ADVERTISEMENT

 ‘മേഘങ്ങൾ ഉമ്മവെയ്ക്കുന്ന തേയിലക്കുന്നുകൾ’ ഒറ്റവാക്കിൽ മേഘമലയെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാറിലെ തേയിലത്തോട്ടങ്ങളെ തോൽപ്പിക്കുന്ന അഴകുള്ള തമിഴത്തി. ഇതുവരെ സഞ്ചാരികളുടെ ദൃഷ്ടി പതിയാത്തതിനാൽ നിത്യകന്യകയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് മേഘമല. അതിരാവിലെ കോഴിക്കോടുനിന്ന് യാത്രതുടങ്ങി. നാനൂറിലധികം കി.മീ യാത്ര ചെയ്തു വേണം മേഘമല മുകളിലെത്താൻ. മേഘമലയിൽ താമസിക്കാൻ ആകെയുള്ള സൗകര്യം പഞ്ചായത്ത് ഗസ്റ്റ് ഹൗസും, ക്ലൗഡ് മൗണ്ടൻ, റിവർ സൈഡ് എന്നീ രണ്ട് റിസോർട്ടുകളും മാത്രമാണ്. അതിനാൽ ഭക്ഷണം പാചകം ചെയ്യാനുള്ള ഗ്യാസ് അടുപ്പ്, ടെന്റ് തുടങ്ങിയ സകല സാമഗ്രികളുമായാണ് യാത്ര. രാത്രിയിൽ നെടുങ്കണ്ടത്ത് അന്തിയുറങ്ങി അതിരാവിലെ യാത്ര തുടങ്ങി. കമ്പം ചുരമിറങ്ങി തമിഴ്നാട്ടിലെത്തി. നോക്കെത്താദൂരം പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ. കമ്പത്തുനിന്ന് ചിന്നമണ്ണൂർ വഴിയാണ് മേഘമലയില്‍ എത്തേണ്ടത്. പഴം–പച്ചക്കറി ചന്തയാണ് ചിന്നമണ്ണൂർ

Meghamalai-trip1

കേരളത്തിലേക്കും തമിഴ്നാടിന്റെ വിവിധയിടങ്ങളിലേക്കും പച്ചക്കറികൾ കയറ്റിക്കൊണ്ടു പോകാൻ ലോറികൾ നിരന്നു നിൽക്കുന്നു. ചിന്നമണ്ണൂരിൽ നിന്നും 40 കി. മീ ദൂരമുണ്ട് മേഘമലയിലേക്ക്. അഞ്ച് കി. മീ പിന്നിട്ട് മേഘമലയുടെ അടിവാരത്തെ ചെക്പോസ്റ്റിൽ കാര്‍ പരിശോധിച്ചു. പത്ത് മണിക്ക് മുകളിലേക്ക് സർക്കാർ ബസ് സർവീസുണ്ട്. വൈകിട്ട് അഞ്ചിന് തിരിച്ചും. അതിൽ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കാറിൽ ഒരു വീട് പണിയാനുള്ള സാധനങ്ങളുണ്ട്. ഇതെല്ലാം ചുമന്ന് ബസ്സില്‍ കയറ്റി പോകുന്നത് ദുഷ്കരമാണ്. 35 കി.മീ ദൂരം പിന്നിട്ട് മേഘമലയിലെത്താൻ 18 ഹെയർപിൻ ബെന്റുകളുണ്ട്. തികച്ചും മോശമായ റോഡിൽ സെക്കൻഡ് ഗിയറിലെ കാർ കയറുന്നുള്ളൂ. മുകളിലേക്ക് പോകും തോറും റോഡ് കൂടുതൽ മോശമാകുന്നു. കാറിന്റെ അടി റോഡിലെ കല്ലുകളിൽ ഉരയുന്ന ശബ്ദം കേൾക്കാം. ആകെയുള്ള സമാധാനം ഒറ്റവാഹനം പോലും എതിരെ വരുന്നില്ല എന്നതാണ്. താഴെ ചിന്നമണ്ണൂരും ദൂരെ കമ്പവും കാണാം. തികച്ചും ഒറ്റപ്പെട്ട വഴി. 

എവിടെ നോക്കിയാലും പച്ചനിറം. ദൂരെ ചായത്തോട്ടങ്ങളിൽ കാട്ടുപോത്തുകൾ അലയുന്നുണ്ട്. എല്ലാ മൃഗങ്ങളും മേഘമലയിലുണ്ട്. രാത്രി മേഘമലയിലൂടെയുള്ള സഞ്ചാരം സാഹസികമാണ്. സന്ധ്യയോടെ മഹാരാജ് മേടയിലെത്തി. പകൽ വെളിച്ചത്തിൽ ദൂരെ തേക്കടി തടാകം വെള്ളത്തുള്ളി പോലെ കാണാം. എവി ടെ നോക്കിയാലും പച്ചനിറം മാത്രം മനോഹരങ്ങളായ ഫ്രെയിമുകൾ. പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ശേഷിപ്പുകളാണ് മേഘമലയിലെ ഇപ്പോഴുള്ള കെട്ടിടങ്ങളെല്ലാം. സഞ്ചാരികളോട് മേഘമലക്കാർക്ക് യാതൊരു താത്പര്യവുമില്ല.

ഒരിക്കലും സഞ്ചാര സൗഹൃദയല്ല മേഘമല. ഇരുട്ട് പരന്ന് തുടങ്ങി. തിരികെയാത്രയ്ക്ക് മുരുകൻ തിരക്കു കൂട്ടുന്നു. മേഘങ്ങളുടെ മുരളിച്ച കേൾക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും കോരിച്ചൊരിയാൻ തയാറായാണ് മേഘങ്ങള്‍ നിൽക്കുന്നത്. തണുപ്പുള്ള രാത്രി, മേഘങ്ങൾ കോടമഞ്ഞായി തേയില കൊളുന്തുകളെ ഉമ്മവെച്ച് തുടങ്ങിയിരിക്കുന്നു. അവരെ ശല്യം ചെയ്യാതെ അവർക്കരികിൽ കൂടാരം കെട്ടി കിടന്നുറങ്ങണം. ദൂരെ കറുപ്പ് സ്വാമിയുടെ കോവിലിൽ നിന്നും പഴയ തമിഴ് ഭക്തിഗാനം കേൾക്കുന്നുണ്ട്.  ഈ രാത്രി അവസാനിക്കാതിരുന്നെങ്കില്‍.... മേഘമലയുടെ മാറിൽ ചുരണ്ടു കൂടി ഉറങ്ങുമ്പോൾ മനസ്സിൽ അത് മാത്രമായിരുന്നു ആഗ്രഹം. 

  പെട്രോൾ പമ്പ്, എ.ടി.എം. സൗകര്യങ്ങൾ മേഘമലയിലി ല്ല. ചിന്നമണ്ണൂരാണ് 40 കി.മീ ദൂരെയുള്ള പട്ടണം. മുറി ലഭ്യമാണെന്ന് മുന്നേ ഉറപ്പു വരുത്തണം. സമീപത്തുള്ള ചായക്കടയിൽ പറഞ്ഞാൽ ഭക്ഷണം പാചകം ചെയ്തു തരും. എറണാകുളത്തു നിന്ന് പാലാ–മുണ്ടക്കയം –––കുട്ടിക്കാനം–––കുമളി–കമ്പം– ഉത്തമപാളയം– ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 250 കി.മീ ദൂരമുണ്ട്. കോഴിക്കോടു നിന്ന് പാലക്കാട്–പൊള്ളാച്ചി–പളനി–ഓടഛത്രം–സെംപെട്ടി– ബെത്തലകുണ്ഡ്–തേനി‍–ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 410 ദൂരവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com