അന്നത്തെ രാത്രി യാത്ര മറക്കാനാവില്ല, നടി ഡിംപിള്‍

DIMPLE NEW
SHARE

ബാലതാരമായി ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചു, പിന്നീട് നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. നടി ഡിംപിൾ റോസിനെ അറിയാത്തവർ ചുരുക്കമാണ്. കുഞ്ഞിനാളിലെ കാമറയ്ക്കുമുമ്പിൽ കഴിവ് തെളിയിച്ച ഇൗ സുന്ദരിക്കുട്ടിക്ക് അഭിനയം മാത്രമല്ല പ്രിയം. യാത്രകളും ഇഷ്ടമാണ്. എത്ര തിരക്കാണെങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും താരത്തിന് ഒൗട്ടിങ്ങിന് പോകണം. ഷോപ്പിങ്ങായാലും സന്തോഷം. യാത്ര പോകാനും കാഴ്ചകൾ ആസ്വദിക്കാനും ഡിംപിൾ റെഡിയാണ്. തന്റെ പ്രിയപ്പെട്ട യാത്രവിശേഷങ്ങൾ മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുന്നു.

dimple-travel10
ഡുംപിളും കുടുംബവും

കുട്ടിക്കാലം മുതൽ കറങ്ങാൻ പോകുന്നു എന്നു കേൾക്കുമ്പോൾ ഡിംപിളിനെ സംബന്ധിച്ച് ലോകം കീഴടക്കിയ സന്തോഷമാണ്. ആഴ്ചയിൽ ഒരു ഫാമിലിട്രിപ്പ് നിർബന്ധമാണ്. ഡാഡി ബിസിനസുക്കാരനായതുകൊണ്ട് നിരന്തരം യാത്രകളാണ്. ഡിംപിളും അമ്മയും ചേട്ടനും യാത്രയ്ക്ക് കൂട്ടായി ഉണ്ടാകും. ബോംബെ റൂട്ടായിരിക്കും മിക്ക യാത്രകളും. ഡാഡിയുടെ ഒഫിഷ്യൽ കാര്യങ്ങൾ കഴിഞ്ഞാൽ ഞങ്ങളൊരുമിച്ച് അടിച്ചുപൊളിക്കും. ഷോപ്പിങ്, കാഴ്ചകൾ, ഫൂഡ് അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നതറിയില്ല.

dimple-travel1

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം

യാത്രയിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ് ഹൊഗനക്കൽ. ആദ്യകാഴ്ച തന്നെ മനോഹരം. മരങ്ങൾ നിറഞ്ഞ മണൽതിട്ടകളും പാറക്കെട്ടുകളും. അവക്കിടയിലൂടെ ഒഴുകുന്ന കാവേരി നദി. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഹൊഗനക്കൽ, കാവേരി നദി കർണാടകത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണ്.

dimple-travel12
ഹൊഗനക്കൽ യാത്രയിൽ

പാറക്കെട്ടുകളുടെ ഇടയിലൂടെ 20 മീറ്റർ ഉയരത്തില്‍ നിന്നുവരെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണിത്. കുട്ടവഞ്ചിയിൽ പാറയിടുക്കുകൾക്കിടയിലുടെ തുഴഞ്ഞുള്ള യാത്രയും ഏറെ രസകരമായിരുന്നു. എന്നെ ആകർഷിച്ചത് പൊരിച്ച മീനുകളായിരുന്നു.

dimple-travel15
കുട്ടവഞ്ചി സവാരി

മുളകുപുരട്ടി വച്ചിരിക്കുന്ന മീനുകളും വറച്ചട്ടിയിൽ വറുത്തുകോരുന്ന മീനുകളും ഉണ്ടായിരുന്നു. വേണ്ടുവോളം വാങ്ങി കഴിച്ചു. വഴിയരികിൽ മീൻ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവർ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കിൽ മീൻ വാങ്ങി പാചകം ചെയ്യിച്ചെടുക്കാം. ഫ്രൈ ചെയ്ത മീൻ തൂക്കിയും വാങ്ങാം. ഹൊഗനക്കൽ യാത്ര രസകരമായിരുന്നു.

കെഎഫ്സി ചിക്കനും ദുബായ് യാത്രയും 

ഞാനാദ്യമായി ദുബായ് പോകുന്നത് 2008ലാണ്. ‍ഡോണച്ചേട്ടന്‍ ദുബായ് ജോലിചെയ്യുന്ന സമയത്തായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‍‍ഡെസേർട്ട് സഫാരിയായിരുന്നു. മണൽപരപ്പിലൂടെ വാഹനം നീങ്ങുമ്പോൾ ചങ്ക് പപടപടാന്ന് മിടിക്കുകയായിരുന്നു. വാഹനം മറിയുമോ എന്ന ചിന്തയായിരുന്നു. ആവേശമുണര്‍ത്തുന്ന ബെല്ലി ഡാന്‍സും മികച്ചൊരു അനുഭവമാണ്. ദുബായിലെ കാഴ്ചകളെക്കാളും എന്നെ ഏറെ ആകർഷിച്ചത് കെഎഫ്സി ചിക്കനായിരുന്നു. അന്നു നാട്ടിൽ അത്ര സുലഭമല്ലായിരുന്നു കെഎഫ്സി ചിക്കൻ. മതിയാവോളം ചിക്കൻ കഴിച്ചാണ് ഞാൻ ദുബായിയോട് ബൈ പറഞ്ഞത്. ചിക്കൻ കഴിക്കാനായി ദുബായ് പോയ അവസ്ഥയായിരുന്നു എനിക്ക്. പുതുമയുള്ള യാത്രയായിരുന്നത്.

dimple-travel6

ആ രാത്രി മറക്കാനാവില്ല

ഞാനും ചേട്ടനും ഡാഡിയും അമ്മയും കൂടി തേക്കടി പോയിരുന്നു. അ‍ഡ്വഞ്ചർ ട്രിപ്പ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെ സാഹസികമായി യാത്ര.

dimple-travel8
തേക്കടി യാത്രയിൽ നിന്ന്

ചങ്ങാടത്തിലൂടെ കാട്ടാറുകൾ കടന്ന് കാട്ടിലേക്കുള്ള യാത്രയും കാഴ്ചകളുമൊക്കെ മറക്കാനാവില്ല. കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സമ്മാനിക്കുന്ന തേക്കടിയിലെ കാഴ്ചകളും ഒരുപാട് ആസ്വദിച്ചു. അടുത്ത ആകർഷണം എലിഫന്റ് റൈ‍ഡ് ആയിരുന്നു. മമ്മിക്ക് പേടിയായിരുന്നു. ആനയുടെ പുറത്തു കയറി കാട്ടിനുള്ളിലൂടെയുള്ള സഫാരി അടിപൊളിയായിരുന്നു. ശരിക്കും കാട്ടിൽ അകപ്പെട്ടുപോയപോലെ തോന്നും.

dimple
എലിഫെന്റ് റൈ‍ഡ് തേക്കടി

തേക്കടിയിലെ കാഴ്ചകളൊക്കെയും അവസാനിപ്പിച്ച് വൈകുന്നേരത്തോടെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. നേരം നന്നായി ഇരുട്ടി. വഴിയിൽ ഒറ്റ വാഹനം പോലും കണ്ടില്ല. ഉള്ളിലെ ഭയം ഇരട്ടിച്ചു. എന്നാലും മുന്നോട്ട് യാത്ര തുടർന്നു. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഒരു ലോറി നിർത്തിയിട്ടിരിക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ആന ഇറങ്ങിയിട്ടുണ്ട് മുന്നോട്ടുള്ള യാത്ര ശരിയാവില്ലെന്ന്.

ഞങ്ങൾ ആകെ ഭയന്നു. ഒന്നാമത് രാത്രി എന്തു ചെയ്യും. തിരിച്ചുപോകാനാണെങ്കിൽ ഒരുപാട് പിന്നോട്ട് പോകണം. വാഹനത്തിന്റെ വെളിച്ചം കണ്ടാൽ അപകടമാണെന്ന് പറഞ്ഞതുകൊണ്ട് ലോറി ‍ഡ്രൈവറുടെ നിർദേശപ്രകാരം വാഹനത്തിന്റെ ഹെ‍ഡ്‍‍ലൈറ്റ് ഒാഫ് ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞാണ് ഞങ്ങൾ മുന്നോട്ടു യാത്ര തുടർന്നത്. പേടിച്ചുവിറച്ച യാത്രയായിരുന്നു. ഇന്നും രാത്രിയാത്രയിൽ ഞാൻ ഒാർക്കാറുണ്ട്, തേക്കടിയിലെ ഭയപ്പെടുത്തിയ രാത്രി.

dimple-travel9
എലിഫെന്റ് റൈ‍ഡ് തേക്കടി

പണി കിട്ടിയ തായ്‍‍ലൻഡ് യാത്ര

കാസിനോ സിനിമയുടെ  ഷൂട്ടിന്റെ ഭാഗമായിരുന്നു തായ്‍‍ലൻഡ് യാത്ര. ‍ഡാഡിയും എന്നോടൊപ്പം ഉണ്ടായിരുന്നു. വെള്ളിയും ശനിയും മാത്രമേ ഷൂട്ടുണ്ടായിരുന്നുള്ളൂ. ബാക്കി ദിവസങ്ങൾ ഞങ്ങൾ അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി പോയി.

dimple-travel2
ത്രി ‍ഡി മ്യൂസിയം

തായ്‍‍ലൻഡിന്റെ സൗന്ദര്യമുണർത്തുന്ന കടൽത്തീരങ്ങളും ഷോപ്പിങും രുചിയുണർത്തുന്ന വിഭവങ്ങളുമൊക്ക ഒരുപാട് ഇഷ്ടമായി. ഉറങ്ങാത്ത തെരുവുകളും നിലക്കാത്ത സംഗീതവും നൃത്തചുവടുകളും ഒരുമിക്കുന്ന ഇവിടം സഞ്ചാരികളുടെ പറുദീസയാണ്.

dimple-travel
ത്രി ‍ഡി മ്യൂസിയം

ഒരു ദിവസം ഞാനും അംബികാന്റിയും റോമയും ‍ഡാഡിയുമൊക്കെയായി രാത്രി ക്ലബിൽ പോയി. ആദ്യമായാണ് പോകുന്നത്. വിചാരിച്ചതിലും അപ്പുറമായിരുന്നു ക്ലബിലെ കാഴ്ചകൾ. ഒരുപാട് ഡാൻസൊക്കെ കണ്ടു. അപ്പോൾ കുറെ പെണ്ണുങ്ങൾ ഞങ്ങളോട് വന്നു ചോദിച്ചു ബിയർ വാങ്ങിത്താരാമോ പെപ്സി ഒാഫർ ചെയ്യാമോ എന്നൊക്കെ. ഒരുപാട് തവണ വന്നു ചോദിച്ചു. ഞാൻ ഡാഡിയോട് പറഞ്ഞു പാവമല്ലേ വാങ്ങി കൊടുക്കാൻ. അങ്ങനെ വാങ്ങി കൊടുത്തു.

ക്ലബിൽ നിന്നും ഇറങ്ങാൻ നേരം ഞങ്ങളുടെ ബില്ല് കണ്ട് ഞെട്ടിപ്പോയി. ആറായിരം ബാത്ത്. നിസാരവിലയുള്ള പല ഡ്രിഗ്സിനും ക്ലബിനകത്ത് ഇൗടാക്കുന്ന വില വളരെ കൂടുതലാണെന്നു  ബില്ല് കണ്ടപ്പോഴാണ് മനസ്സിലായത്. അതിലും വലിയ രസം അത്രയും പണം ഞങ്ങളുടെ ആരുടെയും കൈയിൽ ഇല്ലായിരുന്നു എന്നതാണ്. ‍‍

ഞങ്ങൾ പണം എടുത്തുകൊണ്ടു വരാമെന്നും പറഞ്ഞിട്ട് അവർ സമ്മതിച്ചില്ല. അവരുടെ ഭാഷയും ഞങ്ങൾക്ക് വശമില്ലയിരുന്നു. ഞങ്ങളെ അവിടെ നിർത്തിയിട്ട് അവസാനം ഡാഡിയും റോമയും പോയി പണം എടുത്തിട്ടു വന്നു. കുറ്റവാളിയെ നോക്കുന്നപോലെയായിരുന്നു അവരുടെ നോട്ടം. അന്ന് ഒരുപാട് സങ്കടം തോന്നിയെങ്കിലും ഇന്നോർക്കുമ്പോൾ തമാശയായി തോന്നുന്നു.  എട്ടിന്റെ പണിയായിരുന്നു അന്നു കിട്ടിയത്.

dimple-travel5
റോ‍‍‍‍ഡ് ട്രിപ്

ഹണിമൂണും അവിടെയായിരുന്നു...

കല്യാണം കഴിഞ്ഞ് ഞങ്ങളുടെ ഹണിമൂണ്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതും തായ്‍‍ലൻഡ് ആയിരുന്നു. ഞാനും ആന്‍സും പിന്നെ ‍‍ഡോണിച്ചേട്ടനും പിങ്കിയും ഉണ്ടായിരുന്നു. അടിച്ചുപൊളിച്ച യാത്രയായിരുന്നു. പട്ടായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പട്ടായയിലെ ബീച്ചുകളും മനോഹരങ്ങളാണ്.പട്ടായയിൽ എന്നെ ഏറെ ആകർഷിച്ചത് കടലോര വിനോദസഞ്ചാരമായിരുന്നു. വിനോദത്തിന് നിരവധി അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്പീഡ്ബോട്ടിൽ ബന്ധിച്ചുള്ള പാരാസെയിലിങ് മികച്ച അനുഭവമായിരുന്നു. അതുപോലെ തന്നെ വിസ്മയിപ്പിച്ച കാഴ്ചയായിരുന്നു  ശ്രീരച ടൈഗര്‍ സൂ.

ശ്രീരച ടൈഗർ സങ്കേതത്തിലെ പ്രധാന ആകർഷണം കടുവകുഞ്ഞിനെ മടിയില്‍വെച്ച് പാലുകൊടുക്കുവാനുള്ള സുവര്‍ണ്ണാവസരമാണ്. ഞെട്ടേണ്ട കടുവ കുഞ്ഞിനെ മടയിലിരുത്തി ഒാമനിച്ചു പാലുകൊടുക്കാം. മടിയിലിരിക്കുന്നത് കടുവയോ എന്ന് ഒാർത്ത് ഭയപ്പെടേണ്ടതുമില്ല. പൂച്ചകുട്ടിയെപോലെ പതുങ്ങിയിരിക്കും കടുവകുട്ടൻ. ശ്രീരച ടൈഗര്‍ സൂവിൽ സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഒരുപാടാണ്. തായ്‍‍ലൻഡിലെ മുഖ്യാകർഷണം ത്ര‍ി ഡി ആർട്ട് മ്യൂസിയവുംഫ്ളോട്ടിങ് മാർക്കറ്റുമൊക്കെയായിരുന്നു. ഫോട്ടോ എടുക്കാൻ ഇഷ്ടപ്പെടുന്നുവർക്ക് ത്ര‍ി ഡി ആർട്ട് മ്യൂസിയം കൗതുകമായി തോന്നും.

എന്നെ പോലെ തന്നെ യാത്രകളെ പ്രണയിക്കുന്നയാളാണ് എന്റെ അൻസൺ. റോ‍ഡ് ട്രിപ്പ് അൻസൺ ചേട്ടന് ഒരുപാട് ഇഷ്ടമാണ്. സുഹൃത്തുക്കൾ ഒത്തൊരുമിച്ച് റോ‍ഡ് ട്രിപ്പ് പോകാറുണ്ട്.

dimple-travel3
ഗോവ യാത്രയിൽ

ഗോവയിലേക്കുള്ള യാത്ര

വിവാഹത്തിന് മുൻപുള്ള യാത്രയായിരുന്നു ഗോവൻ ട്രിപ്പ്. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകൾ കാണണമെങ്കിൽ ഗോവയിൽ തന്നെ പോകണം. ഒരു ദിവസം കൊണ്ട് നോർത്ത് ഗോവ മുഴുവൻ കാണാം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം അടുത്തടുത്താണ്.അർജുന, ബാഗ, വാഗത്തോർ, കലംഗൂത്, കന്റോലിം തുടങ്ങിയവയാണ് പ്രധാന ബീച്ചുകൾ. ഇതുകൂടാതെ ചെറുബീച്ചുകൾ വേറെയുമുണ്ട്.

അഡ്വഞ്ചർ സ്പോർട്സിന്റെ കേന്ദ്രമാണ് ബാഗ. സാഹസികർക്ക് പാരാസെയിലിംഗ്, സ്‌നോർക്കലിംഗ്, കയാക്കിങ് തുടങ്ങിയവയെല്ലാം ചെയ്ത് സംതൃപ്തിയടയാം. എനിക്ക് മറക്കാനാവാത്ത ഒാർമകൾ സമ്മാനിച്ച യാത്രയായിരുന്നു ഗോവൻ ട്രിപ്പ്. 

പിങ്കിക്ക് പറ്റിയ അമളി

ഞങ്ങൾ എല്ലാവരും ഒരേ റിസോര്‍ട്ടിലായിരുന്നു താമസം. ഭക്ഷണം കഴിക്കാൻ ഒരുമിച്ചാണ് പോകുന്നതും. ഞങ്ങൾ നൂ‍ഡിൽസും മറ്റും വാങ്ങുമ്പോൾ പിങ്കി (സീരിയൽ നടി മേഘ്ന) എപ്പോഴും അവിടുത്തെ സ്പെഷൽ കഞ്ഞിയാണ് വാങ്ങുന്നത്. നല്ല ടേസ്റ്റാണ് കഴിക്കാനെന്നും ഞങ്ങളോട് പറയും. ഞങ്ങളാരും രുചിച്ചു നോക്കിയില്ല. നാട്ടിലേക്ക് വരുന്നതിന്റെ തലേന്നും പിങ്കി കഞ്ഞി വാങ്ങി. അതിൽ മഞ്ഞ നിറത്തിൽ എന്തോ കണ്ടു.

തിരക്കിയപ്പോഴാണ് അറിഞ്ഞത് നാട്ടിൽ നമ്മൾ വേസ്റ്റായി കളയുന്ന കോഴിയുടെ കാലു വച്ചുണ്ടാക്കുന്ന സൂപ്പാണതെന്ന്. പിങ്കിയുടെ മുഖമാകെ വെട്ടിവിയർത്തു. ഞങ്ങളെല്ലാവരും കളിയാക്കാനും തുടങ്ങി. പട്ടിക്ക് കൊടുക്കുന്ന കോഴിയുടെ കാലാണോ ഇത്ര രുചിയോടെ കഴിച്ചതെന്ന് പറഞ്ഞ് ഒരുപാട് കളിയാക്കി. തിരിച്ച് നാട്ടിലെത്തിയപ്പോൾ മമ്മിയും ‍ഡാഡിയുമൊക്കെ അറിഞ്ഞു. ചിക്കൻ വാങ്ങുമ്പോൾ മമ്മി പറയും പിങ്കി കാലെടുത്ത് സൂപ്പ് വച്ചു തരട്ടെയെന്ന്.

സ്വപ്ന യാത്ര

എനിക്കും ആന്‍സിനും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണം എന്നാണ് ആഗ്രഹം. എനിക്ക് ലോകം മുഴുവനും കറങ്ങണം എന്നുണ്ട്. പോകണമെന്ന് മനസ്സിൽ കുറിച്ചിട്ട ഒരിടമുണ്ട്. സ്വിറ്റ്സർലന്‍‍ഡ്. ചിത്രങ്ങളിലും വി‍ഡിയോകളിലും കാണുന്ന പോലെ മഞ്ഞുപുതച്ച സ്വിറ്റ്സർലന്‍‍ഡിലേക്ക് യാത്ര പോകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA