ADVERTISEMENT

നിങ്ങൾ ഉൾപ്പെടെയുള്ള മലയാളികളുടെ മനോഭാവം മാറണമെന്ന് ഒരു വിദേശി മുഖത്തു നോക്കി പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം? മുഖമടച്ചൊന്നു പൊട്ടിക്കും എന്നു പറയാൻ വരട്ടെ. ഇത്രത്തോളം പ്രകോപനത്തോടെ ഒരാൾ സംസാരിക്കണമെങ്കിൽ തീർച്ചയായും തക്കതായ കാരണമുണ്ടാകും. മലയാളികളുടെ മനോഭാവത്തിൽ എന്തു വൈകല്യമാണു കണ്ടെത്തിയതെന്ന് ജർമനിയിൽ നിന്നു വന്ന ഐറിനോടു തിരക്കി. ആളുകളുടെ തുറിച്ചു നോട്ടം സഹിക്കാൻ വയ്യെന്ന് പടിഞ്ഞാറൻ നാട്ടുകാരി പറഞ്ഞു. ഇത് ഐറിന്റെ മാത്രം അഭിപ്രായമാണോ? അതോ കേരളം കാണാൻ വരുന്ന എല്ലാ പെണ്ണുങ്ങൾക്കും മലയാളികളെക്കുറിച്ചുള്ള അഭിപ്രായം ഇതാണോ?

1486123280157

യാത്രയ്ക്കിടെ പല ദേശങ്ങളിൽ കണ്ടുമുട്ടിയ വിദേശ വനിതകളോട് ഇക്കാര്യം അന്വേഷിച്ചു. മലയാളികളുടെ കണ്ണിൽ ഒളിച്ചു വച്ചിട്ടുള്ള കള്ളനോട്ടത്തിന്റെ മൂർച്ച അവരെയെല്ലാം ഒരിക്കലെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട്. ‘‘ആളുകൾ കണ്ണെടുക്കാതെ അടിമുടി ഉഴിഞ്ഞു നോക്കുന്നു. ഞങ്ങളെന്താ കുറ്റവാളികളാണോ? സ്പെയ്നിൽ നിന്നെത്തിയ എസ്തർ എന്ന യുവതിയുടെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നിൽ പകച്ചു പോയി. തലകുനിച്ചു നിന്നതല്ലാതെ അൽപ്പനേരത്തേക്ക് ഒന്നും മിണ്ടാൻ തോന്നിയില്ല. അപരിചിതരെ കാണുമ്പോഴുള്ള കൗതുകമല്ല ഈ നോട്ടത്തിനു പിന്നിലെന്ന് എസ്തറിനു മനസ്സിലായിട്ടുണ്ട്. ചുഴിഞ്ഞു നോട്ടത്തിന്റെ അർഥം ശരിക്കും തിരിച്ചറിഞ്ഞിട്ടുള്ളത് ഐറിനാണ്.

പുരുഷന്മാരുടെ കണ്ണുകൾ കേശാദിപാദം തേരോട്ടം നടത്തുന്നതു മനസ്സിലായ ശേഷം ഷോർട്സ് ഉപേക്ഷിച്ച് ഐറിൻ ചുരിദാറിലേക്കു മാറി. എന്തെന്നോ ഏതെന്നോ വ്യക്തമാകാത്ത വിധം ഒരുത്തരം പറഞ്ഞ് അവരുടെ മുന്നിൽ നിന്ന് രക്ഷപെടാനൊരു ശ്രമം നടത്തി. എന്നാൽ, ഇവാൻ എന്ന യുവാവ് ഈ സമയത്ത് അവിടേക്കു വന്നതോടെ തടിയൂരാനുള്ള പരിശ്രമം വിഫലമായി. എസ്തറിനെയും ഐറിനെയുംപോലെ കഥകളി പഠിക്കാൻ കാനഡയിൽ നിന്നു കലാമണ്ഡലത്തിലെത്തിയതാണ് ഇവാൻ. മൂന്നുപേരും ചേർന്ന് നല്ലതും കെട്ടതുമായ ‘കേരളാനുഭവങ്ങൾ’ പങ്കുവച്ചു. ‘‘കേരളം ഞങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ്. സംസ്കാരവും പാരമ്പര്യവും പ്രകൃതിയും അത്രയേറെ മനോഹരം. പക്ഷേ, ആളുകളുടെ തുറിച്ചു നോട്ടം; അതു സഹിക്കാൻ വയ്യ. മറ്റേതോ ഗ്രഹത്തിൽ നിന്നു വന്നവരെയെന്നപോലെ ആളുകൾ ഞങ്ങളെ തുറിച്ചു നോക്കുന്നത്.

ഒരു ദിവസം ഇരുട്ടായതിനു ശേഷം റോഡിലൂടെ നടക്കുമ്പോൾ ബൈക്കിൽ വന്ന രണ്ടാളുകൾ എന്തൊക്കെയോ പുലഭ്യം പറഞ്ഞു. ആദ്യമൊക്കെ പേടി തോന്നിയിരുന്നു. ഇപ്പോൾ അതു ശീലമായി. ഈ നാട്ടിൽ സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം മാറേണ്ടതുണ്ട്. ’’ ഐറിൻ പറഞ്ഞതു കേട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് ശരീരം ചുട്ടുപൊള്ളി. അവരോട് അങ്ങനെ പെരുമാറിയവരെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനുള്ളത്രയും ദേഷ്യം തോന്നി. കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിനുള്ളിൽ നല്ല കാറ്റുണ്ടായിരുന്നെങ്കിലും വല്ലാതെ വിയർത്തു. എന്നിട്ടും ഐറിൻ വിടുന്ന മട്ടില്ല. ‘‘രാവിലെ ബൈക്കുകളിൽ വരുന്നയാളുകൾ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ വഴിയരികിൽ വലിച്ചെറിയുന്നതു കാണാറുണ്ട്. വൈകുന്നേരത്ത് അതേയാളുകൾ ആ വഴിയിലൂടെ മൂക്കു പൊത്തി നടക്കുന്നതും കാണാറുണ്ട്. മാലിന്യം പൊതു സ്ഥലത്തു വലിച്ചെറിയുന്നതു സാമൂഹിക ദ്രോഹമല്ലേ? ആ വഴിയിലൂടെ നടന്നു പോകുന്നവർക്ക് പകർച്ച വ്യാധികളുണ്ടാകില്ലേ? മാലിന്യം കുമിഞ്ഞു കൂടിയാൽ തെരുവു നായ്ക്കളുടെ ശല്യം ഉണ്ടാകുമെന്ന് അവർക്ക് അറിയില്ലേ? ’’

എന്തു പറഞ്ഞാണ് മലയാള നാടിന്റെ മാനം കാക്കുകയെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ‘‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്. അതേസമയം വികസ്വര രാഷ്ട്രമാണ് ഇന്ത്യ. പ്രകൃതിനാശവും മാലിന്യസംസ്കരണ പ്രശ്നവും ഞങ്ങൾ‌ നേരിടുന്ന വെല്ലുവിളികളാണ്. അടുത്ത തവണ നിങ്ങൾ കേരളത്തിലെത്തുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാകും’’ ഒറ്റശ്വാസത്തിൽ ഒരു അവലോകനം കാച്ചി. പക്ഷേ, അതുകൊണ്ടൊന്നും വിദേശികൾ തൃപ്തരായില്ല. ‘നീഡ് ടു ചെയ്ഞ്ച് ദ് ആറ്റിറ്റ്യൂഡ്’ ആത്മാർഥതയോടെ അവർ ആവർത്തിച്ചു. അതു കേട്ട് കുറ്റബോധത്താൽ മനസ്സ് നീറിപ്പുകഞ്ഞു. ‘‘ഇനിയൊരിക്കലും വഴിയരികിൽ മാലിന്യം വലിച്ചെറിയില്ല. ‘ചുഴിഞ്ഞുനോട്ടം’ ഉണ്ടാതാതിരിക്കാൻ കണ്ണുകളിൽ നിതാന്ത ജാഗ്രത പുലർത്തും. മരണം വരെ ഇതു പാലിക്കും.’’

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com