപ്പുര ഷാപ്പ്

toddy-shapp
SHARE

തേങ്ങയും വറ്റൽ മുളകും മല്ലിയും കശുവണ്ടിപരിപ്പും വറുത്തരച്ചതിൽ, തേങ്ങാകൊത്തുമിട്ട് വഴറ്റി, കൂടെ നാടൻ കോഴിയുടെ കഷണങ്ങൾ കൂടി ചേർത്ത് വരട്ടിയെടുത്ത കോഴിക്കറി. തിളച്ചു മറിയുന്ന കോഴിക്കറിയുടെ മണം മൂക്കിൽ തുളച്ചു കയറുമ്പോഴേ വായിൽ വെള്ളം നിറയും. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും മസാലപ്പൊടികളും കൂടി കോഴിക്കറിയിൽ ചേരുമ്പോൾ നാവിൽ രുചിയുടെ പഞ്ചാരിമേളം. വണ്ടിപിടിച്ചും ആളുകൾ വന്നു ഭക്ഷണം കഴിച്ചിട്ട് പോകുന്ന ഈ ഷാപ്പിന്റെ പേര് പടിപ്പുര. അടുക്കള നിറയെ സ്വാദൂറുന്ന വിഭവങ്ങൾ നിറഞ്ഞ ഈ രുചിയുടെ കലവറയിൽ എന്തൊക്കെയാണ് സ്പെഷ്യൽ എന്നറിയേണ്ടേ? വരൂ...പടിപ്പുര ഷാപ്പിന്റെ കവാടം കടന്നു അടുക്കളയിലേക്കൊന്നു എത്തിനോക്കാം.

karimeen-pollichathu-l
Representative Image

കോട്ടയം ജില്ലയിൽ, പാലാ-പൊൻകുന്നം റോഡിലാണ് പടിപ്പുര ഷാപ്പ് സ്ഥിതി ചെയ്യുന്നത്. സാധാരണ ഷാപ്പുകളെ അപേക്ഷിച്ചു ഭക്ഷണം കഴിക്കാനായി എത്തുന്ന കുടുംബങ്ങളെക്കൂടി മുമ്പിൽ കണ്ടുകൊണ്ടു ഏറുമാടങ്ങളും ധാരാളം ചെറുകുടിലുകളും ചുറ്റിലും ഒരുക്കിയിരിക്കുന്നു, കൂടെ സമാധാനപരമായ അന്തരീക്ഷം, അതിസുന്ദരമായ സ്ഥലം, ഷാപ്പിനു ചുറ്റും വെള്ളമൊഴുകുന്ന ചെറുകൈതോടുകൾ, സ്വാദുനിറഞ്ഞ ഭക്ഷണം ഇവയൊക്കെയാണ് പടിപ്പുര ഷാപ്പിന്റെ പ്രത്യേകതകൾ. ധാരാളം കുടുംബങ്ങൾ അവധി ദിവസങ്ങളിൽ രുചിയറിയാൻ എത്തുന്നൊരിടം കൂടിയാണ് പടിപ്പുര ഷാപ്പ്.

idiyirachi
Representative Image

ഇടയിറച്ചിയിലാണ് പടിപ്പുര ഷാപ്പിലെ വിഭവങ്ങൾ തുടങ്ങുന്നത്. സവാളയും ചെറുനാരങ്ങ നീരും ചേർത്തു പോത്തിറച്ചി ഉണക്കി ഇടിച്ചതു കഴിച്ചുകൊണ്ട് തുടങ്ങാം. പൂപോലുള്ള പാലപ്പവും കരിമീൻ മപ്പാസും രുചിയുടെ സ്വർഗവാതിൽ വരെയെത്തിക്കും. പൊള്ളിച്ച കരിമീനും പോർക്ക് ചാപ്സും മറ്റെങ്ങും കിട്ടാത്ത സ്വാദിന്റെ പര്യായങ്ങളാകും ഇവിടെ. മുളകുചാറിൽ മുങ്ങിയ വരാലിനു കപ്പയ്‌ക്കൊപ്പം ചേരുമ്പോൾ പ്രണയസാഫല്യം. വറ്റയുടെ തലയും കാട പൊരിച്ചതും താറാവു കറിയും കപ്പയ്‌ക്കൊപ്പവും ചപ്പാത്തിക്കൊപ്പവും ചേരാൻ രുചിനിറച്ചു കൊണ്ടു ഊഴവും കാത്തിരിക്കുന്നു. കോട്ടയത്തൊരു ഷാപ്പിലെത്തിയിട്ടു ബീഫില്ലേ എന്ന ചോദ്യമുയരണ്ട, തേങ്ങാക്കൊത്തിനും കുരുമുളകിനുമൊപ്പം അലിഞ്ഞു ചേർന്ന പോത്തിൻകഷ്ണങ്ങൾ അടുക്കളയിലിരുന്നു രുചിയുടെ താളമേള വാദ്യഘോഷങ്ങൾ മുഴക്കുന്നുണ്ട്. കപ്പയും ചപ്പാത്തിയും പാലപ്പവും മാത്രമല്ല ഉച്ചനേരങ്ങളിൽ ചോറും വിളമ്പും പടിപ്പുര ഷാപ്പ്.  അന്നേരങ്ങളിൽ ഇവിടെ ഇരിപ്പിടം സ്വന്തമാക്കാനും രുചിയൂറുന്ന ഭക്ഷണം കഴിക്കാനും തൊട്ടടുത്തുള്ള ദേശങ്ങളിൽ നിന്നും ഭക്ഷണപ്രേമികളായ ധാരാളം പേരെത്താറുണ്ട്. 

Representative Image
Representative Image

പടിപ്പുര ഷാപ്പും അവിടെ വിളമ്പുന്ന വിഭവങ്ങളും ഒരിക്കലെത്തിയ രുചിയാസ്വാദകരെ വീണ്ടും വീണ്ടും അങ്ങോട്ടെത്തിക്കും. നൽകുന്ന വിഭവങ്ങളുടെ സ്വാദു തന്നെയാണ്  അതിനു പുറകിലുള്ള കാര്യം. യാത്ര    പാലാ-പൊൻകുന്നം റൂട്ടിലെങ്കിൽ വഴിയരികിൽ തന്നെ കാണാം പുഴമീനും കരിമീനും മുതൽ എല്ലാത്തരം നാടൻ വിഭവങ്ങളും വിളമ്പുന്ന പടിപ്പുര ഷാപ്പിന്റെ കവാടം. വിശപ്പിന്റെ വിളി ഉയരുന്നുവെങ്കിൽ മടിക്കാതെ കയറിച്ചെല്ലാം. വയറിനെ മാത്രമല്ല, മനസിനെയും തൃപ്തിപ്പെടുത്തും ഇവിടുത്തെ വിഭവങ്ങൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA