23 രാജ്യങ്ങൾ പിന്നിട്ട പ്രണയ ജീവിതം; വിജയൻ–മോഹന ദമ്പതികൾ കാത്തിരിക്കുന്നു അടുത്ത യാത്രക്കായി

World-Traveller3
SHARE

ചില പ്രണയങ്ങളുണ്ട്. വർഷങ്ങൾ കഴിയുംതോറും ആ പ്രണയത്തിന്റെ തീവ്രത വർധിക്കുന്നതായി കണ്ടു നിൽക്കുന്നവർക്കു പോലും തോന്നുന്നവ. അത്തരമൊരു പ്രണയത്തിലാണ് വിജയനും മോഹനയും. യാത്രകളെ ഗാഢമായി പ്രണയിച്ച ഇരുവരും ഇതുവരെ സഞ്ചരിച്ചത് 23 രാജ്യങ്ങൾ. തീവ്രമായ ആഗ്രഹം, ആ ആഗ്രഹം പൂർത്തീകരിക്കാൻ ചായക്കട നടത്തി പണം മിച്ചം വെച്ചു.

തുച്ഛമെന്നു കരുതുന്ന ആ പണംകൊണ്ട് ഒരു സാധാരണക്കാരനു സ്വപ്നം കാണാൻ പോലും കഴിയാത്ത ദൂരമെത്രയും അവരിരുവരും സഞ്ചരിച്ചു. കേട്ടറിഞ്ഞെത്തിയ ദേശീയ മാധ്യമങ്ങളടക്കമുള്ളവർ അവരുടെ യാത്രാപ്രേമം വാർത്തയാക്കി ലോകംമുഴുവൻ അറിയിച്ചു. അപ്പോഴും തോളിൽ കയ്യുമിട്ടു ഭാര്യയെയും ചേർത്തുപിടിച്ചു വിജയൻ യാത്രയിലായിരുന്നു. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗറും കൊച്ചിയിലെ തെരുവിൽ, ശ്രീ ബാലാജി കോഫി ഹൗസിലെത്തി. കാലം പ്രായമിത്രയേറ്റിയിട്ടും  യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു...ലോകത്തിനുമുമ്പിൽ പങ്കുവെച്ചു...ഇനിയും യാത്രകൾ പോകാനായുള്ള ഇവരുടെ തയാറെടുപ്പുകളെ കുറിച്ച് ചോദിച്ചറിഞ്ഞു.

ലക്ഷക്കണക്കിനു പേരാണ് ചുരുങ്ങിയ ദിവസം കൊണ്ട്  ഡ്രൂ ബിൻസ്‌കിയുടെ വിഡിയോ കണ്ടത്. തങ്ങളുടെ യാത്രകളെക്കുറിച്ചും അതിസുന്ദരമെന്നു തോന്നിയ രാജ്യങ്ങളെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചുമെല്ലാം മൂന്നു മിനിറ്റോളം വരുന്ന വിഡിയോയിൽ വിജയൻ പങ്കുവെക്കുന്നുണ്ട്. 

പ്രായം എഴുപതിലേക്കടുക്കാറായി. 45 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ജനിച്ചതും വളർന്നതും ജീവിക്കുന്നതും തീർത്തും പാവപ്പെട്ട അവസ്ഥയിലെങ്കിലും തനിക്കൊരു സ്വപ്നമുണ്ടായിരുന്നു, കുട്ടിക്കാലത്തു മനസ്സിൽ കയറിപ്പറ്റിയ ആ ആഗ്രഹത്തെ അതിയായി മോഹിച്ചപ്പോൾ അവയെല്ലാം നടന്നു എന്നാണ് വിജയൻ പറയുന്നത്. പണം ആഗ്രഹങ്ങളെ പിന്നോട്ട് വലിച്ചെങ്കിലും തളരാൻ അദ്ദേഹം തയാറായില്ല. 55 വര്‍ഷങ്ങൾക്കു മുമ്പിൽ കൊച്ചിയിൽ ഒരു ചായക്കട തുടങ്ങി.

ഇന്നും അതിന്റെ സാരഥിയും തൊഴിലാളിയും മാനേജരും താനും ഭാര്യയും തന്നെയാണെന്നും സഹായത്തിനു ഒരാളെയും ഇതുവരെ കൂടെകൂട്ടിയിട്ടില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ടു പറയുന്നു. ചായ മാത്രമല്ല, ചെറുകടികളും വിളമ്പുന്ന ഈ ചായക്കടയിലെ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം ഇവർ മാറ്റിവെയ്ക്കും. അങ്ങനെ മാറ്റിവെച്ച പണത്തിനെപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം പിന്നീട് ആ ലോൺ എടുത്ത പണം തിരികെ അടയ്ക്കാനായി പണിയെടുക്കും. ദിവസവും 300 മുതൽ 350 പേർ വരെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായ കുടിക്കാനെത്തും. വിജയൻ ചേട്ടന്റെ ചായ അത്യുഗ്രനാണെന്നാണ് ഇവിടെയെത്തുന്നവരുടെയെല്ലാം അഭിപ്രായം. 

World-Traveller
വിജയനും ഭാര്യ മോഹനയും

സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും ആകർഷിച്ചവ ഏതെന്നു ചോദിച്ചാൽ, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസർലണ്ടും ന്യൂയോർക്കുമാണ് മനസുകവർന്നതെന്ന്.  ചെറിയ ചായക്കടയുടെ ചുമരിൽ പതിപ്പിച്ച ലോകഭൂപടത്തിൽ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും. തങ്ങൾക്കു ഇനിയും പോകാനുള്ള രാജ്യങ്ങൾ  സ്വീഡനും ഡെന്മാർക്കും നോർവെയും ഹോളണ്ടും ഗ്രീൻലാൻഡുമാണെന്ന സ്വപ്നം പങ്കിടും. 

ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകൾ കണ്ടു മതിമറന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണുന്നവരിൽ വിസ്മയത്തോടൊപ്പം പ്രോചോദനവുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA