മഞ്ഞുപൊതിയുന്ന അഞ്ചു കിടുക്കൻ വഴികളിലൂടെ ഡ്രൈവ് ചെയ്യാം

kudag
SHARE

ഒരു തലോടൽ പോലെ മൂടൽമഞ്ഞുനിങ്ങളെ പൊതിയുന്ന വഴികൾ. വാഹനത്തിന്റെ എസി ഒഴിവാക്കിയിട്ട് പ്രകൃതി ഒരുക്കുന്ന സെൻട്രലൈസ്ഡ് എസി അനുഭവിക്കണം. ഭംഗിയുള്ള വഴിവക്കിൽ. വാഹനം നിർത്തി ഇറങ്ങണം. മഞ്ഞിനെ ഉള്ളിലേക്കാവാഹിച്ച് സുഹൃത്തുക്കളുമായി സൊറ പറഞ്ഞ് കറങ്ങണം. ഇതൊക്കെയാണോ ഉളളിലുള്ളത്… ഈ മഞ്ഞുവഴികളിലേക്കു ഡ്രൈവ് ചെയ്യാം.

കുടകിലേക്കുള്ള  മഞ്ഞുവഴി

കാപ്പിപൂക്കുന്ന കാലത്ത്  മഞ്ഞിന്റെ തണുപ്പറിഞ്ഞ് യാത്ര ചെയ്യണോ… മാനന്തവാടി കഴിഞ്ഞ് കുടകിലേക്കുള്ള വഴിയൊന്നു പരീക്ഷിക്കാം. കുട്ട എന്ന അതിർത്തി ഗ്രാമം കഴിഞ്ഞാൽ പിന്നെ കർണാടകയിലെ കാപ്പിത്തോട്ടങ്ങളാണ്. മഞ്ഞും മരങ്ങളും കാപ്പിച്ചെടികൾക്കുമേൽ മഞ്ഞുമൂടിയതുപോലെ വെളുത്ത പൂക്കളും അവയുടെ സുഗന്ധവും മാത്രം.

മടിക്കേരിയിലേക്കുള്ള  ഈ സുന്ദരമായ വഴി  കേരളത്തിനു പിന്നിലേക്ക് ഒരു ഇരുപതു കൊല്ലം നിങ്ങളെ കൊണ്ടുപോകും. സംശയമില്ല. കുട്ട കഴിഞ്ഞാൽപിന്നെ അധികം അങ്ങാടികളില്ല. അതിവിശാലമായ കാപ്പിത്തോട്ടങ്ങളിലൂടെ ഏതാണ്ട് ഏകാന്തമായിത്തന്നെയാകും നിങ്ങളുടെ വാഹനം പോകുക. സ്ഥലം കാണുന്നതിനുപരിയായി സുഹൃത്തുക്കളുമായി വെറുതേ ഡ്രൈവ് ചെയ്തുപോകാനുളള ആദ്യവഴികളിലൊന്ന് ഇതാണ്. 

ഡ്രൈവ് തന്നെ രസകരമാണെങ്കിലും കാഴ്ചകളും കുറവല്ല. മടിക്കേരിയിലെ അബ്ബി വെള്ളച്ചാട്ടം, കോട്ട, കുശാൽനഗറിലെ ബുദ്ധ ആശ്രമങ്ങൾ, തലക്കാവേരി എന്നിവ കണ്ട്  ഒരു ദിവസം കാപ്പിപ്പൂക്കൾക്കിടയിൽ താമസിച്ചു തിരിച്ചുപോരുകയും ചെയ്യാം. 

ദൂരം- മാനന്തവാടി- മടിക്കേരി  നൂറ്റിപ്പതിനാലു കിലോമീറ്റർ .

പാമ്പാടും-ചോലയിലൂടെ-

താമസസൗകര്യത്തിന്- ഹോട്ടൽ ഗ്രീൻ പാത്ത് - 9900911777  

മുനിയറ കാണാനൊരു മഞ്ഞുവഴി

മൂന്നാർ മറയൂർ പാത നമുക്കൊഴിവാക്കാൻ പറ്റില്ല. നിങ്ങളും ഏറെ യാത്ര ചെയ്തിട്ടുണ്ടാകും ഇതുവഴി.  എല്ലാ കാലാവസ്ഥകളിലും മഞ്ഞു കണ്ണുമൂടിക്കളിക്കുന്ന പാതകളിലൊന്നാണിത്.

മൂന്നാർ മലനിരകളെ സൂര്യൻ പൊന്നണിയിക്കുന്നതു കാണാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ പാതയാണ്.  പലയിടത്തും ചോലക്കാടുകൾക്കരികിലൂടെയാണു വഴി. കരിങ്കുരങ്ങുകളെ കാണാം. ചന്ദനക്കാടുകൾക്കിടയിലൂടെ വണ്ടിയോടിക്കാം. കരിമ്പിൻപൂക്കൾക്കു മണമുണ്ടോ എന്നറിയാൻ ഗ്രാമവഴികൾ പരീക്ഷിക്കാം. 

വയനാട്

ദൂരം- മൂന്നാർ-മറയൂർ  നാൽപ്പതു കിലോമീറ്റർ

താമസം സ്വകാര്യഹോട്ടലുകൾ

വാഗമണ്ണിലേക്ക് വേറിട്ടൊരു വഴി

കുന്നിൻമുകളിലൂടെയുള്ള ഏകാന്തപാതയാണിത്. ഇയ്യോബിന്റെ പുസ്തകത്തിലെ ചില സീനുകളും ഓർഡിനറിയിലെ ബസ് റൂട്ടും ചിത്രീകരിച്ച അതിസുന്ദരവഴി. മഞ്ഞിന് ഒരു വിശ്രമവുമില്ല. പുൽമേടുകൾക്കിടയിലൂടെ അകലെയുള്ള ഇല്ലിക്കൽകല്ലു കണ്ട്  ഡ്രൈവ് ചെയ്യുമ്പോൾ  ഒരു പക്ഷേ, നിങ്ങളുടെ വാഹനം മാത്രമേ ആ വഴിയിലുണ്ടാകൂ. നമുക്കിഷ്ടമുളളിടത്തു വണ്ടിനിർത്തി മഞ്ഞിനെയും മലകളുടെ നീലിമയെയും പകർത്താം.

വാഗമണ്ണിലേക്ക്-വേറിട്ട-വഴി

തൊടുപുഴയിൽനിന്നു മുട്ടം കാഞ്ഞാർ കൊടിയത്തൂർ വഴിയിൽനിന്നു വലത്തോട്ടു തിരിയുക. ഇലവീഴാപൂഞ്ചിറയിലൊരു ട്രെക്കിങും നടത്താം. വാഗമണ്ണിന്റെ മൊട്ടക്കുന്നുകളും പൈൻഫോറസ്റ്റും മറ്റു കാഴ്ചകളും ആസ്വദിക്കാം. 

ദൂരം- തൊടുപുഴ- വാഗമൺ നാൽപ്പത്തിമൂന്നു കിലോമീറ്റർ. 

വട്ടവട വിളിക്കുന്നു

കേരളത്തിൽ ശീതകാല വിളകൾ വിളയുന്ന ഗ്രാമമാണ് വട്ടവട എന്നറിയാമല്ലോ. വട്ടവടയിലേക്കുളള മഞ്ഞുവഴി ഒരു ദേശീയോദ്യാനത്തിലൂടെയാണ്. പാമ്പാടുംചോല നാഷനൽ പാർക്ക്. ചോലക്കാടിന്റെ തണുപ്പും ഗ്രാൻഡിസ് മരങ്ങൾ നൽകുന്ന വേറിട്ട കാഴ്ചകളും  റോഡിൽവരെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തിൻകൂട്ടങ്ങളും ഈ മഞ്ഞുവഴിയുടെ കാഴ്ചകളാണ്. 

കനത്തമഞ്ഞാണ് വഴിയിലുണ്ടാകുക. വേഗം കുറച്ചുപോയില്ലെങ്കിൽ വാഗനം മൃഗങ്ങളെ ഇടിച്ചിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു കിട്ടി. 

മറയൂരിലേക്കുളള-വഴി

പാമ്പാടുംചോല ദേശീയോദ്യാനത്തിലൂടെയുള്ള വഴി പണ്ടത്തെ കൊടൈക്കനാൽ പാതയായിരുന്നു. ഇവിടെ മരവീടുകളും മറ്റു താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് വനംവകുപ്പ്. ആസ്വദിച്ചു വണ്ടിയോടിക്കാം. തണുപ്പറിഞ്ഞു താമസിക്കാം. വട്ടവടയിൽനിന്നു തനതു കാർഷികവിഭവങ്ങൾ വാങ്ങുകയും ചെയ്യാം. 

വയനാട്ടിലെ അറിയാവഴിയിയൊന്നിതാ

വയനാട്ടിൽ എവിടെയും മഞ്ഞുവഴികളുണ്ട് എന്നു പറയേണ്ടതില്ലല്ലോ… എന്നാൽ സുഹൃത്തുക്കളുമായി  സഞ്ചരിക്കാൻ മറ്റാരും വരാത്ത  വയനാട്ടിലെ  ഒരു മഞ്ഞുവഴി തിരഞ്ഞെടുത്താലോ… ബാണാസുര സാഗർ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ കണ്ടു യാത്ര ചെയ്യാം. പൂക്കോട്ട് തടാകം കണ്ട് കോളിച്ചാൽ വഴിയിലേക്കു തിരിയുക. 

ചെറുവഴിയാണെങ്കിലും ഗതാഗതം കുറവാണ്. എസ്റ്റേറ്റുകൾക്കിടയിലൂടെയാണു വഴി. മഞ്ഞിന്റെ അപ്രതീക്ഷിതവരവും നമ്മുടെ വാഹനത്തിന്റെ  ഏകാന്തതയും ആണ് ഈ പാതയുടെ ഹൈലൈറ്റ് . പടിഞ്ഞാറത്തറ വരെയെത്തുന്ന വഴി വയനാട് സന്ദർശിക്കുന്നവരിലും മാറിയൊരു സഞ്ചാരമാകാം എന്നു കരുതുന്നവർക്കും പുതുമ നൽകും. ബാണാസുരസാഗർ ജലാശയത്തിന്റെ മറ്റാരും കാണാത്ത കരകൾ കാണാമെന്നതാണ് വഴിയുടെ മറ്റൊരു നേട്ടം. 

ദൂരം- ഇരുപത്താറു കിലോമീറ്റർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA