sections
MORE

കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം ഇൗ പാതകളിലൂടെ

motorable-Wayanadu
SHARE

ലോകത്തിലെ ഏറ്റവും രസകരമായ കാര്യം എന്താണെന്നറിയുമോ? പ്രിയപ്പെട്ടവരുമായി, സുന്ദരമായൊരു പാതയിലൂടെ കഥകൾ പറഞ്ഞ്, കാഴ്ചകളാസ്വദിച്ചു വണ്ടിയോടിക്കുക. അത്തരം യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇതാ  കേരളത്തിലെ മികച്ച അഞ്ചു സുന്ദരപാതകൾ അലസഗമനം, അസുലഭകാഴ്ചകൾ, ആയാസരഹിത ഡ്രൈവിങ്– ഇവയാണ് ഈ പാതകൾ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം. പാതകൾ ഇവയാണ്.

റാങ്ക് 1

നിലമ്പൂർ– നാടുകാണി

ജില്ല– മലപ്പുറം

ദൂരം– 36 കിലോമീറ്റർ

സവിേശഷത–ചുര

വഴിക്കാഴ്ചകൾ– തേക്ക് മ്യൂസിയം– ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം

കൊനോലീസ് പ്ലോട്ട്– ലോകത്തിലെ ആദ്യ തേക്കുതോട്ടം. 

ചാലിയാർ പുഴക്കാഴ്ചകൾ

ചന്തക്കുന്നിലെ ബംഗ്ലാവുകുന്ന്– പട്ടണത്തിനു നടുവിലെ ഇടതൂർന്ന കാടും മരത്തലപ്പുകൾക്കുമീതെ ഇരുമ്പുപാലത്തിലൂടെ നടത്തവും. 

നീലഗിരിയുടെ തോഴിയായ നിലമ്പൂരിൽനിന്നു തമിഴ്നാട് അതിർത്തിയായ നാടുകാണിയിലേക്കുള്ള പാത കേരളത്തിലെ ഏറ്റവും സുന്ദരമായ ചുരങ്ങളിലൊന്നാണ്. നിലിമ്പപുരം എന്നു ലോപിച്ചാണ് നിലമ്പൂരായത് എന്നു കഥയുണ്ട്. മുളകളുടെ പുരം എന്നാണർഥം. ചുരത്തിനിരുപുറവും മുളകൾ നിറഞ്ഞിരിക്കുന്നു. ചുരം കയറുക എന്നത് ഒന്നു റിലാക്സ് ചെയ്യുക എന്നതിന്റെ പര്യായമാണ് നിലമ്പൂരുകാർക്ക്. യാത്ര വടപുറത്തുനിന്നു തുടങ്ങണം. മരങ്ങൾ പന്തലുതീർക്കുന്ന കൊനോലീസ് പ്ലോട്ട് കഴിഞ്ഞ്  നിലമ്പൂർ–ചന്തക്കുന്ന്– ചുങ്കത്തറ–എടക്കര–വഴിക്കടവ് വഴി മുകളിലേക്കു കയറണം.

motorable-Pambadum-Shola

റബറൈസ്ഡ് റോഡിൽ കാറിലോ ബൈക്കിലോ ഇരുന്ന് മുളത്തലപ്പുകൾ പാടുന്ന സംഗീതം കേട്ട്, ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ആനകളെ കണ്ടില്ലെന്നു നടിച്ച് നാൽപ്പതു കിലോമീറ്റർ താണ്ടണം. വ്യൂപോയിന്റുകളിൽ  നിർത്തി അങ്ങുതാഴെ മരുതയുടെയും മറ്റും താഴ്‌വാരങ്ങളിൽ മഞ്ഞുമൂടുന്നതും മലകളെ സൂര്യൻ മുത്തമിടുന്നതും ആസ്വദിക്കണം.ലഘുപാനീയങ്ങളും മറ്റും വഴിക്കടവിൽനിന്നു വാങ്ങിപ്പോകണം. നാടുകാണിയിലെത്തുമ്പോഴേ പിന്നെ കട്ടൻചായ കിട്ടുകയുള്ളൂ.

എന്തുകൊണ്ട് ഒന്നാം റാങ്ക്?

കാട്ടിലൂടെ ഇത്ര നല്ല റോഡിൽ ചുരം കയറാൻ നാടുകാണിയെപ്പോലെ നല്ലൊരിടമില്ല. മുപ്പതുകിലോമീറ്റർ ദൂരത്തിൽ ഇത്ര വ്യത്യസ്തമായ കാഴ്ചകൾ കിട്ടുന്നിടവും അപൂർവം. ചുരമാണെങ്കിലും ഒരു കൊടുംവളവുപോലുമില്ലെന്നതു ഡ്രൈവിങ് അനായാസമാക്കുന്നു. 

റൂട്ട്– നിലമ്പൂർ(ടൗൺ)– കൊനോലീസ് പ്ലോട്ട്(കാഴ്ച) –ചന്തക്കുന്ന്(ടൗൺ)– തേക്ക് മ്യൂസിയം (കാഴ്ച)–കെടിഡിസി ടാമറിൻഡ് (താമസം, ഭക്ഷണം)–ചുങ്കത്തറ (ടൗൺ)–എടക്കര (ടൗൺ)–വഴിക്കടവ് (ടൗൺ–ഇവിടെനിന്ന് ആവശ്യത്തിനു വെള്ളവും ലഘുആഹാരങ്ങങ്ങളും വാങ്ങണം)–ശേഷം ചുരം– നാടുകാണി (തമിഴ്നാട് അതിർത്തി–നല്ല ചായ)

motorable

അടുത്തുള്ള മറ്റു സ്ഥലങ്ങൾ

ഊട്ടി, ഗൂഡല്ലൂർ, ദേവർഷോല, മൈസൂർ, ബന്ദിപ്പൂർ ദേശീയോദ്യാനം

2) ചാലക്കുടി–വാഴച്ചാൽ

വാഹനപ്രേമികളും വനപ്രേമികളും ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടായിരിക്കും ചാലക്കുടി മുതൽ വാഴച്ചാൽ വരെ. കേരളവിനോദസഞ്ചാരത്തിന്റെ കൊടിക്കൂറയായ ആതിരപ്പിള്ളി വെള്ളച്ചാട്ടം ഈ യാത്രയുടെ പ്രധാന ആകർഷണമാണ്. പക്ഷേ, നമ്മെ കൂടുതൽ ഉത്സാഹഭരിതരാക്കുക നന്നായി പരിപാലിക്കപ്പെടുന്ന സുന്ദരൻ കാട്ടുപാതയാണ്.

വളവുകളും മറ്റും താരതമ്യേന കുറവാണ്. എസി ഓഫ് ആക്കുക, കാടിന്റെ ബ്ലോവറിനെ അനുഭവിക്കുക. വാഹനം നിർത്തുമ്പോൾ എല്ലാ ഗ്ലാസുകളും പൊക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം കുരങ്ങൻമാരുടെ വാഹനപരിശോധന കർശനമാണിവിടെ. ചാലക്കുടി കഴിഞ്ഞാൽപ്പിന്നെ വലിയ തിരക്കുകളില്ലാത്ത ചെറു കവലകളാണ് അധികവും. അതിരപ്പിള്ളിയിലെത്തുമ്പോൾ മാത്രം ചെറിയ ഗതാഗതപ്രശ്നമുണ്ടാകും.

ജില്ല– തൃശ്ശൂർ

ദൂരം– 38 കിലോമീറ്റർ

സവിേശഷത–വനപാത

വഴിക്കാഴ്ചകൾ– അതിരപ്പിള്ളി വെള്ളച്ചാട്ടം– ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്ന്

motorable-Kudayathur

തുമ്പൂർമുഴി ഡാം– സകുടുംബം സമയം ചിലവിടാവുന്ന സുരക്ഷിതമായ പുഴയോരം

വാഴച്ചാൽ വെള്ളച്ചാട്ടം, സിൽവർ സ്റ്റോം, ഡ്രീം വേൾഡ് വാട്ടർതീം പാർക്കുകളിൽ കയറാം. 

താമസം– വഴിയിലെങ്ങും ഹോട്ടലുകളും ചെറുറിസോർട്ടുകളുമുണ്ട്.

ഭക്ഷണം– ചാലക്കുടി ഇലഞ്ഞിപ്രയിലെ വാസുവേട്ടന്റെ കടയിൽനിന്ന് ആഹാരം കഴിക്കുകയാണ് ഈ യാത്രയിലെ ആദ്യ ലഹരി. ഒട്ടേറെ ഹോട്ടലുകൾ അതിരപ്പിള്ളിയിലെത്തുംവരെ ലഭ്യമാണ്.

ചാലക്കുടി (ടൗൺ)–ഇലഞ്ഞിപ്ര (ആഹാരം)–തൂമ്പൂർമുഴി (കാഴ്ച, ആഹാരം)–ഡ്രീംവേൾഡ് (ഉല്ലാസം)–സിൽവർ സ്റ്റോം– അതിരപ്പിള്ളി (കാഴ്ച)–വാഴച്ചാൽ (കാഴ്ച) 

മറ്റു സ്ഥലങ്ങൾ– വാഴച്ചാലിൽനിന്നു മലക്കപ്പാറ വരെയുള്ള കാട്ടുറോഡിലുടെ ഒരു യാത്രയാകാം. 

3) മൂന്നാർ––വട്ടവട

മൂന്നാർ എന്നു കേട്ടാലേ തണുപ്പു കാലിലെത്തും. വട്ടവടയിലേക്കൊരു ഡ്രൈവ് നടത്തിയാൽ ആ കുളിര് കരളിലുമെത്തും. പാമ്പാടുംചോല എന്ന ദേശീയോദ്യാനത്തെ അനുഭവിച്ച്, റോഡിനു തൊട്ടരുകിൽ മേയുന്ന കാട്ടുപോത്തുകളെ കണ്ട് കേരളത്തിന്റെ ശീതകാലകൃഷിയിടമായ വട്ടവടയിലെത്താം. വേഗം ഒട്ടും േവണ്ട. കാഴ്ചകൾ ഏറെയുണ്ട്, വന്യമൃഗങ്ങൾ എപ്പോഴും റോഡ് ക്രോസ് ചെയ്യാം. ശാന്തമായ പാതകളും തലയാട്ടുന്ന തേയിലത്തലപ്പുകളും കണ്ടുള്ള യാത്ര ആരെയും ഒന്നു ചിൽഡ് ആക്കും.</p>

ജില്ല– ഇടുക്കി

ദൂരം– 45 കിലോമീറ്റർ

സവിേശഷത–ചിൽഡ് റോഡുകൾ

വഴിക്കാഴ്ചകൾ– പാമ്പാടുംചോല ദേശിയോദ്യാനം– കേരളത്തിലെ ഏറ്റവും ചെറിയ നാഷനൽ പാർക്ക്

ടോപ് സ്റ്റേഷൻ– മൂന്നാറിന്റെ ഉയരക്കാഴ്ചാമുനമ്പ്. പണ്ട് ബ്രിട്ടീഷുകാരുടെ റോപ് വേയുടെ അവശിഷ്ടങ്ങൾ കാണാം. 

വട്ടവട–കേരളത്തിന്റെ ശീതകാല പച്ചക്കറിക്കൃഷിയുള്ള സ്ഥലം. ആപ്പിളും മറ്റും വിളയുന്നിടം.

മാട്ടുപ്പെട്ടി,കുണ്ടള ഡാമുകൾ– മാട്ടുപ്പെട്ടിയിലെ പുൽമേട്ടിൽ സദാസമയവും ആനക്കൂട്ടങ്ങളെ കാണാം. 

താമസം– പാമ്പാടുംചോല നാഷനൽ പാർക്ക്– കൂടുതൽ വിവരങ്ങൾക്ക് 8301024187, വട്ടവടയിൽ ഒട്ടേറെ സ്വകാര്യ താമസസൗകര്യങ്ങൾ ലഭ്യമാണ്.

ആഹാരം– ടോപ് സ്റ്റേഷനിൽ നല്ല ഹോട്ടലുകളുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾക്കടുത്ത് കഞ്ഞിവരെ കിട്ടുന്ന കടകളുണ്ട്. പിന്നെ വട്ടവടയിൽ മാത്രമേ ആഹാരം ലഭിക്കൂ.

റൂട്ട്– മൂന്നാർ (ടൗൺ)–മാട്ടുപ്പെട്ടി (കാഴ്ച, ആഹാരം)– ടോപ്സ്റ്റേഷൻ (കാഴ്ച, ആഹാരം )–പാമ്പാടുംചോല (താമസം, കാഴ്ച)–വട്ടവട(കാഴ്ച, താമസം, ഭക്ഷണം)

4) മുട്ടം –കുടയത്തൂർ–വാഗമൺ

ഓർ‍ഡിനറി സിനിമയിൽ പച്ചപ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്നൊരു വഴിയുണ്ട്. അത് ഗവിയിൽ അല്ല. അധികമാരും സഞ്ചരിക്കാത്ത മുട്ടം–കാഞ്ഞാർ–വാഗമൺ റൂട്ട് ആണത്. മൊട്ടക്കുന്നുകൾക്കു മുകളിലൂടെയും ഇടയിലൂടെയും വളഞ്ഞുപുളഞ്ഞൊഴുകുന്ന ചെറുവഴിയിൽ മിക്കവാറും നിങ്ങൾ മാത്രമേ കാണുകയുള്ളൂ.

വഴി ചെറുതും ചെറുഗട്ടറുകൾ ഉള്ളതുമാണെങ്കിലും മിനുറ്റുകൾക്കുള്ളിൽ മാഞ്ഞും തെളിഞ്ഞും കളിക്കുന്ന മഞ്ഞും പച്ചപ്പുൽമേടുകളും ഈ റൂട്ടിനെ കേരളത്തിന്റെ മികച്ച ഡ്രൈവബിൾ റോഡ് ആക്കുന്നു. അങ്ങോട്ടുപോകുമ്പോൾ വലത്തുവശത്ത് ഇല്ലിക്കൽക്കല്ലിന്റെ വിദൂരദൃശ്യം കിട്ടും. ലക്ഷ്യസ്ഥാനമെത്തുമ്പോൾ വാഗമണ്ണിന്റെ മൊട്ടക്കുന്നുകളും മനം കുളിർപ്പിക്കാനുണ്ട്.</p>

ജില്ല– കോട്ടയം 

ദൂരം– 38 കിലോമീറ്റർ

സവിേശഷത–കുന്നുകൾക്കുമുകളിലൂടെയുള്ള പാത. വിജനം. ഏകാന്തയാത്രികർക്ക് പ്രിയകരം.

വഴിക്കാഴ്ചകൾ– മലങ്കര റിസർവോയർ,  ഇല്ലിക്കൽക്കല്ല്, മഞ്ഞ്, മലകൾ, വാഗമൺ കുന്നുകൾ

താമസം– വാഗമണ്ണിലെ സ്വകാര്യഹോട്ടലുകൾ,  

ആഹാരം– ടോപ് സ്റ്റേഷനിൽ നല്ല ഹോട്ടലുകളുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾക്കടുത്ത് കഞ്ഞിവരെ കിട്ടുന്ന കടകളുണ്ട്. പിന്നെ വട്ടവടയിൽ മാത്രമേ ആഹാരം ലഭിക്കൂ. 

സന്ദർശിക്കാവുന്ന മറ്റിടങ്ങൾ– ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, ഇടുക്കി ഡാം.

റൂട്ട്– തൊടുപുഴ(ടൗൺ,ആഹാരം)–മുട്ടം (കാഴ്ച, ആഹാരം)–കുടയത്തൂർ–വാഗമൺ (ആഹാരം,ടൗൺ)

5) പുൽപ്പള്ളി–ബത്തേരി

വയലും കാടും ചേരുന്ന വയനാട്ടിൽ എവിടെപ്പോയാലും രസകരമായി വണ്ടിയോടിക്കാം. എങ്കിലും ബത്തേരി–പുൽപ്പള്ളി റൂട്ടിലൂടെ ഒന്നു പോയിനോക്കണം. വയനാട്ടിലെ അധികമാരും സഞ്ചരിക്കാത്ത വഴികളിലൊന്നാണിത്. കാടിനു കാടും, ആനയ്ക്ക് ആനയും നാടിനു നാടും ചേർന്ന പാത. കാട്ടിനുള്ളിലൂടെ കറുത്ത പരവതാനി വിരിച്ചപോലെ കിടക്കുന്ന റോഡിലൂടെ സൂക്ഷിച്ചുവേണം വണ്ടിയോടിക്കാൻ.

ബത്തേരി പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ താണ്ടുമ്പോൾതന്നെ ആനകളുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് കാണാം. പിന്നെ എവിടെയും എപ്പോഴും ആനത്താരകളുണ്ട് എന്നതാണ് അവസ്ഥ. പക്ഷേ, അപകടങ്ങളൊന്നുമില്ല. കാട് റോഡിനോടു ചേരുന്ന ചിലയിടങ്ങളിൽ മുൾച്ചെടികളുമുണ്ട്.  വൈദ്യുതവേലികളുമുണ്ട്. ദൂരം കുറവാണ് എന്നൊരു പരാതി മാത്രമേ ഈ പാതയോടു നമുക്കു തോന്നുകയുള്ളൂ.

ജില്ല– വയനാട്

ദൂരം– 26 കിലോമീറ്റർ

സവിേശഷത–കാട്ടുപാത

വഴിക്കാഴ്ചകൾ– വയനാട് വന്യജീവ സങ്കേതത്തിലെ വന്യമൃഗങ്ങൾ

താമസം– ബത്തേരിയിലും പുൽപ്പള്ളിയിലും സ്വകാര്യവാസസ്ഥലങ്ങൾ

ആഹാരം–ബത്തേരി, പുൽപ്പള്ളി. 

സന്ദർശിക്കാവുന്ന മറ്റിടങ്ങൾ– മുത്തങ്ങ, കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, അമ്പലവയൽ പൈതൃകമ്യൂസിയം, സീതാ ക്ഷേത്രം, 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA