sections
MORE

മഞ്ഞുമൂടിയ ഡിസംബറിൽ പോകാവുന്ന യാത്രകൾ

vagamon-1
SHARE

ലോകം മഞ്ഞാലസ്യത്തിലേക്കു മയങ്ങിവീഴുന്ന ഡിസംബറിലെ നനുത്ത ദിനങ്ങളിലും  ആഘോഷത്തിമിർപ്പിലാഴുന്ന പുതുവത്സരപ്പിറവിദിനത്തിലും നമുക്കെവിടെയെങ്കിലും ചേക്കേറണ്ടേ.. ഇതാ ക്രിസ്മസ്-പുതുവത്സര അവധിക്കാലം ചെലവിടാനായി ചിലയിടങ്ങൾ. 

വാഗമൺ

മഞ്ഞുമൂടിയ ഡിസംബറിൽ ക്രിസ്മസ് ആഘേഷമാക്കി മാറ്റുവാൻ തണപ്പിന്റെ പുതപ്പണിഞ്ഞ വാഗമണ്ണിലേക്ക് യാത്ര പേകാം.പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും.നോക്കെത്താത്ത ദൂരത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടവും ഒക്കെ വാഗമൺ യാത്രയിലെ സുന്ദരകാഴ്ചകളാണ്.തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

vagamon

കോടമഞ്ഞിന്റെ ഇടയിലൂടെ കാണുന്ന വാഗമണ്ണിൻറെ സൗന്ദര്യം കണ്ടുതന്നെ ആസ്വദിക്കണം. എത്ര തവണ പോയാലും ഒരിക്കലും മടുപ്പിക്കാതെ ഓരോ തവണയും പുതിയ പുതിയ കാഴ്ചകൾ ഒരുക്കുന്ന വാഗമണ്ണിൽ കണ്ടു തീർക്കുവാൻ ഒട്ടേറെ സ്ഥലങ്ങളുണ്ട്. ക്രിസ്മസ് അവധിക്കായി വാഗമൺ തന്നെ തെരഞ്ഞെടുക്കാം.പൈൻ ഫേറസ്റ്റ്.പരുന്തുംപാറ, തങ്ങൾ പാറ,വെള്ളച്ചാട്ടങ്ങള്‍,മെട്ടക്കുന്ന്, തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. കോട്ടയത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. പാലാ-ഈരാറ്റുപേട്ട-വെള്ളിക്കുളം വഴി ഇവിടെ എത്താം. പാലായിൽ നിന്നും 37 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

കന്യാകുമാരി

കാഴ്ചകൾ ആസ്വദിക്കാനായി തലസ്ഥാനത്തേക്ക് വണ്ടി വിടാം. സഞ്ചാരിക്കു വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവന്തപുരത്തു നിന്നും കന്യാകുമാരി വരെ റോഡ് മാർഗം ഒരു യാത്ര പോകാം, ആ യാത്രയിൽ നിരവധി കാഴ്ചകളുണ്ട് നിങ്ങൾക്ക് ആസ്വദിക്കാൻ..48 മണിക്കൂർ മാത്രം കയ്യിലെടുത്തുകൊണ്ടു മനോഹരമായ കാഴ്ചകളിലൂടെ വാഹനമോടിക്കാം. കടലും തിരയും ഉദയവും അസ്തമയവും പിന്നെയും ഒട്ടേറെ കാഴ്ചകൾ കണ്ട് മടങ്ങാം.

kanyakumari-2

തയാറെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്തോളൂ...യാത്ര തുടങ്ങാം. ഒമ്പതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ജൈനമതസ്ഥരുടെ ക്ഷേത്രമായ ചിതറാൾ,പദ്‌മനാഭപുരം കൊട്ടാരം,കന്യാകുമാരിുമെക്കെ പ്രധാന കാഴ്ചകളാണ്. ഒരുമിച്ചു ചേരാൻ കഴിയാതെ പോയ കന്യാദേവിയും ശുചീന്ദ്ര ദേവനും നഷ്ടപ്രണയത്തിന്റെ തീവ്രതപേറി നിൽക്കുന്ന ഭൂമികയാണ് കന്യാകുമാരി. സൂര്യന്റെ അസ്തമയം കാണാൻ ഈ കടലോളം മനോഹരമായ മറ്റിടങ്ങൾ കുറവാണ്. വിവേകാനന്ദ പാറയും മഹാത്മാഗാന്ധി മെമ്മോറിയലും തിരുവള്ളുവരുടെ പ്രതിമയുമെല്ലാം കന്യാകുമാരിയിലെ ആ യാത്രയിൽ പുതുകാഴ്ചകളൊരുക്കും.

മീശപ്പുലിമല

മഞ്ഞ് അനുഭവിച്ചറിയണമെങ്കിൽ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകൾ താണ്ടി നിങ്ങളുടെ കാലുകൾ ആ കൊടുമുടിയിലേക്കു ചലിക്കുമ്പോൾ മനസ് കാഴ്ചകൾക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. തട്ടുതട്ടായുള്ള നീലമലനിരകൾ, ദിനോസറുകളുടെ കാലം മുതലേ ഉള്ള കാട്ടുപൂവരശുകൾ, കുഞ്ഞുജലപാതങ്ങൾ, കാമുകിയുടെ ദുപ്പട്ടയെന്നപോലെ മുഖത്തുതലോടി കടന്നുപോകുന്ന മഞ്ഞുശകലങ്ങൾ- ദക്ഷിണേന്ത്യയിൽ സാധാരണക്കാരനു പോകാവുന്ന ഏറ്റവും വലിയ കൊടുമുടിയുടെ കാഴ്ചകൾ വിവരണാതീതമാണ്.

meeshapulimala3

അനുഭവിച്ചുതന്നെ അറിയുക. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ഒരുക്കുന്ന പാക്കേജ് ആണ് മീശപ്പുലിമല. വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് മൂന്നാറിലെത്തിയാൽ മതി. പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര, രാത്രി ഭക്ഷണം, ട്രെക്കിങ്ങിനുള്ള സഹായം എന്നിവയെല്ലാം അവർ ചെയ്തോളും. രണ്ടു താമസസൗകര്യങ്ങളുണ്ട്. ഒന്ന് റോഡോ മാൻഷൻ- കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള താമസസൗകര്യമെന്ന വിശേഷണമുണ്ട്. റോഡോവാലിയെന്നാണ് ഈ കെട്ടിടമിരിക്കുന്ന ഇടത്തിന്റെ പേര്.  റോഡോഡെൻഡ്രോൺ മരങ്ങൾ ധാരാളം കാണാമിവിടെ.   രണ്ട്- ബേസ് ക്യാംപിലെ വെള്ളച്ചാട്ടത്തിനടുത്തുള്ള വീട്. ഒരു വലിയ ഗ്രൂപ്പിനോ, രണ്ടുപേരടങ്ങുന്ന സംഘത്തിനു മാത്രമോ ചേരുന്ന തരത്തിലാണ് താമസസജ്ജീകരണങ്ങൾ. 

കൂടുതൽ വിവരങ്ങൾക്ക് -munnar.kfdcecotourism.com,  8289821408, 04865 230332 

Distance 

എറണാകുളം- മൂന്നാർ- 131 km 

മൂന്നാർ - മാട്ടുപ്പെട്ടി - 13 km 

മാട്ടുപ്പെട്ടി - റോ‍ഡോവാലി- 15 km 

അവധിക്കാലത്ത് ഒരു ബൈക്ക് യാത്രയായാലോ..

കൊടൈക്കനാലിൽ തീക്കാഞ്ഞിരിക്കുക രസകരമല്ലേ.. നാട്ടിലെവിടെയും ചൂടുള്ളപ്പോൾ പോലും കോടൈ മലനിരകൾ തണുപ്പാൽ നിങ്ങളെ പുതപ്പിക്കും. അപ്പോൾ ഡിസംബറിന്റെ കാര്യം പറയുകയേ വേണ്ട. ബൈക്കിലാണു യാത്രയെങ്കിൽ മൂന്നാർ-ചിന്നാർ- ഉഡുമൽപേട്ട്-പഴനി- കൊടൈക്കനാൽ പിടിക്കാം. ചിന്നാറിലെത്തുംവരെ മൂന്നാറിന്റെ തണുപ്പ്.

4Kodaikkanal

ചിന്നാറിലെത്തിയാൽ മഴനിഴൽക്കാടിന്റെ ഊഷ്മളത, ശേഷം ആനമലൈ ടൈഗർ റിസർവിലൂടെയുള്ള വഴിയുടെ വന്യത ഇതെല്ലാം കടന്നുവേണം കൊടൈക്കനാലിൽ എത്താൻ.  എന്താ തയാറല്ലേ.. 

ഗൂഡല്ലൂരിലെ ഹോംസ്റ്റേകൾ

നിലമ്പൂരിൽനിന്നു ഊട്ടിയിലേക്കുളള വഴിയിലെ പ്രധാന പട്ടണമാണ് ഗൂഡല്ലൂർ. മലമുകളിലെ അറിയാസ്വർഗം. ആനകളും തേയിലത്തോട്ടങ്ങളും കേരളത്തിലെ സുന്ദരമായ ചുരങ്ങളിലൊന്നായ നാടുകാണിയും കാഴ്ചയിലെ ആകർഷണങ്ങളാണ്. നാടുകാണിയിലേക്കെത്തുമ്പോൾ തന്നെ തണുപ്പുതുടങ്ങും.

8OOty
ഉൗട്ടിയിലെ കാഴ്ച

ചെറുകടകളിൽനിന്നു ചോളം ചുട്ടെടുത്തതും നീലഗിരിത്തേയിലയിട്ടു തിളപ്പിച്ച കട്ടൻചായയും കഴിച്ച് തണുപ്പകറ്റാം. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കാണാം. ആദ്യദിവസം ഗൂഡല്ലൂരിൽ തങ്ങാം. സായിപ്പിന്റെ കാലത്തുള്ള ഒട്ടേറെ ബംഗ്ലാവുകൾ താമസത്തിനായി തയാറാണ്. നീഡിൽറോക്ക് പോയിന്റ്, മസിനഗുഡിയെന്ന വനഗ്രാമം, ബന്ദിപ്പൂരിലെ കാട്ടാനകൾ എന്നിവ ഗൂഡല്ലൂരിൽനിന്ന് കൈയെത്തും ദൂരത്താണ്. 

കർണാടയിലെ കൽനഗരം

തണുപ്പിൽനിന്നു രക്ഷനേടാനായി ദീർഘയാത്രയായാലോ

സ്കൂൾ പുസ്തകങ്ങളിൽ കേട്ടൊരു പേരുതേടിപ്പോകാം. ഹംപി. വിജയനഗരസാമ്രാജ്യത്തിന്റെ വീരകഥകൾ കല്ലുകളിൽ രേഖപ്പെടുത്തി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കർണാടകയിലെ കൽനഗരം.  ഒരു കാർ എടുത്ത്  സകുടുംബം പതിനാലാം നൂറ്റാണ്ടിലേക്കെത്താനുള്ള തെന്നിന്ത്യൻ ടൈംമെഷീൻ ആണ് ഈ തകർന്ന നഗരം. സ്വദേശികളെക്കാൾ വിദേശികളെത്തുന്ന ഹംപിയിൽ കൽസ്മാരകങ്ങളും ക്ഷേത്രങ്ങളും മാസങ്ങളോളം നടന്നു കാണാനുണ്ട്.

ഇരുപത്തിനാലു ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുകയാണ് ഈ ചരിത്രശേഷിപ്പുകൾ. വിത്താല അന്പലം, കർണാടക ടൂറിസത്തിന്റെ ചിഹ്നമായ കൽരഥം, സപ്തസ്വരത്തൂണുകൾ, കുട്ടവഞ്ചികളൊഴുകുന്ന തുംഗഭദ്രയുടെ നീലിമ, ചതുരക്കുളം, ആയിരംപേർക്കു കഴിയാവുന്നത്ര വിസ്താരമുള്ള തേവാരപ്പുരകൾ, ആനക്കൊട്ടിൽ തുടങ്ങി കുതിരകൾക്കു വെള്ലം നൽകാനുള്ള തൊട്ടികൾ വരെ സഞ്ചാരികളെ അദ്ഭുതത്തിലാറാടിക്കും. 

2Hampi
ഹംപി

മൂന്നുദിവസമെങ്കിലും വേണം ഹംപിയിൽ ഒന്നു പോയി വരാൻ. യാത്രയ്ക്കിടയിൽ കോട്ടകളുടെ നഗരം എന്നറിയപ്പെടുന്ന ചിത്രദുർഗയും കാണാം. ബല്ലാരിയാണ് മറ്റൊരു സ്ഥലം. 

Distance 

എറണാകുളം - മാനന്തവാടി- 269 km മാനന്തവാടി - പെരിയപട്ടണ 91 km പെരിയപട്ടണ - ചിത്രദുർഗ്ഗ- 277 km ചിത്രദുർഗ്ഗ- - ഹംപി- 140 km 

ചന്ദനമറയൂരിലേക്ക്

മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഴ അധികം പെയ്യാത്ത എന്നാൽ തണുപ്പുള്ള മലയോരം. കരിമ്പിൻപാടങ്ങളും കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ ആകർഷണം.

5Marayur
മറയൂർ

സംഘം ചേർന്നുള്ള യാത്രകൾക്കു മറയൂർ ചേരും. തൊട്ടടുത്ത ചിന്നാർകാടുകളിൽ താമസിക്കാം. അല്ലെങ്കിൽ കരിമ്പിൻപൂക്കളെയറിഞ്ഞ് ഒട്ടേറെ സ്വകാര്യതാമസസൗകര്യങ്ങളുമുണ്ട്. ചരിത്രാതീതകാലത്തെ സ്മാരകങ്ങളായ മുനിയറകളെ കണ്ടുവരാം. കിഴക്കോട്ടൊഴുകുന്ന പാമ്പാറിൽ ഒന്നു മുങ്ങിനിവരാം. 

Distance 

എറണാകുളം- മൂന്നാർ - 131 km 

മൂന്നാർ – മറയൂർ- 40 km 

 മറയൂർ- ചിന്നാർ- 9 km 

എസ്റ്റേറ്റിൽ രാത്രി ചെലവിട്ടാലോ

വലിയൊരു സംഘമാണു ഞങ്ങൾ.  തികച്ചും ഏകാന്തമായൊരിടത്തു പാട്ടും ആരവങ്ങളുമായി താമസിക്കണം. ഇതായിരുന്നു ആ കോളജ് ഗ്യാങ്ങിന്റെ ആവശ്യം. ഇവർക്കായി ആദ്യം മനസ്സിലെത്തിയ സ്ഥലം ബ്രെയ്മൂർ എസ്റ്റേറ്റ് എന്നായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്തുള്ള പഴയ എസ്റ്റേറ്റിലെ ബംഗ്ലാവിൽ ആരുടെയും ശല്യമില്ലാതെ താമസിക്കാം.

12Estate-Trip-Palaruvi-
പാലരുവി

എസ്റ്റേറ്റിനു മുന്നിലൂടെയൊഴുകുന്ന കുഞ്ഞരുവിയിൽ കാലിട്ടിരുന്നു ശാപ്പാടടിക്കാം. മങ്കയം വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാം. മേരി ഗോൾഡ് എന്നാണ് എസ്റ്റേറ്റിന്റെ പേര്. റബർ മരങ്ങൾക്കിടയിൽ പഴയരീതിയിലൊരു കെട്ടിടം. പത്തോ ഇരുപതോ പേർക്കു താമസിക്കാം. അടിസ്ഥാനസൌകര്യങ്ങളേയുള്ളൂ. മുകളിലെ മല വരയാട്ടുമൊട്ടയാണ്. അവിടെനിന്നു വരയാടുകൾ ഈ എസ്റ്റേറ്റിലേക്കിറങ്ങി വരാറുണ്ടത്രേ. ആഹാരം പുറത്തുനിന്നു വാങ്ങണം. Mary Gold Estate Palode -08593035985 

Distance 

തിരുവനന്തപുരം  - പാലോട്- 32 km

പാലോട് -  മങ്കയം വെള്ളച്ചാട്ടം- 9 km

നീലഗിരിയുടെ സഖിയെത്തേടാം

നീലഗിരിയുടെ സഖി എന്നറിയപ്പെടുന്ന നിലമ്പൂരിലേക്ക് അവധിക്കാലം ചെലവിടാൻ ചെന്നാലോ.. ലോകത്തിലെ ആദ്യത്തെ തേക്കുമരത്തോട്ടം നിങ്ങളെ സ്വാഗതം ചെയ്യും. വലിയ മണലോരങ്ങളാൽ ചാലിയാർ നിങ്ങൾക്കു വിശ്രമമേകും. കിണറോളം ആഴമുണ്ടെങ്കിലും അടിത്തട്ടിലെ കല്ലുകൾ കാണിച്ച് നെടുങ്കയത്തെ നീലക്കയങ്ങൾ നിങ്ങളെ മാടിവിളിക്കും.

7Nilambur-
നിലമ്പൂർ കാഴ്ച

താമസം ചന്തക്കുന്നിലെ കെടിഡിസി ടാമറിന്ഡ് ഹോട്ടലിൽ ആകാം. നിലന്പൂർ പട്ടണത്തിൽ  ഒട്ടേറെ സ്വകാര്യതാമസസൌകര്യങ്ങളുണ്ട്. ആഢ്യൻപാറ, നെടുങ്കയം പുഴ, പഴയ തേക്കുതോട്ടം സ്ഥിതിചെയ്യുന്ന കനോലീസ് പ്ലോട്ട്, കൽക്കുണ്ട് വെള്ളച്ചാട്ടം, ടി കെ കോളനിയിലെ കുളിർവാഹിനിയായ പുഴ എന്നിങ്ങനെ കാഴ്ചകൾ ഏറെയാണ്. നിലമ്പൂരിൽനിന്നു കോഴിക്കോട് ജില്ലയിലേക്കുള്ള മലയോരപാതയിലൂടെ ചെന്നാൽ കക്കാടം പൊയിലിലേക്കെത്താം. മീൻമുട്ടി ജലപാതവും മറ്റുമാണ് ഇവിടത്തെ കാഴ്ചകൾ. ഊട്ടിയിലേക്കും ബന്ദിപ്പൂർ മസിനഗുഡി കാടുകളിലേക്കും വെറും നൂറിൽത്താഴെ കിലോമീറ്റർ ദൂരമേയുള്ളൂ. 

എറണാകുളം-നിലമ്പൂര്‍183 km

റാണിപൂരം

കാസർകോടിന്റെ റാണിയാണ് റാണീപുരം എന്ന ഹിൽസ്റ്റേഷൻ. കുടക് കാടുകളോട് അതിരിടുന്ന അതിവിശാലമായ പുൽമേടുകളും ഇരുളും കുളിർമയും നൽകുന്ന ചോലക്കാടുകളുമാണ് ഇവിടത്തെ പ്രത്യേകതകൾ. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്കു സ്വർഗം. അവധി കാസർകോടിലേക്കാക്കിയാൽ കാഴ്ചകൾ പലതുണ്ട്. തെയ്യക്കാലമാണിതെന്നോർമയുണ്ടല്ലോ.

കോഴിക്കോടിന്റെ അതിർത്തികൾ മുതൽ കാസർകോടിലെത്തും വരെ തെയ്യക്കോലങ്ങളുടെ കളിയാട്ടങ്ങൾ നടക്കും. നാട്ടിലിറങ്ങുന്ന ആ ദൈവങ്ങളെ കണ്ടുപോകാം. കാഞ്ഞങ്ങാട് ബേക്കൽകോട്ടയും  ചന്ദ്രഗിരിക്കോട്ടയും ചരിത്രകുതുകികൾക്ക് ഇഷ്ടമാകും. അതിസുന്ദരമായ കടലോരങ്ങളും കായലുകളോടുചേർന്ന കണ്ടൽക്കാടുകളും പ്രകൃതിസ്നേഹികളെയും പിടിച്ചിരുത്തും. 

കാഞ്ഞങ്ങാട്-റാണിപൂരം 48 km

എറണാകുളം -കാഞ്ഞങ്ങാട് 345 km

കക്കയം

മലബാറിന്റെ ഊട്ടി എന്ന വിളിപ്പേരുണ്ട് കോഴിക്കോട് കക്കയത്തിന്. വിനോദസഞ്ചാരം അത്ര വികസിച്ചിട്ടില്ലാത്ത കുന്നിൻമുകളോരമാണ് കക്കയം. ഇവിടെ കാടുണ്ട്, കൊടുംതണുപ്പുണ്ട്, കാട്ടുമൃഗങ്ങളുണ്ട്, കണ്ണുകുളിർപ്പിക്കുന്ന കാഴ്ചകളുണ്ട്. കരിയാത്തുംപാറ എന്ന സ്ഥലം കണ്ടാൽ ഒരു മിനി തേക്കടിയാണെന്നേ തോന്നുകയുള്ളൂ.

കക്കയം ഡാമിനടുത്തേക്കുള്ള റോഡിലൂടെയൊന്നു യാത്ര ചെയ്യൂ. മഞ്ഞും മഴയും നിങ്ങളുടെ തോളൊപ്പം വരും. താമസസൌകര്യമില്ല. എന്നാൽ കക്കാടം പൊയിൽ എന്ന കോഴിക്കോട്-നിലന്പൂർ അതിർത്തിയിൽ ഇപ്പോൾ ഒട്ടേറെ റിസോർട്ടുകളുണ്ട്. 

എറണാകുളം-കക്കയം 230 km

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA