sections
MORE

മാതളനാരകം പൂക്കുന്നതും തേടി

HIGHLIGHTS
  • പച്ചപ്പിന്റെയും ജൈവകൃഷിയുടെയും അദ്ഭുതങ്ങളൊരുക്കുന്നയിടം.
harvest-farm
SHARE

 നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോയെന്ന് നോക്കാം...’’സോളമന്റെ ഈ ക്ഷണം ‌ വെറുമൊരു സ്വപ്നമാണെന്നു തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കിൽ നമുക്കൊരിടം വരെ പോകാനുണ്ട്. കുമളി ചുരമിറങ്ങി, ലോവർ ക്യാംപിലെ മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ വാഹനമോടിച്ച്, പുളിമരങ്ങളും പയറുപൂക്കളും കാഴ്ചയൊരുക്കുന്ന നിലങ്ങളിലൂടെ ഒരു യാത്ര. ‘ഹാർവെസ്റ്റ് ഫ്രെഷ്’ എന്നു പേരുള്ളൊരു തോട്ടത്തിലാണ് ചെന്നെത്തുന്നത്.സോളമന്റെ വാക്കുകൾ സത്യമാവുന്നു. പൂത്തുലഞ്ഞ മാതളനാരകത്തോട്ടം, വെച്ചൂർ പശു പാൽ ചുരത്തുന്ന കാലിത്തൊഴുത്ത്, മാവിൻ തോപ്പ്, ഔഷധ സസ്യങ്ങൾ, വാച് ടവർ, മൺവഴികൾ, അതിഥികൾക്കായൊരുക്കിയ കോട്ടേജ്... കാറ്റാടി മരങ്ങൾ അതിരിടുന്ന ഈ 35 ഏക്കർ തോട്ടമൊരുക്കുന്ന കാഴ്ചകൾ അനുഭവിച്ചറിയുക തന്നെ വേണം.

ഓർഗാനിക് സ്വപ്നം

harvest-farm4

ആറു വർഷം മുൻപ് തൊട്ടപ്പുറത്തുള്ള നിലങ്ങൾ പോലെ ഒഴിഞ്ഞു കിടന്ന മണ്ണായിരുന്നു ഇപ്പോഴത്തെ ‘ഹാർവെസ്റ്റ് ഫ്രെഷ്’. മരുന്നടിച്ച് വളർത്തിയെടുക്കുന്ന മുന്തിരിപ്പാടങ്ങൾക്കും കാബേജ് തോട്ടങ്ങൾക്കുമിടയിലെ പാടത്ത് പക്ഷേ കുര്യൻ ജോസ് എന്ന എറണാകുളത്തുകാരൻ പുതിയൊരു സ്വപ്നം കണ്ടു – പൂർണമായും ജൈവസംസ്കാരം പിൻപറ്റുന്ന ഒരു തോട്ടം. ‘സമ്മർ ഇൻ ബത്‌ലഹേമി’ലെ ഡെന്നിസിന്റെ സ്വർഗം പോലെ ഒരു കൊച്ചു സ്വർഗം. ലാഭക്കണക്കുകളായിരുന്നില്ല, മറിച്ച് വിഷമയമില്ലാത്ത ഒരു നാളെയായിരുന്നു അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. മക്കളായ കുര്യൻ ജോസ് ജൂനിയറും ജോസഫും കൂടെ കൂടിയപ്പോൾ സ്വപ്നത്തിന്റെ വേരുകളാഴ്ന്നു. കുറച്ചു നാളുകൾ കൊണ്ടുതന്നെ അവിടെ മനോഹരമായ ഒരു ജൈവതോട്ടം വളർന്നു.

‘‘ഒരൊറ്റ വേപ്പ് മരം മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇപ്പോൾ ഈ കാണുന്ന പച്ചപ്പും തണലുമെല്ലാം കഴിഞ്ഞ ആറു വർഷം കൊണ്ടുണ്ടായതാണ്. നമ്മൾ പരിപാലിക്കുന്നതിനനുസരിച്ച് മണ്ണ് കനിയുമെന്നത് സത്യമാണെന്ന് ഈ കാഴ്ചകൾ തെളിയിക്കും’’ – കുര്യൻ ജോസ് ജൂനിയർ ഹാർവെസ്റ്റ് ഫ്രഷിന്റെ തുടക്കം വിവരിച്ചു.

വേപ്പ് മരം മാത്രമുണ്ടായിരുന്ന മണ്ണിലിപ്പോൾ എണ്ണിയാലൊടുങ്ങാത്ത അ ത്രയും മരങ്ങളുണ്ട്. അതിഥിളെ സ്വീകരിച്ച് തണൽ വിരിക്കുന്നത് ‘ബുദ്ധ ബാംബു’വും പനകളും. ‘കേരം തിങ്ങും കേരള നാട്’ പോലെ എണ്ണൂറോളം തെങ്ങുകൾ. മാതളനാരകവും ഓറഞ്ചും റോസ് ആപ്പിളും പപ്പായയുമെല്ലാം ഏക്കറുകളോളം വിളഞ്ഞു നിൽക്കുന്നു.

harvest-farm2

മാതളനാരകം പൂക്കുന്നു

മൺവഴികളിലൂടെ ‘ഫാം കാഴ്ചകൾ’ തേടിയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് വിളഞ്ഞു നിൽക്കുന്ന മാതളനാരകത്തിന്റെ ദൃശ്യമാണ്. ഒന്നോ രണ്ടോ അല്ല, ഇരുപത് ഏക്കറിലാണ് മാതളനാരക തോട്ടം ഒരുക്കിയിരിക്കുന്നത്. അഞ്ചും ആറും അടി ഉയരമുള്ള ചെടികളിൽ നിറയ ചുവന്ന ഉടുപ്പണിഞ്ഞ് ഉള്ളിൽ രക്തം സംഭരിച്ചുവച്ചിരിക്കുന്ന ‌പഴങ്ങൾ. ‘‘ഏറ്റവും മികച്ച ഇനമായ ‘മദ്‌വ’യാണ് ഇവിടെ വളർത്തുന്നത്. ജൈവവളം മാത്രമുപയോഗിക്കുന്നതു കൊണ്ട് പുറംഭംഗി കുറഞ്ഞെന്നിരിക്കും. പക്ഷേ അകത്ത് മധുരം കൂടും. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി തുടങ്ങിയിടങ്ങളിലേക്കെല്ലാം കയറ്റി അയക്കുന്നുണ്ട്’’ – ഒരു മാതളനാരകത്തിന്റെ രുചി പങ്കുവച്ചുകൊണ്ട് മാനേജർ ആന്റണി പറഞ്ഞു. ചെടികൾക്കിടയിൽ നിശ്ചിത അകലത്തിൽ മാവുകളും നട്ടുവളർത്തുന്നുണ്ട്.

‘രക്തത്തുള്ളികൾ’ വിളയുന്ന തോട്ടത്തിനോടു ചേർന്നാണ് ചാമ്പ മരങ്ങൾ. ‘റോസ് ആപ്പിള്‍’ എന്നറിയപ്പെടുന്ന ചാമ്പയുടെ വെള്ള, ചുവപ്പ്, റോസ്, പച്ച എന്നിങ്ങനെ നാലിനങ്ങൾ ഇവിടെ കായ്ക്കുന്നു. ഏക്കറിലേറെ പരന്നു കിടക്കുന്ന പപ്പായത്തോട്ടമാണ് മറ്റൊരാകർഷണം. കായ്ച്ചു നിൽക്കുന്ന ഈ പപ്പായ രുചി നുണയാനെത്തുന്ന പക്ഷികളുടെ ആരവം കൂടിയാവുമ്പോൾ ഇതിനിടയിലൂടെ വെറുതേ നടക്കുന്നത് പോലും വേറിട്ട അനുഭവമാണ്. തോട്ടത്തിലെ തന്നെ നഴ്സറിയിലാണ് തൈകളെല്ലാം വളർത്തിയെടുക്കുന്നത്.

ഓറഞ്ച്, മുസമ്പി, സപ്പോട്ട, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളോടൊപ്പം മുരിങ്ങയും തക്കാളിയും വെണ്ടയും വിളയുന്ന പച്ചക്കറിത്തോട്ടവും കൂടി ചേർന്നതാണ് ഹാർവെസ്റ്റ് ഫ്രെഷിന്റെ തോട്ടപ്പെരുമ. ഇവിടെ നിന്നു പറിക്കുന്ന പച്ചക്കറികളാണ് അതിഥികളുടെ മുന്നിൽ വിഭവങ്ങളായെത്തുന്നത്.

വെച്ചൂർ പശുവും മുള്ളാത്തയും

കാഴ്ചയും രുചിയുമൊരുക്കുന്ന പഴത്തോട്ടങ്ങൾ പോലെ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചയാണ് ‌ഔഷധത്തോട്ടം. ലക്ഷ്മി തരു, മുള്ളാത്ത, നാഗലിംഗ മരം, വാതം കൊല്ലി, തായ് തമ്പകം തുടങ്ങി ഒരുപാട് മരുന്നുകൾ ഇവിടെ വളരുന്നു. വളർന്നു വലുതായ ‘നോനി’ മരമാണ് ഔഷധത്തോട്ടത്തിലെ ഹീറോ. കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ‘നോനി’ തേടി കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സന്ദർശകരെത്തുന്നു. സസ്യങ്ങൾക്കിടയിലൂടെ കാഴ്ചകൾ കണ്ടു നടക്കാനുള്ള വഴികളും വിശ്രമിക്കാനുള്ള ബെഞ്ചുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

harvest-farm5

പഴങ്ങളും പൂക്കളും തേടിയെത്തുന്ന കിളികളും മൃഗങ്ങളും മാത്രമല്ല ഹാർവെസ്റ്റ് ഫ്രഷിലെ അന്തേവാസികൾ. കുളത്തിൽ നീരാടി ഓടിനടക്കുന്ന വാത്തകളും അരയന്നവും കോഴിയുമെല്ലാം ഇവിടത്തുകാരാണ്. വെണ്ണപ്പഴവും നെല്ലിക്കയും വളർന്ന നിലത്തിനു ചുറ്റും വലിയ വേലി പണിതാണ് ഇവർക്ക് കൂടൊരുക്കിയിരിക്കുന്നത്. ഇതിനകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കാം. അവരെ തൊട്ടുതലോടാം. കൊത്തു കിട്ടുന്നത് സൂക്ഷിക്കണമെന്നു മാത്രം.

പൂർണമായും ജൈവവളം ആശ്രയിക്കുന്ന തോട്ടത്തിൽ 14 പശുക്കളെയും വളർത്തുന്നുണ്ട്. ഇതിൽ ഒൻപതെണ്ണം ഔഷധഗുണത്തിനു പേരുകേട്ട വെച്ചൂർ പശുക്കളാണ്. ബാക്കി നാടൻ ഇനവും. ഇവരുടെ ചാണകവും മൂത്രവും കൃഷിയിടങ്ങളിൽ വളമാവുന്നതോടൊപ്പം തന്നെ അടുക്കളയിലേക്ക് ആവശ്യമായ ഇന്ധനവും നൽകുന്നു.

സഞ്ചാരികളുടെ ബെത്‌ലഹേം

പച്ചപ്പിന്റെയും ജൈവകൃഷിയുടെയും അദ്ഭുതങ്ങളൊരുക്കുന്നതോടൊപ്പം വിനോദസഞ്ചാരികൾക്കായി വേറിട്ട അനുഭവങ്ങളും ഇവിടെയുണ്ട്. തോട്ടത്തില്‍ എവിടെ വേണമെങ്കിലും ഏതു നേരവും അതിഥികൾക്കു ചുറ്റിയടിക്കാം. മാതളനാരകത്തിന്റെ വിളവെടുപ്പിൽ പങ്കെടുക്കാം. പുതിയ ചെടികൾ വച്ചുപിടിപ്പിക്കാനും പശുവിനെ കുളിപ്പിക്കാനുമൊക്കെ കൂടെക്കൂടാം.

‘‘തിരക്കുപിടിച്ച ജീവിതത്തിൽ നമുക്ക് നഷ്ടമാവുന്ന മണ്ണിന്റെ മണവും അനുഭവങ്ങളും ചെറിയ തോതിലെങ്കിലും തിരിച്ചു പിടിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇവിടെയെത്തുന്ന അതിഥികള്‍ക്കും അതിന്റെ ഭാഗമാവാം. മണ്ണിനെ അടുത്തറിയാം’’ – കുര്യൻ ജോസ് പറയുന്നു.

സമീപത്തുള്ള മലനിരകളിലെയും കൃഷിയിടങ്ങളിലെയും കാഴ്ചകൾ ആസ്വദിക്കാനായി രണ്ടു വാച് ടവറുകൾ നിർമിച്ചിട്ടുണ്ട്. മാതളനാരക തോട്ടത്തിനു നടുവിലാണ് ഒന്ന്. പാകമായ മാതളനാരകം തേടിയെത്തുന്ന കിളികളും കൃഷിയിടങ്ങളിലെ കാഴ്ചകളുമെല്ലാം ഇവിടെ നിന്നു കാണാം. ഔഷധത്തോട്ടത്തിനോടു ചേർന്നാണ് രണ്ടാമത്തെ വാച് ടവർ. ചുവന്ന കാട്ടു പൂക്കൾക്കിടയിലൂടെ പടികൾ കയറിച്ചെന്നാൽ ലോവർ ക്യാംപിന്റെയും സമീപത്തെ മലനിരകളുടെയും അപൂർവ കാഴ്ചകളാസ്വദിക്കാം. അതിഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ‘സൺസെറ്റ് പോയിന്റ്’ കൂടിയാണ് ഈ വാച് ടവർ.

തോട്ടത്തിലൂടെയും സമീപ ഗ്രാമങ്ങളിലൂടെയുമുള്ള കാളവണ്ടി യാത്രകളാണ് വിനോദവിശേഷങ്ങളിലെ ഹൈലൈറ്റ്. ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും നാട്ടുപാതകളിലൂടെ കാളവണ്ടിയിൽ സഞ്ചരിക്കാനുള്ള അവസരം ആതിഥേയർ ഒരുക്കും. കൃഷിയിടങ്ങളിലെയും ഗ്രാമങ്ങളിലെയും കാഴ്ച കാണാം. തോട്ടത്തിലെ മൺവഴികളിലൂടെ സൈക്കിൾ യാത്ര നടത്താൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. കോട്ടേജുകളോടു ചേർന്നുള്ള സൈക്കിൾ ആലയത്തിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. തണലും പച്ചപ്പും പഴങ്ങളും ഒരുക്കുന്നതിന്റെ ഭാഗമാവാനെത്തുന്ന സഞ്ചാരികൾക്കായി മൂന്നു കോട്ടേജുകളാണ് ഒരുക്കിയിട്ടുള്ളത്.

മാതളനാരകം പൂക്കുന്ന തോട്ടത്തിലൂടെ അതികാലത്തെ മഞ്ഞുനനവേറ്റ് നടക്കുന്നത് വെറുമൊരു സ്വപ്നമല്ലെന്ന് ഇപ്പോൾ തോന്നുന്നില്ലേ ? കിളികളുടെ പാട്ട് കേട്ട്, മണ്ണിന്റെ മണമറിഞ്ഞ് പ്രിയപ്പെട്ടവരോടൊപ്പം സ്നേഹം പങ്കിട്ട് വെറുതേ ചുറ്റിയടിക്കാൻ മോഹം തോന്നുന്നെങ്കിൽ ഹാർവെസ്റ്റ് ഫ്രെഷിന്റെ കവാടം കടന്നു ചെന്നോളൂ. തണലൊരുക്കുന്ന മരങ്ങളും പൂത്തുലഞ്ഞു നിൽക്കുന്ന മാതളനാരകങ്ങളും ആതിഥേയരും കാത്തിരിപ്പുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA