sections
MORE

ബീച്ചുകൾ മാല കോർക്കുന്നൊരു തീരദേശ പാത

beach-trip4
SHARE

സ്വകാര്യകടലോരം- പലപ്പോഴും പലരും പറഞ്ഞുകേൾക്കുന്നൊരു കാര്യമാണിത്. കോടീശ്വരൻമാർക്കു മാത്രം സാധിക്കുന്ന ആഡംബരം. നമ്മൾക്കു മാത്രമായി നീരാടാൻ ഒരു കടലോരം. ഇതൊരു സ്വപ്നമാക്കേണ്ട. കൊച്ചിയിൽനിന്ന് ഒരു ചെറുയാത്ര ചെയ്താൽ ബീച്ചുകൾ മുത്തുമാലകൾ കോർക്കുന്നൊരു വഴിയിലെത്താം.  ചെമ്മീൻകെട്ടുകൾക്കിടയിലൂടെ ഭംഗിയുള്ള പാത താണ്ടി വിജനമായ കടലോരങ്ങളിലേക്കു ചെല്ലാം.  ഒരു തിരപൊങ്ങിയാൽ മനസ്സിൽ തിരയെക്കാളുയരത്തിൽ ആധിയുണരുന്ന, കടലിനോടു ചേർന്ന  ഗ്രാമങ്ങൾ കാണാം. ദാ ഒരു ചെറുറൂട്ട്. 

ഏകാന്തബീച്ചുകളിലൊന്ന്-
ഏകാന്ത ബീച്ചുകളിലൊന്ന്

എറണാകുളം നഗരത്തിലെ പതിവുകാഴ്ചകളോടു നമുക്കു വിടചൊല്ലാം. ബീച്ചുകളിൽ സായാഹ്നം ആസ്വദിച്ചാലോ… ഫോർട്ട് കൊച്ചിയാണ് ആദ്യം ഓർമയിലെത്തുക. പിന്നീട് ചെറായി. ഫോർട്ട് കൊച്ചിയിൽ ജനങ്ങൾ തിരകളെക്കാൾ കൂടുതലായിരിക്കും. അതുവേണ്ട. എന്നാൽപ്പിന്നെ ഫോർട്ട് കൊച്ചിയിൽനിന്നു ജങ്കാർ കയറി വൈപ്പിനിൽ എത്താം. അല്ലെങ്കിൽ എറണാകുളം ഹൈക്കോടതിപ്പടിയിൽനിന്നു ഗോശ്രീപ്പാലം കയറിയിറങ്ങിയുമെത്താം. ശേഷം നോർത്ത് പറവൂർ റോഡിലൂടെ ഞാറയ്ക്കൽ വരെ സാധാരണ യാത്ര

ഫിഷ് ഫാമിൽ മീൻപിടിച്ചു കൂടണോ

ഞാറയ്ക്കലിൽ മത്സ്യഫെഡിന്റെ അക്വാഫാമുണ്ട്. പ്രധാനറോഡിൽനിന്ന് ഇടത്തോട്ടുതിരിയുക. ചെറു പാതയാണ്. കലുങ്കു പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ പോകില്ല. ഫിഷ് ഫാമിൽ ഉച്ചനേരത്തെത്തിയാൽ ടിക്കറ്റെടുത്ത് ചെമ്മീൻകെട്ടുകളിൽ കറങ്ങാം. തെങ്ങുകളിൽ വലിച്ചുകെട്ടിയ വലക്കട്ടിലിലിൽ കാറ്റേറ്റു കിടന്നാടാം. ചൂണ്ടയിടാം. മീൻപൊരിച്ചതും കൂട്ടി നല്ലൊരു ഊണും കഴിക്കാം.  ഇവിടെനിന്നാൽത്തന്നെ കടലിന്റെ ഗർജനം കേൾക്കാം. ഊണിനുശേഷം ചൂണ്ടയിടാൻ പോകുകയാണു നല്ലത്. ശേഷം വെയിലിന്റെ ശക്തി കുറയുമ്പോൾ മുന്നോട്ടുതന്നെ കാറോടിക്കുക.

njarakkal-fish-farm
ഞാറക്കൽ ഫിഷ് ഫാം

വഴി കടൽഭിത്തിയിൽത്തട്ടി നിൽക്കും. ഇവിടെ വാഹനം നിർത്തി കടലോരത്തേക്കിറങ്ങാം. അത്ര ഭംഗിയില്ല ഈ കടലോരത്തിന്. നമുക്ക് ഇടത്തോട്ടു വണ്ടിയോടിക്കാം. ചെറിയ വഴിയാണ്. വലതുവശത്തു കടൽ. ഇതിനിടയിൽ പ്ലാസ്റ്റിക് ചാക്കുകളാൽ മറച്ച പുരയിടങ്ങൾ. ചെറുവീടുകൾ. മണ്ടപോയ തെങ്ങുകൾ. വച്ചുപിടിപ്പിച്ചതുപോലെ പച്ചപ്പുല്ലുകൾ. ചെറു മൈതാനങ്ങളിൽ നല്ല സായാഹ്നവെയിലേറ്റ് കളിക്കുന്ന യുവാക്കൾ. കടൽഭിത്തിയിൽ സൊറ പറഞ്ഞിരിക്കുന്ന കൗമാരക്കാരും വല്യപ്പൻമാരും. ഇതൊക്കെയാണ് വഴിയിലെ കാഴ്ചകൾ. വാഹനത്തിനു വേഗം അരുത്. എപ്പോഴും കുട്ടികളും മറ്റുള്ളവരും റോഡിലേക്കിറങ്ങും.  

കടലോരവഴിയിലെ-കാഴ്ചകൾ

ഈ വഴിയിൽ നമുക്ക് എസി ഓഫാക്കാം. നല്ല കടൽക്കാറ്റേറ്റാവാം യാത്ര. റോഡ് ടാറിങ് പൂർത്തിയായിട്ടില്ല. പക്ഷേ, കുഴപ്പമൊന്നുമില്ല. ഈ വഴിയിൽ ഒരു കാര്യം ശ്രദ്ധിക്കണം. ആഹാരസാധനങ്ങൾ അധികം ലഭിക്കില്ല. വെള്ളവും മറ്റും വാഹനത്തിൽ കരുതുന്നതു നല്ലതാണ്. 

beach-trip5

വലതുവശത്ത് കരിങ്കൽഭിത്തിക്കപ്പുറം കടൽത്തിരകളെ നമുക്കു കേൾക്കാം. പക്ഷേ, എവിടെയാണ് ഒന്നിറങ്ങുക… മുന്നോട്ടുപോകെ, ഇളങ്കുന്നപ്പുഴ എന്ന കടലോരത്തെത്തി. വാഹനം ഒരു പുൽമേട്ടിൽ പാർക്ക് ചെയ്ത് കടൽഭിത്തി കയറി തീരത്തേക്കു നടന്നു. ഏതാനും വഞ്ചികൾ മാത്രമുണ്ടവിടെ. ദേശവാസികളായ  ചെറുപിള്ളേർ തിരയിൽ ആർത്തുതിമിർക്കുന്നു. 

സൂര്യനെ കടലെടുക്കാനായി.  ചെറുതിരകളാണ് തീരം തേടിവരുന്നത്. അതുകൊണ്ടുതന്നെ ദൂരെ ഒരു കുടുംബം അരയൊപ്പം കടലിൽ കുളിക്കുന്നുണ്ട്. അതിവിടുത്തെ കുടുംബക്കാർ ആരെങ്കിലുമായിരിക്കുമെന്ന് പറഞ്ഞുകേട്ടു. ശരിയാവാം. അവർക്കു പരിചയമുള്ള കടൽ. അതുകണ്ട് നമുക്കു റിസ്ക് എടുക്കാനാകില്ല. നല്ല വൃത്തിയുണ്ട് മണൽത്തിട്ടയ്ക്ക്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലേയില്ല. തോണികളെ തൊട്ട് മുന്നോട്ടുനടന്ന് ചെറുതിരകൾ കാലിലുമ്മവയ്ക്കും വിധമുള്ള സ്ഥലത്ത് ഇരിക്കാം. സന്ധ്യമയങ്ങിയാൽ തിരികെ പോരുന്നതാണുചിതം. കാരണം പിന്നീട് നാമല്ലാതെ മറ്റാരുമവിടെയുണ്ടാകില്ല. ഇങ്ങനെ സുന്ദരമായ കടലോരത്തിന് ഒരു പുഴയുടെ പേരാരു നൽകി. അതും സുന്ദരമായ ഇളങ്കുന്നപ്പുഴയെന്ന പേര്… 

DSC_2603

ആരോടു ചോദിക്കാൻ… റോഡരുകിൽ കണ്ട പൈപ്പിൽനിന്ന് കാലിലെ മണലെല്ലാം കഴുകിക്കളഞ്ഞ് കാറിൽ കയറി. 

ഇതേ വഴി മുന്നോട്ടുപോയാൽ മാലിപ്പുറത്ത്  എത്താം. വലതുവശത്തേക്കു നോക്കിയാൽ സന്ധ്യയുടെ മനോഹാരിത. എത്ര കണ്ടാലും മതിയാകില്ല. തീരത്ത് ആകെ അഞ്ചോ ആറോ പേരുണ്ട്. പിന്നെയൊരു ചെറു കുടിലും. കടലോരത്തിനു വിട പറഞ്ഞ് കായലോരവഴിയിലേക്കു കയറി. സത്യത്തിൽ ചെമ്മീൻകെട്ടുകളാണിവ. വഴിയ്ക്ക് ഇടതുവശത്ത് ഭിത്തി കെട്ടിയിട്ടുണ്ട്. ഇവിടെയിരുന്നു സംസാരിക്കാം. ഏറെ നാട്ടുകാർ സൊറ പറഞ്ഞവിടെയിരിപ്പുണ്ട്.

beach-trip1
ഏകാന്തകടലോരങ്ങളിലൊന്ന്

വിളക്കുകാലുകൾ ഇല്ലാത്തതിനാൽ തെളിഞ്ഞ ആകാശം മാത്രമേ എന്തിനും രക്ഷയുള്ളൂ. പക്ഷേ, ചെറുചൂടുള്ള കാറ്റേറ്റ് കഥ പറഞ്ഞ് അവിടെയിരിക്കുന്നതിന്റെ രസം ഒന്നുവേറെത്തന്നെ. പിന്നെയും ചെറിയ ഉപദേശം- ആ ചെമ്മീൻകെട്ടുകൾ പലരുടെയും ഉപജീവനമാർഗമാണ്. നഗരത്തിന്റെ മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമല്ല. നിങ്ങളങ്ങനെ ചെയ്യാറുണ്ട് എന്നല്ല, ഒന്നോർമിപ്പിച്ചു എന്നേ ഉള്ളൂ. 

beach-trip3
ചെമ്മീൻക്കെട്ടുകൾക്കിടയിലൂടെ

 ചെമ്മീൻകെട്ടിനപ്പുറത്തെ വഴിയിലൂടെ വാഹനങ്ങൾ പാഞ്ഞുപോകുന്നതിന്റെ പ്രകാശത്തിൽ മാത്രം രാത്രിയുടെ പടമെടുത്തു. ഒരു ആമേൻ സിനിമാ ഫീൽ. ഒരു വര പോലെ വഴി. ഇടയ്ക്ക് ആകാശം നോക്കുന്ന തെങ്ങുകൾ. കത്തണോ വേണ്ടയോ എന്ന മട്ടിൽ നിൽക്കുന്ന തെരുവുവിളക്കുകൾ. എല്ലാറ്റിനും സാക്ഷിയായി നക്ഷത്രസമൂഹങ്ങൾ. 

beach-trip1

ചെറുയാത്ര ഇവിടെ സമാപിക്കുന്നു. കൂടുതൽ ബീച്ചുകൾ കറങ്ങണമെന്നുള്ളവർക്ക് ഞാറയ്ക്കലിൽനിന്നു  കുഴുപ്പിള്ളിയിലേക്കുള്ള തീരദേശവഴിയിലൂടെ സഞ്ചരിക്കാം. അവിടെ ഇടത്തോട്ടു കാണുന്ന എല്ലാ തുറസ്സുകളും കടലോരത്തേക്കാണെത്തുക. അങ്ങു മുനമ്പം ബീച്ചുവരെ ഈ വഴിയിലൂടെ സഞ്ചരിക്കാം. ചിലയിടങ്ങളിൽ മണൽ നിറഞ്ഞിട്ടുണ്ടാകും. നാട്ടുകാരോടു അന്വേഷിച്ചു വേണം പോകാൻ. എറണാകുളം സൗത്ത് റയിൽവേസ്റ്റേഷനിൽനിന്ന് പതിമൂന്നു കിലോമീറ്റർ ദൂരമേയുള്ളൂ മാലിപ്പുറത്തേക്ക്.  

ശാന്തമായ കടലോരങ്ങൾ കണ്ട് ചെറുയാത്രയ്ക്ക് ഈ വഴി വരാം. നമുക്കുമാത്രമായ കടൽക്കരകൾ ആസ്വദിക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA