sections
MORE

എന്തു കുറ്റകൃത്യം ചെയ്തവര്‍ക്കും ജഡ്ജി അമ്മാവൻ അഭയം നൽകുമെന്ന് കരുതരുത്

chirakadavu-temple
SHARE

നാളുകള്‍ നീളുന്ന കേസുകളിലും  വ്യവഹാരങ്ങളിലും കുരുങ്ങി നീതി ലഭിക്കാൻ വൈകുന്നവര്‍ അനുഗ്രഹം തേടിയെത്തുകയാണ് ഈ ജഡ്ജി അമ്മാവന്റെ മുന്നില്‍. കേട്ടാല്‍ തമാശയായി തോന്നിയേക്കാം. ഇക്കാലത്തും ഇത്തരം വിശ്വാസങ്ങളോ എന്ന് അമ്പരന്നേക്കാം. എങ്കിലും സംഗതി പകല്‍ പോലെ സത്യമാണ്. പൊന്‍കുന്നത്തു നിന്ന് ചിറക്കടവ്‌-മണിമല റൂട്ടില്‍ എട്ടുകിലോമീറ്റര്‍ പോയാല്‍ ചെറുവള്ളി ദേവീ ക്ഷേത്രത്തിലെത്തും. ഈ ക്ഷേത്രത്തിലെ ഉപദേവതയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നീതിമാനായ ഈ ജഡ്ജി അമ്മാവന്‍.

അമ്മാവന്റെ മുന്നില്‍  നീതിയുടെ പ്രസാദം തേടിയെത്തിയവരില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമാതാരം ലിസിയും ദിലീപിന്റെ സഹോദരനും ഉള്‍പ്പെടും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സംഘം ഒരാഴ്ചയോളം ഇവിടെ പ്രത്യേക വഴിപാടിനായി എത്തിയിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത നിരവധി പ്രശസ്തരായ സിനിമാതാരങ്ങളും ജഡ്ജിമാരും ഇവിടം സന്ദര്‍ശിയ്ക്കാന്‍ എത്താറുണ്ട്. ഈ കേസുകളില്‍ എല്ലാം വന്നവര്‍ക്ക് അനുകൂലമായി വിധി ലഭിച്ചതിനാല്‍ വിശ്വാസികളുടെ വരവ് കൂടിയിരിയ്ക്കുകയാണ് ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തിലേയ്ക്ക്.

ജഡ്ജി അമ്മാവന്റെ പ്രതിഷ്ഠയ്ക്ക് പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ധര്‍മ്മരാജാ എന്ന് കീര്‍ത്തികേട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലം. ധര്‍മ്മശാസ്ത്രവും നീതിസാരവും വേദങ്ങളായി കണ്ട് ഉത്തമഭരണം നടത്തിയിരുന്ന  രാജാവിന് ചേര്‍ന്ന കൊട്ടാരം ന്യായാധിപനായിരുന്നു തിരുവല്ല തലവടി സ്വദേശിയായ ഗോവിന്ദപ്പിള്ള.നീതിയും ന്യായവും വിട്ട് ഒരു കളിയുമില്ല പിള്ളയ്ക്ക്. സദാര്‍ കോടതി എന്നറിയപ്പെടുന്ന രാജനീതിപീഠത്തിന്റെ തലപ്പത്ത് നീതിയുടെയും ന്യായത്തിന്റെയും മറുവാക്കെന്ന പോലെയായിരുന്നു സംസ്കൃത പണ്ഡിതന്‍ കൂടിയായ ഗോവിന്ദപ്പിള്ള വിരാജിച്ചിരുന്നത്.

temple-3.jpg.image.784.410
ചെറുവള്ളി അമ്പലത്തിലേക്കുള്ള വഴി

ഒരിക്കല്‍ ഗോവിന്ദപ്പിള്ളയുടെ അനന്തരവനായ പത്മനാഭപിള്ള ഒരു കേസില്‍ കുറ്റാരോപിതനാകുന്നു. ന്യായ-അന്യായങ്ങള്‍ തുലാസില്‍ അളന്നു സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പിള്ള മരുമകന് വധശിക്ഷ വിധിക്കുന്നു.എന്നാല്‍ അനന്തരവന്‍ നിരപരാധിയായിരുന്നെന്നും തന്‍റെ വിധിന്യായത്തില്‍ പിഴവുണ്ടായിരുന്നെന്നും പിന്നീട് തിരിച്ചറിയുന്ന പിള്ള  പശ്ചാത്താപവിവശനാകുന്നു.

ആദ്യമായി പാളിയ  വിധിന്യായം പിള്ളയുടെ സല്‍പ്പേരില്‍ കളങ്കം വീഴ്ത്തുന്നു. പിള്ള തന്നെ ശിക്ഷിയ്ക്കാന്‍ രാജാവിനോട് അപേക്ഷിയ്ക്കുന്നു. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ അദ്ദേഹത്തിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങാന്‍ രാജാവ് തയ്യാറാകുന്നു.എന്നാല്‍ ശിക്ഷവിധിയ്ക്കേണ്ട ചുമതല പിള്ളയ്ക്ക് തന്നെ നല്‍കുന്നു. തന്‍റെ കാല്‍പ്പാദങ്ങള്‍ രണ്ടും മുറിച്ച് മാറ്റണമെന്നും പരസ്യമായി ഒരു മരത്തില്‍  തൂക്കിക്കൊല്ലണമെന്നും പിള്ള വിധിയ്ക്കുന്നു. മാത്രമല്ല മൂന്നു ദിവസം അങ്ങനെ തന്നെ മൃതശരീരം നാട്ടുകാര്‍ കാണ്‍കെ പ്രദര്‍ശിപ്പിയ്ക്കണമെന്നും രാജാവിനോട് അപേക്ഷിയ്ക്കുന്നു..അപ്രകാരം തന്നെ ചെയ്യാന്‍ രാജാവ് നിര്‍ബന്ധിതനാകുന്നു.

temple-2.jpg.image.783.410
ചെറുവള്ളി അമ്പലം.

പക്ഷെ നാളുകള്‍ കഴിഞ്ഞപ്പോള്‍ നാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടുതുടങ്ങി. പ്രശ്നം വച്ച ജ്യോത്സ്യന്‍ ജഡ്ജിയുടെയും മരുമകന്റെയും  ആത്മാക്കള്‍ സമാധാനമില്ലാതെ  അലഞ്ഞു നടക്കുന്നുണ്ട് എന്ന് കണ്ടെത്തുന്നു. പരിഹാരമായി ദേവീഭക്തനായിരുന്ന ജഡ്ജിയുടെ ആത്മാവിനെ  ചെറുവള്ളിയിലെ പയ്യമ്പള്ളി കുടുംബസ്ഥാനത്ത്  കുടിയിരുത്തി. മരുമകന്റെ ആത്മാവിനെ തിരുവല്ല പനയൂര്‍ കാവിലും കുടിയിരുത്തി. ചെങ്ങന്നൂര്‍ വഞ്ചിപ്പുഴ തമ്പുരാന് മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് കരമൊഴിവാക്കി കൊടുത്തിരുന്ന സ്ഥലത്താണ് ചെറുവള്ളിക്കാവ് സ്ഥിതി ചെയ്തിരുന്നത്. അവിടെ ജഡ്ജി അമ്മാവന് തമ്പുരാന്റെ അനുവാദത്തോടെ ഒരു പ്രതിഷ്ഠയും നടത്തി. പിന്നീട് അദ്ദേഹത്തിന്‍റെ പിന്മുറക്കാരാണ് 1978ല്‍ ശ്രീകോവിലോടു കൂടിയ ക്ഷേത്രമായി പണിതത്.

ദേവിയുടെ തുല്യ പ്രാധാന്യം തന്നെയാണ് ജഡ്ജി അമ്മാവനും ഉള്ളത്. ദേവീക്ഷേത്രത്തിലെ പൂജകള്‍ കഴിഞ്ഞ് എല്ലാ നടയും അടച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജി അമ്മാവന്റെ പൂജകള്‍ ആരംഭിയ്ക്കുന്നത്. ശൈവസങ്കല്‍പ്പ പൂജയാണ്. അടയാണ് പ്രധാന നിവേദ്യം. കരിക്ക്,വെറ്റ,പാക്ക് എന്നിവ ചേര്‍ത്ത്’കുടിയ്ക്കാന്‍ കൊടുക്കല്‍’ എന്നൊരു വഴിപാടുമുണ്ട്. ഒരു ദിവസം ആയിരം അട വരെ വഴിപാട് ചെയ്ത ദിവസങ്ങള്‍ ഉണ്ട്. അറുകൊല സങ്കല്‍പ്പത്തില്‍ പീഡത്തിലാണ് പ്രതിഷ്ഠ. കീഴ്ശാന്തിയാണ് പൂജകള്‍ ചെയ്യുന്നത്. മുക്കാല്‍ മണിക്കൂറോളം മാത്രമേ നട തുറന്നിരിയ്ക്കാറുള്ളൂ.

എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന  തരത്തില്‍ ഈ വിശ്വാസത്തെ വ്യാഖ്യാനിയ്ക്കരുത് എന്നാണ് ഇവിടുത്തെ മേല്‍ശാന്തി രാജു തിരുമേനിയും കമ്മറ്റി ഭാരവാഹി ദിലീപും അഭിപ്രായപ്പെടുന്നത്.സ്വന്തം ഭാഗത്ത് ന്യായവും സത്യവും ഉണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് ആ വിശ്വാസത്തിന് സ്വയം നല്‍കാവുന്ന  ഒരു ആത്മീയമായ ഊന്നലാണ് ഈ ക്ഷേത്രദര്‍ശനവും വഴിപാടുകളും.ആ രീതിയില്‍ വേണം ഈ ഐതിഹ്യത്തെയും കാണേണ്ടത്. ജീവിതം മുഴുവന്‍ ന്യായത്തിനും സത്യത്തിനും വേണ്ടി ജീവിച്ച ഒരു പിതാമഹന്റെ അനുഗ്രഹവും സാന്നിധ്യവും തങ്ങളുടെ വഴികളില്‍ ഒപ്പമുണ്ടാകുമെന്ന ഒരു വിശ്വാസമാണ് ഈ ക്ഷേത്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.

വിശ്വാസവും യാഥാര്‍ത്ഥ്യവും എന്തൊക്കെയാണെങ്കിലും പ്രകൃതിരമണീയമായ ഈ സ്ഥലത്തിന്റെ ശാന്തത അപാരമാണ്.ആ നിര്‍വൃതിയുടെ തണലില്‍ അല്‍പ്പസമയത്തേക്ക് എങ്കിലും മനസ്സിന്‍റെ ഭാരങ്ങളെല്ലാം കാര്യത്തില്‍ നൂറുശതമാനം ഉറപ്പ്.കേസ് ജയിച്ചാലും ഇല്ലെങ്കിലും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA