കായലും കണ്ടൽക്കാടും കണ്ട് 5 ദ്വീപുകൾ താണ്ടുന്ന കിടുക്കൻ റൂട്ട്!

kochi-trip9
SHARE

നഗരത്തിരക്കിൽനിന്നു പത്തുമിനിറ്റ് അകലെ. രസകരമായ ഡ്രൈവിന് വരാം കാഴ്ചകളുടെ നാഷനൽ ഹൈവേയിലേക്ക്

കണ്ടൽക്കാടുകളെയും കായലോളങ്ങളെയും ചെമ്മീൻകെട്ടുകളെയും അനുഭവിക്കാൻ അങ്ങുദൂരെ കായലിലേക്ക് ബോട്ട് വാടകയ്ക്കെടുത്തു പോകണമെന്നാണോ കരുതുന്നത്?

സ്വന്തം കാറോടിച്ച് ഈ കാഴ്ചകൾ കാണാൻ ഒരു നാലുവരിപ്പാതയുണ്ട്. അഞ്ചുദ്വീപുകൾ നിങ്ങൾക്കു കാണാം. നഗരത്തിൽനിന്ന് ഏറെദൂരം പോകണമായിരിക്കും? വേണ്ട. കാൽമണിക്കൂർ കൊണ്ട് ഈ പാതയിലെത്താം. ഇരുവശത്തും ജലാശയങ്ങൾ കണ്ട് സകുടുംബം മെല്ലെ യാത്ര ചെയ്യാം. ഇതാണ് കാഴ്ചകളുടെ നാലുവരിപ്പാത. വല്ലാർപാടം ഹൈവേ എന്നറിയപ്പെടുന്ന ദേശീയപാത 966എ. മുളവുകാട് അടക്കം അഞ്ചുദ്വീപിനെ തലോടി പോകുന്ന അപൂർവ പാതയാണിത്.

kochi-trip5
പൂമരങ്ങൾ പൂത്ത റോ‍‌ഡ്

ചെറുതാണു സുന്ദരം

എറണാകുളം നഗരത്തിനോടു ചേർന്നാണ് വല്ലാർപാടം ഹൈവേ. വെറും പതിനേഴു കിലോമീറ്റർ ദൂരം. പക്ഷേ, ആ വഴിയിലാണു കാഴ്ചകളുടെ പൂരം. കളമശ്ശേരിയിൽനിന്നു തുടങ്ങി വല്ലാർപാടം വരെയെത്തി അവസാനിക്കും വരെ നിങ്ങളുടെ കണ്ണുകൾക്കു വിരുന്നുകളേറെ.

kochi-trip
കണ്ടൽക്കാടുകൾ

ഞങ്ങൾ യാത്ര തുടങ്ങിയത് കളമശ്ശേരിയിൽനിന്ന്. ഈ പതിനേഴു കിലോമീറ്റർ ദൂരത്തിനിടയിൽ പതിനൊന്നു പാലങ്ങളുണ്ടെന്നു പറയുമ്പോൾ അറിയാമല്ലോ പ്രകൃതി എങ്ങനെയായിരിക്കുമെന്ന്. കൊച്ചിയോടടുത്ത ദ്വീപസമൂഹങ്ങൾക്കു മുകളിലൂടെയാണ് നാലുവരിപ്പാത പോകുന്നത്. ഡിവൈഡറിൽ കൊച്ചി മെട്രോ വിഭാഗം പരിപാലിക്കുന്ന പൂമരങ്ങൾ. ഇടതുവശത്ത് നഗരത്തിന്റെ യഥാർഥ ശ്വാസകോശങ്ങളായ കണ്ടൽക്കാടുകളും പിന്നെ ചെമ്മീൻകെട്ടുകളും. കുഞ്ഞുതുരുത്തുകൾക്കിടയിലൂടെ പറന്നുനടന്ന് ഇരതേടുന്ന പക്ഷികൾ. ഫോട്ടോഗ്രാഫർമാർക്ക് നല്ല കോളായിരിക്കും ഈ വഴിയിൽ.  മൂലമ്പള്ളി, മുളവുകാട് ദ്വീപസമൂഹങ്ങളിലെ കാഴ്ചകളാണിവ. 

Vallarpadam
നഗരമൊരുക്കുന്ന ദീപക്കാഴ്ച

നല്ല സ്ഥലമുളളയിടത്തു വേണം വണ്ടി നിർത്താൻ. അതല്ലെങ്കിലും അങ്ങനെത്തന്നെയല്ലേ ഏന്നു ചോദ്യമുയരാം. ഈ പാതയിൽ അധികം ഗതാഗതമായിട്ടില്ല. അതുകാരണം ചെത്തുപിള്ളേരൊക്കെ വാഹനങ്ങൾ ചവിട്ടിപ്പൊളിച്ച് ഓടിക്കുന്നതു പതിവാണ്. ശ്രദ്ധ അൽപ്പം കുറയും. സാധാരണ പാതയിലേതുപോലെ വാഹനം നിർത്തുന്നത് അപായകരമാണ്. ഓരോ പാലങ്ങളും ഇറങ്ങിയാൽ അൽപം വീതിയേറിയ, റോഡിൽനിന്നു മാറിനിൽക്കുന്ന സ്ഥലങ്ങളുണ്ട്. അത്തരമിടങ്ങളാണു നല്ലത്. 

kochi-trip1

എറണാകുളം നഗരത്തിന്റെ ശ്വാസകോശങ്ങളാണ് ഈ കണ്ടൽക്കാടുകൾ. കടുംപച്ചനിറത്തിൽ തിങ്ങിനിറഞ്ഞുവളർന്ന് അവയിങ്ങനെ നിങ്ങളെ അതിശയിപ്പിക്കും. ആ ഹരിതസമൃദ്ധിയികൾക്കിടയിലൂടെ ചെറുവഴികളുണ്ട്. ചെറുതോണികൾ ഇറങ്ങിവരുന്നതു കാണാം. സാമാന്യം വലിയ വള്ളങ്ങൾ കണ്ടലിനോടു ചേർത്തു കെട്ടിനിർത്തിയിരിക്കുന്നു. ചീനവലകളിൽ കാക്ക മുതൽ പരുന്തുവരെയുള്ള പക്ഷികൾ നോട്ടമിട്ടു പറക്കുന്നു. ചെമ്മീൻകെട്ടുകളിലെ ചതുരക്കളങ്ങൾക്കപ്പുറം ദൂരെ ഉയർന്നു കാണുന്ന ഫ്ലാറ്റുകളുടെ നേരിയ ദൃശ്യം  ഗ്രാമീണജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല. തോണികൾ ആ കായലിനെ വകഞ്ഞുമാറ്റി പോയ്ക്കൊണ്ടിരിക്കുന്നു. ഇത്രയും കാഴ്ചകൾ ഞങ്ങൾ കാറിലിരുന്നു കണ്ടവയാണ്.  അതുതന്നെയാണ് ഈ വഴിയുടെ പ്രത്യേകതയും. വൈകുന്നേരം ഈ വഴി ഡ്രൈവ് ചെയ്യുകയാണു രസകരം. അന്നേരം റോഡിന്റെ വലതുവശത്തെ കായലിൽ സൂര്യൻ ചീനവലകളെ സാക്ഷിയാക്കി സ്വർണവർണം വിതറുന്നതു കാണാം. ഇപ്പുറത്ത് ആ പ്രകാശത്തിൽ പച്ച കൂടുതൽ പച്ചപ്പുള്ളതാകും. രണ്ടും സഞ്ചാരികളെ ഉത്സാഹഭരിതരാക്കും. 

kochi-trip12

ഇനി അപ്പുറത്തെ കാഴ്ചകൾ

kochi-trip3

ഗോശ്രീപാലങ്ങളിലേക്കൊന്നിലേക്കാണ് വഴി ചെല്ലുന്നത്. ആ സർക്കിളിൽ യു ടേൺ എടുത്തു തിരികെ ഹൈവേയിലേക്കു കയറുക. ഇനി കാഴ്ചകൾ ഇടതുവശത്താണ്. സൂര്യൻ ഒരു പൊട്ടുപോലെ  ചീനവലകൾക്കുള്ളിലാണിപ്പോൾ.   കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയിലെ കായൽപ്പരപ്പാണ് കാണുന്നത്. ഇവിടെയും നല്ലയിടത്തു വാഹനം നിർത്താം. ചെറുതട്ടുകടകൾ, ഐസ്ക്രീം ഓട്ടോറിക്ഷകൾ എന്നിവയുണ്ട്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ലോറികൾ നിർത്തിയിട്ടിട്ടുണ്ടാകും. അവയ്ക്കു പിന്നിൽ കാർ നിർത്തരുത്. അഥവാ നിർത്തിയാൽത്തന്നെ ലോറി ഡ്രൈവറുടെ കണ്ണാടിയിലൂടെ നിങ്ങളുടെ കാർ കാണത്തക്കവിധം വലതുവശം ചേർന്നു നിർത്തുക. അല്ലെങ്കിൽ ലോറി റിവേഴ്സ് ഇടുമ്പോൾ കാറിനു പണികിട്ടാൻ സാധ്യതയുണ്ട്.  മറ്റൊരു കാര്യം- എന്ത് ആഹാരം കഴിച്ചാലും ഒരു തുണ്ട് മാലിന്യം പോലും ആ കായലിലേക്കോ, റോഡിലേക്കോ ഇടാതിരിക്കുക. അതൊരു പുണ്യമിടമായിത്തന്നെ നിൽക്കട്ടെ. 

നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അകലെ വല്ലാർപാടം കണ്ടയിനർ ടെർമിനൽ കെട്ടിടങ്ങളിൽനിന്ന് ആയിരം ചെരാതുകൾ കത്തിച്ചതുപോലെ ദീപങ്ങൾ പ്രകാശം പൊഴിക്കുന്നു. കായലോളങ്ങൾ അതു നമ്മിലേക്കെത്തിക്കുന്നു. നൈറ്റ് ഡ്രൈവിനും പറ്റിയ ഇടമാണ് ഈ റോഡ്. 

kochi-trip8
ചീനവലയും കായലും റോഡിൽ നിന്നും കാണാം

നേരം നന്നെ ഇരുട്ടിയപ്പോൾ ഞങ്ങൾ കളമശ്ശേരിയിലേക്കു തിരിച്ചു. ഇടയ്ക്കിടെ റോഡിൽ എൽഇഡി ലൈറ്റുകൾ കാണാം. ദ്വീപ് നിവാസികൾ മീൻവിൽപ്പനയ്ക്ക് ഇരിക്കുകയാണ്. മിക്കവരും സ്ത്രീകളാണ്. ഒരു എൽഇഡി ലാംപും രണ്ടു കുട്ടകളും നല്ല പെടയ്ക്കണ മീനുകളുമായി അവർ സഞ്ചാരികളെ കാത്തിരിക്കുന്നു. നഗരത്തിൽനിന്നു ലഭിക്കുന്നതിനെക്കാൾ പകുതി വിലയ്ക്ക് നല്ല കായൽമത്സ്യങ്ങൾ കിട്ടുമെന്ന് സുഹൃത്ത് പറഞ്ഞു. ഞങ്ങടെ ആണുങ്ങൾ വള്ളത്തിൽപ്പോയി പിടിച്ച മീനുകളാണ്. അവരതാ അപ്പുറത്തുണ്ട്. റോഡിനപ്പുറത്തേക്ക് ഒരു വല്യമ്മ കൈചൂണ്ടി. ഞങ്ങ ഇതു വിൽക്കാനിരിക്കും. 

തിരിച്ചുപോരുമ്പോൾ കാഴ്ചകൾ കൂടാതെ ഒരു പൊതി മീനും കാറിനുള്ളിലുണ്ടായിരുന്നു. 

ഗോശ്രീപാലം വഴി എറണാകുളം ഹൈക്കോടതി ജംങ്ഷനിലേക്ക് ഏറിയാൽ പതിനഞ്ചുമിനിറ്റു യാത്രയേ ഉള്ളൂ. അപ്പോൾ വണ്ടി തിരിക്കുകയല്ലേ… ?ഗതാഗതക്കുരുക്ക് ഇല്ലാത്ത യഥാർഥ കൊച്ചി കാണാൻ…? 

Vallarpadam1
വഴിയോര മീൻവില്‍പന

കൊച്ചിയിൽ ജനിച്ചുവളർന്നവർക്കു പോലും കൗതുകമുണ്ടാക്കുന്ന പാതയാണിത്. പിന്നെ കൊച്ചി കാണാനെത്തുന്നവരുടെ കാര്യം പറയാനുണ്ടോ. ചെറു യാത്രയിൽ എന്താണു കൊച്ചിയുടെ പച്ചമുഖമെന്നറിയാനായി ഈ ദേശീയപാതയിലേക്കു വരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA