ADVERTISEMENT

തേവള്ളി, കണ്ടച്ചിറ, കുരീപ്പുഴ, തെക്കുംഭാഗം, കല്ലട, പെരുമൺ, കുമ്പളത്ത്, കാഞ്ഞിരോട്ട് എന്നീ എട്ട് മുടികൾ (ശാഖകൾ) ചേർന്നാണ് കേരളത്തിലെ രണ്ടാമത്തെ വലിയ കായലിന് അഷ്ടമുടിയെന്ന പേരു വന്നത്. കൊല്ലംകാരുടെ മീൻ വിശേഷങ്ങൾ...

മീൻ കഥ തേടി കൊല്ലത്തേക്ക് യാത്രതിരിച്ചപ്പോൾ മനസ്സിലാദ്യം വന്നത് ആ പഴയ കൊഞ്ചും ചെമ്മീനും കഥയാണ്. മരങ്ങൾ ഇടതൂർന്ന നാട്ടുവഴിയോരത്തൊരു വീട്, വഴി ചെന്നെത്തുന്നത് ചെറിയൊരു കാവിലേക്ക്. അരുകിലായി ഒറ്റയാനെപ്പോലെ കുറ്റനൊരാൽ മരം. വീടിനു മുന്നിലായി നാലഞ്ച് പുത്തൻ കറിച്ചട്ടികൾ നിരന്നിരിക്കുന്നു. അതിലേക്കൊരാൾ ചാക്കു നൂൽ അഴിച്ച് കടലാസ് പൊതിയിലെ പൊടിയിട്ട് വെള്ളമൊഴിച്ച്  ഇളക്കുകയാണ്.  ഇതൊരു അടുക്കളയല്ല. കാവനാടുള്ള കൊല്ലം കാദംബരിയുടെ നാടക റിഹേഴ്സൽ ക്യാംപാണ്. നാടകം ആയിരം അശ്വമേധം. 32 വർഷം മുൻപൊരു പുലരിയിൽ ഉണർന്നപ്പോൾ മുറ്റത്ത് കണ്ട കാഴ്ചയാണ്. മൺചട്ടികളിൽ നിറങ്ങൾ ചാലിച്ച് ആർട്ടിസ്റ്റ് സുജാതൻ ഒരുക്കിയ രംഗപടമാണ് പ്രകൃതി ദൃശ്യത്തിൽ.

travel-1thanni-kayal--1

കറിക്കൂട്ടിൽ  നിറക്കൂട്ട് ചാലിക്കുന്ന മൺചട്ടിയുടെ ഉപയോഗം കണ്ട് കൗതുകത്തോടെ അമ്മച്ചി മറിയംബീവി നിൽക്കുന്നു. ഇതു കണ്ട്  കറിവയ്ക്കാൻ ‘നല്ല കൊഞ്ചുണ്ട്’ എന്ന് ട്രൂപ്പുടമയും സംവിധായകനുമായ സുന്ദരൻ കല്ലായി. വിടർന്ന വിരലുകൾ പോലെ  ഇലകളുമായി ഇളം കാറ്റിലാടി നിൽക്കുന്ന കടപ്ലാവ് നോക്കി ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ  വറുത്തരയ്ക്കാമെന്ന് അനു പല്ലവി പോലെ പറഞ്ഞു.

അന്നേ കയറ്റുമതിക്കാരുടെ പ്രിയ മത്സ്യമാണ് കൊഞ്ച്, അപൂർവവും മോഹവിലയുമാണ് നാട്ടിൽ, അതാണ് ഉൗണിന് കറി. കായൽപ്പൊന്നിനെ കിനാവ് കണ്ട് ഉച്ചയ്ക്കെല്ലാവരും തീൻമേശയിലേക്ക്. ചോറിനൊപ്പം കറിയെത്തിയപ്പോൾ പാത്രത്തിൽ കടച്ചക്ക മാത്രം. മുങ്ങിത്തപ്പിയിട്ടും കായൽ രാജാവായ കൊഞ്ചിനെ കാണുന്നില്ല. കൊഞ്ചെവിടെ എന്നു ചോദിച്ചപ്പോൾ വിളമ്പുകാരൻ തവി കൊണ്ട് കോരിയെടുത്ത് കാണിച്ചത് കണ്ടപ്പോൾ പൊട്ടിയ ചിരിയിൽ വിശപ്പ് കടൽ കടന്നു. ഷർട്ടിന്റെ ബട്ടൻസ് പോലെ ചുരുണ്ട് കിടക്കുന്ന ചെറു ചെമ്മീനാണ് കൊല്ലത്ത് കൊഞ്ച്.

നടന്നു കോരാം മീൻ

travel-ashtamudi-vala-veeshal

ഇരവിപുരം താന്നിക്കായലിലുടെ കഴുത്തറ്റം വെള്ളത്തിൽ നടന്നു കൊണ്ടൊരാൾ വള്ളം വ ലിക്കുന്നു. കോരുവലയാണിത്, ഇരു ഭാഗവും മുളയിൽ കെട്ടിയ ഒരു മാറ് വീതിയും 70 മാറ് നീളവുമുള്ള വല കായലിലൊരിടത്ത് കുത്തി നിർത്തും. ബാക്കി വലയൊക്കെ വള്ളത്തിലിരിക്കും. മുന്നിൽ നിൽക്കുന്നയാൾ വെള്ളത്തിലേക്ക് വല നീട്ടും. ഏതാണ്ട് പൂജ്യം പോലൊരു ആകൃതിയെത്തുമ്പോളേക്കും വല തീർന്നിരിക്കും. അവിടെ കുത്തും. പിന്നെ ആദ്യം കുത്തിയ വല ഉൗരിയെടുത്ത് വള്ളത്തിൽ ഇരിക്കുന്നയാൾക്ക് കൊടുക്കും. കുത്തിയതു പോലെ നടന്ന് പതിയെ വല തിരിച്ചെടുക്കും, ഒടുവിൽ കയറിൽ ഇടുന്നൊരു കുരുക്ക് മുറുക്കുന്നതു പോലെ അടുപ്പിച്ച് കൊണ്ട് വരുമ്പോൾ വലയ്ക്കുളളിലെ മീനുകളെല്ലാം വള്ളത്തിലായിരിക്കും. വലിച്ചെടുക്കുമ്പോഴേക്കും മീനുകളൊക്കെ വലയിൽ കുരുങ്ങിയിരിക്കും. ചെമ്മീനാണ് രാവിലത്തെ കൊയ്ത്ത്.

വല കുടഞ്ഞ് മീനെടുക്കലാണ് അടുത്ത പണി. ചേട്ടാനിയന്മാരായ ഫ്രെഡി, നോർബ ർട്ട്, ഡൊമനിക് എന്നിവരാണ് വലക്കാർ. രണ്ട് സെറ്റ് വലയും മൂന്നു പേരും. വലിച്ചു വരുന്ന വല മുതിർന്നയാൾ കുടയും. മറ്റ് രണ്ട് പേർ അടുത്ത വലയിടാൻ പോകും. ദിവസം ഇങ്ങനെ 10 റൗണ്ട് വല വരെ വലിക്കാറുണ്ടിവർ.

ഡൊമനിക് മീനുകൾ കുടഞ്ഞിടുന്നത് നോക്കി കടവിലെ ബോട്ട് ജെട്ടിയിലൊരാൾ ബീഡിയും വലിച്ചിരിക്കുന്നു. മീനെടുത്ത് വീടുകൾ തോറും നടന്ന് വിൽക്കുന്ന പീറ്റർ ചേട്ടൻ. കൊടുക്കുന്നെങ്കിൽ പറയാൻ എന്നു പറഞ്ഞതും ഡൊമനിക് പാത്രത്തിലെ  മീനുകൾ  കൈ കൊണ്ട് ആകെയൊന്ന് ഇളക്കിക്കോരിക്കൊണ്ട് പറഞ്ഞു, ഒന്നര (`1500). പീറ്റർ ചേട്ടൻ ഒന്നു കുടി ആഞ്ഞൊരു പുകയെടുത്തുകൊണ്ട് ഏഴ് എന്നു തിരിച്ചും. കടവിൽ വച്ച കൊഞ്ച് പാത്രം ഡൊമനിക് തിരികെ വള്ളത്തിലേക്കെടുത്തു. കരയിൽ നിന്നും എട്ട് എന്നു പറഞ്ഞിട്ടും കച്ചവടം നടക്കുന്ന ലക്ഷണം കാണാത്തതു കൊണ്ട് താന്നിപ്പാലത്തിന്റെ മുകളിൽ നിന്നുള്ള മീൻകാരെ കാണാനായി  രാഹുലിന്റെ ബൈക്ക് സ്റ്റാർട്ടാക്കി (ഏഴും എട്ടും എഴുന്നൂറും എണ്ണൂറുമാണ് )

വിശേഷം പറഞ്ഞ് നീട്ടു വലക്കാർ

travel-ashtamudi-muringa-

നീട്ടു വലയുമായി താന്നി പാലത്തിന്റെ ചുവട്ടിലേക്ക് മടങ്ങിയെത്തുന്ന വള്ളക്കാരെ തേടിയാണ് യാത്ര. പൊടിയൻ മൈക്കിളും പത്രോസും വിശേഷങ്ങൾ പറഞ്ഞ് തുഴയുകയാണ്. വൈകിട്ട് അഞ്ചിന് പോയിട്ട് രാവിലെ എട്ടിനാണ് തീരമണയുന്നത്. നടുക്കായലിൽ വലയിട്ട് രാത്രി ഉൗണും ഉറക്കവും (ഉറങ്ങാറില്ലെന്നു മാത്രം ) കായലിൽ തന്നെ. രാത്രി ഭക്ഷണവുമായാണ് പോകുന്നത്.  കായലിന്റെ വിവിധ വശങ്ങളിലേക്ക് പോകുന്ന ഇവരൊക്കെ ഏതാണ്ട് ഒരേ നേരത്താണ് തിരിച്ചെത്തുന്നത്. മീനിടാൻ ചിലർക്ക് തെർമോകോൾ പെട്ടിയുണ്ട്. കരിമീൻ , കണമ്പ്, പ്രാച്ചി, കൊഞ്ച് ഇങ്ങനെ പലതരം മീനുകളുമായാണ് മടക്കം.

ബാഗിൽ ക്യാമറ വച്ച് വണ്ടിയിലേക്ക് കയറുമ്പോൾ ഒരു പരിചിത മുഖം എതിരെ വരുന്നു. രാവിലെ കണ്ട പീറ്റർ ചേട്ടൻ തലയിൽ ചരുവം വച്ച് വരികയാണ്. നടപ്പു കണ്ടാലറിയാം, ലോഡുണ്ട്. ചിരിക്കുന്ന മുഖം കണ്ടപ്പോൾ ചോദിച്ചു എത്രയ്ക്ക് കിട്ടി, ആയിരം എന്നു പറഞ്ഞ് ചേട്ടൻ വിട്ടു, ഫോട്ടോ പിടിക്കാൻ വന്ന പിള്ളാരോട് ലോഹ്യം പറഞ്ഞ് നിന്നിട്ടു കാര്യമില്ല, മുടക്കിയ ആയിരവും പിന്നെ ലാഭവും തിരിച്ച് പിടിക്കണമെങ്കിൽ മൈൽസ് ടു ഗോ.. ചേട്ടന് അതു നന്നായറിയാം.

അഷ്ടമുടിയെന്ന അക്ഷയ ഖനി

തേവള്ളിക്കായൽ, കണ്ടച്ചിറക്കായൽ, കുരീപ്പുഴക്കായൽ, തെക്കുംഭാഗം കായൽ, കല്ലടക്കായൽ പെരുമൺ കായൽ, കുമ്പളത്തു കായൽ, കാഞ്ഞിരോട്ടു കായൽ എന്നീ എട്ട് മുടികൾ (ശാഖകൾ) ചേർന്നാണ് കേരളത്തിലെ രണ്ടാമത്തെ വലിയ കായലിന് അഷ്ടമുടിയെന്ന പേരു വന്നത്. കായലിന്റെ ഏറ്റവും ആഴമുള്ള ഭാഗം കുണ്ടറ ഭാഗത്താണ്. പണ്ട്, കല്ലടയാർ പതിക്കുന്ന കായൽ മുഖത്ത് ധാരാളം ശുദ്ധജലമത്സ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഓരു ജല മത്സ്യങ്ങൾ മാത്രമായി കായലിൽ. അതു കൊണ്ട് വിവിധയിനം കക്കാകളും സമ‍ൃദ്ധമാണ്.

അഷ്ടമുടി വടക്കേക്കര വലിയ വിള ഷിബു ജോസഫിന്റെ വീട്ടിലേക്കാണ് കൊല്ലത്തു നിന്നും തിരിച്ചത്. വീടിനോടു ചേർന്നുള്ള കായലോരത്ത് കൂട് മത്സ്യക്കൃഷിയും നീട്ടു വല വലിച്ചും  കുഴിവാലി വലയിട്ടും വീശു വലയെറിഞ്ഞും വാഴുകയാണ് ഇൗ കുടുംബം.

രണ്ട് തരത്തിലാണിവിടെ വല വീശൽ. കായലിൽ കല്ലുള്ളിടത്ത് വീശുന്നതാണ് കല്ലൻ വ ല. മറ്റൊന്ന് നടുക്കായലിലെ ടങ്കീസ് വല വീശലും.  നുൽ വലയാണ് കല്ലൻ.  എത്തമുള്ളിടത്താണീ പ്രയോഗം. അനി വില്യം വല വീശിക്കഴിഞ്ഞതോടെ വള്ളത്തിൽ നിന്ന് ഷിബു ചാടിയിറങ്ങി. കല്ലിൽ‌ തടഞ്ഞ വല പതിയെ മാറ്റി വലയ്ക്കകത്തെ മീനിനെ തപ്പിയെടുത്ത് വള്ളത്തിലേക്കിടും. കണമ്പാണ് ആദ്യം കയ്യിൽ തടഞ്ഞത്. കരിമീൻ, കണമ്പ്, അഴുക, ചെമ്പല്ലി എന്നിവയാണ് ഇങ്ങനെ കിട്ടുന്ന മീനുകൾ.

അഷ്ടമുടിയുടെ ത്രിവേണി സംഗമമാണിത്. കടൽ പോലെ ശക്തമായി തിരയടിക്കുന്ന തീരമായതിനാൽ തെങ്ങ് പിളർന്ന് കുറ്റി നാട്ടി കായലിൽ വേലി കെട്ടിയാണ് മീൻ കൂടുകളെ സംരക്ഷിക്കുന്നത്. കായൽ ഇപ്പോൾ ശാന്തമാണ്. സർക്കാറിന്റെ നീല വിപ്ലവ പദ്ധതിയിലെ കൂടു മീൻ കൃഷിയും ഇവരെല്ലാം ചെയ്യുന്നുണ്ട് . പിവിസി പൈപ്പ് കൊണ്ടൊരുക്കിയ ചതുരച്ചട്ടയിൽ. ഒഴുക്കുള്ള വെള്ളത്തിൽ സ്ഥാപിക്കുന്ന ഒരു കൂട്ടിൽ ആയിരം മീനുകളാണ് കൊള്ളുക. അഞ്ച് കൂടുകളിലായി വർഷം 5400 കരിമീനും 1000 കാളാഞ്ചിയും വളർത്തുന്ന രീതിയാണ്. പെല്ലറ്റ്, കപ്പലണ്ടി, അരി, ഗോതമ്പ് എന്നീ പൊടികൾക്കൊപ്പം ഉണക്ക മീനും പൊടിച്ചാണ് തീറ്റയായി നൽകുന്നത്.

വീശിയിട്ട് മീനിനെ മുങ്ങിയെടുക്കും

അഷ്ടമുടിയിൽ വീശിയപ്പോൾ കണമ്പും കുറിച്ചിയും  പലവിധ ചെറു മീനുകളൂമാണ് കിട്ടിയത്. ഷിബുവിന്റെ ചേട്ടത്തി എൽസി സുനിൽ അ തെല്ലാം ചേർത്ത് ബോട്ടു കറിയാക്കാമെന്നു പറഞ്ഞ് അകത്തേക്കെടുത്തു. കരയിൽ മുരിങ്ങയുടെ തോട് പൊഴിഞ്ഞ തിട്ടയിൽ തഴപ്പായ് വിരിച്ച് മല്ലിയും മുളകും ഉണക്കാനിട്ടിരിക്കുന്നു. പൊടിപ്പിച്ചെടുത്ത കറിക്കൂട്ടുകളുടെ ഗന്ധം പേറിയൊരു കാറ്റ് അഷ്ടമുടിയുടെ ഓളങ്ങളിൽ നിന്നുയർന്ന് അടുക്കളയെ ലക്ഷ്യമാക്കി ഒഴുകി.

മഴവെള്ളത്തിൽ ഒഴുകി വരുന്ന വടക്കൻ പുളിയാണ് കറിക്കു ചേർക്കുന്നത്. ആറ്റിറമ്പിൽ നിന്നു പഴുത്ത് വീഴുന്ന കുടം പുളി മഴ വെളളത്തിൽ ഒഴുകിയെത്തുന്നത് മീൻ പിടിക്കാൻ പോകുന്നവർ  കൊണ്ടു വരുന്നതാണ് ‘വടക്കൻ പുളി’. എരിവ് അല്പമല്ല, നന്നായി തന്നെ മുന്നി ൽ നിൽക്കുന്നതാണ് ബോട്ടു കറി. ബോട്ട് മാസ്റ്റർമാർക്കും വലക്കാരുടെയും പ്രിയ രുചിയാണ് നല്ല എരിവുള്ള മീൻ‌കറി.

മുരിങ്ങ വാരുവാൻ പുതിയ ഗ്ലൗസിട്ട് വെള്ളത്തിലേക്കിറങ്ങുകയാണ് തങ്കച്ചൻ. കായൽത്തട്ടിലെ ക ല്ലും പരപ്പും ഉള്ള ഭാഗത്താണ് മുരിങ്ങ വീഴുന്നത്. മലബാറിലെ മുരുവാണ് കൊല്ലത്തെ മുരിങ്ങ. പ്രോട്ടീൻ സമ്പുഷ്ടവും രുചിയുടെ തമ്പുരാനുമായ മുരിങ്ങ വിത്തിട്ട് വളർത്തുന്നുമുണ്ട്. പഴയകാല മീൻ പിടുത്തത്തിന്റെ കഥകളുമായി ഷിബുവിന്റെ പിതാവ് ജോസഫ് തോബിയാസ് ഒപ്പം കൂടി. തുപ്പും പടലും വച്ചും ചുരുമുടി, പെയ്ത്തുവലി എന്നീ രീതിയിലും  വളയം ഭാഗത്തൊക്കെ മൂന്ന് വള്ളം ത്രികോണാകൃതിയിൽ വലിച്ച് കൊഞ്ചിനെ പിടിക്കുന്ന വിശേഷങ്ങൾ തീരും മുന്നേ രുചിയുടെ ഓളം പുറത്തേക്ക് പരന്നു. നാടൻ കറിവേപ്പില കൊണ്ടലങ്കരിച്ച ചില്ലു പാത്രത്തിൽ നാവിലുടെ ബോട്ടോടിച്ചാണ് മീൻ രുചി കടന്നു വന്നത്.

ശാസ്താംകോട്ടയിലെ തെളിനീർ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമാണ് ശാസ്താംകോട്ട. കുടിവെള്ളത്തിനായി ദിവസം ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്ത് തടാകം ക്ഷയിക്കുകയാണ്. കൊല്ലം കോർപറേഷൻ, സമീപ പഞ്ചായത്തുകൾ, ചവറ -പന്മന കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലേക്കായി ദിവസം 53 ദശലക്ഷം ലീറ്റർ ജലം ഇവിടെ നിന്നു പമ്പു ചെയ്യുന്നുണ്ട്. അതനുസരിച്ച് കായലിലേക്ക് ജലം ഒഴുകി എത്തുന്നുമില്ല. വെള്ളം വറ്റിയ തീരങ്ങളിൽ ചെളി നിറഞ്ഞു. കരിമീനാണ് ഇവിടെ ധാരാളമായി കിട്ടുന്നത്. മഴക്കാലത്ത് കിട്ടുന്ന ഏട്ടയിൽ നിറയെ മുട്ടയായിരിക്കും. വർഷത്തിൽ രണ്ട് തവണയാണ് ഏട്ട കിട്ടുന്നത്. കലക്ക വെള്ളം ഇറങ്ങുമ്പോഴേക്കും ഇവ മുട്ടയിടാൻ കയറി വരുമെന്ന് രാജ ഗിരി റോഡിലെ ഫാത്വിമ മാതാ കുരിശടിക്കു മുന്നിൽ മകൻ അസോണുമായി പ്രാർഥിക്കാനെത്തിയ മുകിൾ വിളയിൽ ജോർജ് പറയുന്നു.

കടൽ കീഴടക്കി കാക്കത്തോപ്പിലെ വീരന്മാർ

കാക്കത്തോപ്പിൽ മുളങ്കീർ കൊ ണ്ട് അലമാലയെ ഭേദിക്കുന്ന സാഹസികരെ കണ്ട് വണ്ടിയൊതുക്കി. ഹോ... ശ്വാസം അടക്കിപ്പിടിച്ചേ ഇവരുടെ മടങ്ങി വരവ് കണ്ടിരിക്കാനാവൂ. എന്തൊരു ധൈര്യമാണിവർക്ക് തിരമാലകൾക്ക് മുകളിലൂടെ കൊടുങ്കാറ്റിന്റെ വേഗത്തിൽ വെറുമൊരു മുളങ്കീർ കൊണ്ട് കട്ടമരം തുഴഞ്ഞെത്തുന്ന സാഹസികർക്ക് ഒരു കപ്പലിന്റെ കരുത്തുണ്ടെന്നു തോന്നി.  അങ്കത്തിനു തുണ പോകുന്ന ധൈര്യത്തോടെ കടലിലേക്ക് ഇറങ്ങിച്ചെല്ലുന്ന തുണക്കാരനാണ് ഏറെ ശ്രമപ്പെട്ട് ഇവരെ വലിച്ചു കയറ്റുന്നത്. ചാളത്തടിയെന്നും കട്ടമരത്തിന്  പേരുണ്ട്. പുലർച്ചെ നാലിനാണ് കടലിലിറങ്ങുന്നത്.

മൂന്നു കിലോ മീറ്ററോളം കടലിലേക്ക് തുഴഞ്ഞാണ് വല വിരിക്കുന്നത്. ചാള, പരവ, ചെമ്മീൻ, ഞണ്ട് എന്നിവയാണ് വലയിൽ.. ‘വലയിൽ കുരുങ്ങിയ ഞെട്ടൽ മാറാത്ത മീനിനായി’ കാക്കത്തോപ്പിൽ രാവിലേ ആവശ്യക്കാരെത്തും . ഐസ് തൊടാത്ത കടൽ മത്സ്യം വേണമെങ്കിൽ വിട്ടോ കാക്കത്തോപ്പിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com