sections
MORE

അതിരപ്പിള്ളിയോടു കിടപിടിക്കുന്ന കിടിലൻ വെള്ളച്ചാട്ടം, കാണണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടണം

HIGHLIGHTS
  • മാങ്കുളവും ആനക്കുളവും ഒരു ദിവസമെടുത്തുതന്നെ കാണണം.
  • വൈദ്യുതി ഉൽപാദിപ്പിച്ച് കെഎസ്ഇബിക്കു നൽകുന്ന പഞ്ചായത്താണ് മാങ്കുളം
perumbankuthu-trip4
SHARE

മൂന്നാറിന്റെ അതിരിലാണ് ആ ഗ്രാമം. പേരു നിങ്ങൾ കേട്ടിട്ടുണ്ടാകും. പലരും അവിടെയെത്തിയിട്ടുമുണ്ടാകും. മാങ്കുളം . അടിമാലി കഴിഞ്ഞ് കല്ലാറിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞു ഏലക്കാടുകൾക്കിടയിലൂടെയുള്ള കുഞ്ഞുവഴിയാണ് മാങ്കുളത്തേക്കു നമ്മെ നയിക്കുക. മാങ്കുളം പഞ്ചായത്ത് പരിധിയിലാണ് ഒളിഞ്ഞിരിക്കുന്ന ഈ വെള്ളച്ചാട്ടം. പെരുമ്പൻകുത്ത്. അധികമാരും അടയാളപ്പെടുത്തിയിട്ടില്ലാത്ത ആ വെള്ളച്ചാട്ടം തേടിയാണ് നമുക്കു പോകേണ്ടത്. 

perumbankuthu-trip6

മാങ്കുളം സഞ്ചാരികൾക്ക് ഒരു സ്വപ്നഗ്രാമമാണ്. വെള്ളച്ചാട്ടങ്ങളും കാടും ഗ്രാമങ്ങളുമുള്ള, എന്നാൽ അധികമാരും കയറിച്ചെന്നിട്ടില്ലാത്ത അതിസുന്ദരഗ്രാമം.  സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് കെഎസ്ഇബിക്കു നൽകുന്ന പഞ്ചായത്താണ് മാങ്കുളം. അപ്പോൾ അറിയാമല്ലോ മാങ്കുളത്തെ വെള്ളച്ചാട്ടങ്ങളുടെ ഗമ. അതിലൊന്നാണ് പെരുമ്പൻകുത്ത്.  

perumbankuthu-trip5

മൂന്നാറിലേക്കു പോകുമ്പോൾ  കല്ലാർ വഴി ആനക്കുളത്തൊന്നു കയറാം. അല്ലെങ്കിൽ ആനക്കുളത്തേക്കു മാത്രമായി ചെല്ലുകയുമാകാം. പതിനെട്ടു കിലോമീറ്റർ ദൂരമുണ്ട് മാങ്കുളത്തേക്ക്. വഴിയിൽ ചെറു വെള്ളച്ചാട്ടങ്ങൾ കാണാം. സമയമുണ്ടെങ്കിൽ അവയാസ്വദിക്കാം. പക്ഷേ നമുക്ക് ആനക്കുളത്തേക്കു പോകാം.   ഇടതുവശത്ത് താഴ്‌‌‌വാരങ്ങൾ. അങ്ങകലെ ചെറുമലനിരകളുടെ മേൽ മഞ്ഞുമേലാപ്പുകെട്ടുന്നുണ്ട്. ആ സാഹസികവഴി എത്തുന്നത് ഒരു ചെറു നദിക്കരയിൽ. അതാണു ആനക്കുളം.  മുട്ടോളം വെളളമേയുള്ളൂ പുഴയിൽ.  കുളിർജലം. പുഴയോരത്തും പുഴയിലും  പച്ചപ്പുല്ലുകൾ. ഇടത്തോട്ടു വേണമെങ്കിൽ പുഴയോരത്തുകൂടി ഏറെദൂരം നടക്കാം. പുഴ കടന്നാൽ അക്കരെ കുട്ടമ്പുഴ വനമേഖല. അവിടെനിന്നാണ് ആനകൾ പുഴയിലേക്കിറങ്ങുക. പുഴയ്ക്കടിയിൽനിന്നു വരുന്ന ഉപ്പുരസമുള്ള കുമിളകൾ ആസ്വദിക്കാനാണത്രേ ആനകൾ വരുന്നത്. തൊട്ടടുത്ത് കടകളുമൊക്കെയുണ്ടെങ്കിലും വലിയ ശല്യമില്ല ആനകളെക്കൊണ്ട് എന്നൊരു ചങ്ങാതി പറഞ്ഞു. 

perumbankuthu-trip1

ആനക്കുളമാണ് മാങ്കുളത്തെ  ഏറ്റവും സവിശേഷതയാർന്നത്. ആനകളുടെ ലഹരികേന്ദ്രം എന്നാണ് നാട്ടുകാരിൽ ഒരാൾ ആനക്കുളത്തെ വിശേഷിപ്പിച്ചത്. സംഗതി നിങ്ങളും കേട്ടിട്ടുണ്ടാകും. ആനകൾ കൂട്ടംകൂട്ടമായി വെള്ളംകുടിക്കാൻ പതിവായി എത്തുന്ന ഇടമാണിത്. നമുക്കിവിടെ കാത്തിരിക്കാൻ സമയമില്ല. പെരുമ്പൻകുത്ത് മാടിവിളിക്കുന്നുണ്ട്. 

രണ്ടുനദികൾ ചേരുന്നതിനു മുൻപായിട്ടാണ് പെരുമ്പൻകുത്ത് . 

മച്ചിപ്ലാവ്  ഫോറസ്റ്റിലേക്കുള്ള പാലം ആ പുഴയ്ക്കു കുറുകെയാണ്. അതായത് നാം ഒരു വെള്ളച്ചാട്ടത്തിന്റെ ആരംഭത്തിലാണ്. അങ്ങുതാഴെ ആരവം കേൾക്കാം. ഞങ്ങൾ വണ്ടിനിർത്തി. വെള്ളച്ചാട്ടത്തിലേക്കു നടപ്പാതയുണ്ടോ? ഇല്ല.  താഴെയെത്തണമെങ്കിൽ എസ്റ്റേറ്റിലൂടെ സാഹസികമായി ഇറങ്ങണം. അതിലൂടെ വഴിയൊന്നുമില്ലതാനും. എന്നാലും നടന്നിറങ്ങുക തന്നെ. ക്യാമറ തൂക്കി ഇറങ്ങി. അങ്ങുതാഴെ ചെന്നപ്പോഴാണു രസം. രണ്ടു പുഴകളുടെ സംഗമം. കണ്ടാൽ ഒന്നുചാടിക്കുളിച്ചുകയറിപ്പോരാൻ തോന്നുന്ന അത്ര നല്ല വെള്ളം.

perumbankuthu-trip

ചാടുകയൊന്നും വേണ്ട. അപകടമാണ്. അവിടെയുള്ള മുരളി എന്ന കർഷകൻ മുന്നറിയിപ്പുതന്നു.  രണ്ടാറ്റുമുന്നി എന്നാണ് ആ സംഗമത്തിനു നാട്ടുകാർ പറയുന്ന പേര്.  വെള്ളച്ചാട്ടത്തിനടുത്തേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു. അടുത്തെത്തുംതോറും ആരവം കുറയുന്നതുപോലെ. ഉയരത്തിൽ ഏതാണ് അതിരപ്പിള്ളിയോടടുത്തുവരും പെരുമ്പൻകുത്ത് എന്ന് ആനക്കുളം സിറ്റിയിൽനിന്നൊരു ചേട്ടൻ പറഞ്ഞിരുന്നു. കാണുമ്പോൾ സത്യമാണെന്നു തോന്നും. ഒരു വ്യത്യാസമുണ്ട്. പെരുമ്പൻകുത്ത് പലതട്ടുകളായിട്ടാണു പതിക്കുന്നത്. അതുകൊണ്ട് രൗദ്രതയെക്കാൾ ഭംഗിയാണ് ഈ കുത്തിന്. 

നല്ലതണ്ണിയാറാണ് താഴെയൊഴുകുന്നത്. വനത്തിലൂടെ മാത്രം ഒഴുകുന്നതുകൊണ്ട് നല്ല വെള്ളം എന്ന അർഥമാണീ കുളിർവാഹിനിക്ക് നാട്ടുക്കാർ കൽപിച്ചുനൽകിയിട്ടുള്ളത്. മാങ്കുളം ആറിലാണ് പെരുമ്പൻകുത്ത് വെള്ളച്ചാട്ടം. 

വെള്ളച്ചാട്ടത്തിനരികെ അപായഭീതിയില്ലാതെ ചെല്ലാം. വൻപാറകളിൽ കയറിച്ചെന്നാൽ പാറയോടു ചേർന്ന് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ചില തട്ടുകളിൽ കൈതൊടാം. ഏറെ നേരം ഞങ്ങൾ ആ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ടുനിന്നു. പിന്നീട് നടന്നുകയറുന്നതാലോചിച്ചപ്പോൾ തിരികെ മുരളിച്ചേട്ടന്റെ സഹായത്താൽ തിരിച്ചുകയറി. 

perumbankuthu-trip2

മുൻപു പറഞ്ഞല്ലോ, മാങ്കുളം വെള്ളച്ചാട്ടങ്ങളുടെ നാടാണെന്ന്. നാം കല്ലാറിൽനിന്നു വരുമ്പോൾ ഇടത്തേക്ക് ഉള്ളിലേക്കു നടന്നുകയറിയാൽ നക്ഷത്രക്കുത്ത്. ഈ വെള്ളച്ചാട്ടത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിച്ചാണത്രേ കെഎസ്ഇബിക്കു നൽകിയിരുന്നത്. ഒരു കാര്യം പറയാൻ മറന്നുപോയി. കുത്ത് എന്നാൽ വാമൊഴിയിൽ വെള്ളച്ചാട്ടം എന്നാണർഥം. കോഴിവാലൻ കുത്ത്, കരിന്തിരിക്കുത്ത്, മീൻകുത്തികുത്ത് എന്നിങ്ങനെ സാഹസികർക്കു പ്രിയപ്പെട്ട ഏറെ വെള്ളച്ചാട്ടങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതാണ് മാങ്കുളം. ഒരു കാര്യം ശ്രദ്ധിക്കണം. അപകടസാധ്യത ഏറെയുള്ള വെള്ളച്ചാട്ടങ്ങളാണിവിടെ. പരിചയമുള്ളവർപോലും അപകടത്തിൽപെട്ടിട്ടുണ്ട്. ഏറെ സ്വകാര്യതാമസസൗകര്യങ്ങളും ഇപ്പോൾ മാങ്കുളം-ആനക്കുളം മേഖലയിലുണ്ട്. കാടിന്റെ സ്വച്ഛതയനുഭവിച്ച് താമസിക്കാം. വെള്ളച്ചാട്ടങ്ങളുടെ രൗദ്രതയാസ്വദിക്കാൻ നടന്നിറങ്ങാം. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കാണാം. 

മൂന്നാറിലേക്കുള്ള യാത്രയിൽ വെള്ളച്ചാട്ടം കണ്ടുപോകാനുള്ള സമയമുണ്ടാകുമോ...?

 മാങ്കുളവും ആനക്കുളവും ഒരു ദിവസമെടുത്തുതന്നെ കാണണം. അതിരാവിലെ എത്തുകയാണെങ്കിൽ നാട്ടുകാരുടെ ആരുടെയെങ്കിലും സഹായത്തോടെ പെരുമ്പൻകുത്തിലേക്കു ചെല്ലാം. ഉച്ചയോടെ വെള്ളച്ചാട്ടം കണ്ടു തിരിച്ചു പോകാം. പക്ഷേ, ആനക്കുളത്തെയും മാങ്കുളത്തെയും കുളിർജലത്തിൽ ഒന്നു കുളിക്കാതെ എങ്ങനെ മടങ്ങിപ്പോകാൻ തോന്നും. അതുകൊണ്ട് ഒന്നു കണ്ടു എന്നു പറയാൻവേണ്ടി മാത്രം കാണണമെങ്കിൽ മൂന്നാറിലേക്കുള്ള വഴിയിലെ ഇടത്താവളമാക്കാം. ആനകൾ സന്ധ്യയാകുമ്പോഴേ സാധാരണ എത്താറുള്ളൂ. ധൃതിപിടിച്ചുതിരിച്ചുപോകുന്നവർക്ക് അക്കാഴ്ചയും നഷ്ടമാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA