തെയ്യച്ചുവപ്പ്, ഇലത്തണൽപ്പച്ച, രാജവെമ്പാലക്കുഞ്ഞ്; മുത്തപ്പന്റെ മണ്ണ് വീണ്ടും വിളിക്കും!

SHARE

സഞ്ചാരികളോ ഭക്തരോ ഗവേഷകരോ ആരുമായിക്കൊള്ളട്ടെ, ഉത്തരമലബാറിലെ പറശ്ശിനിക്കടവിലേക്കാണ് യാത്രയെങ്കിൽ അതു മുത്തപ്പനെ കാണാൻ തന്നെ! അത്രയധികം ആ നാടുമായി ഇഴചേർന്നു കിടക്കുന്നതാണ് മുത്തപ്പൻ. കണ്ണൂരിന്റെ രാഷ്ട്രീയ പാരമ്പര്യം അവിടത്തെ ദൈവങ്ങളിലുമുണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം, വയസ്സും ജാതിയും ആണും പെണ്ണും അശുദ്ധിയും തീണ്ടിക്കൂടായ്മയൊന്നും മുത്തപ്പനില്ല.

Parassinikadavu-trip13

വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്നു പറയുന്ന മുത്തപ്പൻ ദൈവം മടപ്പുരയിലെത്തുന്ന ഭക്തരോടു നേരിട്ടു സംസാരിക്കും, അവരുടെ ശിരസ്സിൽ തൊട്ടനുഗ്രഹിക്കും, ചായയും ഉച്ചയൂണും അത്താഴവും നൽകും, പയറും ഉണക്കമീനും തേങ്ങാപ്പൂളും പ്രസാദമായി നൽകും. യാതൊരു വേർതിരിവുമില്ലാതെ ഭക്തരെ മടപ്പുരയിലേക്കു ക്ഷണിക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പന്റെ നാട്ടിലേക്കുള്ള യാത്രയിൽ ഇത്തവണ പുതിയ ചില കാഴ്ചകൾ കൂടിയുണ്ടായിരുന്നു. കാവും കുളങ്ങളുമുള്ള ഉത്തരമലബാറിന്റെ ഹൃദയത്തുടിപ്പറിഞ്ഞ യാത്ര കൂടിയായി അത്. 

Parassinikadavu-trip

താമസം കെടിഡിസിയിൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രത്തിനു ചുറ്റും നിറയെ ഹോട്ടലുകളുണ്ടെങ്കിലും കുറച്ചുകൂടി സ്വച്ഛമായ അന്തരീക്ഷം ആഗ്രഹിച്ചിരുന്നതുകൊണ്ട് കെടിഡിസിയുടെ ടാമറിൻഡ് ഈസി ഹോട്ടലാണ് താമസത്തിനു തെരഞ്ഞെടുത്തത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽനിന്ന് കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാംപസിലേക്കു പോകുന്ന വഴിയിലാണ് ഹോട്ടൽ. ക്ഷേത്രത്തിൽനിന്ന് വെറും നാലര കിലോമീറ്റർ മാത്രം.

Parassinikadavu-trip12

ഒരു തറവാട്ടിലേക്ക് കയറിച്ചെല്ലുന്ന ഫീൽ ആയിരുന്നു ഹോട്ടലിലേക്കു കയറിയപ്പോൾ! വിശാലമായ മുറ്റത്തിന് ഇടതുഭാഗത്തായി കൂറ്റനൊരു പേരാൽ. അതിന്റെ തണൽപറ്റി കാക്കത്തൊള്ളായിരം ചെറുചെടികൾ. അവയുടെ പച്ചിലച്ചാർത്തുകൾ കൊണ്ടു പൊതിഞ്ഞിരിക്കുന്നതിനാൽ പേരാലിന്റെ തായ്ത്തടി കാണുന്നേയുണ്ടായിരുന്നില്ല. പേരാലിന്റെ തണലിൽ ഒരു ബെഞ്ചുണ്ട്. ഹോട്ടലിനുള്ളിലേക്കു കയറുന്നതിനു മുന്നേ പച്ചപ്പിന്റെ ഈ അന്തരീക്ഷം എന്നെ മോഹിപ്പിച്ചു കളഞ്ഞു! തെയ്യത്തിന്റെ ചുവപ്പു മാത്രമല്ല കാവിന്റെ പച്ചപ്പുമുണ്ട് കണ്ണൂരിന്!

Parassinikadavu-trip5

സ്വാസ്ഥ്യമുള്ള മുറികൾ

പഴയൊരു തറവാടു വീടിന്റെ മാതൃകയിലാണ് ഹോട്ടൽ പണി കഴിപ്പിച്ചിരിക്കുന്നത്. വിശാലമായ വരാന്തകളും സ്വാസ്ഥ്യം പകരുന്ന അന്തരീക്ഷവും ഏതു സഞ്ചാരിയെയും ആകർഷിക്കും. പഴമയെ പുൽകുന്ന വാസ്തുശിൽപ ഭംഗിക്കൊപ്പം അത്യാധുനിക സൗകര്യങ്ങളും അതിഥികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. വെളിച്ചമുള്ള വിശാലമായ മുറികളാണ് ഇവിടത്തെ പ്രത്യേകത.

Parassinikadavu-trip14

ടിവി, എസി, ഗീസർ, ലോക്കർ, കബോഡുകൾ, വൃത്തിയുള്ള ശുചിമുറി തുടങ്ങിയ സൗകര്യങ്ങളൊക്ക എസി–ഡീലക്സ് മുറിയിലുണ്ട്. ഇത്തരം 10 മുറികളാണ് ഇവിടെയുള്ളത്. 24 മണിക്കൂർ റൂം സർവീസും ചെക്ക്–ഇൻ ചെക്ക് ഔട്ട് സൗകര്യവും. ക്ഷേത്രത്തിലേക്ക് അതിരാവിലെ പോയാൽ എല്ലാ ചടങ്ങുകളും കാണാമെന്നു മാനേജർ ബാലകൃഷ്ണൻ സൂചിപ്പിച്ചു. അതുകൊണ്ട്, യാത്രാപരിപാടികൾ രാവിലത്തേക്കു തയാറാക്കി. 

Parassinikadavu-trip10

പുഴയിൽ കാൽ നനച്ച് മടപ്പുരയിലേക്ക്  

ചരിത്രവും ഐതിഹ്യങ്ങളും കൂടിപ്പിണഞ്ഞതാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. ക്ഷേത്രത്തിന് അതിരിട്ടൊഴുകുന്ന വളപട്ടണം പുഴയിൽ കാലു നനച്ചു വേണം മടപ്പുരയിലേക്കു പ്രവേശിക്കാൻ. ക്ഷേത്രപരിസരത്തും മടപ്പുരയിലും നിരവധി നായ്ക്കളുണ്ട്. മുത്തപ്പന്റെ വാഹനമെന്ന വിശ്വാസമുള്ളതിനാൽ അവയ്ക്ക് ക്ഷേത്രത്തിൽ എവിടെയും യഥേഷ്ടം വിഹരിക്കാം. ആരും ഓടിക്കില്ല. ക്ഷേത്രത്തിൽ പ്രസാദം തയാറാക്കുമ്പോൾ ആദ്യം നൽകുന്നതു പോലും നായ്ക്കൾക്കാണ്.

Parassinikadavu-trip2

ശുദ്ധാശുദ്ധ സങ്കൽപങ്ങളെ തിരുത്തിക്കുറിക്കുന്ന മുത്തപ്പൻ ദൈവത്തെ ഇഷ്ടപ്പെടാൻ അങ്ങനെ ഒരുപാടു കാരണങ്ങളുണ്ട്. മടപ്പുരയിലിരുന്ന് മുത്തപ്പൻ തെയ്യത്തിന്റെ വരവും ചൊല്ലും എല്ലാം കണ്ടു. ഭക്തരോടുള്ള വർത്തമാനങ്ങളും അനുഗ്രഹം നൽകലും വേറിട്ട അനുഭവമാണ്. ശ്രീകോവിലിനകത്തേക്കു തിക്കിത്തിരക്കി നോക്കി തൊഴുകയ്യോടെ നിൽക്കുന്നതു പോലെയല്ല, ഭക്തരെ കേട്ടും അറിഞ്ഞും ഇടപഴകുന്ന ദൈവസങ്കല്പത്തിനുതന്നെ എന്തൊരു തെളിച്ചം. 

Parassinikadavu-trip5

രാജവെമ്പാലയെ വിരിയിച്ചെടുത്ത പുപ്പുലികൾ

മുത്തപ്പനെ കണ്ട്, പ്രസാദവും കഴിച്ച് ഞങ്ങൾ നേരെ എത്തിയത് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലേക്കാണ്. 1982ൽ സ്ഥാപിതമായ പാമ്പുവളർത്തൽ കേന്ദ്രം ഈയടുത്ത് വാർത്തയിൽ നിറഞ്ഞത് രാജവെമ്പാലയുടെ മുട്ട വിരിയിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. പാമ്പുവളർത്തൽ കേന്ദ്രത്തിലെ വെറ്ററിനറി സംഘമായിരുന്നു അതിനു പിന്നിൽ. കൃത്രിമമായി കാടിന്റെ അന്തരീക്ഷം സൃഷ്ടിച്ച് രാജവെമ്പാലകളെ ഇണചേർത്തു. പിന്നീട് ആ മുട്ടകൾ വിരിയിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.

Parassinikadavu-trip1

ഓരോ ഘട്ടവും കൃത്യമായി റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ചുള്ള അറിവുകൾ പകരാനും മികച്ചൊരു സംഘം ഇവിടെയുണ്ട്. കുരങ്ങ്, മൂങ്ങ, മയിൽ, ഉടുമ്പ്, മുതല തുടങ്ങിയവയുമുണ്ട് ഈ കേന്ദ്രത്തിൽ! നിരവധി പേർ കുട്ടികളുമൊത്ത് പാമ്പുവളർത്തൽ കേന്ദ്രം സന്ദർശിക്കാനെത്തുന്നുണ്ട്. അപൂർവമായ പല ചിത്രങ്ങളും സ്നേക്ക് പാർക്കിലുള്ള കഫെയുടെ ചുവരുകളിൽ കാണാം. ഓരോ ചിത്രത്തിനുമുണ്ട് ഓരോ കാലഘട്ടത്തിന്റെ കഥ പറയാൻ!

Parassinikadavu-trip7

ഭക്ഷണവും ഗംഭീരം

രാവിലത്തെ കാഴ്ചകൾക്കും കറക്കത്തിനും ശേഷം തിരികെ ഹോട്ടലിലെത്തി. ഇനി യാത്ര ഭക്ഷണത്തിനു ശേഷം. രുചികരമായ ഭക്ഷണമാണ് കെടിഡിസി ടാമറിൻഡ് ഈസി ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത. സ്വന്തമായി പരിപാലിക്കുന്ന അടുക്കളത്തോട്ടത്തിൽനിന്നാണ് പ്രധാനമായും പാചകത്തിനാവശ്യമായ പച്ചക്കറികൾ എടുക്കുന്നത്.

അതുകൊണ്ടുതന്നെ ഏറ്റവും നല്ല ഭക്ഷണം തന്നെ ആസ്വദിക്കാം. വൈകുന്നേരം എവിടെയൊക്കെ കറങ്ങിത്തിരിയാം എന്ന് അന്വേഷിച്ചപ്പോൾ ഹോട്ടലിലെ സ്റ്റാഫാണ് വെള്ളിക്കീൽ ഇക്കോ പാർക്കിനെക്കുറിച്ചു പറഞ്ഞു തന്നത്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം നേരെ വെള്ളിക്കീലിലേക്കു വിട്ടു.

Parassinikadavu-trip8

വെള്ളിക്കീൽ ഫ്രഷാണ്

ഹോട്ടലിൽനിന്ന് അഞ്ചു കിലോമീറ്റർ ദൂരത്താണ് ഈ ടൂറിസ്റ്റ് സ്പോട്ട്. അപൂർവയിനം ദേശാടനപ്പക്ഷികളുടെയും നീർപ്പക്ഷികളുടെയും സങ്കേതമാണ് വെള്ളിക്കീൽ ഇക്കോ പാർക്ക്. കണ്ടൽക്കാടുകൾ നിറഞ്ഞ ഈ പ്രദേശത്ത് ചൂണ്ടയിടുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും നിരവധി സഞ്ചാരികൾ എത്താറുണ്ട്. വിവാഹ ആൽബങ്ങളുടെയും ഇഷ്ട ലൊക്കേഷനാണ്  ഇവിടം. കണ്ടൽക്കാടുകൾക്കിടയിലൂടെ ഒറ്റയടിപ്പാതയുണ്ട്.

അതിലൂടെ മുന്നോട്ടു പോയാൽ വിശാലമായ കായൽക്കാഴ്ചകൾ കാണാം. അൽപം സാഹസികമാണ് ഒറ്റയടിപ്പാതയിലൂടെയുള്ള നടപ്പ്. രണ്ടും കൽപിച്ചു ഫോണിൽ വിഡിയോയും എടുത്തു മുന്നോട്ടു പോയപ്പോൾ മുന്നിലതാ രണ്ടു യുവമിഥുനങ്ങൾ! വർത്തമാനം പറഞ്ഞിരിക്കാൻ വന്നതാവുമെന്നു കരുതി അവരെ നോക്കി ചിരി പാസാക്കി മുന്നോട്ടു നടക്കാൻ നോക്കിയപ്പോഴാണ് രസം. അവർ ഒറ്റയ്ക്കല്ല, ഷൂട്ടിങ്ങാണ്. കല്യാണ ആൽബം ഷൂട്ട്. എന്തായാലും അവരുടെ കല്യാണ ആൽബത്തിൽ ഗസ്റ്റ് അപ്പിയറൻസ് നടത്താതെ ഞങ്ങൾ സ്ഥലം കാലിയാക്കി. 

കോട്ടത്തമ്മയും നീലിയാർകോട്ടവും

ഏതൊരു യാത്രയിലും ഒരു അദ്ഭുത നിമിഷമുണ്ടാകും. നമ്മുടെ ഓർമയിൽ വർഷങ്ങളെത്ര കഴിഞ്ഞാലും ആ നിമിഷവും അതിന്റെ അദ്ഭുതവും മായാതെ നിൽക്കും. നമുക്കു മാത്രം അനുഭവിക്കാവുന്ന ഒന്ന്. അങ്ങനെയൊരു നിമിഷം പറശ്ശിനിക്കടവു യാത്രയിലുമുണ്ടായിരുന്നു. യാത്രയുടെ അവസാനത്തേക്കായിരുന്നു എനിക്കായി ആ നിമിഷം കരുതി വച്ചിരുന്നത്. ഹോട്ടലിനടുത്തുള്ള നീലിയാർകോട്ടത്തെക്കുറിച്ചു മാനേജർ ബാലകൃഷ്ണൻ പറഞ്ഞിരുന്നതിനാൽ വൈകിട്ട് അവിടേക്കെന്നു തീരുമാനിച്ചിരുന്നു. മങ്ങാട്ടുപറമ്പിലാണ് പ്രശസ്തമായ നീലിയാർകോട്ടം. പത്തൊൻപത് ഏക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന അതിമനോഹരമായ കാവ്. നട്ടുച്ചയ്ക്കു പോലും വെയിലിന് ഭൂമിയിൽ പതിക്കാൻ ഇലകളുടെ ഹരിതമതിൽ ഭേദിക്കണം. പുറത്തു ചെറിയൊരു മതിൽക്കെട്ടുണ്ട്. അതിൽ നീലിയാർ കോട്ടമെന്ന് എഴുതി വച്ചിട്ടുണ്ട്.

Parassinikadavu-trip9

മരപ്പടർപ്പുകൾക്കിടയിലൂടെ ചെറിയൊരു നടപ്പാത. ഒറ്റയ്ക്കു പോകണോ എന്നു സംശയം തോന്നാം. പക്ഷേ, പേടിക്കേണ്ട, ആ മതിലനപ്പുറം വേറൊരു ലോകമാണ്. 'ഇരുട്ടു ചവിട്ടി ഇരവിനെ മെതിച്ച് വാഴുന്ന കോട്ടത്തമ്മ'യുടെ കാവാണ്. ടാറിട്ട റോഡിൽനിന്നു പത്തടി നടന്നാൽ മുന്നിൽ തെളിയുന്ന ലോകം നമ്മെ അദ്ഭുതപ്പെടുത്തും. പ്രകൃതി അതിന്റെ ഏറ്റവും സൗന്ദര്യത്തോടെ പടർന്നുലഞ്ഞു കിടക്കുന്ന മനോഹരമായ ഇടം. 

നീലിയാർ ഭഗവതി

നീലിയാർ കോട്ടത്തിൽ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ് നീലിയാർ ഭഗവതി അഥവാ കോട്ടത്തമ്മ. ഇരുപതടി ഉയരത്തിലുള്ള തിരുമുടി അണിഞ്ഞാണ് ഈ ഭഗവതി തെയ്യമാടുന്നത്. വർഷം മുഴുവനും ഇവിടെ തെയ്യമുണ്ട്. സൂര്യാസ്തമയ സമയത്താണ് ഭഗവതിത്തെയ്യമിറങ്ങുക. ഞങ്ങൾ ചെന്നതു കൃത്യസമയത്തായിരുന്നു. മുഖമെഴുത്തു കഴിഞ്ഞു തെയ്യം തിരുമുടി അണിഞ്ഞു. രണ്ടുപേർ ഇടംവലം സഹായിച്ചിട്ടാണ് തിരുമുടി അണിഞ്ഞത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഒറ്റച്ചെണ്ടയുടെ ശബ്ദം മാത്രം. തിരുമുടി അണിഞ്ഞ്, കയ്യിൽ വാളും ചിലമ്പുമേന്തി പച്ചിലച്ചാർത്തുകൾക്കിടയിലൂടെ ഭഗവതിത്തെയ്യം ഓടിയിറങ്ങും. അസ്തമയസൂര്യന്റെ ചെറുകിരണങ്ങളേറ്റ് തെയ്യത്തിന്റെ വാളും ചിലമ്പും തിളങ്ങും. ചെങ്കല്ലു പാകിയ തറയിൽ വച്ചാണ് തെയ്യത്തിന്റെ 'വാചാൽ' അഥവാ ചൊല്ലാട്ടം. ഒരു മുത്തശ്ശിക്കഥയുടെ ലോകത്തെത്തിയ പ്രതീതിയാണ് ഈ കാഴ്ചകൾ നമ്മിലുണ്ടാക്കുക.

നീലിയാർ ഭഗവതിയെക്കുറിച്ചുള്ള കഥയും രസകരമാണ്. വ്യഭിചാരക്കുറ്റം ചുമത്തി നീലി എന്ന അടിയാത്തിപ്പെണ്ണിനെ പ്രമാണിമാരുടെ സമ്മർദം മൂലം സ്വന്തം അച്ഛൻ തന്നെ കൊന്നു കളഞ്ഞുവെന്നും അവർ പിന്നീട് നീലിയാർ ഭഗവതിയായി മാറിയെന്നുമാണ് ഒരു കഥ.

വേറൊരു കഥയും വായിച്ചറിഞ്ഞു. അതിലും നീലി താഴ്ന്നജാതിയിൽപ്പെട്ട സ്ത്രീ തന്നെയാണ്. തർക്കശാസ്ത്രത്തിൽ നിപുണയായ നീലിക്ക് അപമൃത്യു സംഭവിച്ചെന്നും അവർ ഭഗവതിയായി മാറിയെന്നുമാണ് കഥ. എന്തായാലും കോട്ടത്തമ്മ ആളു സൂപ്പറാ! ചെമ്പട്ടണിഞ്ഞ ഉടലും ചെത്തിപ്പൂ നിറമുള്ള കണ്ണുകളും ആകാശം മുട്ടുന്ന തിരുമുടിയും... കാഴ്ചയുടെ പൂരം തന്നെ!

കോട്ടത്തമ്മയെക്കണ്ടു സങ്കടം ഉണർത്തിക്കാനും അനുഗ്രഹം തേടിയും നിരവധിപ്പേർ ഈ കാവിലെത്തുന്നുണ്ട്. കൂടാതെ, കോട്ടത്തമ്മയെ വെറുതെയൊന്നു കാണാനും ഫോട്ടോ എടുക്കാനും ഞങ്ങളെപ്പോലെ കുറച്ചു സഞ്ചാരികളും. മുഖത്തെഴുത്തും വരവും ഫോട്ടോ എടുക്കാമെങ്കിലും തെയ്യത്തിന്റെ 'വാചാൽ' പകർത്താൻ അനുവാദമില്ല. അല്ലെങ്കിലും ഇത്തരം കാഴ്ചകൾ നമ്മുടെ മനസ്സിലേക്കല്ലേ പതിയുക.

കാലമെത്ര കഴിഞ്ഞാലും തിളക്കം കെടാതെ നിൽക്കുന്ന പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോലെ ഈ കാഴ്ചകൾ മനസ്സിലെ ആൽബത്തിൽ കിടക്കും. ഉൾക്കണ്ണു കൊണ്ടു മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ! കോട്ടത്തമ്മയുടെ തെയ്യക്കാഴ്ചയോടെ ഞങ്ങൾ പറശ്ശിനിക്കടവിനോടു യാത്ര പറഞ്ഞു, ഒപ്പം സ്വാസ്ഥ്യത്തിന്റെ കൂടൊരുക്കിയ പറശ്ശിനിക്കടവ് കെടിഡിസി ടാമറിൻഡ് ഈസി ഹോട്ടലിനോടും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA