ADVERTISEMENT
pampadum-shola-national-park1
പാമ്പാടുംചോലയിലെ പ്രഭാതം

വേനലിന്റെ തുടക്കത്തിൽത്തന്നെ കേരളം ചുട്ടുപൊള്ളുകയാണ്. ഈ സമയത്ത് ഒന്നു തണുത്തുവിറയ്‌ക്കാൻ കൊതി തോന്നുന്നുണ്ടോ? മരംകോച്ചുന്ന തണുപ്പിൽ കമ്പിളി പുതച്ചുറങ്ങിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ? എങ്കിൽ പോകാം, പാമ്പാടുംചോലയിലേക്ക്.

pampadum-shola-national-park5

മൂന്നാറിൽനിന്ന് വട്ടവട റൂട്ടിൽ 35 കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പാടുംചോല ദേശീയോദ്യാനത്തിലെത്താം. വേനൽ തുടങ്ങിയെങ്കിലും തണുപ്പ് ഇപ്പോഴും മൂന്നാറിനെ വിട്ടുപോയിട്ടില്ല. പകൽ ചൂടാണെങ്കിലും രാത്രികൾ കുളിരണിഞ്ഞവയാണ്. കഴിഞ്ഞ കൊല്ലം ഈ സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ തണുപ്പ് ഇപ്പോൾ മൂന്നാറിലുണ്ടെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. പാമ്പാടുംചോലയിലെത്തിയാൽ തണുപ്പ് പിന്നെയും കൂടും. ജാക്കറ്റും കമ്പിളിയുമില്ലാതെ ഇവിടെ രാത്രി കഴിച്ചുകൂട്ടാൻ കഴിയില്ല. പ്രഭാതത്തിൽ പുൽനാമ്പുകളിൽ ഉറഞ്ഞുകിടക്കുന്ന മഞ്ഞിന്റെ നേർത്ത ആവരണം മനോഹരമായ കാഴ്‌ച സമ്മാനിക്കും.

pampadum-shola-national-park
പാമ്പാടുംചോല

മരങ്ങൾ തിങ്ങിവളരുന്ന കുത്തനെയുള്ള മലനിരകളും യൂക്കാലി തോട്ടങ്ങളും ഇടയ്‌ക്കിടെ പുൽമേടുകളും മൊട്ടക്കുന്നുകളുമൊക്കെയായി പാമ്പാടുംചോല ആരുടെയും മനംകവരും. പല നിറത്തിലുള്ള ഇലകളുമായി തലയുയർത്തിനിൽക്കുന്ന മരങ്ങളിൽ വെയിൽതട്ടി തിളങ്ങുന്ന കാഴ്‌ച ഏതോ വിദേശ വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ പ്രതീതിയുണ്ടാക്കും. രാവിലെ ഉറക്കമുണർന്നു വരുമ്പോൾ നമ്മളെ സ്വീകരിക്കാൻ മുറ്റത്തിനരികെ കാട്ടുപോത്തിൻ കൂട്ടങ്ങൾ കാത്തുനിൽപ്പുണ്ടാകും. വലുതും ചെറുതുമായ ഇവയുടെ കൂട്ടങ്ങൾ ഇടയ്‌ക്കിടെയെത്തും. വഴിയരികിൽ മേഞ്ഞുനടക്കും. പിന്നെ മരങ്ങൾക്കിടയിലേക്കു മടങ്ങും. ആനയും കടുവയുമൊക്കെ വല്ലപ്പോഴും കടന്നുവന്ന് സാന്നിധ്യമറിയിക്കുന്നവരാണിവിടെ. കാട്ടുനായ, മ്ലാവ് തുടങ്ങിയവയുമുണ്ട്. പക്ഷേ, പാമ്പാടുംചോലയിലെ വിശിഷ്‌ടസാന്നിധ്യം നീലഗിരി മാർട്ടെൻ (മരനായ) എന്ന മനോഹരജീവിയാണ്. പശ്ചിമഘട്ടത്തിലെ അപൂർവ ജീവിവർഗമായ ഇവയുടെ ആവാസ മേഖല കൂടിയാണ് പാമ്പാടുംചോല.

pampadum-shola-national-park7
വട്ടവട ഗ്രാമം.

വനംവകുപ്പിന്റെ നിയന്ത്രണത്തിൽ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പാമ്പാടുംചോലയിലെ ടൂറിസം. വനംവകുപ്പ് ഇവിടെ താമസസൗകര്യവും ട്രെക്കിങ് പാക്കേജുമൊക്കെ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലോഗ് ഹൗസ് (തടികൊണ്ടുള്ള വീട്), ഒരു മഡ് ഹൗസ് (മണ്ണുകൊണ്ടു നിർമിച്ചത്), ഒരു അമനിറ്റി സെന്റർ, ഡോർമെറ്ററി തുടങ്ങിയവയാണ് ഇവിടെ വനംവകുപ്പ് ഒരുക്കിയിരിക്കുന്ന താമസസൗകര്യങ്ങൾ.

pampadum-shola-national-park4
പാമ്പാടുംചോലയിൽ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകൾ.

കുത്തനെയുള്ള മലഞ്ചെരിവിൽ, ചുറ്റും കട്ടപിടിച്ച കാടിന്റെ കാഴ്ച നുകർന്ന് കുളിരും വന്യസംഗീതവും ആസ്വദിച്ച് ലോഗ് ഹൗസിലെ രാത്രി വാസം അപൂർവ അനുഭവം തന്നെയാണ്. ഒരു ലോഗ് ഹൗസിൽ രണ്ടുപേർക്ക് താമസിക്കാം. 4050 രൂപയാണ് ഒരു ദിവസത്തെ വാടക. മഡ് ഹൗസിൽ രണ്ടു ഡബിൾ റൂമുകളുണ്ട്. വാടക 4050 രൂപ. 15 പേർക്കു താമസിക്കാവുന്ന അമിനിറ്റി സെന്ററിൽ ഒരു ബെഡ്ഡിന് 500 രൂപയും 30 പേർക്കു കിടക്കാവുന്ന ഡോർമെറ്ററിയിൽ ഒരു ബെഡ്ഡിന് 165 രൂപയുമാണ് ഒരു ദിവസത്തെ വാടക. ലോഗ് ഹൗസിലെ താമസം, രാത്രി ഭക്ഷണം, പ്രഭാതഭക്ഷണം, ട്രെക്കിങ് തുടങ്ങിയവ ഉൾ‌പ്പെടുന്ന പാക്കേജുകളുമുണ്ട്. ടോപ് സ്റ്റേഷൻ ചെക്ക്പോസ്റ്റിൽ നിന്ന് തുടങ്ങി അഞ്ചുകിലോമീറ്ററോളം നീളുന്നതാണ് ട്രെക്കിങ്. വനംവകുപ്പിന്റ പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയാനും താമസസൗകര്യം ബുക്ക് ചെയ്യാനും munnarwildlife.com എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. 

pampadum-shola-national-park5
പാമ്പാടുംചോല.

പാമ്പാടുംചോലയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ വട്ടവടയിലെത്താം. ശീതകാല പച്ചക്കറി കൃഷിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കാബേജ്, കാരറ്റ്, കോളിഫ്ലവർ, വെളുത്തുള്ളി തുടങ്ങിയവ ഇവിടെ സമൃദ്ധമായി വിളയുന്നു. സ്ട്രോബെറി, പാഷൻ ഫ്രൂട്ട് തുടങ്ങിയ കൃഷികളുമുണ്ട്. മലഞ്ചെരിവിൽ തട്ടുതട്ടായി തിരിച്ചുള്ള പച്ചക്കറി കൃഷി കാഴ്ചയ്ക്കും മനോഹരമാണ്.

pampadum-shola-national-park8
കുണ്ടള ഡാം

മൂന്നാറിൽനിന്ന് പാമ്പാടുംചോലയിലേക്കുള്ള യാത്രയും കാഴ്ചകളാൽ സമ്പന്നമാണ്. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾ, പുൽമേടുകൾ, പൂന്തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, ഫാമുകൾ, യൂക്കാലി തോട്ടങ്ങൾ, വ്യൂ പോയിന്റുകൾ തുടങ്ങിയവയെല്ലാം യാത്ര ആസ്വാദ്യമാക്കും. വഴിയരികിലെ കടകളൊക്കെ രാവിലെ വൈകി തുറക്കുകയും വൈകിട്ട് നേരത്തെ അടയ്ക്കുകയും ചെയ്യുന്നവയാണ്. പാമ്പാടുംചോലയിലെത്തിയാൽ ഭക്ഷണശാലകളോ മറ്റു കടകളോ ഇല്ല. രാത്രി താമസിക്കാനായി പോകുന്നവർ മുൻകൂട്ടി ഭക്ഷണം ഏർപ്പാടു ചെയ്തിട്ടില്ലെങ്കിൽ മൂന്നാറിൽനിന്നോ മറ്റോ വാങ്ങിക്കൊണ്ടു പോകേണ്ടിവരും.

തണുപ്പു കുറഞ്ഞെങ്കിലും മൂന്നാറിലേക്ക് ഇപ്പോഴും സഞ്ചാരികൾ ധാരാളമായി പ്രവഹിക്കുന്നുണ്ട്. പകൽ ചൂടും രാത്രി തണുപ്പുമാണ് ഇപ്പോൾ ഇവിടുത്തെ കാലാവസ്ഥ. മൂന്നാറിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ജനുവരി 20 മുതൽ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ അവിടേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല. ഇവിടം ഇനി മാർച്ച് അവസാനത്തോടെയേ തുറക്കൂ. ഇപ്പോൾ മൂന്നാർ സന്ദർശിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഇടമാണ് പാമ്പാടുംചോല. കാടും കുളിരും ഇഷ്ടപ്പെടുന്നവർക്കായി പാമ്പാടുംചോല കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com