ADVERTISEMENT

പാലക്കാട് ടൗണിൽ നിന്ന് ഒൻപതു കിലോമീറ്റർ അകലെയാണ് കണ്ണാടി ഗ്രാമം. കണ്ണാടിക്കടുത്തുള്ള പാത്തിക്കൽ കണ്ണാടിയിൽ നിന്ന് കുറച്ചു ദൂരമേയുള്ളൂ തേങ്കുറുശ്ശിയിലേക്ക്. നോക്കെത്താ ദൂരത്തോളം വയലേലകളുള്ള തേങ്കുറുശ്ശിയിലേക്കുള്ള വഴിയരികിലാണ് കണ്ടാത്ത് തറവാട്. പൃഥ്വിരാജിന്റെ വിവാഹം നടത്തിയ സ്ഥലം എന്നു പറഞ്ഞാൽ പെട്ടന്നു മനസ്സിലാവും. ഇരുനൂറു വർഷം പഴക്കമുള്ള എട്ടുകെട്ട് ഇപ്പോൾ ഹോം സ്േറ്റയാണ്. വിദേശികൾ കേരളത്തിൽ താമസിക്കാൻ തിരഞ്ഞെടുക്കുന്ന ഹോംസ്േറ്റകളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാനായി അടുത്തിടെ കണ്ടാത്ത് തറവാട്ടിൽ പോയിരുന്നു. ‘‘ഇവിടെ വച്ചായിരുന്നു സിനിമാ നടൻ പൃഥ്വിരാജിന്റെ വിവാഹം.

kandath-tharavad2

ക്ഷണിതാക്കളായി കഷ്ടിച്ച് നൂറോളം ആളുകൾ. അതിൽ മുപ്പത്തഞ്ചുപേർ ക്യാമറക്കാർ...’’ കണ്ടാത്ത് തറവാട് എന്ന ഹോം േസ്റ്റയുടെ വിശേഷങ്ങൾ വീടിന്റെ ഉടമയായ ഭഗവൽദാസ് പറഞ്ഞു. കണ്ടാത്ത് തറവാടിന്റെ മുറ്റം വിവാഹത്തിനുള്ള വേദിയാക്കിയിട്ട് ഏറെക്കാലമായിട്ടില്ല. എഴുനൂറാളുകൾക്ക് ഒന്നിച്ചിരുന്ന് ഉണ്ണാനുള്ളത്രയും വിസ്താരമുള്ള വേദിയാണിത്. ഓപ്പൺ എയർ ഓഡിറ്റോറിയം എന്നു പറയാം. ഒരുപക്ഷേ, വിവാഹപ്പന്തലൊരുക്കാൻ വീട്ടു മുറ്റം വിട്ടുകൊടുക്കുന്ന ഒരേയൊരു തറവാട് കണ്ടാത്ത് മാത്രമായിരിക്കും.

പാലക്കാട് സ്വദേശിനിയായ സുപ്രിയയും നടൻ പൃഥ്വിരാജുമായുള്ള വിവാഹം നടത്തിയതോടെയാണ് കണ്ടാത്ത് തറവാട് എന്ന പേര് മാധ്യമങ്ങളിൽ നിറഞ്ഞത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ച് സ്വകാര്യ ചടങ്ങായിട്ടാണ് പൃഥ്വിരാജിന്റെ വിവാഹം നടത്തിയത്. കണ്ടാത്ത് തറവാട്ടിലെ സന്ദർശക പുസ്തകത്തിൽ വിവാഹ ശേഷം പൃഥ്വിരാജ് കുറിച്ചിട്ട വാക്കുകൾ: 

purathalam-in--tharavad

‘‘This will always remain a special place to me and my wife. Will definitely be back!’’ ഹോം സ്േറ്റ എന്ന ആശയം പാലക്കാട് ജില്ലയിൽ നടപ്പാക്കിയ ആദ്യത്തെ വീടാണ് കണ്ടാത്ത്. കണ്ടാത്ത് ഭഗവൽദാസ് എന്ന ആധുനിക ചിന്താഗതിക്കാരനാണ് പാത്തിക്കൽ കണ്ണാടി എന്ന ഗ്രാമത്തെ സ്വന്തം തറവാടിന്റെ പേരിലൂടെ വിദേശ രാജ്യങ്ങളിൽ പ്രശസ്തമാക്കിയത്. കണ്ടാത്തിലെ അഥിതികളിലേറെയും ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

kandath-tharavad

രണ്ടു നിലകളുള്ള കണ്ടാത്ത് തറവാട്ടിൽ പതിനഞ്ചു മുറികളാണുള്ളത്. മൂന്നു റൂമുകൾ ഹോം േസ്റ്റക്കായി നീക്കി വച്ചിരിക്കുന്നു. കൊട്ടാരം പോലെയുള്ള വാസ്തു. മനോഹരമായ ചിത്രപ്പണികളും കൊത്തു വേലയും. കൊടും വേനലിലും തണുപ്പു നിറയുന്ന മുറികൾ. വീടിന്റെ വടക്കു–കിഴക്കു ഭാഗം അടുക്കള. തെക്ക്–കിഴക്കായി കിടപ്പു മുറികളും പൂജാമുറിയും. കിടപ്പു മുറികളെല്ലാം എയർ കണ്ടീഷൻ ചെയ്തത്. വലത്തോട്ടു തിരിഞ്ഞ് ഇടനാഴി കടന്നാൽ ഒരു നടുത്തളം. ഇടത്തോട്ടു നടന്നാൽ മറ്റൊരു നടുത്തളം. കണ്ടാത്ത് തറവാടിന്റെ കമനീയ ഭംഗി ആരെയും അദ്ഭുതപ്പെടുത്തും. 

TRAVEL11

ഒരു നടുത്തളമുള്ള വീട് നാലു കെട്ട്. രണ്ടു നടുത്തളവും ചുറ്റുമുറികളും രണ്ടാം നിലയുമുള്ളതുകൊണ്ട് കണ്ടാത്ത് തറവാട് എട്ടുകെട്ട്. സുരക്ഷിതമായി ആസൂത്രണം ചെയ്തതിനാൽ‌ തറവാടിന്റെ വിസ്താരവും വലുപ്പവും സാധാരണ വീടുകളേക്കാൾ ഇരട്ടി. മുറികളുടെ വാസ്തുവിലുമുണ്ട് ഇതുപോലെ വ്യത്യസ്തത. ചുമരും മേൽക്കൂരയും തണുപ്പു നിലനിർത്തുന്നു. പാലക്കാടിന്റെ വേനൽച്ചൂടിലും തറവാടിന്റെ അകത്തളങ്ങൾ വിയർക്കില്ല. നിർമാണത്തിലെ സവിശേഷത കാരണം ഈർപ്പം നിലനിൽക്കുകയുമില്ല. 1796ൽ കണ്ടാത്ത് കുപ്പവേലന്റെ മുത്തച്ഛന്മാർ കെട്ടിപ്പൊക്കിയതാണ് ഈ മനോഹരമായ മന്ദിരം. പത്തേക്കർ പാടശേഖരത്തിനു സമീപത്തെ ഒരേക്കർ പുരയിടത്തിലാണ് കെട്ടിടം നിലകൊള്ളുന്നത്. 

diningarea–

തൃശൂർ – പാലക്കാട് ഹൈവേയിൽ കണ്ണാടി ജങ്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞാൽ പാത്തിക്കൽ കണ്ണാടി. പരന്നു കിടക്കുന്ന നെൽപ്പാടത്തിനു നടുവിലെ ഒറ്റവരിപ്പാത ചെന്നു ചേരുന്നത് കണ്ടാത്ത് തറവാടിനു മുന്നിൽ. മാവുകളും തെങ്ങും നിറഞ്ഞ പറമ്പിനു നടുവിൽ ആഢ്യത്വം വിളിച്ചോതി നിൽക്കുന്നു ഈ വീട്. 

കണ്ടാത്ത് തറവാട്ടിലെ താമസത്തിന് അനുബന്ധ സവാരികളുണ്ട്. മൺപാത്രം നിർമിക്കുന്ന ഗ്രാമങ്ങൾ കാണാം. കുട്ടയും വട്ടിയും നെയ്യുന്ന വീടുകൾ സന്ദർശിക്കാം. പാട വരമ്പിലൂടെ സായാഹ്ന സവാരി നടത്താം. പറമ്പിക്കുളം വനമേഖല, കേരള കലാമണ്ഡലം, പുന്നത്തൂർ ആനക്കോട്ട, സൈലന്റ് വാലി, ടിപ്പുവിന്റെ കോട്ട – ഇത്രയും ഉൾപ്പെടുന്ന ടൂർ പാക്കേജിന് വാഹനം ഏർപ്പാടാക്കിത്തരും. 

പാലക്കാടിനെ കണ്ടറിയാൻ താത്പര്യമുള്ളവർക്കു ‘ഡേ ട്രിപ്പ്’ നടത്താം. നാട്ടുകാരെ പരിചയപ്പെടാം. തെങ്ങിൻ തോട്ടത്തിലും മാന്തോപ്പിലും ചുറ്റിക്കറങ്ങാം. സായാഹ്ന സൂര്യനെ പുൽകുന്ന നെൽപ്പാടങ്ങളിൽ നിന്നു ഫോട്ടോയെടുക്കാം. തറവാട്ടിലെ കുളത്തിൽ ചൂണ്ടയിട്ടു മീൻ പിടിക്കാം. താറാവും കോഴികളും മേയുന്ന പുൽമേടയിൽ സൊറ പറഞ്ഞിരിക്കാം... നന്മ നിറഞ്ഞ നാട്ടിൻപുറത്തിന്റെ ഭംഗിയിൽ മുഴുകാനാണ് കണ്ടാത്ത് തറവാട് അവസരം ഒരുക്കുന്നത്. 

ഒരു ഗ്രാമ യാത്രയുടെ പകൽ അവസാനിച്ച് തേങ്കുറിശ്ശിയിൽ നിന്നു മടങ്ങുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കുറേ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചതുപോലെ. തറവാട്ടിലേക്കുള്ള യാത്രകൾ എല്ലായ്പ്പോഴും അങ്ങനെയാണല്ലോ. baijugovind@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com