sections
MORE

ബിരിയാണി കഴിച്ചിട്ട് ലാലേട്ടൻ പറഞ്ഞു, ഇതു സൂപ്പർ!

HIGHLIGHTS
  • പൊതി പൊറോട്ട കഴിച്ചിട്ടുണ്ടോ?
  • ചട്ടിച്ചോറും ബീഫ് റോസ്റ്റും
SHARE

കോഴിക്കോട് എന്നു കേൾക്കുമ്പോൾത്തന്നെ ബിരിയാണി എന്ന് ഓർമ വരുന്നതുപോലെ പാലക്കാട് എന്നു കേൾക്കുമ്പോൾ ഓർമ വരുന്നത് നല്ല ഫിൽറ്റർ കോഫിയും ഇഡ്ഡലി–സാമ്പാറുമായിരിക്കും. ഇത്തരം സമവാക്യങ്ങളെ തെറ്റിച്ച് അസൽ തലശ്ശേരി ദം ബിരിയാണിയും ഫിഷ് കറി മീൽസും ബീഫ് റോസ്റ്റും കിടിലോൽക്കിടിലം നോൺ വെജ് വിഭവങ്ങളും കിട്ടുന്ന കിടിലൻ ഒരു റസ്റ്ററന്റ് പാലക്കാട് ടൗണിലുണ്ട്. അതാണ് കോളജ് റോഡിലുള്ള ഹസീസ് കിച്ചൺ. വീട്ടിലുണ്ടാക്കുന്ന അതേ രുചിയിൽ വൈവിധ്യമുള്ള നോൺ വെജ് വിഭവങ്ങളും നാലുമണി പലഹാരങ്ങളും ഇവിടെയുണ്ട്. 

eatouts

ബിരിയാണി കഴിച്ചിട്ടു ലാലേട്ടൻ പറഞ്ഞു, സൂപ്പറാ!

ഹസീസിലെ തലശേരി ദം ബിരിയാണിയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ജീരകശാല അരിയിലാണ് ഇവിടെ ബിരിയാണി തയാറാക്കുന്നത്. ബിരിയാണിയുടെ ചോറു തയാറാക്കുന്നതിലും ചിക്കൻ മസാല ഒരുക്കുന്നതിലും ദം ഇടുന്നതിലുമെല്ലാം ഹസീനത്തയുടെ കയ്യെത്തും. പകരം വയ്ക്കാനില്ലാത്ത ആ രുചിയുടെ രഹസ്യം എന്തെന്നു ചോദിച്ചാൽ ഹസീനത്ത ചിരിയ്ക്കും. "മസാലപ്പൊടികളൊക്കെ ഇവിടെത്തന്നെ പൊടിപ്പിച്ചെടുക്കുന്നതാണ്. പിന്നെ നല്ല വെളിച്ചെണ്ണയിലാണ് എല്ലാം തയാറാക്കുന്നത്. മിൽമയുടെ നെയ്യാണ് ബിരിയാണിയ്ക്കുപയോഗിക്കുന്നത്. ബിരിയാണിയുടെ മസാല പ്രത്യേകമായി പൊടിച്ചെടുക്കുന്നതാണ്. അതിലാണ് രുചിയുടെ രഹസ്യം," ഹസീനത്ത പറയുന്നു. 

eatouts2

"ഒടിയന്റെ ഷൂട്ടിനു ലാലേട്ടൻ പാലക്കാടു വന്നപ്പോൾ ഞാൻ ചിക്കൻ ബിരിയാണി കൊടുത്തയച്ചിരുന്നു. ബിരിയാണി കഴിച്ചിട്ട് ലാലേട്ടൻ എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിന് വലിയ ഇഷ്ടമായെന്നു പറഞ്ഞു. നല്ല ഭക്ഷണത്തിലൂടെ ലഭിക്കുന്ന ബന്ധങ്ങളാണ് ഇതൊക്കെ," - മോഹൻലാലിൽ നിന്നു ലഭിച്ച അഭിനന്ദനം ഹസീനത്ത പങ്കുവച്ചു. 

ഫിഷ് കറി മീൽസ്

മലയാളിയുടെ വീക്ക്നെസ് പോയിന്റ് എന്നു പറയാവുന്നതാണ് ഫിഷ് കറി മീൽസ്. ഉച്ചയ്ക്ക് ഫിഷ് കറി മീൽസും നല്ല മീൻ വറുത്തതും ഉണ്ടെങ്കിൽ ഒരു ശരാശരി മലയാളി ഹാപ്പിയാണ്. ആ സന്തോഷം തീർച്ചയായും ഹസീസ് കിച്ചണിൽനിന്നു ലഭിക്കും. മീൽസിന്റെ രസച്ചരട് ഇവിടത്തെ മീൻകറിയിലും മീൻ വറുത്തതിലുമാണ്. രുചി ഉറപ്പാക്കുന്നതിനായി പരിമിതമായ അളവിലേ വിഭവങ്ങൾ തയാറാക്കൂ.

തേങ്ങാ അരച്ചു ചേർത്തുണ്ടാക്കിയ നല്ല എരിവും പുളിയുമുള്ള മീൻ കറിയൊഴിച്ചു ചോറുണ്ണുമ്പോൾ തന്നെ മനസ്സു നിറയും. വറവുകളൊന്നും നേരത്തെ ചെയ്തു വയ്ക്കില്ല. ഓർഡർ ചെയ്യുമ്പോൾ ഫ്രഷ് ആയി മീൻ വറുത്തു നൽകും. സ്ഥിരമായി ഇവിടെവന്നു ഫിഷ് കറി മീൽസ് കഴിച്ചുപോകുന്ന നിരവധി പേരുണ്ട്. അതിനു കാരണമെന്തെന്നു ചോദിച്ചാൽ അവർ പറയും, 'പേരിനൊരു ഫിഷ് കറിയല്ല ഇവിടെ മീൽസിനൊപ്പം നൽകുന്നത്. ശ്രദ്ധയോടെ പാകം ചെയ്തെടുക്കുന്ന സ്പെഷൽ ഫിഷ് കറി തന്നെ!' 

പൊതി പൊറോട്ട കഴിച്ചിട്ടുണ്ടോ?

പൊറോട്ടയും ബീഫും ഇല്ലാതെ നമുക്കെന്ത് ആഘോഷം! ഹസീസിലും ഈ ഐറ്റമുണ്ട്. പക്ഷേ, ചെറിയ ട്വിസ്റ്റുണ്ട് ഇവിടെ. വാഴയിലയിൽ പൊതിഞ്ഞ്, കല്ലിലിട്ട് ഒന്നു ചൂടുകേറ്റിയാണ് പൊതിപൊറോട്ട നമുക്കു മുന്നിലെത്തുക. ഒരു പൊറോട്ട വച്ച് അതിനുമുകളിൽ ബീഫ് കറി ഒഴിച്ച് അതിനു മുകളിൽ വീണ്ടുമൊരു ലെയർ പൊറോട്ടയും ബീഫ് കറിയും ചേർത്താണ് പൊറോട്ട ഇലയിൽ പൊതിഞ്ഞെടുക്കുന്നത്.

eatouts3

വാട്ടിയ വാഴയിലയിൽ ഇരുന്നു പൊറോട്ടയും ബീഫ് കറിയും സെറ്റാവും. അതിന്റെ മുഴുവൻ മണവും രുചിയും ആ പൊതി അഴിച്ചെടുക്കുമ്പോൾ അനുഭവിക്കാം. പൊതി അഴിച്ചാൽ പിന്നെ ഇല കാലിയാകുന്നത് അറിയുകയേ ഇല്ല. പൊറോട്ട പ്രേമികൾ ഹസീസ് തപ്പിപ്പിടിച്ച് എത്തുന്നതിനു കാരണം തന്നെ പൊതിപൊറോട്ടയാണ്.

സ്പെഷലായി കോഴി നിറച്ചതെടുക്കട്ടെ!

മുൻകൂട്ടി ഓർഡർ നൽകിയാൽ മാത്രം കിട്ടുന്ന സ്പെഷൽ ഐറ്റമാണ് കോഴി നിറച്ചത്. കോഴിയെ നിറുത്തിപ്പൊരിച്ചെടുക്കുന്നത് സാധാരണ ദിവസങ്ങളിൽ ലഭ്യമാണെങ്കിലും കോഴി നിറച്ചതു തയാറാക്കാൻ സമയം കൂടുതൽ വേണം. ഹസീസ് സ്പെഷൽ മസാല പുരട്ടിയെടുക്കുന്ന കോഴിയുടെ ഉള്ളിൽ മുട്ടയും ഉള്ളി മസാലയും നിറച്ചെടുത്തു തുന്നിക്കൂട്ടും. ഇതു ചെറുതീയിൽ ആദ്യം വേവിച്ചെടുക്കും.

ഇനിയാണ് പൊരിക്കൽ. നല്ല തിളച്ച എണ്ണയിലേക്ക് നിറച്ച കോഴിയെ ഇട്ടു പൊരിച്ചെടുക്കും. അവിടെ തീർന്നില്ല പാചകം. ഇനി ഫിനിഷിങ് ലെവലാണ്. വെളുത്തുള്ളിയും ഉള്ളിയും തക്കാളിയും ചേർത്തുണ്ടാക്കുന്ന ഗ്രേവിയിലേക്ക് പൊരിച്ച കോഴിയെ ഇട്ട് പറ്റിച്ചെടുക്കും. ഇതാണ് കോഴി നിറച്ചത്. ആഘോഷങ്ങൾ കളറാകാൻ ഒരു കോഴി നിറച്ചതു മതി. വയറും നിറയും, മനസ്സും നിറയും. 

eatouts1

ചട്ടിച്ചോറും ബീഫ് റോസ്റ്റും

മാഹിയിലൊക്കെ ഒരു വിധം എല്ലാ ഹോട്ടലുകളിലും ലഭിക്കുന്ന ഇറച്ചിച്ചോറും ഹസീസ് കിച്ചണിൽ കിട്ടും. മൺചട്ടയിലാണ് ഹസീസിലെ ഇറച്ചിച്ചോറ് വിളമ്പുന്നത്. സാധാരണ ചോറിൽ ബീഫ് കറിയും കൂടി ചേർത്തു പ്രത്യേക രീതിയിൽ തയാറാക്കുന്ന ഇറച്ചിച്ചോറുണ്ടെങ്കിൽ കൂട്ടിന് പപ്പടവും തൈരും മാത്രം മതി.

അതുപോലെ ആരാധകരുള്ള ഐറ്റമാണ് ഇവിടത്തെ ബീഫ് റോസ്റ്റും ബീഫ് കടല്റ്റും. വീട്ടിലുണ്ടാക്കുന്ന ബീഫ് റോസ്റ്റിന്റെ കൊതിപ്പിക്കുന്ന രുചിയാണ് ഹസീസിലേത്. ഫിഷ് കറി മീൽസിനൊപ്പം ഞാൻ സ്പെഷലായി പറഞ്ഞതിലൊന്ന് ബീഫ് റോസ്റ്റായിരുന്നു. ഒടുവിൽ ബീഫ് റോസ്റ്റ് രണ്ടു പ്ലേറ്റ് പോന്നോട്ടെ, എന്നു മാറ്റിപ്പറയേണ്ടി വന്നു. അത്രയും ആസ്വദിച്ചാണ് ബീഫ് റോസ്റ്റ് ഞങ്ങൾ കഴിച്ചത്. 

മറ്റൊരു കാര്യം ഇവിടത്തെ സ്റ്റാർട്ടർ ഐറ്റമാണ്. അധികം ഹോട്ടലുകളിൽ ലഭിക്കാത്ത മട്ടൺ സൂപ്പ് ഇവിടെ കിട്ടും. ചിക്കൻ സൂപ്പു പോലെ അത്രയ്ക്ക് സുലഭമല്ല മട്ടൺ സൂപ്പ്. അതുകൊണ്ട് പലരും ഇത് പ്രത്യേകം ചോദിച്ചു കഴിക്കുന്നുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരു ന്യൂജെൻ കഫേ സ്റ്റൈലിൽ ആണെങ്കിലും നമ്മുടെ നാടൻ വിഭവങ്ങൾ മാത്രമേ ഇവിടെയുള്ളൂ. ചൈനീസ് ഫുഡൊന്നും പേരിനു പോലുമില്ല. നല്ല നാടൻ തലശ്ശേരി നാലുമണി പലഹാരങ്ങളും കൂവ മിൽക്കും പുഡിങ്ങുകളും കഴിക്കാൻ നിരനിരയായി ഇരിക്കുമ്പോൾ ചൈനീസ് ഫുഡിനെക്കുറിച്ചൊക്കെ ഓർക്കാൻ ആർക്കുണ്ട് നേരം?! 

വീട്ടമ്മയിൽ നിന്നു സംരംഭകയിലേക്ക്: ഒരു ഫ്ലാഷ്ബാക്ക്

തൃശൂരുകാരിയായ ഹസീന ആരിഫ് ഏകദേശം 13 വർഷം മുൻപാണ് പാലക്കാട് എത്തുന്നത്. വീട്ടിലുള്ളവർ ഇടയ്ക്കു പുറത്തു പോയി ഭക്ഷണം കഴിച്ചു വരുമ്പോൾ പറയും, 'ഉമ്മാ വയ്ക്കണ ഫുഡിന്റെ രസം ഇല്ലാ.. ഉമ്മയ്ക്കൊരു ഹോട്ടല് തുടങ്ങിക്കൂടെ' എന്ന്. മക്കളുടെയും സുഹൃത്തുക്കളുടെയും ഈ ചോദ്യമാണ് ഹസീന ആരിഫ് എന്ന വീട്ടമ്മയെ സംരംഭകയാക്കിയത്.

eatouts2

ആദ്യം അച്ചാറുണ്ടാക്കി വിൽപന നടത്തി. അച്ചാറുകൾക്ക് ആരാധകരേറിയപ്പോൾ മറ്റു വിഭവങ്ങളുണ്ടാക്കി ഭക്ഷണപ്രേമികൾക്കു നൽകാനുള്ള ആത്മവിശ്വാസമായി. അങ്ങനെയാണ് ഹസീസ് കിച്ചൺ പാലക്കാട് ടൗണിൽ തുടങ്ങുന്നത്. ഒരു വീട്ടമ്മ ആയതുകൊണ്ടു തന്നെ ഹോട്ടലിലെ ജോലികൾക്കു ഹസീന കൂടുതൽ തിരഞ്ഞെടുത്തതും സ്ത്രീകളെയായിരുന്നു. ഹസീസ് കിച്ചൺ ഉറപ്പു നൽകുന്ന 'ഹോംലി ഫു‍ഡി'ന്റെ പിന്നിൽ ഹസീനത്തയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സ്ത്രീകളാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA