350 രൂപയ്ക്ക് അറബിക്കടലിലൂടെ യാത്ര ചെയ്യാം

sagararani-1
SHARE

സൂര്യൻ കടലിന്റെ ആഴങ്ങളിലേക്കു പതിയെ പതിയെ മറഞ്ഞുപോകുന്ന കാഴ്ച അതെത്ര മനോഹരമാണല്ലേ? എത്രതവണ കണ്ടാലും മതിവരാത്ത ആ സുന്ദരകാഴ്ച കടലിന്റെ ഓളപരപ്പിലിരുന്നു  ആസ്വദിക്കാം, അതും വെറും 350 രൂപ മുടക്കിയാൽ. കായലും കടലും കഥപറയുന്ന കൊച്ചിയിലാണ്  ഈ മനോഹര കാഴ്ച.  കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടു തുടങ്ങുന്ന യാത്ര അവസാനിക്കുന്നതു കടലിന്റെ കണ്ണെത്താദൂരത്തെ വിസ്മയവും സമ്മാനിച്ചുകൊണ്ടാണ്. 

കൊച്ചിയിൽ നിന്നുമാണ് സാഗരറാണിയുടെ യാത്ര ആരംഭിക്കുന്നത്. കഴിഞ്ഞ പതിമൂന്നു വർഷമായി ഈ ബോട്ട് സഞ്ചാരികളെ കടലിന്റെ സായന്തനകാഴ്ചകൾ കാണിക്കുന്നുണ്ടെങ്കിലും അതറിയുന്നവർ ചുരുക്കമാണ്. എറണാകുളം ബോട്ട്ജെട്ടിയിൽ നിന്നാണ് സാഗരറാണി പുറപ്പെടുക. കൊച്ചി കായലിനെ ചുറ്റിയുള്ള യാത്രയിൽ പിന്നിടുന്നതു മഴവിൽ പാലം, കെട്ടുവള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിങ്ടൺ ദ്വീപ്, വൈപ്പിൻ ദ്വീപ്, ഫോർട്ട് കൊച്ചി കൂടി അറബിക്കടലിൽ അവസാനിക്കും. കാലത്തു എട്ടുമണിയ്ക്കു സഞ്ചാരികളെയും കൂട്ടി തുടങ്ങുന്ന യാത്ര രാത്രി പത്തുമണിയോടെ ജെട്ടിയിലെത്തി നിൽക്കും.

ഒരേസമയം ഓരോ ഡെക്കിലും 50 മുതൽ 90 പേർക്കു വരെ സാഗരറാണിയിൽ  യാത്ര ചെയ്യാം. നേരത്തെ എത്തിയാൽ ഇഷ്ടപ്പെട്ട സീറ്റ് തെരഞ്ഞെടുക്കുകയും ചെയ്യാം. പ്രഭാത ഭക്ഷണം മുതൽ ഡിന്നർ വരെ ബോട്ടിനുള്ളിൽ ലഭ്യമാണ്. വിവിധ പാക്കേജുകൾ അതിനായുണ്ട്. യഥേഷ്ടം അവ തെരെഞ്ഞെടുക്കാം. അതുമാത്രമല്ല, നിശാപാർട്ടികൾക്കും കോൺഫറൻസുകൾക്കും മീറ്റിങ്ങുകൾക്കും മുൻക്കൂട്ടി ബുക്കുചെയ്യുകയും ചെയ്യാം. 40 പേർക്കിരിക്കാവുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള എയർ കണ്ടീഷൻഡ് കോൺഫറൻസ് ഹാൾ ഈ ബോട്ടിലുണ്ട്.

sagararani-2

സാഗരറാണിയിൽ യാത്ര ചെയ്യാൻ താൽപര്യമുള്ളവർ യാത്രകൾ നേരത്തെ റജിസ്റ്റർ ചെയ്യുന്നതാണ് ഉത്തമം. വൈകുന്നേരം ചെന്നാൽ ചിലപ്പോൾ ടിക്കറ്റ് ലഭിക്കണമെന്നില്ല. സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിനെത്തുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി ബുക്കുചെയ്താൽ ഇളവ് ലഭിക്കും. മുഴുവൻ സീറ്റും ബുക്ക് ചെയ്തു യാത്ര ചെയ്യാനുള്ള സൗകര്യങ്ങളും സാഗരറാണി ഒരുക്കിയിട്ടുണ്ട്. ആട്ടവും പാട്ടും കളികളും കൂടെ കടലിന്റെയും കായലിന്റെയും സൗന്ദര്യവും കാണാമെന്നതാണ് സാഗരറാണി ഓരോ സഞ്ചാരികൾക്കു മുമ്പിലും വെയ്ക്കുന്ന വാഗ്ദാനം.

sagararani

ചെലവു വളരെ കുറവെന്നത് തന്നെയാണ് ഈ ബോട്ടു യാത്രയുടെ ഏറ്റവും വലിയ സവിശേഷത. 350 രൂപയ്ക്കു അവധി ദിനങ്ങളിലും 400 രൂപയ്ക്കു മറ്റുദിനങ്ങളിലും കാഴ്ചകൾ കണ്ട് ഉല്ലസിക്കാം. ബോട്ടിന്റെ ഇരുനിലകളും സഞ്ചാരികൾക്കു യഥേഷ്ടം ഉപയോഗിക്കാം. കായലിന്റെ ശാന്തതയും കടലിന്റെ ആടിയുലച്ചിലുകളും ഒരൊറ്റ യാത്രയിൽ തന്നെ അനുഭവിച്ചറിയാം എന്നതാണ് ഈ ബോട്ടുയാത്ര സമ്മാനിക്കുന്ന അനുഭവം. കൂടെ സൂര്യാസ്തമയ കാഴ്ചകളും നോട്ടമെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കടലും ഓരോ യാത്രികനെയും വിസ്മയപ്പെടുത്തും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ കീഴിലുള്ളതാണ് സാഗരറാണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA