sections
MORE

കുമ്പളങ്ങിയിലെ രാത്രികൾ ഇങ്ങനെയും കൂടിയാണ് ഭായ്

SHARE

ബഹളങ്ങളില്ലാത്ത കായൽത്തീരം... ഒരു കണ്ണേറു ദൂരത്ത് കായലിന്റെ ഓളങ്ങളിലേക്ക് വലക്കണ്ണികളാഴ്ത്തി നിൽക്കുന്ന ചീനവലകൾ... അവയിൽ നിന്നു പരന്നൊഴുകുന്ന റാന്തൽ വെട്ടം... പശ്ചാത്തലത്തിൽ മൃദുവായി ഒഴുകി പരക്കുന്ന സംഗീതം... ഒരു കട്ടനും അടിച്ച് ഈയൊരു മൂഡിൽ ഇരിക്കാൻ തോന്നിയാൽ നേരെ കുമ്പളങ്ങിയിലേക്കു വരാം. കൃത്യമായി പറഞ്ഞാൽ കുമ്പളങ്ങിയിലെ കായലോരം റസ്റ്റോറന്റിലേക്ക്... ഒട്ടും വെച്ചുകെട്ടലുകളില്ലാതെ, കായലോരത്തിന്റെ യഥാർത്ഥ അനുഭവം പകർന്ന് നട്ടപ്പാതിരാ നേരം വരെ തുറന്നിരിപ്പുണ്ട് ഈ രുചിയിടം. നെടുനീളൻ മെനുവൊന്നും ഇല്ല. പക്ഷേ, നല്ല സൂപ്പർ രുചിയിൽ തനി നാടൻ ഭക്ഷണം കിട്ടും. അതും പോക്കറ്റിലൊതുങ്ങുന്ന വിലയിൽ! 

Kayaloram-Restaurant%2c-Kumbalangi3

 

ബീഫ് പുട്ടും ചെമ്മീൻ പുട്ടും

കായലോരത്തെ രുചികളിൽ ഉറപ്പായും കഴിച്ചു നോക്കേണ്ട രണ്ടു വിഭവങ്ങളാണ് ബീഫ് പുട്ടും ചെമ്മീൻ പുട്ടും. കമ്പനിക്ക് വേറെ കറികളില്ലെങ്കിലും ഇതു രണ്ടും മാസാണ്. ഐസിടാത്ത നല്ല ഫ്രഷ് ചെമ്മീൻ ഉപയോഗിച്ചുണ്ടാക്കുന്ന കറിയുടെ രുചിയാണ് ചെമ്മീൻ പുട്ടിനെ താരമാക്കുന്നത്. കുമ്പളങ്ങിയിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ചെമ്മീൻ ഉപയോഗിച്ചാണ് കറിയുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ഫ്രഷ് ചെമ്മീനിന്റെ രുചി ശരിക്കും നാവിലറിയാം! ബീഫ് പുട്ടും രുചിയിൽ കേമനാണ്. പുട്ടിന്റെ ലെയറുകൾക്കിടയിൽ ബീഫും ഗ്രേവിയും വച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഗംഭീരൻ സംഭവം. ആവിയോടെ മുന്നിലെത്തേണ്ട താമസം, പ്ലേറ്റ് കാലിയാകും. 

Kayaloram-Restaurant,-Kumbalangi6

കൊച്ചിക്കാരുടെ ബീഫ് വിന്താലു

ബീഫും കൂർക്കയും തൃശൂരുകാർ ഉണ്ടാക്കിയാലേ ശരിയാകൂ എന്നു പറയുന്ന പോലെ, നല്ല മാങ്ങാക്കറിയുണ്ടാക്കാൻ അങ്കമാലിക്കാർക്കേ കഴിയൂ എന്നു പറയുന്ന പോലെ കൊച്ചിക്കാർ, പ്രത്യേകിച്ചും ഫോർട്ടു കൊച്ചിക്കാർ അഭിമാനപുരസരം കാഴ്ച വയ്ക്കുന്ന ഒന്നാണ് ബീഫ് വിന്താലു. സംഗതി പോർച്ചുഗീസാണെങ്കിലും ബീഫ് വിന്താലു കൊച്ചിക്കാരുടെ മാസ്റ്റർപീസാണ്. ബീഫ് വിന്താലു അതിന്റെ തനതു രുചിയിൽ കായലോരത്തു കിട്ടും. വലിയ ബീഫ് കഷണങ്ങളിൽ ഒരൽപം പുളിയും നല്ല എരിവുമുള്ള കൊതിയൂറുന്ന ബീഫ് വിന്താലു ഒരു കഷ്ണം അകത്താക്കിയിട്ട്, ചൂടൻ കട്ടൻ ചായ ഊതിയൂതി കുടിക്കണം. ചൂടും എരിവും ചേർന്നൊരു സുഖമുള്ള അനുഭവം! 

Kayaloram-Restaurant,-Kumbalangi

കപ്പയും ചെമ്മീനും

പുട്ട് കഴിഞ്ഞാൽ പിന്നെ ഏറെ ആരാധകരുള്ളത് കപ്പയ്ക്കാണ്. കപ്പയും ചെമ്മീനും, കപ്പയും മീനും എന്നിങ്ങനെ പല കോമ്പിനേഷനിൽ പരീക്ഷിക്കാം. നാടൻ മസാലകളിൽ തയ്യാറാക്കുന്നതുകൊണ്ട് ഓരോ വിഭവത്തിനും ഹോംലി ഫീലുണ്ട്. മടുപ്പില്ലാതെ കഴിക്കാം. അന്നേ ദിവസം ലഭിക്കുന്ന മീൻ വച്ചാണു മീൻകറിയുണ്ടാക്കുന്നത്. മീനേതായാലും കറി നന്നാകുമെന്നു കായലോരത്തിന്റെ ഉറപ്പ്!  

Kayaloram-Restaurant,-Kumbalangi1

ടോമിന്റെ മമ്മി ഈ കായലോരത്തിന്റെ കൈപ്പുണ്യം

രുചികരമായ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ന്യായമായും നമുക്കൊരു ആഗ്രഹം വരും, ഇതെല്ലാം ആരാണ് ഉണ്ടാക്കിയതെന്ന് അറിയാൻ! കായലോരത്തെ രുചിയുടെ മുഴുവൻ ക്രെഡിറ്റും ലിസ മമ്മിക്കാണ്. കായലോരം റസ്റ്റോറന്റിന്റെ പങ്കാളികളിലൊരാളായ ടോമിന്റെ അമ്മയാണ് ലിസ. ഈ അമ്മയുടെ കൈപ്പുണ്യമാണ് കായലോരത്തിന്റെ രുചിപ്പെരുമയ്ക്ക് പിന്നിൽ. വൈകീട്ട് ഏഴു മണിക്കാണ് കായലോരം തുറക്കുക. അതിനു മുൻപെ, മമ്മി പാചകം തുടങ്ങും. കായലോരം തുറക്കുമ്പോൾ വലിയ തട്ടുപാത്രങ്ങളിൽ കറികളുമായി മമ്മിയും ടോമും എത്തും.

Kayaloram-Restaurant,-Kumbalangi5

പുട്ടും ചപ്പാത്തിയുമൊക്കെ ലൈവായി ഉണ്ടാക്കുകയാണിവിടെ. പക്ഷേ, കറികളെല്ലാം മമ്മിയുടെ അടുക്കളയിൽ നിന്നാണ്. നേരം ഒത്തിരി വൈകിയാണ് കായലോരത്തേക്ക് ഭക്ഷണം കഴിയ്ക്കാൻ പുറപ്പെടുന്നതെങ്കിൽ ഒന്നു വിളിച്ചിട്ടു വരണമെന്നൊരു ചെറിയൊരു അഭ്യർത്ഥന കായലോരം ചങ്ക്സ് ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചിട്ടുണ്ട്. കാരണം, കറികളെല്ലാം വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവരുന്നതാണ്.  തിരക്കു കൂടി കറികൾ തീർന്നാൽ കറികൾ തീർന്നു കഴിഞ്ഞാൽ പിന്നെ സാങ്കേതികമായി കട അടയ്ക്കുകയാണ് പതിവ്. സാങ്കേതികമായി എന്നു പറഞ്ഞതിനു കാരണമുണ്ട്. അടുക്കള പൂട്ടിയാലും കായലോരം ലൈവ് ആണ്. പാട്ടും വർത്തമാനങ്ങളുമായി രാത്രികൾ പിന്നെയും നീളും.  ആഴ്ചയിൽ തിങ്കൾ ഒഴികെയുള്ള എല്ലാ രാത്രികളും ഇവിടെ സജീവമാണ്. തിങ്കളാഴ്ച കായലോരം ടീമിന് ഫുൾ റെസ്റ്റ്! 

കായലോരം ചങ്ക്സ്

പകലല്ല, രാത്രിയിലാണ് കായലോരം റസ്റ്റോറന്റിന്റെ സൗന്ദര്യം. ഇരുൾ വീണു തുടങ്ങുമ്പോൾ കായലോരത്തിന്റെ വിളക്കുകൾ തെളിയും. ഏലക്കാ ചേർത്ത സ്പെഷൽ കട്ടൻ ചായ തിളയ്ക്കുന്നതിനൊപ്പം കായലോരത്തേക്ക് ചെറിയ കൂട്ടങ്ങളായി ആളുകളെത്തി തുടങ്ങും. കുമ്പളങ്ങിയിലെ രാത്രികളെ തേടിച്ചെന്ന മൂന്നു സുഹൃത്തുക്കളാണ് കായലോരം റസ്റ്റോറന്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജു, ടോം, പിന്നെ സഞ്ജയ്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുള്ള പരിചയവും സൗഹൃദവുമാണ് കായലോരം എന്ന രുചിയിടം നടത്തിക്കൊണ്ടു പോകുന്നതിലേക്ക് ഇവരെ എത്തിച്ചത്. ഭക്ഷണത്തെപ്പോലെ സിനിമയും സംഗീതവും ഈ മൂവർ സംഘത്തിന് പ്രിയപ്പെട്ടതാണ്. ഭക്ഷണം വിളമ്പുന്ന തിരക്കുകൾക്കിടയിലും ഒരു ഗിറ്റാറെടുത്തു പാടാൻ, ഒന്നു താളം പിടിയ്ക്കാൻ ഇവരുണ്ടാകും. അതിഥികളായെത്തുന്നവർക്കും പാട്ടുമായി കൂട്ടു ചേരാം. കുമ്പളങ്ങിയിലെ രാത്രികൾ ഇങ്ങനെയും കൂടിയാണ് ഭായ്! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA