ADVERTISEMENT

ഡാമുകൾ എന്നു കേട്ടാൽ മാസങ്ങൾക്കു മുൻപു ഞെട്ടിവിറയ്ക്കുമായിരുന്നു കേരളം.   ജലാശയങ്ങളുടെ രൗദ്രത നാമറിഞ്ഞു. എന്നാൽ അവയുടെ മനോഹാരിത പൊയ്പ്പോയിട്ടുണ്ടോ… ഇല്ലെന്നാണ് തൃശ്ശൂർ ജില്ലയിലെ മൂന്നു ഡാമുകളിലെത്തുന്ന ജനം പറയുന്നത്. നഗരത്തിൽനിന്ന് പെട്ടെന്ന് എത്താവുന്നതും കുടുംബസമേതം കറങ്ങാവുന്നതുമായ മൂന്നു ഡാമുകളിലേക്ക് യാത്രയായാലോ… 

പീച്ചിഡാം

Peechi-Dam-2
പീച്ചി ‍ഡാം

തൃശ്ശൂരിൽനിന്ന് ഇരുപത്തിനാലു കിലോമീറ്റർ ദൂരം.  മണലിപ്പുഴയിലാണ്  മനോഹരമായ  പീച്ചി ഡാം.   തൃശ്ശൂരിലേക്ക് കുടിവെള്ളമെത്തിക്കുന്ന പീച്ചി ഡാം ഏറെ സഞ്ചാരികളെ ആകർഷിക്കുന്നു. ഇപ്പോൾ ജലാശയം കാണാൻ മാത്രമേ അനുവാദമുള്ളൂ. ബോട്ടിങ് തുടങ്ങിയ വിനോദസഞ്ചാരപരിപാടികൾ പുനരാരംഭിച്ചിട്ടില്ല. 1947 ൽ ആരംഭിച്ച പണി പൂർത്തിയായത് 1958 ൽ. 

 കാണാനെന്തൊക്കെയുണ്ട്…

Peechi-Dam-trip
പീച്ചി ‍ഡാം

ഡാം എത്തുന്നതിനു മുൻപ് വനഗവേഷണ കേന്ദ്രം. മുൻകൂട്ടി അനുമതി വാങ്ങിയാൽ ഉളളിൽ കയറി കാഴ്ചകൾ കാണാം.  ഡാമിൽ രാവിലെയെത്തുക. കരിങ്കൽക്കാലുകളിൽ ഉയർത്തപ്പെട്ട വിളക്കുകൾ നിവർന്നുനിൽക്കുന്ന ഡാമിനു മുകളിലൂടെ നടന്ന് അക്കരെയെത്താം.  അവിടെ ബ്രിട്ടീഷുകാർ നിർമിച്ച ഒരു കാഴ്ചഗോപുരമുണ്ട്. മുകളിൽനിന്ന് പീച്ചി ജലാശയത്തിന്റെ സുന്ദരമായ കാഴ്ചയാസ്വദിക്കാം. 

പ്രവേശനം- രാവിലെ എട്ടുമണിമുതൽ വൈകിട്ട് ആറുവരെ. 

വിളിക്കേണ്ട നമ്പർ-  04872690100

ദൂരം- തൃശ്ശൂരിൽനിന്ന് 22 KM

പദ്ധതി- രാവിലെ പീച്ചി ഡാമിൽ ചെല്ലാം. ഒന്നൊന്നര മണിക്കൂർ ചെലവിടാനുള്ള കാഴ്ചകൾ പീച്ചിയിലുണ്ട്. 

വാഴാനി ഡാം

പീച്ചി വാഴാനി വന്യജീവിസങ്കേതത്തിലെ രണ്ടാമത്തെ ഡാം ആണ് വാഴാനി.  മണ്ണുകൊണ്ടാണ് ഈ ഡാം നിർമിച്ചിരിക്കുന്നത്. ഡാമിന്റെ കാഴ്ച പീച്ചിയോളം മനോഹരമൊന്നുമല്ല. പക്ഷേ, ഡാമിനു ചാരെയുള്ള ഉദ്യാനം രസകരമാണ്. യുവമിഥുനങ്ങളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ് വാഴാനി. ഏറെ മരങ്ങളും തണലുമുള്ള ഡാമിനിപ്പുറമുള്ള പ്രദേശമാണ് ആകർഷണം. കുട്ടികൾക്കു കളിച്ചു തിമിർക്കാനായി  പാർക്കുമുണ്ട്. 

Vazhani-trip
വാഴാനി ഡാം

ടിക്കറ്റെടുത്ത് ഇടതുവശത്തേക്കു നടക്കുക. അവിടെയാണ് ഡാമിന്റെ തുടക്കം. മാവുകൾ പൂത്തുതുടങ്ങിയിരിക്കുന്നു. മലയണ്ണാൻമാർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു. അതിലൊരുത്തനെ സമീപത്തുള്ള ഒരു തേക്കുമരത്തിൽ വച്ചു കണ്ടു. വൻമരങ്ങൾക്കു താഴെ ഊഞ്ഞാലുകൾ സജ്ജമാക്കിയിട്ടുണ്ട്. ഡാമിനു മുകളിലൂടെ വെയിൽകൊണ്ടു നടക്കുന്നതിനു മുൻപ് ഒന്നൂഞ്ഞാലാടാം. പലയിടങ്ങളിലായി ഊഞ്ഞാലുകളുണ്ട്. 

ജലസേചനപദ്ധതിക്കായി നിർമിച്ച ഡാമിൽ ഇപ്പോൾ വെള്ളം കുറവാണ്. 

കാന്റീനിൽനിന്ന് ഉച്ചയൂൺ ലഭിക്കും. കുട്ടികളെ പാർക്കിലേക്കു സ്വതന്ത്രമായി വിടാം. മുതിർന്നവർക്ക് ഓപ്പൺ തിയറ്ററിന്റെ പടവുകളിൽ, വൻമരത്തണലിൽ ഇരുന്നു സംസാരിക്കാം… ഇതൊക്കെയാണ് വാഴാനി നൽകുന്ന സൗകര്യങ്ങൾ. 

തൃശ്ശൂരിൽനിന്ന്  23 Km. തൃശ്ശൂർ  ഷൊർണൂർ റൂട്ടിൽ മണലാർകാവ് അമ്പലം  കഴിഞ്ഞുവലത്തോട്ടു തിരിഞ്ഞു പോകാം. 

പൂമല ഡാം

Poomala-Dam-2
പൂമല ഡാം

പേരുപോലെത്തന്നെ മനോഹരമാണ് പൂമല ഡാം. വൻ ജലാശയമൊന്നുമല്ല ഇത്. പക്ഷേ, ഒഴിവസമയം ചെലവിടാൻ യോജിച്ചതാണ്.  സായാഹ്നം ചെലവിടാൻ പൂമലയിലെത്താം. ചരിത്രപ്രാധാന്യമുള്ള മുനിയറകളും പൂമല ഡാമിനടുത്തു കാണാം. മറ്റുള്ള ഡാമുകളെ അപേക്ഷിച്ച് ജലവിതാനം ഡാമിന്റെ ഉയരത്തോടു ചേർന്നാണ്. ചുറ്റിനും നല്ല പച്ചപ്പുണ്ട്. കൊച്ചു ഡാമിനു മുകളിലൂടെ നടക്കുക രസകരം. ചേട്ടൻമാർ ആ കുളിർജലത്തിൽ നീന്തിത്തുടിച്ചു കുളിക്കുന്നുണ്ട്. 

വഴി-  തൃശ്ശൂർ ഷൊർണൂർ പാതയിൽ മുളങ്കുന്നത്തുകാവിൽനിന്നു വലത്തോട്ടു തിരിഞ്ഞ്   12 Km സഞ്ചരിച്ചാൽ പൂമലയിലെത്താം. 

Poomala-Dam-trip
പൂമല ഡാം

ആഹാരവും വെള്ളവും വാഹനത്തിൽ കരുതണം. ഡാമിൽനിന്നു സാഹസികത കാണിച്ച് ജലാശയത്തിൽ ഇറങ്ങരുത്. നാട്ടുകാരുടെ ഉപദേശം മാനിക്കണം. 

തൃശ്ശൂരിലുള്ളവർക്ക്  ഒരു ദിവസം ചെലവിടാൻ മാത്രമല്ല ഈ സ്ഥലങ്ങൾ. മറിച്ച് തൃശ്ശൂർ സന്ദർശിക്കുന്നവർക്ക്   ഒന്നു റിലാക്സ് ചെയ്യാൻ സന്ദർശിക്കാവുന്ന  സ്ഥലങ്ങൾ കൂടിയാണിവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com