നിലമ്പൂർ നീലഗിരിയുടെ സഖി

SHARE

പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ  തണുപ്പുതോന്നിപ്പിക്കുന്ന പട്ടണമാണ് നിലമ്പൂർ. തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ ഇരുളിമയാർന്ന റോഡും നീലഗിരിയുടെ ഇങ്ങേച്ചെരുവിലെ ഇടതൂർന്ന കാടുകളും ഓർമവരും. അവിടെ കാണാനെന്തൊക്കെയുണ്ടെടാ? രണ്ടുദിവസം കാണാനൊക്കെയുണ്ടോ നിലമ്പൂർ…? സ്ഥിരം കേൾക്കുന്ന ചോദ്യങ്ങളിവയാണ്. 

Nilambur-trip8
കൊണോലീസ് പ്ലോട്ടിലേക്ക്

 ചാലിയാറും നീലഗിരിമലയും പോഷിപ്പിക്കുന്ന  പട്ടണം. നിലിമ്പപുരം എന്നതു ലോപിച്ചാണ് നിലമ്പൂർ എന്ന പേരുവന്നത് എന്നൊരു വാദമുണ്ട്. മുളകളുടെ നാട് എന്നാണത്രേ ആ പേരിനർഥം. മലപ്പുറം ജില്ലയിലെ തമിഴ്നാട് അതിർത്തിപട്ടണങ്ങളിൽപെട്ടതാണു നിലമ്പൂർ.അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് നിലമ്പൂർ ഒരു ഇടത്താവളമാണ്. കാഴ്ചകളുടെ ശ്രീകോവിലിലേക്കെത്തുന്നതിനുമുൻപുള്ള ഗോപുരനട. ആ കാഴ്ചകൾ എന്തൊക്കെയെന്നു വഴിയേ അറിയാം. ആദ്യം നിലമ്പൂരിനെ പരിചയപ്പെടാം. 

Nilambur-trip7
നാടുകാണിയിൽ നിന്നുമുള്ള കാഴ്ച

ഉള്ളറിഞ്ഞാൽ മാത്രം മധുരം രുചിക്കാൻ പറ്റുന്നൊരു തണ്ണിമത്തൻ ആണു നിലമ്പൂർ എന്നു വേണമെങ്കിൽ പറയാം. നിലമ്പൂരിലൂടെ പോകുന്ന സാധാരണ യാത്രികർ പുറംതോടിന്റെ പച്ചപ്പു മാത്രമേ അറിയൂന്നുള്ളൂ. നമുക്ക് ഉൾക്കാമ്പിന്റെ രുചിയറിയാം

തേക്ക് മ്യൂസിയം,  കനോലീസ് പ്ലോട്ട്

റോഡ് മാർഗമാണു യാത്രയെങ്കിൽ വടപുറം എന്നൊരു ചെറിയ അങ്ങാടിയാണ് നിലമ്പൂരിന്റെ കവാടം. അതിനപ്പുറം ചാലിയാർ. പാലം കടന്നാൽ കാഴ്ചകൾ തുടങ്ങുകയായി. ഇരുട്ടുനിറഞ്ഞ നല്ല വഴിക്കിരുവശവും കച്ചവടക്കാർ നിരന്നിരിക്കും. വസ്ത്രങ്ങൾ മുതൽ ചിക്കൻബിരിയാണിവരെ ഇവിടെ കിട്ടും. കൊണോലീസ് പ്ലോട്ട് ആണ് ഈ ലൊക്കേഷൻ. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം ഇവിടെയാണ്.

Nilambur-trip2
വലിയ തേക്ക്

1840 ൽ വച്ചുപിടിപ്പിച്ചതാണ് ഈ തോട്ടം. വനംവകുപ്പിന്റെ ഓഫീസിൽനിന്നു ടിക്കറ്റെടുത്ത് ഉള്ളിലേക്കു നടക്കണം. ചാലിയാറിനു കുറുകെയൊരു തൂക്കുപാലം കടന്നുചെന്നാൽ ആ തേക്കിന്റെ പഴമയറിയാം. വലിയ തേക്കിനെ കെട്ടിപ്പിടിച്ച് പടമെടുക്കാം. ലോകത്തിലെ ഏറ്റവും വലിയ വച്ചുപിടിപ്പിച്ച തേക്ക് ആണ് ഇത്. ചാലിയാറിലേക്കു ചേരുന്ന പോഷകനദി ഇടതുവശത്തുകാണാം. കൊണോലി എന്ന സായിപ്പ് സർ ചാത്തുമേനോനെ ഉപയോഗിച്ചാണ് ഈ തേക്കുതോട്ടം നിർമിച്ചെടുത്തത്. അതു കൊണ്ടുതന്നെയാണ് ഈ പേരും. ഒരു മണിക്കൂർ ഇവിടെ ചെലവിടാം. തേക്കുതൈകൾ വാങ്ങാം.

Nilambur-trip5
കോഴിപ്പാറയിലെ ചെറിയ വെള്ളച്ചാട്ടങ്ങളിലൊന്ന്

പട്ടണത്തിലെ കൊടുംകാട്

ഇനി നിലമ്പൂർ ടൗൺ. കാഴ്ചകളൊന്നുമില്ല. അടുത്തത് ചന്തക്കുന്ന്. ബസ്റ്റാന്റിന് എതിരായുള്ള വഴിയിലേക്കു കയറുക. അതു നിങ്ങളെ ബംഗ്ലാവുകുന്നിലേക്കു നയിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് ഡിഎഫ്ഒയുടെ ഓഫീസ് ആയിരുന്നു ഇത്.

Nilambur-trip3

വൻമഹാഗണിമരങ്ങളും മറ്റും വളർന്നുനിൽക്കുന്ന അസ്സലൊരു കാടിനു നടുവിൽ പഴയൊരു ബംഗ്ലാവും മരത്തലപ്പുകളെ തൊട്ടുനടക്കാൻ തെൻമലയിലേതുപോലൊരു കനോപ്പിവാക്കിങ് സൗകര്യവും ഇവിടെയുണ്ട്. പട്ടണത്തിനു നടുവിൽ ഇങ്ങനെയാരു കാടോ എന്നു നാം അതിശയം കൂറും. ഇവിടത്തെ ഡോർമിറ്ററിയിൽ താമസസൗകര്യമുണ്ട്. സംഘം ചേർന്നു വരുന്നവർക്ക് കാടിന്റെ ഫീൽ അറിഞ്ഞ് പട്ടണത്തിൽ താമസിക്കാൻ യോജിക്കും. പട്ടണത്തിൽനിന്നു പത്തുമിനിറ്റുമതി ഇവിടെയെത്താൻ. 

Nilambur-trip4
പളുങ്കു ജലം

നാടൻകടകളിലേക്കു കയറാം

ചന്തക്കുന്നിലേക്കു തിരികെവരാം. വിശക്കുന്നെങ്കിൽ നല്ല ചൂടുള്ള, മൊരിച്ച് അടിച്ചെടുത്ത കിണ്ണൻ പൊറോട്ടയും നാവിൽ ചാലിയാറിനെക്കാളും വെള്ളമൊഴുകിക്കുന്ന ആവിപറക്കുന്ന ബീഫ് കറിയും വേണോ? ചന്തക്കുന്ന് ബസ്റ്റാന്റിനു മുകളിലേക്കു വണ്ടിയോടിക്കുക. അവിടെ ബാബു ഇക്കാന്റെ ബി എ ഹോട്ടലുണ്ട്. ബീഫ് കഴിക്കാത്തവർക്ക്  ഇവിടത്തെ എഗ്റോസ്റ്റ് ഒന്നു പരീക്ഷിക്കാം.

Nilambur-trip1
തേക്കു മ്യൂസിയം

നിലമ്പൂരിൽ എത്തിയാൽ വലിയ ഹോട്ടലുകളെക്കാളും ചെറുചെറു കടകളും മക്കാനികളും നിങ്ങളെ മാടിവിളിക്കും. മടിക്കേണ്ട. വേറിട്ട രുചികൾ അവിടെ നിങ്ങളെ കാത്തിരിപ്പുണ്ടാകും. രാവിലെത്തന്നെ നൈസായ അരിപ്പത്തിരിയും ചിക്കൻകറിയും കഴിക്കുന്നതൊന്ന് ആലോചിച്ചേ… 

ആഢ്യൻപാറ

ചന്തക്കുന്നിൽനിന്ന് വഴിക്കടവ് റോഡിൽ കുറച്ചുദൂരം പോകുക. ഇടത്തോട്ട് ആഢ്യൻപാറ എന്ന ബോർഡ് കാണാം. കാടിനോടു ചേർന്ന അതിസുന്ദരമായ വെള്ളച്ചാട്ടമാണ് ആഢ്യൻപാറ. നിലമ്പൂരിൽനിന്ന് അകമ്പാടം ബസ്സ് പിടിച്ചാലും ഇവിടെയെത്താം. പതിനഞ്ചു കിലോമീറ്റർ ദൂരം. രാവിലെ 9.30 മുതൽ വൈകിട്ട്  5 വരെയാണ് ഈ വെള്ളച്ചാട്ടം കാണാനുള്ള സമയം.  

Nilambur-trip
ടികെ കോളനിയിലെ പുഴ

തിരികെ ചന്തക്കുന്നിലേക്ക്. ഇനി തേക്കുമ്യൂസിയം കാണാം. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം. തേക്കിന്റെ ചരിത്രം തുടങ്ങി പലകാര്യങ്ങളും അറിയാം. പിന്നിലെ ശലഭോദ്യാനത്തിലൂടെ നടക്കാം. 

ആഢ്യൻപാറയിൽനിന്ന് നടക്കാൻ ഇഷ്ടമുള്ളവർക്ക് കോഴിക്കോട്ടേയ്ക്കുള്ള മലയോര ഹൈവേയിലൂടെ നടന്നുചെന്ന് കോഴിപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കാം. വാഹനത്തിലും ചെല്ലാം. മലമുകളിൽ ആ കുഞ്ഞുവെള്ളച്ചാട്ടം കണ്ട്, തൊട്ടുമുകളിൽ ഒന്നു കുളിച്ച് തിരിച്ചുപോരാം. കക്കാടംപൊയിൽ എന് ഈ സ്ഥലത്ത് താമസസൗകര്യങ്ങൾ ഉണ്ട്. 

നിലമ്പൂരിലെ കാഴ്ചകൾ മാത്രമേ കാണുന്നുള്ളൂ എങ്കിൽ ആദ്യദിവസം ഇക്കാഴ്ചകൾക്കായി ചെലവിടാം. തേക്ക് മ്യൂസിയം കണ്ട് വഴിക്കടവ് വഴി നാടുകാണിചുരം കയറാം. അതിസുന്ദരമായ ചുരം റോഡാണിത്. ഇരുവശത്തും മുളകൾ നിറഞ്ഞിട്ടുണ്ട്. കുരങ്ങൻമാർ സംഘം ചേർന്ന് ആരെയോ കാത്തിരിക്കുന്നതുപോലെ.

വാഹനത്തിന്റെ എസി ഓഫാക്കാം. നല്ല തണുപ്പുണ്ടാകും ഇവിടെ. നമ്മളീ വഴി എന്തിനു വന്നു എന്നാണോ… നിലമ്പൂരിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ചുരത്തിലെ സായാഹ്നം. മരുതക്കടവ് തുടങ്ങിയ മലയോരഗ്രാമങ്ങൾക്കു മുകളിൽ മഞ്ഞുമൂടുന്നതും നീല മലകൾ അടരുകളായി നിലമ്പൂരിലേക്കെത്തുന്നതും കണ്ട് ആ ചുരത്തിൽനിൽക്കുക രസകരം. പ്ലാസ്റ്റിക് ഇടാതെ ശ്രദ്ധിക്കുമല്ലോ. ഭാഗ്യമുണ്ടെങ്കിൽ ആനകളെ കാണാം. 

ഇരുട്ടിയാൽ ചുരമിറങ്ങി നിലമ്പൂരിലേക്കു മടങ്ങാം. കെടിഡിസിയുടെ ടാമറിൻഡ് ഹോട്ടലിലോ മറ്റു സ്വകാര്യ താമസസ്ഥലങ്ങളിലോ ചേക്കേറാം. നമുക്കു രണ്ടാം ദിവസം പുഴകളിൽ നീരാടാൻ പോകാം

രണ്ടാം ദിവസം പുഴകളിലേക്ക്

ചാലിയാറിലേക്ക് ഏറെ പുഴകൾ ചേരുന്നുണ്ട്. പുഴകൾ എന്നുപറയുന്നതിനെക്കാൾ അരുവികൾ എന്നാണു കൂടുതൽ യോജിക്കുക. ഇവ നൽകുന്ന കുളിർജലം അനുഭവിക്കുക എന്നത് അതുല്യമായ അനുഭവമാണ്. മൂന്നു സ്ഥലങ്ങളിൽ നിങ്ങൾക്ക് സഹ്യപർവതത്തിന്റെ തെളിനീരനുഭവിക്കാൻ പോകാം. ഒന്ന് നെടുങ്കയം. രണ്ട് ടി.കെ കോളനി. മൂന്ന് കേരളാംകുണ്ട്.  

Nilambur-trip9
കേരളാംകുണ്ട് വെള്ളച്ചാട്ടം

അരുവികളുടെ ഒരു സ്വഭാവം പറഞ്ഞുതരാം. സഹ്യപർവതത്തിൽനിന്നു നേരിട്ടെത്തുന്ന തെളിനീരരുവി. രണ്ടാൾപൊക്കമുണ്ടെങ്കിലും അടിത്തട്ടിലെ മണൽത്തരി പോലും വ്യക്തമായി  കാണുന്നത്ര തെളിമ. നൂറ്റാണ്ടുകളുടെ ജലസമ്പർക്കം ഉരുട്ടിയെടുത്ത കല്ലുകൾക്കിടയിലൂടെ വരുന്ന  ചെറിയ വെള്ളച്ചാട്ടങ്ങൾ ചെന്നുചേരുന്ന ചെറുനീന്തൽക്കുളങ്ങൾ. അവിടെ നിങ്ങൾക്ക് അപായഭീതി കൂടാതെ കുടുംബസമേതം  വെള്ളത്തിലിറങ്ങി നീന്താം.

കുഞ്ഞുകുട്ടിപരാധീനങ്ങളെയും പേടികൂടാതെ ജലത്തിലിറക്കാം. കാരണം ആ കുളത്തിൽനിന്ന് ചെറിയ ഒഴുക്കു മാത്രമേ പുറത്തോട്ടുണ്ടാകൂ. കാടിന്റെ നടുവിൽ നീരാടുന്ന പ്രതീതി കുടുംബത്തിനു നൽകണമെങ്കിൽ ഇവിടങ്ങളിലേക്കു വരാം. ഒരു കാര്യം ശ്രദ്ധിക്കുക. സോപ്പ് മുതലായവ ഉപയോഗിക്കരുത്. അതൊരു പുണ്യവാഹിനിയാണ്. ആയിരങ്ങളുടെ കുടിനീരുമാണ്. ആഹാരസാധനങ്ങൾ പാറപ്പുറത്തുവച്ചു കഴിക്കുന്നത് രസകരം. അതിന്റെ ബാക്കിപത്രങ്ങളായ പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും പുഴയിൽ ഇടാതെ,  തിരികെ ടൗണിലേക്കുതന്നെ കൊണ്ടുപോകുന്നത് അതീവ രസകരം. അല്ലെങ്കിൽ ഹീറോയിസം. 

ടൗണിൽനിന്നു ചെറിയ തോർത്തുകൾ വാങ്ങി സൂക്ഷിക്കാം.  തെളിജലമായതിനാൽ ആഴമറിയില്ല. അതുകൊണ്ട് മുതിർന്ന ഒരാൾ ഇറങ്ങിനോക്കിയിട്ടുമാത്രമേ  മറ്റുള്ളവരെ ഇറക്കാവൂ. നല്ല പച്ചനിറത്തിലോ ഇരുണ്ടോ കാണപ്പെടുന്ന കയങ്ങളിലേക്കു നോക്കുക പോലും ചെയ്യരുത്.  ആനയെ മുക്കാനുള്ളത്ര ആഴവും ആരെയും കറക്കിയെടുക്കുന്ന ചുഴിയും കാണും. 

നെടുങ്കയത്ത് സായിപ്പ് നിർമിച്ച ലോഹ പാലം കാണാം. അവിടെ കയത്തിലിറങ്ങി മരിച്ച ഡോസൺ സായിപ്പിന്റെ ശവകുടീരത്തിലൊന്നു പോകാം. ചുറ്റിനും തേക്കുതോട്ടങ്ങളാണ്. ആനകൾ ഉണ്ടോ എന്നു നോക്കിവേണം പാലത്തിനപ്പുറത്തേക്കു നടക്കാൻ. പിന്നെ വൻമരങ്ങൾക്കടിയിലൂടെ നെടുങ്കയത്തേക്കിറങ്ങാം. പാറക്കെട്ടുകളും മണൽപ്പരപ്പുകളും സഞ്ചാരികളെ കാത്തിരിക്കുന്നു. ആദ്യത്തെ വീതിയേറിയ കയത്തിലേക്ക് ഒരു കാരണവശാലും ഇറങ്ങരുത്. മുകളിലേക്ക് പുഴയിലൂടെ നടന്നു കയറുക. ആഴമില്ല. മുകളിൽ നല്ല ചെറുകുളങ്ങൾപോലെ പുഴ രൂപം കൊണ്ടിട്ടുള്ളിടത്ത് കുളിയ്ക്കാം. 

രണ്ടാമത്തെ കുളിരരുവി ടികെ കോളനിയിലേത്

ടികെ കോളനിയിലെ പുഴയുടെ ഭംഗി കണ്ടുതന്നെ അറിയണം.  കാട്ടിൽനിന്നു നേരിട്ടെത്തുന്ന പുഴ കല്ലുകളിൽ തല്ലിത്തല്ലി ചെറുകുളങ്ങൾ തീർത്ത് നാട്ടിലേക്കെത്തുന്നു. പളുങ്കുജലമാണിവിടെയും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നെടുങ്കയത്തുനിന്നു പൂക്കോട്ടുംപാടം വഴി ടികെ കോളനിയിലേക്കു ചെല്ലാം. സമീപവാസികളുടെ കുടിവെള്ളപൈപ്പുകൾ പുഴയിലുണ്ടാകും. അതു കേടുവരുത്തരുത്. പ്ലാസ്റ്റിക് ഉപേക്ഷിച്ചുപോരരുത്. ഇതു മാത്രം ശ്രദ്ധിച്ചാൽ ടികെ കോളനിയിൽ നല്ലൊരു കുളിപാസാക്കാം.

ടി കെ കോളനി വേണ്ടാ എന്നുണ്ടെങ്കിൽ കേരളാംകുണ്ട് എന്നൊരു മനോഹരമായ, ചെറിയ വെള്ളച്ചാട്ടം കാണാൻ പോകാം. കരുവാരക്കുണ്ട് അങ്ങാടിയിൽനിന്നാണ് ഇവിടേക്കു പോകുക.  ഒരു കിണറുപോലെ പാറക്കെട്ടിൽ ആഴമേറിയ സ്ഥലമാണിത്. ഒരു വശം തുറസ്സാണെന്നു മാത്രം.

Nilambur-trip11

ആഴങ്ങളിലേക്കു പോകാതിരുന്നാൽ സുരക്ഷിതമായി കുളിക്കാം. വെള്ളച്ചാട്ടം കാണാൻ പാറക്കെട്ടുകൾക്കരികിലൂടെ ഇരുമ്പുപടവുകൾ കെട്ടിയിട്ടുണ്ട്. പ്രളയവും ഉരുൾപൊട്ടലും വെള്ളച്ചാട്ടത്തിന്റെ ഭംഗി കുറച്ചിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികൾക്കു കുറവൊന്നുമില്ല. നിലമ്പൂരിൽ നിന്ന്  പൂക്കോട്ടുംപാടം- കാളികാവ് വഴി കരുവാരക്കുണ്ടെത്തുന്നതിനു മുൻപ് കേരളാംകുണ്ട് വഴിയിലേക്കു തിരിയാം. ആഹാരം ഈ അങ്ങാടികളിൽനിന്നു കഴിക്കണം.  

 ഇനി നിലമ്പൂർ എങ്ങനെ വിനോദസഞ്ചാരകവാടമാകുന്നു എന്നു നോക്കാം. 

ഊട്ടി, മൈസൂർ, ഗുണ്ടൽപേട്ട്, മസിനഗുഡി, മുതുമലൈ കടുവാസങ്കേതം, ബന്ദിപ്പൂർ നാഷനൽ പാർക്ക്  തുടങ്ങി കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് നിലമ്പൂരിൽനിന്ന് പോയിവരാവുന്ന ദൂരമേയുള്ളൂ.

നാടുകാണിച്ചുരം കയറിയാൽ ടി ജംങ്ഷൻ. ഇടത്തോട്ട് വയനാട്. വലത്തോട്ടു ചെന്നാൽ ഗൂഡല്ലൂർ, മുതുമലയിലെത്താം. കാടറിഞ്ഞു താമസിക്കാം. ജിപ്സിയെടുത്തു കാട്ടിൽ കറങ്ങാം. മുതുമലയിൽനിന്നു വലത്തോട്ടു ചെന്നാൽ മസിനഗുഡി എന്ന വനഗ്രാമം.പിന്നെ കല്ലട്ടിച്ചുരം കയറി ഊട്ടിയിലേക്ക്. ഇടത്തോട്ടുള്ള, അല്ലെങ്കിൽ നേരിട്ടുള്ള വഴി ബന്ദിപ്പൂർ നാഷനൽ പാർക്കിലൂടെ ഗുണ്ടൽപേട്ട് എന്ന കർണാടക വനഗ്രാമത്തിലേക്ക്. പിന്നെ മൈസൂരിലേക്കും. 

നിലമ്പൂർ ഉള്ളറിഞ്ഞാസ്വദിക്കാനുള്ള ഇടമാണ്. കുറച്ചുദിവസം ഇവിടെ തങ്ങിയശേഷം നാടിന്റെ സഹൃദയത്വം അറിഞ്ഞ്, കുളിരരുവികളിൽ നീരാടി നിലമ്പൂരിനെ തൊടാം. സ്വന്തം കാറിലല്ല യാത്രയെങ്കിൽ നിലമ്പൂർ ഷൊർണൂർ പാസഞ്ചറിൽ കയറി ഇപ്പോഴും പുകതുപ്പിയോടുന്ന കാലത്തിലൂടെ സഞ്ചരിക്കാം

ഹോട്ടൽ- കെടിഡിസി ടാമറിൻഡ്- 04931232000

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA